Sujith Kumar (സുജിത് കുമാർ സോഷ്യൽ മിഡിയയിൽ എഴുതിയത് )

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1982 ൽ നമ്മുടെ പറവൂരിലാണ്‌ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിനുപയോഗിച്ച് പരീക്ഷിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പിൽ സി പി ഐയിലെ എൻ ശിവൻ പിള്ളയും കോൺഗ്രസ്സിലെ എ സി ജോസും ആയിരുന്നു മുഖ്യ എതിരാളികൾ. തെരഞ്ഞെടുപ്പിനു മുൻപും തെരഞ്ഞെടുപ്പ് നടക്കുമ്പോഴും സ്വാഭാവികമായ ചില കൗതുകങ്ങൾക്കുമപ്പുറം വലിയ ആക്ഷേപങ്ങളോ പരാതികളോ ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല ഗുണഗണങ്ങൾ വാഴ്ത്തപ്പെടുകയും ചെയ്തു. പക്ഷേ അതൊക്കെ കൗണ്ടിംഗ് വരെയേ നീണ്ടുള്ളൂ. ഫലം വന്നപ്പോൾ 2000 വോട്ടുകൾക്ക് എ സി ജോസ് തോറ്റു.

അതോടെ വോട്ടിംഗ് യന്ത്രങ്ങൾ ആദ്യമായി പ്രതിക്കൂട്ടിൽ കയറി. കേസ് സുപ്രീം കോടതി വരെ എത്തി. നമ്മുടെ നിയമ വ്യവസ്ഥയിൽ ഇലക്ട്രോണിക് വോട്ടീംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള വകുപ്പ് ഇല്ലാതിരുന്നതിനാൽ ഈ ബൂത്തുകളിൽ വീണ്ടൂം പോളിംഗ് നടത്താൻ സുപ്രീം കോടതി ഉത്തരവിടുകയും ആ തെരഞ്ഞെടുപ്പിൽ എ സി ജോസ് വിജയിക്കുകയും ചെയ്തു. ഇതിനു ശേഷം വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകിക്കൊണ്ട് 1988 ൽ പാർലമെന്റ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തതോടെയാണ്‌ ഭരണഘടനാപരമായ പ്രശ്നങ്ങൾ മാറിക്കിട്ടിയത്. പിന്നീട് പല തെരഞ്ഞെടുപ്പുകളിലും പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിലും 2001 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇ വി എം ഉപയോഗപ്പെടുത്താൻ തുടങ്ങി. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും കക്ഷി രാഷ്ട്രീയ ഭേദമന്യേ പരാജയപ്പെട്ട രാഷ്ട്രീയ കക്ഷികൾ ഇ വി എമുകൾക്കെതിരെ ആരോപണം ഉന്നയിക്കുകയും ജയിക്കുന്നവർ അനുകൂലിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ്‌ നമുക്ക് കാണാൻ കഴിയുന്നത്.

2009 ലെ ലോക സഭാ തെരഞ്ഞെടുപ്പിൽ യു പി എ സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതോടെ മറ്റു രാഷ്ട്രീയ കക്ഷികൾക് ഇവിഎമ്മിനെ വലിയ സംശയമായി. ബി ജെ പി വക്താവ് ആയിരുന്ന GVL നരസിംഹ റാവു വോട്ടിംഗ് യന്ത്രങ്ങളെ പ്രതിസ്ഥാനത്ത് നിർത്തി Democracy at Risk എന്നൊരു പുസ്തകം വരെ പ്രസിദ്ധീകരിച്ചു. അതിന് അവതാരിക എഴുതിയത് ബി ജെ പി നേതാവ് എൽ കെ അദ്ദ്വാനി ആയിരുന്നു. സുബ്രഹ്മണ്യം സ്വാമി ആകട്ടെ പല തവണ ഇ വി എമ്മിനെ കോടതി കയറ്റി. ഇത്തരം ആരോപണങ്ങളെ അന്ന് യു പി എ കക്ഷികൾ കളിയാക്കുകയും പ്രതിരോധിക്കുകയും ചെയ്തു. 2014 ൽ എൻ ഡി എ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോൾ കഥ മാറി. അത്രയും കാലം പരാതിപറഞ്ഞിരുന്നവർക്ക് ഇ വി എമ്മുകൾ ഒന്ന് ഇരുട്ടി വെളുത്തതോടെ അഗ്നി ശൂദ്ധി വരുത്തി പരിപാവനമായതായി മാറി.

പക്ഷേ അത്രയും കാലം പ്രതിരോധിച്ചിരുന്നവർ പെട്ടന്ന് വോട്ടിംഗ് യന്ത്രങ്ങളെ തള്ളിപ്പറയാൻ തുടങ്ങി. ജനാധിപത്യത്തിൽ സംശയങ്ങൾക്കും പരാതികൾക്കുമൊക്കെ സ്ഥാനമുണ്ട്. പക്ഷേ തോൽവിയുടെ നാണക്കേട് മറയ്കാനായും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനായും മാത്രം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ രാഷ്ട്രീയ കക്ഷികൾ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നത് സാധാരണ വൊട്ടർമ്മാരാണ്‌. ഈ ആശയക്കുഴപ്പം ഒഴിവാക്കാനും സ്വന്തമായ ഒരു നിഗമനത്തിൽ എത്താനും വോട്ടിംഗ് യന്ത്രങ്ങൾ എന്താണെന്നും ഇതുപയോഗിച്ചുള്ള വോട്ടിംഗ് പ്രക്രിയ എങ്ങിനെയാണു നടക്കുന്നതെന്നും ഇവയുടെ ഗുണ ദോഷങ്ങളും അട്ടിമറി സാദ്ധ്യതകളുമൊക്കെ എന്തെല്ലാമാണെന്ന് വിശദമായിത്തന്നെ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഉയരുന്ന ഒരു ചോദ്യം ഒരുപക്ഷേ ഇതായിരിക്കും. എന്തുകൊണ്ട് ഇന്ത്യയേക്കാൾ വികസിതമായ പല രാജ്യങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാതെ പേപ്പർ ബാലറ്റ് ഉപയോഗിക്കുന്നു. അതുപൊലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്ന പല രാജ്യങ്ങളും എന്തുകൊണ്ട് പേപ്പർ ബാലറ്റിലേക്ക് തിരിച്ച് പോയി?
ഇന്ത്യക്ക് പുറമേ Brazil, Estonia,Venezuela , ബെൽജിയം, എന്നീ രാജ്യങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിലവിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കുന്നു. Canada, United States, Peru, Argentina എന്നീ രാജ്യങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഭാഗികമായി ഉപയോഗപ്പെടുത്തുന്നു.
Bhutan, UK, Philippines, Australia, GuatemalaItaly, Switzerland, Norway, Kazakhstan, Australia, Nepal, , Costa Rica, Ecuador, Russia, Mongolia, Nepal, Bangladesh, Indonesia, Finland, Somalia (Somaliland), തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. Belgium, France, Netherlands, Germany, irelend , Paraguay, Japan എന്നീ രാജ്യങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എങ്കിലും പേപ്പർ ബാലറ്റിലേക്ക് തന്നെ തിരിച്ച് പോയി.

വോട്ടിംഗ് മെഷീനുകളുടെ കാര്യം പറയുമ്പോൾ ഇവയെല്ലാം ഒരേ തരത്തിലുള്ള മെഷീനുകളാണെന്ന് കരുതരുത്. ലോകത്ത് വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതുമായ വൊട്ടിംഗ് മെഷീനുകളെല്ലാം തന്നെ ഒന്ന് മറ്റൊന്നിൽ നിന്നും ഘടനാപരമായും സാങ്കേതികമായുമെല്ലാം തികച്ചും വ്യത്യസ്തമാണ്‌. പ്രധാനമായും മൂന്ന് സാങ്കേതിക വിദ്യകൾ ആണ്‌ ഇലക്ട്രോണിക് വോട്ടിംഗിനായി ഉപയോഗിക്കുന്നത്.

1. ഇന്റർനെറ്റ് വോട്ടിംഗ്. — ഈ സംവിധാനത്തിൽ പോളിംഗ് ബൂത്തിൽ പോകാതെ ഓരോരുത്തർ ക്കും അവരവരുടെ പേഴ്സണൽ ഓതന്റിക്കേഷൻ – ഐഡന്റിഫിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വോട്ട് ചെയ്യാം. ഇത്തരത്തിൽ ഇന്റർനെറ്റ് വോട്ടിംഗ് രീതി നിലവിലുള്ള ഒരു രാജ്യമാണ്‌ എസ്റ്റോണിയ.

2. ഒപ്റ്റിക്കൽ വൊട്ടിംഗ് മെഷീനുകൾ. – ഇവയിൽ പ്രത്യേകം തയ്യാറാക്കിയ ബാലറ്റ് കാർഡ് വോട്ടർ മെഷീനിൽ നിക്ഷേപിക്കുന്നു. ഒരു സ്റ്റൈലസ് കൊണ്ട് ടച് സ്ക്രീനിൽ ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ വൊട്ട് റെക്കോഡ് ചെയ്യപ്പെടുന്നതോടൊപ്പം നേരത്തേ നിക്ഷേപിയ്ക്കപ്പെട്ട കാർഡിൽ വൊട്ട് രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ഇത് അല്ലാതെ പ്രത്യേകം തയ്യാറാക്കിയ ബാലറ്റ് പേപ്പറിൽ പേനകൊണ്ട് മാർക്ക് ചെയ്യുമ്പോൾ പേനയുടെ അറ്റത്തുള്ള ഒരു ക്യാമറ ഇത് സെൻസ് ചെയ്ത് വോട്ട് രേഖപ്പെടുത്തുന്ന രീതിയും ഉണ്ട്. ഇത്തരത്തിലുള്ള മെഷീനുകൾ ഇവ നെറ്റ് വർക്ക് കണക്റ്റഡും അല്ലാത്തതുമുണ്ട്.

