Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത്

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ നിന്നുള്ള ആക്രമണത്തിൽ സാരമായി തകരാറു സംഭവിച്ച ജർമ്മൻ മുങ്ങിക്കപ്പൽ ആയിരുന്ന U-110 സഹായം അഭ്യർത്ഥിച്ചുകൊണ്ട് അയച്ച സന്ദേശം ബ്രിട്ടീഷ് ഇന്റലിജൻസ് പിടിച്ചെടുക്കുകയുണ്ടായി. പ്രസ്തുത മുങ്ങിക്കപ്പലിൽ നിന്നും അമൂല്ല്യമായ ഒരു വസ്തു ബ്രിട്ടീഷ് നേവിക്ക് എന്തു വിലകൊടുത്തും കൈക്കലാക്കണമായിരുന്നു. അതിനായി അവർ അവരുടെ തന്നെ ഒരു മുങ്ങിക്കപ്പലിനെ ജർമ്മൻ മുങ്ങിക്കപ്പൽ പോലെ വേഷം മാറ്റിച്ച് അടുത്തെവിടെയോ ഉള്ള ജർമ്മൻ നേവിയുടെ സഹായം എത്തുന്നതിനു മുൻപേ തന്നെ U-110 നു സഹായമെത്തിക്കാനെന്നവണ്ണം അടുത്തെത്തി അവരെ കീഴ്പ്പെടുത്തി പ്രസ്തുത നിധി കൈക്കലാക്കണമെന്ന അപകടകരമായ ഒരു ദൗത്യം ആയിരുന്നു ബ്രിട്ടീഷ് നാവിക സേന പദ്ദതിയിട്ടത്. തുടർന്ന് പല അപ്രതീക്ഷിത സംഭവ വികാസങ്ങളും ഉണ്ടായെങ്കിലും അവസാനം അവർ തങ്ങളുടെ ലക്ഷ്യം നേടി ആ അമൂല്ല്യ നിധി കവർന്നെടുക്കുക തന്നെ ചെയ്തു. ഈ സംഭവത്തെ അടിസ്ഥാനമാക്കി ഒരു സിനിമയും ഉണ്ട് അതാണ് U-571. കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കുക സമയം നഷ്ടമാകില്ല.

സിനിമയല്ല നമ്മുടെ വിഷയം. എന്തായിരിക്കും ബ്രിട്ടീഷ് നേവിക്ക് ഇത്രയധികം താല്പര്യമുള്ള ആ അമൂല്ല്യ നിധി? എനിഗ്മ എന്നാണ് അതിന്റെ പേര്. രഹസ്യ സന്ദേശങ്ങൾ അയയ്ക്കാനും അത് സ്വീകരിക്കാനും ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം ടൈപ്പ് റൈറ്റർ ആയിരുന്നു എനിഗ്മ. എനിഗ്മാ മെഷീനും അതിൽ ഉപയോഗിക്കുന്ന രഹസ്യ കോഡുകളും സഖ്യകക്ഷികളെ സംബന്ധിച്ചിടത്തോളം ഒരു വിലമതിക്കാനാകാത്ത നിധി തന്നെയായിരുന്നു . എന്താണീ എനിഗ്മാ മെഷിൻ? ക്രിപ്റ്റോഗ്രാഫി- അഥവാ ഗോപ്യഭാഷാ സാങ്കേതികവിദ്യാരംഗത്തെ എക്കാലത്തെയും വലിയ ഒരു കണ്ടുപിടുത്തമായി കണക്കാക്കുന്ന ഒരു അത്ഭുതമാണ് എനിഗ്മ.

