Prasad Amore (Psychologist, Writer)

വ്യക്തിത്വം നിർണ്ണയിക്കാൻ എനിയാഗ്രാം?

എനിയാഗ്രാം(Enneagram ) എന്ന് കേൾക്കുമ്പോൾ അത് EEG പോലുള്ള ഒരു ഉപകരണമെന്ന് നിങ്ങൾ ചിന്തിച്ചുവെങ്കിൽ തെറ്റി. ഒരു തത്വചിന്തയെ അടിസ്ഥപ്പെടുത്തിയുള്ള വ്യക്തിത്വ ക്രമീകര രീതിയാണിത്.4500 വർഷത്തെ പഴക്കമുണ്ടെന്ന് എനിയാഗ്രാം പഠിപ്പിക്കുന്നവർ അവകാശപ്പെടുന്നു. ഒൻപത് തരം എനിയാഗ്രാം വ്യക്തിത്വങ്ങൾ(enneatypes) ഉണ്ടെന്നാണ് ഈ രീതിയുടെ വക്താക്കൾ പറയുന്നത്. Oscar Ichazo and Claudio Naranjo എന്നിവർ എനിയാഗ്രാമിന്റെ ആധുനിക പ്രചാരകരായിരുന്നു. ഇന്നും ഇത് ആത്മീയതയുടെ തണലിലാണ് നിലനിന്നുപോകുന്നത് .

സൃഷ്‌ടി നിലനിൽക്കുന്നത് പുതിയ നിയമങ്ങളായ ത്രിത്വ ത്തിലൂടെയാണ്. ഉച്ചനീചങ്ങൾ കൂടിച്ചേർന്നത് മധ്യം.ബീജാണ്ഡങ്ങൾ ചേർന്ന് ഭ്രുണം ഉണ്ടാകുന്നതുപോലെ.രണ്ടു വിപരീതങ്ങളിൽനിന്ന് മൂന്നാമത്തേത് ഉണ്ടാവുന്ന സ്ഥിതി വിശേഷം, തുടങ്ങിയ പരസ്പരവിരുദ്ധമായ ആശയങ്ങൾകൊണ്ട് സങ്കീർണത സൃഷ്ടിക്കുന്ന രീതിയാണ് എനിയാഗ്രാം വ്യക്തിത്വത്തെ തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്നത്.യഥാർത്ഥത്തിൽ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന എനിയാഗ്രാം ചിത്രം(enneagram figure) അസ്പഷ്ടവും പരസ്പരബന്ധമില്ലാത്തതും വസ്തുനിഷ്ഠമല്ലാത്തതുമാകുന്നു.

മനുഷ്യന്റെ വ്യക്തിത്വത്തെ ആർക്കുവേണമെങ്കിലും ദൂരുഹസംഗതിയായി ചിത്രീകരിക്കാൻ വിവിധ തത്വങ്ങൾ വെച്ചുള്ള പ്രയോഗങ്ങൾ നടത്താം. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചു പലവിധ ന്യായീകരണങ്ങൾ നടത്താം.ശാസ്ത്രീയം എന്ന ലേബലിലാണ് ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിക്കപ്പെടുന്നത്.ശാസ്ത്രീയമാണ് എന്ന് ഒരു കാര്യം നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അത് ശാസ്ത്രീയമാണ് എന്ന വിശ്വാസം ചില ആളുകളിൽ രൂപം കൊള്ളുന്നു.

എനിയാഗ്രാമിന്റെ പ്രധാന പ്രത്യേകത അതിലെ കാപട്യം സാധാരണ ജനങ്ങൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട് എന്നതാണ്.ഒരാളുടെ വ്യക്തിത്വ ത്തെപറ്റി അയാളെ തെറ്റിദ്ധരിപ്പിക്കുന്നു.പൊതുവെ മാനസിക പ്രതിഭാസങ്ങളെക്കുറിച്ചു അജ്ഞാതനായ വ്യക്തി ഇത് പഠിപ്പിക്കുന്ന അധ്യാപകനെ പൂർണമായി ആശ്രയിക്കുന്നു. സ്വന്തം മനസികനിലയെക്കുറിച്ചു ഉത്കണ്ഠയുളള നിസ്സഹായരായ ആളുകൾ കുടില ബുദ്ധിയായ എനിയാഗ്രാം പ്രചരിപ്പിക്കുന്ന ആളുകളെ വിശ്വസിക്കുന്നു.