3. ഡയറക്റ്റ് റെക്കോഡിംഗ് സ്റ്റാൻഡ് അലോൺ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ – ഇവയിൽ ഏതെങ്കിലും തരത്തിലുള്ള വയേഡ് വയർലെസ് കണക്റ്റിവിറ്റി ഒപ്ഷനുകൾ ഉണ്ടായിരിക്കില്ല. യന്ത്രങ്ങളിലെ നിർദ്ദിഷ്ട ബട്ടനുകളിലോ ടച് സ്ക്രീനിലോ എല്ലാം അമർത്തി ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താം. ഇവയിൽ തന്നെ രേഖപ്പെടുത്തിയ വൊട്ട് കാസറ്റുകളിലോ, മെമ്മറി കാർഡുകളിലോ ഒക്കെ സ്റ്റോർ ചെയ്യുന്നവയും നേരിട്ട് മെഷീനിൽ തന്നെ സ്റ്റോർ ചെയ്യുന്നവയും ഉണ്ട്.
ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതുപോലെ റിമൂവബിൾ സ്റ്റോറേജ് മീഡിയ ഇല്ലാത്ത, നെറ്റ് വർക്ക് കണക്റ്റി വിറ്റി ഇല്ലാത്ത, ടച് സ്ക്രീനുകളൊന്നുമില്ലാത്ത ബട്ടൻ അമർത്തി വോട്ട് ചെയ്യാവുന്ന ഡയറക്റ്റ് റെക്കോഡിംഗ് മെഷീനുകൾ ആണ്‌.

ഇതിൽ ക്യൂ നിൽക്കാതെ വീട്ടിൽ ഇരുന്നു കൊണ്ട് വോട്ട് രേഖപ്പെടുത്താമെന്ന ഗുണം മുള്ള ഇന്റർനെറ്റ് വോട്ടിംഗ് ഒഴികെ മറ്റുള്ള ഇലക്ട്രോണിക് വോട്ടിംഗ് രീതികളിലൊന്നും തന്നെ വോട്ടർമ്മാർക്ക് EVM ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഇല്ല. അതുകൊണ്ട് വോട്ടർമ്മാർക്ക് വേണ്ടിയല്ല ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടു വന്നത്. ബാലറ്റ് പേപ്പർ അച്ചടി മുതൽ വോട്ടെണ്ണൽ വരെയുള്ള വലിയ മനുഷ്യാദ്ധ്വാനവും വിഭവശേഷിയും ആവശ്യമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കാനും കാര്യക്ഷമമാക്കാനും വേണ്ടി ആണ്‌ നമ്മുടെ രാജ്യത്ത് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. വോട്ടുകൾ അസാധു ആകുന്നത് ഒഴിവായി, പേപ്പർ ലാഭിക്കാൻ കഴിഞ്ഞു, ബൂത്ത് പിടുത്തത്തിലൂടെ ഒറ്റയടിക്ക് പെട്ടി മുഴുവനും വോട്ട് ചെയ്ത് നിറയ്ക്കുന്ന പരിപാടി നടക്കാതായി എന്നതൊക്കെ ചില അനുബന്ധ ഗുണങ്ങൾ മാത്രമാണ്‌.

കള്ള വൊട്ട് തടയാനും ബൂത്ത് പിടുത്തം ഇല്ലാതാക്കാനുമൊന്നും വോട്ടിംഗ് മെഷീനുകൾക് ആകില്ല. ജനസംഖ്യയും ഭൂപ്രകൃതിയും ഭാഷാ വൈവിദ്ധ്യവും എല്ലാം പരിശോധിച്ച് നോക്കിയാൽ ലോകത്ത് ഒരു ജനാധിപത്യ രാജ്യവും ഇന്ത്യയ്ക്ക് സമമായിട്ട് പോയിട്ട് ഇന്ത്യയുടെ ഏഴയലത്ത് പോലും വരുന്നതായി കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യമെടുത്താൽ ആ വഴിക്ക് വോട്ടിംഗ് യന്ത്രങ്ങൾ നൽകിയ ലാഭം മറ്റു രാജ്യങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയുന്നതല്ല. ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ അതുകൊണ്ട് തന്നെ പൊതു തെരഞ്ഞെടുപ്പുകൾക്കായി ഇത്തരത്തിലൊരു സംവിധാനം ഉണ്ടായതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ല. അത് മാത്രമല്ല ഇന്ത്യയ്ക്ക് സമമായ രീതിയിൽ ലളിതമായ വൊട്ടിംഗ് യന്ത്രങ്ങൾ ഈ രാജ്യങ്ങളിലൊന്നും തന്നെ വിഭാവനം ചെയ്യപ്പെട്ടുമില്ല എന്നതാണ്‌ വാസ്തവം. . വോട്ടർമ്മാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് വലിയ സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചതിനു ശേഷം ഇത്തരം രാജ്യങ്ങൾക്ക് ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയാണ്‌ ഉണ്ടായത്.

വർഷങ്ങൾക്ക് മുൻപേ തന്നെ അതിവേഗ ഇന്റർനെറ്റ് കണൿഷൻ ഒരു മൗലിക അവകാശമാക്കി മാറ്റിയ രാജ്യമാണ്‌ ഫിൻലാൻഡ് അവിടെ 2008 ൽ മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് e-VOting പരീക്ഷിച്ചിരുന്നു. പക്ഷേ ഉപയോഗിക്കുന്ന സംവിധാനത്തിന്റെ തരകാറുകൾ മൂലം കുറച്ചു പേർക്ക് വോട്ട് രേഖപ്പെടുത്താനായില്ല. സിസ്റ്റത്തിൽ തകരാറുകൾ തെളിഞ്ഞതോടെയും ഒരു ബദൽ സംവിധാനം ഇല്ലാതിരുന്നതിനാലും തെരഞ്ഞെടുപ്പ് തുടർന്ന് റദ്ദാക്കുകയും വീണ്ടും നടത്തുകയും ചെയ്തു. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉള്ള ഡയറക്റ്റ് റെക്കോഡിംഗ് മെഷീനുകൾ ആയിരുന്നു അവിടെ ഉപയോഗിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഒരു കമ്മറ്റി ഇന്റർനെറ്റ് വോട്ടിംഗുകൊണ്ടുള്ള ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് പഠിക്കുകയും അവസാനം ഇത്തരം മെഷീനുകൾ ഉപയോഗിക്കുന്നതിലെ റിസ്ക് ഒഴിവാക്കാൻ കഴിയുന്നതല്ല എന്നു കണ്ടതിനാൽ പേപ്പർ ബാലറ്റ് തന്നെ മതി എന്ന് തീരുമാനിക്കുകയും ചെയ്തു. എങ്കിലും വീണ്ടും ഫിൻലാൻഡ് അധികൃതർ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കി ഇന്റർനെറ്റ് വോട്ടിംഗ് സംവിധാനങ്ങൾ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ ഒരുങ്ങുന്നതായ വാർത്തകൾ ഉണ്ട്.

അയർലന്റ്, നെതർലന്റ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ NEDAP എന്ന ഡച്ച് സ്വകാര്യ കമ്പനി ഉണ്ടാക്കിയ വൊട്ടിംഗ് മെഷീൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു സ്റ്റാൻ ഡ് അലോൺ മെഷീൻ ആയിരുന്നു എങ്കിലും അതിനെ ഇന്ത്യൻ ഇ വി എമ്മുമായി താരതമ്യപ്പെടുത്താനാകില്ല. രണ്ട് മെഷീനുകളുടെയും ഉൾഭാഗത്തിന്റെ ചിത്രം ഒന്ന് കണ്ടു നോക്കുക. അപ്പോൾ മനസ്സിലാകും നമ്മൂടെ മെഷീൻ എവിടെ നിൽക്കുന്നു അവരുടെ മെഷീൻ എവിടെ നിൽക്കുന്നു എന്ന്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും പല തരത്തിലുള്ള സെൻസറുകളും മൈക്രോ കണ്ട്രോളറുകളുമൊക്കെ അടങ്ങിയ ഒരു സങ്കീർണ്ണമായ മെഷീൻ ആയിരുന്നു നേഡാപ്പിന്റേത്. ഈ മെഷീനുകളുടെ ഭൗതിക സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതിരുന്നതും പഴുതുകളില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് പ്രോസസ് ഇല്ലാതിരുന്നതും ഇത്തരം മെഷീനുകളുടെ ടെക്നിക്കൽ ഇവാല്വേഷൻ സ്വതന്ത്ര ഏജൻസികൾ നടത്തിയിട്ടില്ല എന്നതുമെല്ലാം അവയെ സംശയത്തിന്റെ നിഴലിലാക്കി. ഈ മെഷീനുകൾക്ക് വലിയ ഒരു കുഴപ്പം ഉണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. ഇവയിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ മെഷീനിൽ നിന്നും പുറത്ത് വരുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ ഒരു സെൻസർ ഉപയോഗിച്ച് പരിശോധിച്ച് ഫ്രീക്വൻസി സ്പെക്ട്രം അനലൈസ് ചെയ്തു നോക്കിയാൽ വോട്ടിംഗ് പ്രക്രിയ നടക്കുമ്പോൾ ഒരു വോട്ടർ ഏത് സ്ഥാനാർത്ഥിക്കാണ്‌ വോട്ട് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഇതെല്ലാം ഈ മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാക്കി. അതോടെ അയർലെന്റും നെതർലന്റുമെല്ലാം നേഡാപ് മെഷീനുകൾ ഉപയോഗിക്കേണ്ട എന്നു തീരുമാനിച്ചു.