നമ്മുടെ സാധാരണ ടൈപ്പ് റൈറ്ററിൽ എ എന്ന അക്ഷരം അമർത്തുമ്പോൾ എ എന്ന് കടലാസിൽ അച്ചുകുത്തപ്പെടും. ബി എന്ന് അമർത്തുമ്പോൾ ബി യും. എനിഗ്മയിലും ഇതുപോലെത്തന്നെയുള്ള ഒരു ടൈപ്പ് റൈറ്റർ കീബോഡ് ഉണ്ട്. പക്ഷേ ഇതിൽ കടലാസിൽ ടൈപ്പ് ചെയ്യുന്നതിനു പകരം അക്ഷരങ്ങൾ രേഖപ്പെടുത്തിയ ബൾബുകൾ കത്തുകയാണു ചെയ്യുക. അതിലും ഒരു വ്യത്യാസമുണ്ട്. A എന്ന് അമർത്തുമ്പോൾ A ആയിരിക്കില്ല തെളിയുന്നത് പകരം മറ്റേതെങ്കിലും അക്ഷരം ആയിരിക്കും. അതുപോലെ ഏത് അക്ഷരം അമർത്തുമ്പോളും മറ്റേതെങ്കിലും അക്ഷരങ്ങളായിരിക്കും തെളിയുക. ആദ്യം A അമർത്തിയാൽ P ആണു വരുന്നതെങ്കിൽ പിന്നീട് എവിടെയെങ്കിലും A വരുമ്പോൾ അവിടെയെല്ലാം P തന്നെ വരണമെന്നില്ല. B മുതൽ Z വരെയുള്ള അക്ഷരങ്ങളിൽ യാതൊരു ക്രമവുമില്ലാതെ ഏത് അക്ഷരം വേണമെങ്കിൽ ആകാം. അതായത് ഒരു വാചകത്തിൽ ആദ്യം APPLE എന്ന് ടൈപ്പ് ചെയ്താൽ അത് fhbcp എന്നോ irtzu എന്നോ jxuhc എന്നോ ഒക്കെ വന്നേക്കാം. അതിനാൽ യാതൊരു തരത്തിലും എന്ത് രഹസ്യമാണ് ഇതിനായി ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഒരിക്കലും കഴിയില്ല. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളെ അയയ്ക്കുന്ന മെഷിനിലുപയോഗിക്കുന്ന അതേ ക്രമീകരണങ്ങൾ ഉള്ള ഒരു എനിഗ്മാ മെഷീനിൽ ടൈപ്പ് ചെയ്താൽ രഹസ്യ സന്ദേശം വീണ്ടെടുക്കാൻ കഴിയും. 1918 ൽ ജർമ്മൻ എഞ്ചിനീയർ ആയിരുന്ന ആർതർ ഷെർബിയസ് ആയിരുന്നു ഈ മെക്കാനിക്കൽ കോഡിംഗ് മെഷീൻ ആദ്യമായി രൂപകൽപ്പന ചെയ്തത്. എനിഗ്മ എന്ന പേരിൽ വിപണിയിൽ എത്തിച്ച ഈ മെഷീൻ ബിസിനസ്സുകാർക്കും ബാങ്കിംഗ് സ്ഥാപനങ്ങൾക്കും ബിസിനസ് രഹസ്യങ്ങൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യാൻ സഹായകമായി. ഏതാനും വർഷങ്ങൾക്കകം ജർമ്മൻ നേവി ഇതിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി ഒന്നു കൂടി സുരക്ഷിതമാക്കി സൈനിക രഹസ്യങ്ങൾ കൈമാറാൻ ഉപയോഗിച്ച് തുടങ്ങി.

ഒരു ടൈപ്പ് റൈറ്റർ കീബോഡ് . ഓരോ കീയും അമർത്തുമ്പോൾ തിരിയുന്ന- ഓപ്പറേറ്റർക്ക് അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങളോ അക്ഷരങ്ങൾക്കോ അനുസരിച്ച് സ്ഥാനം ക്രമീകരിക്കാൻ കഴിയുന്ന മൂന്നോ നാലോ അഞ്ചോ ചക്രങ്ങൾ, A മുതൽ Z വരെ അക്ഷരങ്ങൾ രേഖപ്പെടുത്തി പരസ്പരം ഏതിൽ നിന്നും ഏതിലേക്ക് വേണമെങ്കിൽ പരസ്പരം ബന്ധിപ്പിക്കാനാകുന്ന ഇരുപത്തി ആറു സോക്കറ്റുകളും A മുതൽ Z വരെയുള്ള അക്ഷരങ്ങൾ രേഖപ്പെടുത്തിയ 26 ബൾബുകൾ എന്നിവ അടങ്ങുന്നതാണ് എനിഗ്മാ മെഷീനിന്റെ ഘടന. ഓരോ അക്ഷരവും അമർത്തുമ്പോൾ തിരിയുന്ന ചക്രങ്ങളിലുള്ള സ്വിച്ചുകളിലൂടെയും സോക്കറ്റുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വയറുകളിലൂടെയും പ്രത്യേക ദിശയിൽ വൈദ്യുതി കടന്നുപോയി അതിനനുസരിച്ചുള്ള അക്ഷരം തെളിയുന്നു. ഇത്തരത്തിൽ ഓരോ തവണയും അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ കറങ്ങുന്ന ചക്രങ്ങളുടെ സ്ഥാനം വ്യത്യസ്തമാകുമെന്നതിനാൽ ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയാത്ത രീതിയിൽ വ്യത്യസ്തങ്ങളായ കൊഡുകൾ ലഭിക്കുന്നു. (ചിത്രം നോക്കുക).