മനുഷ്യർ പൊതുവെ തങ്ങളുടെ വ്യക്തിത്വത്തെ പറ്റി അറിയാൻ തല്പരരാണ്. വ്യക്തിത്വ സവിശേഷതകൾ എന്തെല്ലാമാണ്, ഭാവിജീവിതം മെച്ചപ്പെടുമോ, മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുമോ തുടങ്ങിയ നിരവധി സന്ദേഹങ്ങൾ അവരെ അലട്ടുന്നു. കൂടുതൽ കമ്പിതരായവർ ഒരു സമാധാനത്തിനായി ശുഭപ്രതീക്ഷലഭിക്കുന്ന ഒരു സൂചനയ്ക്കായി സ്വന്തം വ്യക്തിത്വത്തെ എങ്ങനെയെങ്കിലും വിലയിരുത്താൻ ശ്രമിക്കുന്നു.പ്രാചീന ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് എന്ന അവകാശവാദവും പഴമയെ വൈകാരികമായി ദുരുപയോഗം ചെയ്യുന്ന തന്ത്രങ്ങളിലും അത്തരം ആളുകൾ വീണുപോകുന്നു . മതത്തെയും ആത്മീയതയെയും അടിസ്ഥാനപ്പെടുത്തി അവതരിപ്പിക്കുന്ന രീതികൾ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന് പഥ്യമാണ്.

വ്യക്തിത്വത്തിൽ ദുരൂഹവും അലൗകികവുമായ എന്തോ ഒന്ന് ഉണ്ട് എന്ന് വിശ്വസിക്കാൻ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമാണ്.മാത്രമല്ല മൂർത്തമായി മനുഷ്യന്റെ വ്യക്തിത്വത്തെ അളന്നു തിട്ടപ്പെടുത്താൻ സാധ്യമല്ല.ഒരാളുടെ വ്യക്തിത്വത്തിൽ ചില പ്രത്യേയ്കതകൾ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ വസ്തുനിഷ്ഠമായി പരീക്ഷിക്കാൻ സാധ്യമല്ല.അലക്ഷ്യവും ഉപരിപ്ലവുമായ അഭ്യുഹങ്ങളഴിച്ചുവിട്ടു തല്പരകഷികൾ മനഃശാസ്ത്രത്തിന്റെ ബലഹീനതയെ വിദഗ്ദ്ധമായി മുതലെടുക്കുകയും ഗൂഢവിദ്യകളെ ആത്മീയതയുടെ മറവിൽ ഉയർത്തികൊണ്ടുവരുകയാണ് .അവർ സമർത്ഥമായ അയുക്തികൾ ഉപയോഗിച്ച് സാമാന്യ ജനത്തെ വഴിതെറ്റിക്കുകയാണ്.