ജർമ്മനിയുടെ കാര്യത്തിലാണെങ്കിൽ മറ്റൊരു കാര്യമാണ്‌ നേഡാപ് മെഷീനുകൾ ഉപയോഗിക്കുന്നതിൽ നിന്നും പിറകോട്ട് പോകാൻ കാരണമായത്. ജർമൻ ഭരണഘടനപ്രകാരം വോട്ടിംഗ് പ്രക്രിയയിൽ വോട്ടർക്ക് താൻ രേഖപ്പെടുത്തിയ വോട്ട് ഉദ്ദേശിച്ച കക്ഷിക്ക് തന്നെ ആണ്‌ പോയത് എന്ന് ഉറപ്പ് വരുത്താനുള്ള അവകാശം ഉറപ്പ് നൽകുന്നു. ഇത് നേഡാപ് മെഷീനുകൾ നൽകുന്നുണ്ടായിരുന്നില്ല. ഇന്ത്യയിലും ഇങ്ങനെ ഒരു അവകാശം നമ്മുടെ ഓരോ പൗരനുമുണ്ടെങ്കിലും ആദ്യ തലമുറ ഇലക്റ്റ്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് ഇതേ ന്യൂനത ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ സുതാര്യത ഉറപ്പിക്കാനായി കോടതി ഉത്തരവു പ്രകാരം VVPAT സംവിധാനം ഇപ്പോൾ നിലവിൽ വന്നത്. VVPAT രീതിയിൽ വോട്ടർക്ക് താൻ വോട്ട് രേഖപ്പെടുത്തിയ കക്ഷിക്ക് തന്നെ ആണോ വോട്ട് പോയത് എന്ന് ഒരു ലൈറ്റ് തെളിയുന്നതിലുമപ്പുറമായി ഒരു പേപ്പർ സ്ലിപ്പിൽ അത് കാണാനും കഴിയും. 1982 ൽ ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന നമ്മുടെ കേരളത്തിലെ പറവൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പിന്നീട് കോടതി റദ്ദാക്കാൻ കാരണമായത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള വകുപ്പുകൾ നമ്മുടെ നിയമ വ്യവസ്ഥയിൽ ഉണ്ടായിരുന്നില്ല എന്നതിനാലാണ്‌. 1988 ൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കൂടി ഉപയോഗിക്കാമെന്ന രീതിയിൽ പാർലമെന്റ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുകയുണ്ടായി. അതോടെ ആണ്‌ ഇന്ത്യയിൽ നിയമപരമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പുകൾക് ഉപയോഗിക്കാനായത്.

വികസിത രാജ്യങ്ങളുടെ കാര്യം പറയുമ്പോൾ ഒരു മോഡൽ ആയി എടൂക്കുന്ന അമേരിക്കയിൽ വോട്ടിംഗ് രീതി പലയിടത്തും പല തരത്തിലാണ്‌ . ഒപ്റ്റിക്കൽ സ്കാനിംഗ് , ഡയറക്റ്റ് റെക്കോഡിംഗ്, ബാലറ്റ് മാർക്കിംഗ് റീഡർ, പഞ്ച് കാർഡ് അങ്ങനെ പലയിടത്തും പല തരം ഇലക്ട്രോണിക് വോട്ടിംഗ് സാങ്കേതിക വിദ്യകളാണ്‌ നിലവിലുള്ളത്. ഈ മെയിലും ഫാക്സും അയച്ച് വരെ വോട്ട് ചെയ്യാൻ അവസരമുണ്ട്.
ചുരുക്കം പറഞ്ഞാൽ പല രാജ്യങ്ങളിലും വോട്ടിംഗ് യന്ത്രം ഉപയോഗിച്ചിരുന്നു എങ്കിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എങ്കിലും അവയെല്ലാം ഒരുപോലെയുള്ള യന്ത്രങ്ങൾ അല്ലാത്തതിനാൽ നമ്മൂടെ ഇ വി എമ്മുകളുമായി ഒരു താരതമ്യത്തിനു പോലും അർഹമല്ല. സാങ്കേതികതയുടെ കാര്യത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ഒന്നാണ്‌ ഇന്ത്യൻ ഇലക്ട്രോണിക് വോട്ടീംഗ് മെഷീനുകൾ. നല്ല ഒരു കാൽക്കുലേറ്ററിന്റെയോ മൊബൈൽ ഫോണിന്റെയോ അത്ര പോലും ആധുനികവും സങ്കീർണ്ണവുമല്ല ഈ വോട്ടിംഗ് യന്ത്രങ്ങൾ. ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ ഒരു സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളെ പോലെ ആണെങ്കിൽ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകൾ ഇന്റർനെറ്റു വഴിയും സ്മാർട്ട് ഫോണുകൾ വഴിയുമൊക്കെ നിയന്ത്രിക്കാൻ കഴിയുന്ന തരം ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളെ പോലെ ആണെന്ന് വേണമെങ്കിൽ പറയാം.

ഇന്ത്യയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വോട്ടിംഗ് യന്ത്രങ്ങൾ ലോകത്ത് എവിടെയും ഉപയോഗിക്കുന്നില്ല ഉപയോഗിച്ചിട്ടുമില്ല. ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതുമായ മെഷീനുകളൊക്കെ വലിയ പ്രോസസ്സിംഗ് പവർ ഉള്ള, ടച് സ്ക്രീനും വോയ്സ് കമാന്റും റിമോട്ട് കണക്റ്റിവിറ്റിയും വിൻഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും എക്സ്റ്റേണൽ സ്റ്റോറേജ് മീഡിയയുമൊക്കെ അടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളാൽ സമ്പുഷ്ടമായ സങ്കീർണ്ണമായ മെഷീനുകൾ ആണ്‌. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇതിന്റെയൊക്കെ മുന്നിൽ നമ്മൂടെ ഇ വി എം നാണിച്ച് തല താഴ്ത്തി നിൽക്കുകയാണെങ്കിലും നിരവധി തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കപ്പെട്ടിട്ടും ഇതുവരെയും ഉണ്ടയില്ലാത്ത വെടികളും കുറേ കോൺസ്പിരസി തിയറികളും അല്ലാതെ പേരിനെങ്കിലും ഒരു അട്ടിമറി പോലും തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാര്യത്തിൽ മറ്റു രാജ്യങ്ങൾക്ക് മുന്നിൽ ഒരു മാതൃകയുമാണ്‌. ഇന്ത്യയിലെ ലളിതമായ ഇത്തരം ഇ വി എം സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കാൻ അവർക്ക് കഴിയാത്തതുകൊണ്ടല്ല, ഒരു ടെക്നോളജി ഉപയോഗിക്കുന്നതുകൊണ്ട് അതനുസരിച്ചുള്ള ഗുണങ്ങൾ വേണം. ജനസംഖ്യ കുറഞ്ഞ താരതമ്യേന ലളിതമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഉള്ള അത്തരം രാജ്യങ്ങളിൽ അതിന്റേതായ ഗുണങ്ങൾ ഇതു പോലെയുള്ള നെറ്റ്‌‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്ത സെമി ഓട്ടോമാറ്റിക് മെഷീനുകൾ ഉപയോഗിക്കുന്നതുകൊണ്ട് വോട്ടർമ്മാർക്കോ തെരഞ്ഞെടുപ്പ് നിർവഹണ സംവിധാനത്തിനോ ലഭിക്കുന്നില്ല എന്നതുകൊണ്ടാണ്‌. വോട്ടർമ്മാർക്ക് ഗുണം ലഭിക്കണമെങ്കിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന സാങ്കേതിക വിദ്യ വരണം. അതാണ്‌ വികസിത വിദേശ രാജ്യങ്ങളിലെ ജനങ്ങൾ ആഗ്രഹിക്കുന്നതും. പക്ഷേ ഇന്റർനെറ്റ് വോട്ടിംഗിലെ അപകട സാദ്ധ്യതകൾ വ്യക്തമായതിനാൽ ഒരു രാജ്യത്തിനും തികച്ചും സുരക്ഷിതമായി ഇന്റർനെറ്റ് വോട്ടിംഗ് വഴിയുള്ള തെരഞ്ഞെടുപ്പുകൾ നടത്തുക എളുപ്പമല്ല. .

ഇന്ത്യൻ ഇ വി എം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ച് പറയുമ്പോൾ ഇന്ത്യൻ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് താരതമ്യേന വളരെ ലളിതമായ ഡിസൈൻ ആണ്‌ ഉള്ളത്. ബാലറ്റ് യൂണിറ്റ് എന്നറിയപ്പെടുന്ന വോട്ടു രേഖപ്പെടുത്താനായി ബട്ടനുകൾ ഉള്ള ഒരു ഭാഗവും, പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവർത്തിപ്പിക്കാൻ‍ അധികാരമുള്ള ഒരു കണ്ട്രോൾ‍ യൂണിറ്റും അടങ്ങിയതാണിത്. . ഇവ രണ്ടും ഒരു 5m കേബിൾ കൊണ്ട് യോജിപ്പിച്ചിട്ടുണ്ടാവും. ഓരോ ബട്ടനുകൾക്കും ഓരോ നമ്പർ‍ ഉണ്ട്, അതിന് നേരെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഒരു ബാലറ്റ് യൂണിറ്റിൽ‍ 16 സ്ഥാനാർഥികളുടെ പേര് വിവരങ്ങൾ‍ അടയാളപ്പെടുത്താനുള്ള സ്ഥലമുണ്ട്. അതിൽ‍ കൂടുതൽ‍ സ്ഥാനാർഥികൾ‍ ഉള്ളപ്പോൾ‍ കൂടുതൽ‍ യൂണിറ്റുകൾ‍ ഒന്നാമത്തേതിനോടൊപ്പം ചേർക്കുന്നു. മുൻപ് ഉണ്ടായിരുന്ന വോട്ടിംഗ് മെഷീനുകളിൽ ഇത്തരത്തിൽ നാലു യൂണിറ്റുകൾ വരെ ചേർത്ത് മൊത്തം 64 സ്ഥാനാർത്ഥികളെ വരെ ഉൾപ്പെടുത്താനേ‌ കഴിയുമായിരുന്നുള്ളൂ. 64 ൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ പേപ്പർ ബാലറ്റ് ഉപയോഗിക്കേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പുതിയ തലമുറ വോട്ടിംഗ് യന്ത്രങ്ങളിൽ 24 ബാലറ്റ് യൂണിറ്റുകൾ വരെ കണക്റ്റ് ചെയ്ത് മൊത്തം 384 സ്ഥാനാർത്ഥികൾ വരെ ആകാം. സ്ഥാനാർത്ഥികളുടെ അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം മാത്രമാണ്‌ ഏതു ബട്ടനു നേരെ ഏത് സ്ഥാനാർത്ഥിയാണ്‌ വരുമെന്ന് തീരുമാനിക്കപ്പെടുന്നത്. അതിനാൽ‍ ഏതെങ്കിലും ബട്ടൺ‍ പ്രവർത്തനരഹിതമാക്കാനോ അതല്ലെങ്കിൽ എല്ലാ വോട്ടും ഒരാൾക്ക് കിട്ടാനുമൊക്കെയുള്ള തട്ടിപ്പുകൾ നടക്കില്ല . വോട്ടെടുപ്പ് ദിവസം ഉദ്യോഗസ്ഥർ‍ പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ പറസ്യമായി സാമ്പിൾ വോട്ട് ചെയ്യിച്ച് ഒരു mock പോളിംഗ് നടത്തി യന്ത്രത്തിന്റെ പ്രവർത്തനം ശരിയായിത്തന്നെ ആണ്‌ നടക്കുന്നതെന്ന് ഉറപ്പു വരുത്തുന്നു. അതിനു ശേഷം എല്ലാവരുടെയും സാന്നിധ്യത്തിൽ‍ clear ബട്ടന്‍ അമർത്തി പൂജ്യമാക്കി വോട്ടെടുപ്പ് തുടങ്ങുന്നു. പോളിംഗ് ഉദ്യോഗസ്ഥൻ കണ്ട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൻ അമർത്തിയാൽ മാത്രമേ ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യാൻ കഴിയൂ. വോട്ടർമ്മാർ ബാലറ്റ് യൂണിറ്റിൽ‍ ബട്ടനമർത് തുമ്പോൾ‍ ഏതു നമ്പറിനു നേരേയാണോ വോട്ടു വീണത്, അത് കണ്ട്രോൾ‍ യൂണിറ്റിൽ‍ രേഖപ്പെടുത്തി വയ്ക്കുന്നു. വരണാധികാരി കണ്ട്രോൾ‍ യൂണിറ്റിലെ close ബട്ടണ്‍ അമർത്തുന്നതോടെ വോട്ടെടുപ്പ് അവസാനിക്കുന്നു. പിന്നീട് എത്ര ബട്ടന്‍ അമർത്തിയാലും വോട്ട് വീഴില്ല.