മൂന്നുമുതൽ അഞ്ചു വരെയുള്ള റൊട്ടോറുകൾ എന്നറിയപ്പെടുന്ന ചക്രസ്വിച്ചുകൾ, പിന്നെ ഏത് തരത്തിൽ വേണമെങ്കിൽ ക്രമീകരിക്കാൻ കഴിയുന്ന പ്ലഗ് ബൊഡുകൾ— ഇതെല്ലാം കൂടി ചേർന്ന് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത തരം സങ്കീർണ്ണമായ കോഡുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന എനിഗ്മാ മെഷീനുകൾ നാസി സൈന്യത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായിരുന്നു. കാരണം ഈ മെഷീൻ കൊണ്ട് 158,962,555,217,826,360,000 വ്യത്യസ്ത കോമ്പിനേഷനുകൾ സാദ്ധ്യമായിരുന്നു. ഇത്രയും സങ്കീർണ്ണതയുള്ള കോഡുകൾ ഉണ്ടാക്കുന്നതിനാൽ ഒരിക്കലും ശത്രുക്കൾക്ക് ഇതിൽ നിന്നും രഹസ്യം ഡീ കൊഡ് ചെയ്തെടുക്കാൻ കഴിയില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നതിനാൽ അവർ സൈനിക രഹസ്യങ്ങൾ കൈമാറ്റം ചെയ്യാനായി എനിഗ്മ പരക്കെ ഉപയോഗപ്പെടുത്തിപ്പോന്നു. ഓരോ മെഷീനിലും സെറ്റ് ചെയ്യാനുള്ള കോഡുകൾ മറ്റു രഹസ്യ മാർഗ്ഗങ്ങളിലൂടെ പുസ്തക രൂപത്തിലും കാർഡുകളായും മുൻകൂട്ടി നൽകപ്പെട്ടിരുന്നു. ഓരോ ദിവസവും ഈ കോഡുകൾ മുൻനിശ്ചയപ്രകാരം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു.

റേഡിയോ സെറ്റുകളിലൂടെ കൈമാറപ്പെടുന്ന ഈ സന്ദേശങ്ങൾ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുക്കാറുണ്ടായിരുന്നെങ്കിലും അവയിൽ നിന്നും രഹസ്യങ്ങൾ വീണ്ടെടുക്കുന്നത് ഏറെക്കുറെ അസാദ്ധ്യവുമായിരുന്നു. കാരണം ഇത്ര സങ്കീർണ്ണമായ കൊഡിംഗ് തന്നെ. ഇത് ജർമ്മനിക്കാരുടെ അഹങ്കാരം കൂടുതൽ വർദ്ധിപ്പിച്ചു. പക്ഷേ ബ്രിട്ടീഷ് സൈന്യം അവസാനം ഈ കുരുക്ക് അഴിക്കുന്നതിൽ വിജയിച്ചു. അതി സങ്കീർണ്ണമായ എനിഗ്മാ മെഷീൻ വഴി അയക്കുന്ന സൈനിക രഹസ്യങ്ങൾ ബ്രിട്ടീഷ് കോഡ് ബ്രേക്കേഴ്സ് പൊളിച്ചടുക്കി. അതിനായി ഒരു മെഷീൻ വരെ ഉണ്ടാക്കി. ഇത്രയധികം സുരക്ഷിതമെന്ന് വിശ്വസിച്ചിരുന്ന എനിഗ്മയുടെ കോഡുകൾ എങ്ങിനെയാണ് പൊളിച്ചടുക്കപ്പെട്ടത് എന്നതിനെക്കുറിച്ച് ഇവിടെ എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ അടുത്ത ഭാഗമായി എഴുതാം

എനിഗ്മ എങ്ങിനെയാണു പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഓൺലൈൻ ഡെമോ സൈറ്റുകളും ആൻഡ്രോയ്ഡ് ആപ്പുകളുമൊക്കെയുണ്ട്. അവ ഉപയോഗിച്ച് ജർമ്മനിക്കാർ അയച്ചിരുന്നതുപോലെ രഹസ്യ സന്ദേശങ്ങൾ തയ്യാറാക്കാൻ ഒന്ന് ശ്രമിച്ചു നോക്കുക. രസകരമായിരിക്കും.

You May Also Like

എന്താണ് ക്രോസ് സീ അഥവാ സീ വാള്‍ പ്രതിഭാസം?

എന്താണ് ക്രോസ് സീ അഥവാ സീ വാള്‍ പ്രതിഭാസം? അറിവ് തേടുന്ന പാവം പ്രവാസി മിക്കവാറും…

ഒരു രാജ്യം കൈക്കൊണ്ട ബുദ്ധിശൂന്യമായ രണ്ടു തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഐതിഹാസികമായ ഒരു യാത്രയുടെ കഥയാണിത്

ഒരു മുയൽ വേലിയുടെ കഥ, മൂന്നു കുട്ടികളുടെയും. തോമസ് ചാലാമനമേൽ ഒരു രാജ്യം കൈക്കൊണ്ട ബുദ്ധിശൂന്യമായ…

തിരുവനന്തപുരത്തെ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം…

യൂറി എ. ഗഗാറിൻ ബഹിരാകാശത്തെത്തിയ ആദ്യത്തെ മനുഷ്യനായതിന്റെ മൂന്നാഴ്ചക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സും ഒരു മനുഷ്യനെ ബഹിരാകാശത്തേക്കയച്ചു

Basheer Pengattiri 1961 ഏപ്രിൽ 12-ന് വോസ്റ്റോക്ക് 1 ബഹിരാകാശ പേടകത്തിൽ ബഹിരാകാശയാത്രികനായ യൂറി എ.…