ആനയുടെ സാമർത്ഥ്യങ്ങൾ

ആനകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് രണ്ടു സാമർത്ഥ്യങ്ങൾ ജന്മനാ കിട്ടിയിട്ടുണ്ട്. അതിസൂക്ഷ്മവും ദീർഘകാലസ്ഥായിയുമായ ഓർമ്മശക്തിയും വിപുലമായ ഘ്രാണശക്തിയും. ഇവ രണ്ടും ബന്ധപ്പെട്ടുമിരിക്കുന്നു. ഒരിക്കൽ പിടിച്ചെടുത്ത മണം എന്നും ഓർമ്മിച്ചെടുക്കും ആനകൾ.

27 വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം അമ്മയുടെ ഗന്ധം തിരിച്ചറിഞ്ഞ ആനയുടെ കഥ ജന്തുവിജ്ഞാനീയർ വിവരിച്ചിട്ടുണ്ട്.ഉദാഹരണത്തിന് ആറൻമുള രഘുനാഥൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ തുടങ്ങി കുറെ ആനകൾ. മണത്തിൽക്കൂടിയാണ് ആനയുടെ പല ഓർമ്മകളും നിലനിൽക്കുന്നത്. ജന്തുലോകത്ത് മണം പ്രധാന വിനിമയ ഉപാധിയും ആണ്. ഇണയെ ആകർഷിക്കാനും കൂട്ടത്തിൽ ഉള്ളവരെ ഒന്നു പേടിപ്പെടുത്താനും സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താനും ഫെറോമോൺസ്’ എന്ന ബാഹ്യസ്രാവങ്ങൾ ജന്തുക്കൾ വിനിയോഗിക്കാറുണ്ട്.

കസ്തൂരിയും വെരുകിൻപുഴുകും ഒക്കെ ഇപ്രകാരം അവർ ഇട്ടുവച്ചുപോകുന്ന സന്ദേശങ്ങളാണ്. മൂത്രമാണ് പല ജന്തുക്കളിലും ഈ ബാഹ്യസ്രാവങ്ങളെ ഉൾക്കൊള്ളുന്നത്. ആനകളാകട്ടെ ഇത്തരം ഫെറോമോൺസ് ഇണതേടാനും മറ്റു കൊമ്പന്മാർക്ക് ഒരു താക്കീത് നൽകാനുമൊക്കെ ഉപയോഗിക്കും. ആനയുടെ മൂത്രത്തിലും മദപ്പാട് സമയത്ത് പൊട്ടിയൊലിക്കുന്ന മദഗ്രന്ഥിസ്രാവത്തിലും ആണ് ഇത്തരം ഫെറോമോൺസ് ചാലിച്ചെടുത്തിരിക്കുന്നത്. മൂത്രത്തിലാവട്ടെ ആയിരത്തോളം നിർദ്ദിഷ്ടമായ രാ‍സവസ്തുക്കളാണുള്ളത്. പലഗന്ധങ്ങളും മൂക്കു വഴി തിരിച്ചറിയാമെങ്കിലും ഫെറോമോൺസിന്റെ സംവേദനങ്ങൾ പലതും മൂക്കിനു താഴെ ഉൾവശത്തുള്ള മറ്റൊരു ഘ്രാണേന്ദ്രിയം ആണ് പിടിച്ചെടുക്കുന്നത്.

Vomeronasal organ (VNO) എന്നറിയപ്പെടുന്ന ഈ സവിശേഷ ഘ്രാണേന്ദ്രിയം ആനകളെ സംബന്ധിച്ച് ആശയവിനിമയത്തിൽ അതിപ്രാധാന്യം അർഹിക്കുന്നതാണ്. ബാഷ്പീകരിക്കപെട്ട ഗന്ധങ്ങളാണ് മൂക്ക് പിടിച്ചെടുക്കുന്നതെങ്കിൽ സ്വൽ‌പ്പം തൊട്ടുകൂട്ടിയാലേ ഈ ഗന്ധം തലച്ചോറിനു വിശ്ലേഷണം ചെയ്യാനാവൂ. മൂക്കു വഴി പോകുന്ന ഗന്ധസിഗ്നലുകൾ തലച്ചോറിലെ ഘ്രാ‍ണപര കോർടെക്സി (olfactory cortex)ലാണ് എത്തപ്പെടുന്നതെങ്കിൽ VNO വഴിയുള്ള സിഗ്നലുകൾ അമിഗ്ദല വഴി ഹൈപോതലാമസിലാണ് എത്തപ്പെടുന്നത്. ഹൈപോതലാമസ് ആവട്ടെ ആന്തരികസ്രാവ-നാഡീവ്യൂഹ (neuroendocrine) കേന്ദ്രവുമാണ്.

പ്രത്യുൽ‌പ്പാദനത്തിന്റേയും പെരുമാറ്റങ്ങളുടേയും ഭാവങ്ങളെ നിയന്ത്രിക്കുന്നതും ശരീരതാപനില ക്രമപ്പെടുത്തുന്നതും ഹൈപോതലാമസിന്റെ ജോലിയാണ്. പ്രജനനഹോർമോണുകൾ സ്രവിക്കപ്പെടുന്നതിന്റെ പ്രകാശനങ്ങളും ഹൈപോതലാമസിന്റെ നിയന്ത്രണത്തിലാണ് ആനകളിൽ VNO എന്ന ഘാണേന്ദ്രിയം അണ്ണാക്കിൽ വായയുടെ മുൻഭാഗത്തായിട്ടാണ്. തുമ്പിക്കയ്യുടെ അറ്റം കൊണ്ട് സ്വൽ‌പ്പം തൊട്ടെടുക്കുന്ന രാസവസ്തുക്കൾ ഇവ്ടെ തൊട്ടു തേയ്ച്ചാണ് ആനകൾ അവ വിശകലനം ചെയ്യുന്നത്. “സ്വാദു നോക്കുന്നത്” ആയി നമ്മൾ വിവക്ഷിക്കുന്നത് ഇത്തരം വായിച്ചെടുക്കലാണ്.

ഉദാഹരണത്തിനു പെണ്ണാനയുടെ മൂത്രത്തിൽ നിന്നോ വജീനയിൽ നിന്നോ സ്വൽ‌പ്പം വായിലെ VNO ഇൽ തൊട്ടു തേയ്ക്കപ്പെടുമ്പോൾ നിരവധി അറിവുകളാണ് ആനയ്ക്ക് കിട്ടുന്നത് ‘തൊട്ടുനക്കൽ’ കൊണ്ട് ആനകൾ പ്രാവർത്തികമാക്കുന്നത് ഒരു കെമിസ്റ്റ്രി ലാബ് തന്നെയാണ്. ഈ അറിവുകൾ വിപുലമായ ഓർമ്മ ശേഖരത്തിൽ സൂക്ഷിച്ചു വയ്ക്കയും ചെയ്യും. മണങ്ങൾ ആക്രമണസ്വഭാവത്തേയും ഇണചേരൽ വ്യാപാരങ്ങളേയും സ്വാധീനിക്കുന്നതിന്റെ പൊരുൾ ഇതൊക്കെയാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.