ക്ലോസ് ബട്ടൻ അമർത്തിയതിനു ശേഷം മെഷീൻ പോളിംഗ് ഉദ്യോഗസ്ഥരുടേയും പോളിംഗ് ഏജന്റുമാരുടേയുമൊക്കെ ഒപ്പോടു കൂടി സീൽ ചെയ്യുന്നു. വോട്ടെണ്ണൽ ദിവസം, അതുവരെ പൂട്ടി ഭദ്രമാക്കി വച്ച കണ്ട്രോൾ യൂണിറ്റുകൾ‍ തുറന്ന് റിസൾട്ട് ബട്ടൺ അമർത്തുമ്പോൾ ഓരോ സ്ഥാനാർഥിയ്ക്കും ലഭിച്ച വോട്ടിന്റെ കണക്ക് തെളിയും. ഇത്തരത്തിൽ വിവിധ ബൂത്തുകളിലെ മെഷീനുകളിൽ നിന്നായി ലഭിച്ച ആകെ വോട്ടുകളുടെ എണ്ണം മാന്വൽ അയിത്തന്നെ എഴുതിക്കൂട്ടി മൊത്തം വോട്ടുകൾ കണക്കാക്കുന്നു.

ഇത്തരത്തിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തെരഞ്ഞെടുപ്പ് കമ്മീഷനായി നിർമ്മിക്കുന്നത് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളായി Electronics Coroporation of India Limited ഉം Bharat Electronics Limited ഉം ആണ്‌. ഐ ഐ ടി പ്രൊഫസർമ്മാർ ഉൾപ്പെടുന്ന ഒരു സ്വതന്ത്ര ടെക്നിക്കൽ ഇവാല്വേഷൻ കമ്മറ്റി ആണ്‌ ഈ വി എമ്മുകളൂടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നത്. ഇ വി എമുകളെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളും ആരോപണങ്ങളുമൊക്കെ പരിഗണിച്ചുകൊണ്ട് തന്നെ ആണ്‌ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾക്കൊള്ളിച്ച് പുതുക്കപ്പെട്ടിട്ടുള്ളത്. 2006 നു മുൻപ് നിർമ്മിക്കപ്പെട്ട യന്ത്രങ്ങൾ M1 എന്നും 2006 മുതൽ 2010 വരെ നിർമ്മിക്കപ്പെട്ട യന്ത്രങ്ങൾ M2 എന്നും 2013 നു ശേഷം നിർമ്മിക്കപ്പെട്ട യന്ത്രങ്ങൾ M3 എന്നും അറിയപ്പെടുന്നു. ഇവയിൽ M1 യന്ത്രങ്ങൾ ഇപ്പോൾ ഉപയോഗത്തിലില്ല. ഈ ഓരോ തലമുറ യന്ത്രങ്ങളിലും കാലോചിതമായ പുതിയ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്. മെഷീനിന്റെ പ്രവർത്തനം ശരിയാണോ എന്ന് സ്വയം പരിശോധിക്കുന്ന ഓട്ടോമാറ്റിക് സെൽഫ് ടെസ്റ്റ്, ഭൗതിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ, കണ്ട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി വി പാറ്റ് തുടങ്ങിയവയ്ക്കിടയിലുള്ള പരസ്പരമുള്ള ഓതന്റിക്കേഷൻ സംവിധാനങ്ങൾ, ഇവയ്ക്കിടയിലുള്ള കമ്യൂണിക്കേഷൻ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന സംവിധാനം, 24 ബാലറ്റ് യൂണിറ്റുകൾ കൂട്ടിച്ചേർത്ത് മൊത്തം 384 സ്ഥാനാർത്ഥികൾ വരെ ആകാമെന്നുള്ള സൗകര്യം , ബാറ്ററി ലെവൽ പ്രഡിൿഷൻ തുടങ്ങിയവയൊക്കെ എടുത്ത് പറയത്തക്ക പ്രത്യേകതകളാണ്‌. ഇതിനും പുറമേ ആദ്യ രണ്ടു തലമുറ യന്ത്രങ്ങളിലെ മൈക്രോ കണ്ട്രോളറുകളിലെ വൺ ‌ടൈം പ്രോഗ്രാമബിൾ മെമ്മറിയിൽ മെഷീൻ കോഡുകൾ പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നത് ഇന്ത്യക്ക് പുറത്തുള്ള ചിപ്പ് നിർമ്മാണ ഫാക്റ്ററികളിൽ ആയിരുന്നു എങ്കിൽ മൂന്നാം തലമുറയോടെ ഇറക്കുമതി ചെയ്യപ്പെട്ട ബ്ലാങ്ക് ചിപ്പുകളിൽ മെഷീൻ കോഡ് പ്രോഗ്രാം ചെയ്യുന്നതും ഇ സി ഐ എൽ ന്റെയും ബെല്ലിന്റെയും ഫാക്റ്ററികളിൽ തന്നെ ആണെന്ന ഒരു വ്യത്യാസം കൂടി ഉണ്ട്.
ഇനി നമുക്ക് ഇത്തരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കയ്യാങ്കളി സാദ്ധ്യതകളും സംശയങ്ങളും ഒന്ന് പരിശോധിച്ച് നോക്കാം. ആദ്യം ഈ അട്ടിമറി സാദ്ധ്യതകളെ മൂന്നായി തരം തിരിക്കാം.

1. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുൻപോ തെരഞ്ഞെടുപ്പ് നടക്കുമ്പോഴോ അതിനു ശേഷമോ ഏതെങ്കിലും തരത്തിൽ മെഷീനിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയോ അവരുടെ കണ്ണു വെട്ടിച്ചോ കയ്യാങ്കളികൾ നടത്തുക.

2. നിർമ്മാണ സമയത്ത് ബെൽ, ഇ സി ഐ എൽ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ അറിവോടെ മെഷീനുകളിൽ ഏതെങ്കിലും തരത്തിലുള്ള തിരിമറികൾ നടത്തിയിട്ടുണ്ടാകാനുള്ള സാദ്ധ്യത. ഇത് ഹാർഡ് വെയറിലോ സോഫ്റ്റ്‌‌വെയറിലോ ആകാം.

3. ചിപ്പ് നിർമ്മിക്കുന്ന കമ്പനികളെ സ്വാധീനിച്ച് അതിൽ എന്തെങ്കിലും കയ്യാങ്കളികൾ.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ആണ്‌ നിർ മ്മിക്കുന്നതും ട്രാൻസ്പോർട്ട്‌ ചെയ്യപ്പെടുന്നതും സൂക്ഷിക്കുന്നതുമൊക്കെ. NEDAP എന്ന ഡച്ച് കമ്പനിയുടെ EVM കളെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്ന സമയത്താണ്‌ ഇന്ത്യൻ ഇ വി എമ്മുകൾക്കും അത്തരത്തിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കാനുള്ള കൗതുകം മൂലം ആയിരിക്കണം 2010 ൽ ഹൈദരാബാദു കാരനായ ഹരിപ്രസാദ് എന്ന ഒരു കക്ഷി എവിടെ നിന്നോ ഒരു ഒറീജിനൽ ഇ വി എം സംഘടിപ്പിച്ചു. രണ്ട് വിദേശ ഗവേഷകരുടെ കൂടി സഹായത്താൽ അദ്ദേഹം അത് അഴിച്ച് പൊളിച്ച് പരിശോധിച്ച് വിവിധ അട്ടിമറി സാദ്ധ്യതകൾ പങ്കു വച്ചു. അന്നാണ്‌ പൊതുജനം ഒരു ഇലക്ട്രോണിക് വോട്ടീംഗ് മെഷീനിന്റെ ഉൾവശം ആദ്യമായി കാണുന്നത് തന്നെ. അതുവരെ സംശയിക്കപ്പെട്ടിരുന്നതുപോലെ എന്തെങ്കിലും അജ്ഞാതമായ ഒരു ചിപ്പോ, ബ്ലൂ ടൂത്ത് , വയർ ലെസ് ഡിവൈസുകളോ ,ആർ എഫ് ഐ ഡിയോ ഒന്നും ഹരിപ്രസാദിന് അതിനകത്ത് കണ്ടെത്താനായില്ല. എങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സാദ്ധ്യമായ അട്ടിമറി സാദ്ധ്യതകൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.