മനുഷ്യ സ്വഭാവം രൂപപ്പെടുന്ന പ്രക്രിയ ലളിതമല്ല.ഒരാളുടെ ജനനത്തിന് മുൻപ് തന്നെ ഹോർമോണുകൾ മസ്തിഷ്കത്തെ പരുവപ്പെടുത്തുന്നു.സാമൂഹ്യാവസ്ഥകൾ, കുടുംബബന്ധങ്ങൾ, സുഹൃത്തുക്കളുടെ സ്വഭാവം തൊഴിൽ തുടങ്ങിയ പല പിൽക്കാല സ്വാധീനങ്ങൾക്കും വ്യക്തിയുടെ അന്തർലീനമായ മസ്തിഷ്‌കാവസ്ഥകൾ അനുസരിച്ചുള്ള പ്രതികരണങ്ങൾ സൃഷ്ടിക്കുകയാണ്. മസ്തിഷ്കവും അതിന്റെ പ്രകൃതം നിർണ്ണയിച്ച ഹോർമോണുകളും എല്ലാം ജനനശേഷമുള്ളചിന്തകളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു.വസ്തുതകൾ ഇതായിരിക്കെ എന്തെങ്കിലും ദർശനത്തെ ആധാരമാക്കി മനുഷ്യവ്യക്തിത്വത്തിന് ക്രമീകരണം കൊടുത്തു അവരെ കബളിപ്പിക്കുന്നത് അപരാധം തന്നെയാണ്.

##മനഃശാസ്ത്രം അസത്യത്തിന്റെ ശാസ്ത്രമാക്കുന്നവർ ……

മനഃശാസ്ത്രം നിരവധി അന്ധവിശ്വാസങ്ങളുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.സമൂഹത്തിൽ നിലനിന്നു പോരുന്ന പാരമ്പര്യ രീതികളെ സാമാന്യവൽക്കരിക്കുന്ന സൂത്രവാക്യങ്ങൾ ശാശ്വത സത്യങ്ങളായി നിലനിർത്തിപോരുന്ന സാമ്പ്രദായിക നിഗമന രീതികളിൽ പരിമിതപ്പെടുന്ന ഒരവസ്ഥയുണ്ട്. മനസ്സ് ശരീരം എന്നിങ്ങനെ ദ്വന്ദമായി വേർതിരിച്ചുകൊണ്ടുള്ള ദർശനത്തിന്റെ മേഖലയിൽ രൂപപ്പെട്ട ആശയങ്ങളുടെ അദൃശ്യ സ്വാധീനം ഇന്നുമുണ്ട്.
മനഃശാസ്ത്രത്തിൽ പ്രകൃതിശാസ്ത്രത്തിലെ നിഷ്പക്ഷതയും നിരപേക്ഷതയും നിലനിർത്താൻ കഴിഞ്ഞിട്ടില്ല.വ്യക്തിഗതമായ നിഗമനങ്ങൾക്കാണ് അത് പ്രാധാന്യം കൊടുത്തിരുന്നത്.ആധുനിക സയൻസിന്റെ രീതിശാസ്ത്രവും മസ്തിഷ്ക സാകാനിങ് പോലുള്ളസമ്പ്രദായങ്ങളും പിന്തുടരാൻ തുടങ്ങിയത് അടുത്തകാലത്താണ് മാത്രമാണ്.ഓരോ കാലഘട്ടത്തിലും ചിലർക്ക് അനുഭവവേദ്യമാണെന്നു വാദിക്കപ്പെട്ട എന്നാൽ സ്ഥീരീകരിക്കപ്പെടാത്ത അമൂർത്തമായ ആശയസംഹിതകളുടെ പ്രബലമായ ആധിപത്യം ആധുനിക ജൈവശാസ്ത്ര-പരിണാമ -ശിരോ ശാസ്ത്രപരമായ പഠനങ്ങൾ വെളിവാക്കുന്ന വസ്തുതകളെ ബലഹീനമാക്കുന്നു. സുവിശേഷപ്രചാരകരും, മന്ത്രവാദികളും, ആഭിചാരക്കാരും എല്ലാം മനോരോഗചികിത്സ ചെയ്യുന്നു.റെക്കി, എൻ എൽ പി, പ്രാണിക് ഹീലിംഗ്, ട്രാന്സാക്ഷണൽ അനാലിസിസ്, മനസികാപഗ്രഥനം, എനിയാഗ്രാം വ്യക്തിത്വങ്ങൾ തുടങ്ങിയ നിരവധി പേരുകളിൽ പഴയ മന്ത്രവാദ ചികിത്സകൾ തുടരുകയാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.