അതിൽ ഒന്നായിരുന്നു കണ്ട്രോൾ യൂണിറ്റിലെ ഡിസ്പ്ലേയിൽ നടത്താൻ കഴിയുന്ന തട്ടിപ്പ്. വോട്ടിംഗ് യന്ത്രത്തിലെ ഡിസ്പ്ല മാറ്റി ഒരു പ്രോഗ്രാമബിൾ കണ്ട്രോളറോട് കൂടിയതോ അല്ലെങ്കിൽ ബ്ലൂ ടൂത്ത് എനേബിൾഡ് ആയതോ അയ ഒരു ഡിസ്പ്ലേ ഫിറ്റ് ചെയ്ത് അവയെ തെരഞ്ഞെടുപ്പ് നടക്കുമ്പോഴോ നടന്നതിനു ശേഷമോ അതിലേക്ക് ഇഷ്ട സ്ഥാനാർത്ഥിയുടെ വിവരം നൽകുക. വോട്ട് എണ്ണുമ്പോൾ ഈ വിവരം ആയിരിക്കും ഡിസ്പ്ലേ ചെയ്യപ്പെടുക. അടുത്തത് വോട്ട് രേഖപ്പെടുത്തപ്പെടുന്ന EEPROM ഐസി മൊത്തമായി ഇളക്കി മാറ്റി അതിനു പകരം ഇഷ്ട സ്ഥാനാർത്ഥിയ്ക്ക് ഭൂരിപക്ഷം ലഭിക്കത്തക്ക വിധം പ്രോഗ്രാം ചെയ്യപ്പെട്ട ചിപ്പ് ഫിറ്റ് ചെയ്യുക, അല്ലെങ്കിൽ മെമ്മറി ഇളക്കി മാറ്റാതെ തന്നെ അതിനു മുകളിലേക്ക് ക്ലിപ്പ് ഉപയോഗിച്ച് പാരലൽ ആയി ഘടിപ്പിക്കുക.

ഈ രണ്ടു കാര്യങ്ങളും സാദ്ധ്യമാണ്‌. പക്ഷേ അതിനു ഇതുപോലെ മെഷീനുകൾ കയ്യിൽ കിട്ടണം. അതും പല തലത്തിലുള്ള സുരക്ഷാ പഴുതുകൾ മറി കടന്ന്. ഒരു മെഷീൻ മാത്രം കിട്ടിയാൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ കഴിയില്ലാത്തതിനാൽ ആയിരക്കണക്കിനു മെഷീനുകൾ ഇത്തരത്തിൽ കയ്യിൽ കിട്ടണം. അതിലൊക്കെ ഇതുപോലെ ഡിസ്പ്ലേയും മെമ്മറിയുമൊക്കെ മാറ്റണം. ഇനി ജില്ലാ കേന്ദ്രങ്ങളിലും മറ്റും ഇ വി എമ്മുകൾ സൂക്ഷിക്കുന്ന വെയർ ഹൗസുകളിൽ സുരക്ഷ മറികടന്ന് കടന്നു കയറി അവിടെയുള്ള മൊത്തം ഇ വി എമ്മുകളിലും ആദ്യമേ തന്നെ വല്ല ബ്ലൂ ടൂത്ത് ഡിസ്പ്ലേ ചിപ്പും ഘടിപ്പിച്ച് വയ്ക്കണം, തിരിച്ച് അതുപോലെത്തന്നെ സീൽ ചെയ്യണം. ഇപ്പോഴത്തെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ആകട്ടെ ഏതെങ്കിലും തരത്തിൽ തുറക്കപ്പെട്ടാൽ ഉടൻ തന്നെ അലാറം മുഴങ്ങുന്നതോടൊപ്പം മെഷീൻ എറർ മോഡിലേക് പോകത്തക്ക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല ഏത് ഇ വി എം ഏത് നിയോജക മണ്ഡലത്തിലേക്കാണെന്നോ ഏത് ബൂത്തിലേക്കാണെന്നോ പോകുന്നതെന്ന് ഒരു ലോട്ടറി നറുക്കെടുപ്പ് പോലെയുള്ള ഒരു സോഫ്റ്റ്‌‌വെയർ സഹായത്താലാണ്‌ പിന്നീട് നിശ്ചയിക്കപ്പെടുന്നതെന്നതിനാൽ ഇഷ്ട സ്ഥാനാർത്ഥി ഏത് സീരിയൽ നമ്പറിനു നേരെ ആണ്‌ വരുന്നതെന്ന വിവരം കൂടി അന്തിമ ഘത്തിൽ മാത്രം അറിയുന്നതിനാൽ ആ വിവരം ഡിസ്പ്ലേ ചിപ്പിനോ ഈ പ്രോമിനോ നൽകാൻ ഓരോ‌ ബൂത്തിലും പ്രത്യേകം പ്രത്യേകം വിദഗ്ദരെ രഹസ്യമായി ചട്ടം കെട്ടണം. അതും ഫലപ്രദമാകുമോ എന്ന് യാതൊരു ഉറപ്പുമില്ലതാനും. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഇത്രയും രഹസ്യം സൂക്ഷിച്ചുകൊണ്ട് ഇരു ചെവി അറിയാതെ ഇത്രയും വിപുലമായ രീതിയിൽ ഒരു അട്ടിമറി സാദ്ധ്യമാണോ എന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ഒന്ന് ചിന്തിച്ച് നോക്കിയാൽ തന്നെ മനസ്സിലാകും ഇതിലെ പൊള്ളത്തരം. പഴയ ബാലറ്റ് പെട്ടികളെപ്പോലെത്തന്നെ വോട്ടിംഗ് യന്ത്രങ്ങളുടെ ഭൗതിക സുരക്ഷിതത്വം എല്ലാ തലങ്ങളിലും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്‌. ഭൗതിക സുരക്ഷിതത്വത്തിന്റെ കാര്യം പറയുമ്പോൾ ബാലറ്റ് പെട്ടികളാണ്‌ കൂടുതൽ കയ്യാങ്കളി സാദ്ധ്യതകൾ ഉള്ളത് എന്ന് പറയേണ്ടി വരും. ഒട്ടും സാങ്കേതിക പരിജ്ഞാനം ഇല്ലാതെത്തന്നെ പ്രിന്റ് ചെയ്ത് സീലടിച്ച ബാലറ്റ് പേപ്പറുകൾ പെട്ടിയിൽ നിറയ്ക്കുക എന്നത് സാദ്ധ്യമാണല്ലോ.

മറ്റൊരു അട്ടിമറി സാദ്ധ്യതയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് കണ്ട്രോൾ യൂണിറ്റിനെയും ബാലറ്റ് യൂണിറ്റിനെയും ബന്ധിപ്പിക്കുന്ന കേബിളിനിടയിലോ കണക്റ്ററുകൾക്കിടയിലോ ഡാറ്റയിൽ തിരിമറി നടത്തി ഇഷ്ട സ്ഥാനാർത്ഥിക്കായി വോട്ട് മറിക്കാൻ കഴിയുന്ന രീതിയിലുള്ള ചെറിയ ഉപകരണങ്ങളോ ബ്ലൂ ടൂത്ത് അല്ലെങ്കിൽ വൈ ഫൈ വഴി നിയന്ത്രിക്കാവുന്ന എന്തെങ്കിലുമോ ബന്ധിപ്പിക്കുന്ന തരത്തിലുള്ള കയ്യാങ്കളിക്കാണ്‌. ഇതും അസാദ്ധ്യമെന്ന് പറയാൻ കഴിയില്ല. ഏതെങ്കിലുമൊക്കെ പോളിംഗ് ബൂത്തുകളിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നേക്കാം. പക്ഷേ ഒരു തെരഞ്ഞെടുപ്പ് അട്ടിമറിക്കത്തക്ക രീതിയിൽ സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്റുമാരെയും സകല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയുമൊക്കെ കബളിപ്പിച്ചുകൊണ്ടും വിലയ്ക്കെടുത്തുകൊണ്ടും രഹസ്യമായി ഇത് നടക്കില്ല എന്ന് വ്യക്തമാണ്‌. ഇനി പുതിയ M3 വോട്ടിംഗ് മെഷീനുകളുടേ കാര്യമാണെങ്കിൽ കണ്ട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും ഇടയിലുള്ള കമ്യൂണിക്കേഷൻ പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാലും ഇവ തമ്മിൽ ഒരു മ്യൂച്വൽ ഓതന്റിക്കേഷൻ സംവിധാനങ്ങൾ ഉള്ളതിനാലും സാങ്കേതികമായി ആ വഴിക്കുള്ള പഴുതുകളും അടയ്ക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ഭൗതിക സുരക്ഷിതത്വം പരമപ്രധാനമാണ്‌.

വോട്ടിംഗ് യന്ത്രങ്ങൾ ക്രാക്ക് ചെയ്യപ്പെടുക എന്നു വച്ചാൽ ഒരു സ്ഥാനാർത്ഥിക്ക് അനുകൂലമായ രീതിയിലോ മറ്റൊരു സ്ഥാനാർത്ഥിക്ക് പ്രതികൂലമായ രീതിയിലോ വോട്ട് മറിക്കപ്പെടുക മാത്രമല്ല അർത്ഥമാക്കുന്നത്. വോട്ടിംഗ് മെഷീനിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാവുക, ഒരു വോട്ടർ വോട്ട് ചെയ്തത് ആർക്കാണെന്ന് മനസ്സിലാകുന്ന തരത്തിൽ രഹസ്യ സ്വഭാവം നഷ്ടപ്പെടുക എന്നിങ്ങനെയൊക്കെ ഉള്ള കാര്യങ്ങളും ക്രാക്കിംഗിന്റെ പരിധിയിൽ പെടുന്നു. ഏത് ഇലക്ട്രോണിക് ഉപകരണം പ്രവർത്തിക്കുമ്പോഴും അത് പല തരത്തിലുള്ള ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളും പുറത്തു വിടുന്നുണ്ട്. ഇതുപോലെയുള്ള തരംഗങ്ങൾ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്ത് വിവരങ്ങൾ ചോർത്താൻ കഴിയും. ഡച്ച് കമ്പനി ആയ നേഡാപ്പ് നിർമ്മിച്ച വോട്ടിംഗ് യന്ത്രങ്ങൾക്ക് ഇത്തരത്തിൽ ഒരു കുഴപ്പം ഉണ്ടായിരുന്നു. ഈ യന്ത്രങ്ങൾ പ്രവർത്തിച്ചിരുന്നപ്പോൾ അതിന്റെ ഏതാനും മീറ്ററുകൾക്കുള്ളിലെ റേഡിയോ സ്പെക്ട്രം പരിശോധിച്ച് അതിൽ നിന്നും ഡാറ്റ എക്സ്ട്രാക്റ്റ് ചെയ്താൽ ആർക്കാണ്‌ ഒരു വോട്ടർ വോട്ട് ചെയ്യുന്നത് എന്ന് അറിയാൻ കഴിയുമായിരുന്നു. ഇതുപോലെ ഒരു ഉപകരണം പുറത്തു വിടുന്ന അനാവശ്യ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളെക്കുറിച്ച് പഠിക്കുന്നതും അവയെ കുറയ്ക്കാൻ ഉള്ള മാർഗ്ഗങ്ങൾ ആരായുന്നതുമായ എഞ്ചിനീയറിംഗ് ഫീൽഡ് ആണ്‌ ഇലക്ട്രോ മാഗ്നറ്റിക് കോമ്പാറ്റിബിലിറ്റി എന്നറിയപ്പെടുന്നത്. ഒരു ഉപകരണം അനാവശ്യമായി ഇത്തരം തരംഗങ്ങൾ പുറത്തു വിടുന്നത് തടയാനും മറ്റ് ഉപകരണങ്ങളിൽ നിന്നുള്ള തരംഗങ്ങൾ അതിന്റെ പ്രവർത്തനത്തെ സ്വാധീനിക്കാതിരിക്കാനും പൊതുവേ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ്‌ ഇലക്ട്രോ മാഗ്നറ്റിക് ഷീൽഡിംഗ്. നമ്മുടെ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഇത്തരം സാദ്ധ്യതകൾ കൂടി ഇല്ലായമ ചെയ്യുന്ന തരത്തിൽ ഇലക്ട്രോ മാഗ്നറ്റിക് ഷീൽഡിംഗിന്റെ കാര്യത്തിൽ കാര്യമായ ശ്രദ്ധ ഉണ്ടായിട്ടില്ല എന്നു മനസ്സിലാക്കാൻ കഴിയും. വോട്ടിംഗ് യന്ത്രങ്ങളുടെ പ്ലാസ്റ്റിക് കേസിംഗിനകത്ത് കനം കുറഞ്ഞ ലോഹാവരണം ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോ മാഗ്നറ്റിക് ഷീൽഡിംഗും മെഷീനുകൾ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് സൂക്ഷിക്കുന്ന ഇടങ്ങൾ മുതൽ വോട്ടിംഗ് നടക്കുന്ന ഇടങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് സൂക്ഷിക്കുന്ന ഇടങ്ങളിലും വരെ ഇലക്ട്രോ മാഗ്നറ്റിക് ഷീൽഡിംഗ് സംവിധാനങ്ങൾ കൂടീ ഏർപ്പെടുത്തി കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാവുന്നതാണ്‌.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് അട്ടിമറി സാദ്ധ്യതകളെക്കുറിച്ച് പറയുമ്പോൾ ഇ വി എം ഉണ്ടാക്കുന്ന രണ്ട് കമ്പനികളും പ്രതിസ്ഥാനത്ത് വരാറുണ്ട്. മെഷീൻ ഉണ്ടാക്കുമ്പോഴേ ഇവർ ജയിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് അനുകൂലമായ രീതിയിൽ തിരിമറി നടത്താനായി എന്തെങ്കിലുമൊക്കെ ഒപ്പിച്ച് വച്ചിട്ടുണ്ടാകും എന്ന തരത്തിലുള്ള വാർത്തകൾക്ക് നല്ല മൈലേജ് ലഭിക്കാറുണ്ട്. അതിനാൽ അത്തരത്തിലുള്ള സാദ്ധ്യതകൾ എന്തെല്ലാമാണെന്ന് ഒന്ന് പരിശോധിച്ച് നോക്കാം.

ഇവിടെ രണ്ട് ആശങ്കകൾ പ്രകടിപ്പിക്കാവുന്നതാണ്‌. ഒന്ന് ഹാർഡ് വെയർ , രണ്ട് സോഫ്റ്റ്‌‌വെയർ. ഹാർഡ് വെയറിന്റെ കാര്യം പറയുകയാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വയർ ലെസ് കമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഒരു സംവിധാനം യന്ത്രങ്ങളിൽ നിർമ്മിക്കുന്ന അവസരത്തിൽ തന്നെ രഹസ്യമായി ഘടിപ്പിച്ചിട്ടുണ്ടായിരിക്കണം. വയർ ലെസ് കമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഒരു നഖത്തിനേക്കാൾ വലിപ്പം കുറഞ്ഞ എംബഡഡ് ചിപ്പുകൾ ഉണ്ടെങ്കിലും ഹാർഡ് വെയറിൽ ഇത്തരത്തിൽ ഒന്ന് ചേർക്കപ്പെടുക എന്നതിനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്‌. 2010 ൽ ഹരിപ്രസാദ് എന്ന ഒരു ഇ വി എം ആക്റ്റിവിസ്റ്റ് ഒരു ഒറിജിനൽ വോട്ടിംഗ് മെഷീൻ സംഘടിപ്പിക്കുകയുണ്ടായി. ഇലൿഷൻ കമ്മീഷൻ പറയുന്നത് അത് മോഷ്ടിക്കപ്പെട്ടതാണെന്നാണ്‌. ഈ മെഷീൻ അഴിച്ച് അദ്ദേഹം കമ്പോണന്റ് ബൈ കമ്പോണന്റ് ആയി പരിശോധിച്ച പല കയ്യാങ്കളി സാദ്ധ്യതകളും വിശദീകരിച്ചിരുന്നു. അദ്ദേഹത്തിന് ഇത്തരത്തിൽ കിട്ടിയ ഇ വി എമ്മിൽ എന്തെങ്കിലും രഹസ്യ ചിപ്പുകളോ വയർലെസ് സാങ്കേതിക വിദ്യകളോ കണ്ടെത്താനായിരുന്നില്ല. ബെൽ , ഇ സി ഐ എൽ എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലാണ്‌ ഈ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉണ്ടാക്കുന്നത്. ഈ കമ്പനികളിലാകട്ടെ പല രാഷ്ടീയ കക്ഷികളിലും വിശ്വസിക്കുന്ന അനേകായിരം ജോലിക്കാർ വിവിധ തലങ്ങളിൽ പണിയെടുക്കുന്നുണ്ട്. അതും സാങ്കേതികമായി അത്യാവശ്യം കാര്യ വിവരമുള്ളവർ തന്നെ. യാതൊരു സംശയത്തിനുമിടകൊടുക്കാത്ത രീതിയിൽ ഇത്തരത്തിൽ വിവിധ പരിശോധനാ ഘട്ടങ്ങൾ കഴിഞ്ഞ് രഹസ്യമായി ഒരു ഹാർഡ് വേർ ലക്ഷക്കണക്കിനു ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുക എന്നത് ഒരിക്കലും പ്രായോഗികമല്ല. ഇനി കുറച്ച് യന്ത്രങ്ങളിൽ ചെയ്യാൻ കഴിഞ്ഞാൽ തന്നെ ഈ യന്ത്രങ്ങളെല്ലാം ഏത് സംസ്ഥാനങ്ങളിലേക്ക് ഏത് മണ്ഡലങ്ങളിലേക്ക് ആണ്‌ പോകുന്നതെന്ന് ഒരിക്കലും മുൻകൂട്ടി അറിയാനും കഴിയില്ല. കാരണം ഇതിന്റെ ഡിസ്ട്രിബ്യൂഷൻ എന്നത് ഒരു സോഫ്റ്റ്‌‌വെയറിന്റെ സഹായത്താലുള്ള റാൻഡം പ്രൊസസ് ആണ്‌. മുംബൈ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഹാർഡ് വേറും സോഫ്റ്റ്‌‌വേറും ഹൈദ്രാബാദിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറി വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുമുണ്ട്.

അടുത്തത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ മൈക്രോ കണ്ട്രോളറിൽ ഉപയോഗികുന്ന പ്രോഗ്രാം‌ ആണ്‌. ഈ പ്രോഗ്രാം തയ്യാറാക്കിയത് BEL ലേയും ECIL ലെയും ഡവലപ്പർമ്മാർ ആണ്‌. ഇതിന്റെ കൊഡ് പരസ്യവുമല്ല. പ്രോഗ്രാമിന്റെ ഓരോ ഭാഗവും എന്താണ്‌ ചെയ്യുന്നത് എന്ന് ആർക്കും ഉറപ്പില്ല. വൺ ടൈം പ്രോഗ്രാമബിൾ ചിപ്പിൽ ആണ്‌ ഇവ പ്രോഗ്രാം ചെയ്യപ്പെടുന്നത്. പ്രത്യേകമായി ഹാർഡ് വെയർ ഒന്നും ഘടിപ്പിക്കാതെ ഈ പ്രോഗ്രാമിൽ മാത്രം എന്തെങ്കിലും തരികിട കാണിച്ചതുകൊണ്ട് എന്താണ്‌ പ്രയോജനം എന്നൊരു സംശയം ഉണ്ടാകും. പ്രത്യേകിച്ച് മെഷീനിൽ സ്ഥാനാർത്ഥിയുടെ പേരോ ചിഹ്നമോ ഒന്നും മുൻകൂട്ടി രേഖപ്പെടുത്താനോ പോയിട്ട് എത്രാമത്തെ ബട്ടനിലാണ്‌ ഒരു സ്ഥാനാർത്ഥിയുടെ പേരു വരുന്നത് എന്ന് മോക് പോളിംഗ് നടക്കുന്ന അവസാന ഘട്ടത്തിൽ മാത്രമേ അറിയാൻ കഴിയൂ എന്ന സാഹചര്യത്തിൽ. ഇവിടെ ആണ്‌ ചീറ്റ് കോഡ് എന്നു വിളിക്കപ്പെടുന്ന രഹസ്യ പ്രോഗ്രാമുകളുടെ സാദ്ധ്യത. അതായത് സാധാരണ ഗതിയിലുള്ള വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനത്തിൽ യാതൊരു കുഴപ്പവും ഉണ്ടായിരിക്കുകയില്ല. മോക് പോളിംഗ് സമയത്തും ആർക്കും സംശയമൊന്നും തോന്നാത്ത രീതിയിൽ യന്ത്രം ശരിയായി പ്രവർത്തിക്കും. പക്ഷേ അതിനു ശേഷം ആവശ്യമെങ്കിൽ ബട്ടനുകൾ ഏതെങ്കിലും ഒരു പ്രത്യേക സീക്വൻസിൽ അമർത്തി ഈ പ്രോഗ്രാമിനെ ആക്റ്റിവേറ്റ് ചെയ്യിക്കാനും സ്ഥാനാർത്ഥിയുടെ ക്രമ നമ്പർ പ്രോഗ്രാമിനു നൽകാനും കഴിയും. അതായത് സാധാരണ മട്ടിൽ വോട്ട് ചെയ്യാൻ പോകുന്ന ഒരാൾ നാലാമത്തെ സ്ഥാനാർത്ഥിയാണ്‌ തന്റെ സ്ഥാനാർത്ഥി എങ്കിൽ വോട്ട് ചെയ്തതിനു ശേഷം പ്രസ്തുത ബട്ടൻ അഞ്ചോ ആറോ തവണ തുടർച്ചയായി അമർത്തി മെഷീനിലെ രഹസ്യ പ്രോഗ്രാം ആക്റ്റിവേറ്റ് ചെയ്ത് താൻ തുടർച്ചയായി അമർത്തിയ ബട്ടൻ ആണ്‌ തന്റെ സ്ഥാനാർത്ഥി എന്ന വിവരം നൽകാനാകും.
ബാക്കിയൊക്കെ പ്രോഗ്രാമിന്റെ കയ്യിലായിരിക്കും. വേണമെങ്കിൽ തുടർന്നു ചെയ്യുന്ന ഓരോ വൊട്ടും ഏത് സ്ഥാനാർത്ഥിക്കാണെങ്കിലും ലൈറ്റ് തെളിഞ്ഞാലും വോട്ട്‌ പോകുന്നത് നേരത്തേ രഹസ്യ കോഡ് വഴി വിവരം നൽകിയ സ്ഥാനാർത്ഥിക്ക് ആകുന്ന രീതിയിൽ പ്രവർത്തിക്കാം. അല്ലെങ്കിൽ വോട്ടിംഗ് ക്ലോസ് ചെയ്യുന്ന ബട്ടൻ അമർത്തുന്നതൊടെ ഒറ്റയടിക്ക് നിശ്ചിത ശതമാനം വോട്ടുകൾ നേരത്തേ‌ നൽകിയ സ്ഥാനാർത്ഥിക്ക് അനുകൂലമാകുന്ന രീതിയിൽ ആകാം. ഇതൊരു കോൺ സ്പിരസി തിയറി ആയി വേണമെങ്കിൽ കണക്കാക്കാമെങ്കിലും സാദ്ധ്യമാണ്‌. പക്ഷേ പ്രായോഗിക തലത്തിൽ ഇതിനുള്ള സാദ്ധ്യതകൾ എത്രയാണെന്ന് നോക്കാം.

വോട്ടിംഗ് മെഷീൻ നിർമ്മാണ കമ്പനികളിലെ പ്രോഗ്രാമർ എങ്ങനെ ഒരു രഹസ്യ കോഡ് പ്രധാന പ്രോഗ്രാമിനൊട് ചേർത്ത് ഇത്ര വലിയ ഒരു റിസ്ക് എടുക്കാനുള്ള സാദ്ധ്യതയുണ്ടോ , ഈ പ്രോഗ്രാം വിവിധ സ്വതന്ത്ര ഏജൻസികൾ പരിശോധിച്ചിട്ടുണ്ടാകില്ലേ? എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ടാകും. വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കണ്ട്രോളർ ചിപ്പുകൾ ഒന്നും ഇന്ത്യൻ നിർമ്മിതമല്ല. കാരണം ഇന്ത്യയിൽ മൈക്രോ കണ്ട്രോളർ ചിപ്പുകൾ ഉണ്ടാക്കുന്ന കമ്പനികൾ ഇല്ല. അതുകൊണ്ട് ഇത്തരം ചിപ്പുകൾ പൂർണ്ണമായും ഇറക്കുമതി ചെയ്യുകയാണ്‌ ചെയ്യുന്നത്. അത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റേതു മാത്രമല്ല മറ്റെല്ലാ ഉപകരണങ്ങളുടേയും കാര്യം അതു തന്നെയാണ്‌. 2006 വരെ ഉണ്ടാക്കിയ M1 EVM കളുടേയും 2010 വരെ ഉണ്ടാക്കിയ M2 EVM കളുടേയും കോഡ് ബേണിംഗ് ഇന്ത്യയിൽ അല്ല നടന്നിരുന്നത്. കമ്പനികൾക്ക് മെഷീൻ കോഡ് നൽകി ആ കോഡ് മൈക്രോ കണ്ട്രോളറുകളിലെ വൺ ടൈം പ്രോഗ്രാമബിൾ ചിപ്പുകളിൽ സ്റ്റോർ ചെയ്യുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. ഇവിടെ പ്രോഗ്രാം അല്ല ബൈനറി മെഷീൻ കോഡ് ആണ്‌ നൽകിയിരുന്നത്. അതിൽ നിന്നും തിരിച്ച് പ്രോഗ്രാം ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല. എങ്കിലും വേണമെങ്കിൽ ആകാമെന്ന് മാത്രം. പക്ഷേ കമ്പനി ഇത്തരത്തിൽ നൽകിയ കോഡ് തന്നെ ആണോ പ്രോഗ്രാം ചെയ്തിരിക്കുന്നത് എന്ന് എന്താണ്‌ ഉറപ്പ്? അവർക്ക് വേണമെങ്കിൽ വല്ല രഹസ്യ പ്രോഗ്രാം കൂടി ഇതിന്റെ കൂടെ ചേർക്കാമല്ലോ. അവിടെ ആണ്‌ മൈക്രോ കണ്ട്രോളറുകളിൽ ഉപയോഗിക്കുന്ന ‘ചെക് സം’ എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അറിയേണ്ടത്. ചെക് സം എന്നാൽ പ്രോഗ്രാം കോഡിന്റെ ഒരു സിഗ്നേച്ചർ ആണ്‌. പ്രോഗ്രാമിൽ ചെറിയ ഒരു മാറ്റം വന്നാൽ തന്നെ ചെക് സം മുഴുവനായും മാറി മറിയും. ഒരു പ്രോഗ്രാമിന്റെയോ ഡാറ്റയുടേയോ ചെക് സം എടുത്ത് വച്ചാൽ പിന്നീട് ഡാറ്റയിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ‌ എന്ന് മനസ്സിലാക്കാൻ ഇതേ പ്രോഗ്രാമിന്റെ ചെക് സം എടുത്ത് രണ്ടും തമ്മിൽ മാച്ച് ചെയ്ത് നോക്കിയാൽ മതി.

മൈക്രോ കണ്ട്രോളറുകളിലൊക്കെ ചെക് സം വെരിഫിക്കേഷൻ ഫീച്ചർ ഉണ്ട്. ഇത് രണ്ടു കാര്യങ്ങൾക്കായാണ്‌ നൽകുന്നത്. ഒന്ന് പ്രോഗ്രാം ചെയ്ത കോഡ് എന്തെങ്കിലും ബഗ് മുഖേനയോ അല്ലെങ്കിൽ പവർ സപ്ലെ പ്രശ്നങ്ങൾ കാരണമോ ചെറുതായെങ്കിലും കറപ്റ്റ് ആയോ എന്ന് സിസ്റ്റത്തിനു മനസ്സിലാക്കിക്കൊടുക്കാനുള്ള എളുപ്പ വഴി. രണ്ടാമത്തേത് ഏതെങ്കിലും തരത്തിലുള്ള കയ്യാങ്കളികളിലൂടെ പ്രോഗ്രാം ചെയ്യപ്പെട്ട കോഡ് മാറിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ. ഇത്തരത്തിൽ വൺ ടൈം പ്രോഗ്രാമബിൾ ആയ ചിപ്പിലെയും ചെക് സം വെരിഫൈ ചെയ്ത് ആണ്‌ ശരിയായ കോഡ് ആണോ ഫ്യൂസ് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാക്കുന്നത്. ചില മൈക്രോ കണ്ട്രോളറുകളിൽ കോഡ് റീഡ് ചെയ്ത് പകർത്താതിരിക്കാൻ കോഡ് പ്രൊട്ടൿഷൻ എനേബിൾ ചെയ്തിട്ടുണ്ടെങ്കിലും കോഡിന്റെ നിർദ്ദിഷ്ട ഭാഗങ്ങൾ മാത്രം എടുത്ത് അതിന്റെ ചെൿസം ജനറേറ്റ് ചെയ്യാനും അത് അതേ പോലെത്തന്നെ ഒറിജിനൽ പ്രോഗ്രാമുമായി താരതമ്യപ്പെടുത്താനുമുള്ള സംവിധാനങ്ങളുണ്ട്. മൈക്രോ കണ്ട്രോളറുകൾ ലൈഫ് സേവിംഗ് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാൻ തുടങ്ങിയതോടെ യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾക്ക് വിധേയമായി ചിപ്പ് നിർമ്മാതാക്കളെല്ലാം ഇത്തരത്തിൽ യഥാർത്ഥത്തിൽ പ്രോഗ്രാം ചെയ്യപ്പെട്ട അവസരത്തിലുള്ള കോഡ് തന്നെ ആണോ ചിപ്പിനകത്ത് പ്രവർത്തിക്കുന്നത്, അവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും ട്രോജനുകളോ മറ്റോ‌ കയറിയിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കി കോഡ് ഇന്റഗ്രിറ്റി ഉറപ്പ് വരുത്താനായി ചെക് സം പോലെയുള്ള സിഗ്നേച്ചർ വെരിഫിക്കേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനി കോഡ് പ്രൊട്ടക്റ്റഡ് ആയ ചിപ്പ് ആയാലും അല്ലെങ്കിലും. ലളിതമായി പറഞ്ഞാൽ കോഡ് ഇന്റഗ്രിറ്റി ചെക്ക് ചെയ്യാൻ പ്രോഗ്രാമിലെ ഓരോ വരികളും പരിശോധിക്കേണ്ട കാര്യമില്ല, ഒരു പ്രോഗ്രാം ഒരിക്കൽ വ്യക്തമായി പരിശോധിക്കപ്പെട്ടു കഴിഞ്ഞാൽ അതിന്റെ സിഗ്നേച്ചർ ആയ ഹാഷ് മാത്രം പരിശോധിച്ചാൽ മാത്രം മതി. പ്രോഗ്രാമിൽ ഒരു ബിറ്റ് വ്യത്യാസം വന്നാൽ തന്നെ ഹാഷ് പൂർണ്ണമായും മാറി മറിയുമെന്നതിനാൽ കയ്യാങ്കളികൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകും. അതുപോലെത്തന്നെ മോഡേൺ മൈക്രോ കണ്ട്രോളറുകളിൽ ഉപയോഗിക്കുന്ന കോഡ് ഇന്റഗ്രിറ്റി ഉറപ്പു വരുത്താനുള്ള സംവിധാനങ്ങളും ഇവിടെ ഉപയോഗിക്കാം.

ഇനി അടുത്ത കോൺസ്പിരസി തിയറി ചിപ്പ് ഉണ്ടാക്കുന്ന അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യൻ ഇ വി എമ്മുകൾക്ക് വേണ്ടി മാത്രമായി പ്രത്യേകം പ്രോഗ്രാം ഏരിയ ഉള്ള പ്രീ പ്രോഗ്രാം ചെയ്യപ്പെട്ട ചിപ്പുകൾ ആണ്‌ നൽകുന്നതെന്ന്. അതായത് ഇ വി എം നിർമ്മാണ കമ്പനികളായ ഇ സി ഐ എലും ബെല്ലും പോലും അറിയാത്ത രീതിയിൽ ഉള്ള ഒരു അന്താരാഷ്ട്ര കോർപ്പറേറ്റ് ഗൂഢാലോചന. സാങ്കേതികമായിപ്പറഞ്ഞാൽ അതും സാദ്ധ്യമാണ്‌. പ്രമുഖ ചിപ്പ് നിർമ്മാതാക്കൾ വൻ തുക കൈക്കൂലി വാങ്ങി രഹസ്യമായി ഇ വി എമ്മുകൾക്ക് മാത്രമായി ഹാർഡ് വെയർ ഡിസൈനിൽ മാറ്റം വരുത്തിയ ഒരു ചിപ്പ് ഉണ്ടാക്കി സപ്ലെ ചെയ്യുന്നു, അതിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോഴോ തെരഞ്ഞെടുപ്പിനു ശേഷമോ ഏതെങ്കിലുമൊക്കെ തരത്തിൽ പ്രസ്തുത ചിപ്പിലെ രഹസ്യ ഭാഗം ഏതെങ്കിലുമൊക്കെ രഹസ്യ കീ സീക്വൻസുകളിലൂടെ ആളുകളെ വച്ച് എനേബിൾ ചെയ്യിച്ച് ഇഷ്ട സ്ഥാനാർത്ഥിയുടെ ബട്ടൻ നമ്പർ നൽകി ഫലം അനുകൂലമാക്കാൻ കഴിയുന്ന സാദ്ധ്യതകൾ. പക്ഷേ ഇതിന്റെ പ്രായോഗിക സാദ്ധ്യതകൾ ഒന്ന് പരിശോധിച്ച് നോക്കുക. വോട്ടിംഗിനു മുൻപോ നടക്കുമ്പോഴേ ശേഷമോ കൗണ്ടിംഗ് നടക്കുമ്പോഴോ എല്ലാം എത്ര ആളുകളുടെ കണ്ണു വെട്ടിച്ചു വേണം, എത്ര ആളുകളെ സ്വാധീനിച്ച് വേണം ഈ പണികൾ ഒക്കെ ചെയ്യാൻ. അതും പരമ രഹസ്യമായി. 3 ശതമാനം വോട്ടിംഗ് യന്ത്രങ്ങളിൽ തന്നെ കയ്യാങ്കളി നടത്താൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് മൊത്തം അട്ടിമറിക്കാൻ കഴിയുമെന്നൊരു തിയറി ഉണ്ടാക്കിയിട്ടുണ്ട്. 3 ശതമാനമൊക്കെ വലിയ സംഖ്യയാണ്‌. 1 ശതമാനം ഇ വി എമ്മുകളിൽ പോലും ഇത്തരം ഒരു തട്ടിപ്പ് പരമ രഹസ്യമായി ഒരു രാഷ്ട്രീയ കക്ഷിക്ക് അനുകൂലമായി വരുന്ന രീതിയിൽ നടത്തിയെടുക്കുക പ്രായോഗികമാണോ എന്ന് ചിന്തിച്ച് നോക്കുക.

ഇത്തരം കോൺസ്പിരസി തിയറികൾ മൂലം പരോക്ഷമായ ഒരു ഗുണം ഉണ്ട്. രാഷ്ട്രീയ കക്ഷികൾ ഇ വി എമ്മുകളുടെ ഭൗതിക സുരക്ഷയെക്കുറിച്ച് വലിയ തോതിൽ ജാഗരൂകരായിരിക്കുന്നു. അതുകൊണ്ട് തന്നെയാണ്‌ സർക്കാർ മെഷിനറിയെയും സുരക്ഷാ മുൻകരുതലുകളെയും പൂർണ്ണമായും മുഖവിലയ്ക്കെടുക്കാതെ വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിനു മുൻപ് സൂക്ഷിക്കുന്ന വെയർ ഹൗസുകളിലും തെരഞ്ഞെടുപ്പിനു ശേഷം സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളിലുമൊക്കെ അവരുടേതായ രീതിയിൽ കാവൽ ഏർപ്പെടുത്തുകയും ഭൗതിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഒരു സ്ട്രോംഗ് റൂമിൽ ഏതാനും മിനിട്ടുകൾ നേരത്തേക്ക് സി സി ടി വി ഓഫ് ആയതും ഒരു ഇ വി എം വെയർ ഹൗസിന്റെ സീൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ചട്ടങ്ങൾ പാലിക്കാതെ തുറന്നതുമൊക്കെ വലിയ വാർത്തയായത് അതുകൊണ്ട് തന്നെയാണ്‌. ഭൗതിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലുള്ള രാഷ്ട്രീയ കക്ഷികളുടെയും സാധാരണ പൗരന്മാരുടെയും ഇടപെടലുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ചെയ്യുകയുള്ളൂ. ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഒരു പോളിംഗ് ബൂത്തിൽ ECO 105 എന്ന പേരിൽ ഒരു ബ്ലൂടൂത്ത് ഐഡി സ്കാൻ ചെയ്തപ്പോൾ ആരുടേയോ ശ്രദ്ധയിൽ പെട്ടതോടെ അത് EVM മായി ബന്ധപ്പെട്ടതാണെന്ന ഒരു ആരോപണം ഉണ്ടായി. ഒരു പോളിംഗ് ഏജന്റ് ഉപയോഗിച്ചിരുന്ന ഇന്റക്സ് ECO 105 എന്ന മൊബൈലിന്റെ ഐഡി ആണ്‌ പിന്നീട് തിരിച്ചറിഞ്ഞു. സംശയങ്ങൾ നല്ലതു തന്നെ ആണ്‌. അതനുസരിച്ചുള്ള ജാഗ്രതയും നല്ലതു തന്നെ. പക്ഷേ തുറന്ന മനസ്സോടെ സംശയങ്ങൾ തീർക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തേണ്ടതുണ്ട് എന്നുമാത്രം.

You May Also Like

നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ ?

നമ്മുടെ നാട്ടിൽ പരക്കെ കണ്ടുവരുന്ന ഒന്നാണ് സോളാർ പാനലുകൾ പുരപ്പുറത്തു ഫിറ്റ് ചെയുന്ന രീതി. പഴയ…

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ Sabu Jose (ഫേസ്ബുക്കിൽ എഴുതിയത് ) ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത്…

റിലയൻസ് ജിയോ ഇന്ത്യയിൽ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ അവതരിപ്പിക്കും, വില ഇത്ര കുറവാണോ ?

ആകാശ് അംബാനിയുടെ റിലയൻസ് ജിയോ ഇന്ത്യയിലെ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി,…

1957 ലെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് ചരിത്രം ഏങ്ങനെയായിരുന്നു ? എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ട ആദ്യ വിജയി ആര്?

ബംഗളുരുവിലെ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ നിന്നാണ് മായാ മഷി എത്തുന്നത്. ഈ സ്ഥാപനത്തിന് മാത്രമാണ് ഇന്ത്യയിൽ ഈ മഷി നിർമ്മിക്കാനുള്ള അനുവാദമുള്ളത്