സ്‌പേസ് വാക്ക് അഥവാ എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി (EVA) – നവോത്ഥാനം നാസ സ്റ്റൈലിൽ

189

സ്‌പേസ് വാക്ക് അഥവാ എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി (EVA) – നവോത്ഥാനം നാസ സ്റ്റൈലിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ട് വനിതാ ബഹിരാകാശ ശാസ്ത്രജ്ഞർ നടത്തിയ സ്‌പേസ് വാക്ക് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണല്ലോ . ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ മാത്രമുള്ള ഒരു സംഘം സ്‌പേസ് വാക്ക് നടത്തുന്നത്. നാസ മുൻകൈയെടുത്തു നടത്തിയ ഈ നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും വനിതാ മതിലിന്റെ പേരിലും എന്റെ സ്വന്തം പേരിലുമുള്ള നന്ദിയും അഭിനന്ദനവും ആദ്യം അറിയിക്കട്ടെ. കാറും ബസ്സും ഓടിക്കുന്നത് മുതൽ, ബഹിരാകാശ നിലയത്തിന്റെ പുറത്ത് വെച്ച് അതിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നത് പോലെയുള്ള സങ്കീർണ്ണമായ ജോലി ചെയ്യാൻ ജെൻഡർ ഒരു ഘടകമേ അല്ല എന്ന വസ്തുത ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചു പറയുകയാണ് നാസയിലെ ഉശിരുള്ള പെണ്ണുങ്ങൾ.

എന്താണ് സ്‌പേസ് വാക്ക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി (EVA)? ബഹിരാകാശ നിലയത്തിന് എന്തെങ്കിലും കേടുപാടുകൾ വന്നാലോ അറ്റകുറ്റപ്പണികൾ ചെയ്യേണ്ട ആവശ്യം വന്നാലോ, ഒട്ടുമിക്ക പണികളും ആ നിലയത്തിന്റെ അകത്തുള്ള ശാസ്ത്രജ്ഞർ അതിനകത്തിരുന്നുകൊണ്ട് തന്നെ ചെയ്യും. പക്ഷേ ചില ജോലികൾ അകത്തു നിന്ന് ചെയ്യാൻ കഴിയില്ല. ഉദാഹരണത്തിന് നിലയത്തിന്റെ പുറത്തുള്ള സോളാർ പാനലിന്റെ അറ്റകുറ്റപ്പണികൾ, ചാർജിങ് ബാറ്ററി മാറ്റി വെക്കൽ എന്നിത്യാദി കാര്യങ്ങൾ ചെയ്യാൻ ശാസ്ത്രജ്ഞർക്ക് നിലയത്തിന്റെ പുറത്തേക്ക് ഇറങ്ങേണ്ടി വരും. അത്യന്തം അപകടം പിടിച്ച പണിയാണ് ഭൂമിയുടെ 400 കിലോമീറ്റർ മുകളിൽ 27,000 Km/Hour സ്പീഡിൽ ഭൂമിക്ക് വലയം വെക്കുന്ന നിലയത്തിന് പുറത്ത് നിൽക്കുക എന്നത്. ഭൂമിയിലെ സാധാരണ വായുമർദ്ദം 14.7 psi ആണെങ്കിൽ ബഹിരാകാശത്ത് വായു ഇല്ലാത്തതുകൊണ്ട് തന്നെ വായുമർദ്ദം പൂജ്യം ആണ്. മനുഷ്യ ശരീരത്തിലെ മർദ്ദം ഭൂമിയിലെ സമുദ്രനിരപ്പിലെ മർദ്ദവുമായി പൊരുത്തപ്പെട്ടിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുന്തോറും വായുമർദ്ദം കുറയുന്നു. 6000-8000 അടി ഉയരത്തിലുള്ള ഒരു മലയിൽ കയറിയാൽ അവിടത്തെ വായു മർദ്ദം 11-12 psi ആയിരിക്കും. അപ്പോൾ ശരീരത്തിനകത്തെ മർദ്ദം കൂടുതലും പുറത്ത് കുറവും ആവുകയും, വായുവിന് സാധാരണ മർദ്ദം കൂടുതലുള്ളിടത്തു നിന്ന് മർദ്ദം കുറവുള്ളിടത്തേക്ക് സഞ്ചരിക്കാനുള്ള പ്രവണതയുള്ളതുകൊണ്ട്, ശരീരത്തിനകത്തെ വായുകുമിളകൾ അപ്പോൾ മർദ്ദം കുറഞ്ഞ അന്തരീക്ഷത്തിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പാർവതാരോഹകർക്ക് ചെവിയടപ്പും മൂക്കിലെ രക്തക്കുഴലുകൾ പൊട്ടി ചോരയൊലിപ്പുമൊക്കെ ഉണ്ടാവുന്നത്. 35,000 അടി ഉയരത്തിൽ പറക്കുന്ന യാത്രാവിമാനങ്ങൾക്ക് പുറത്തെ മർദ്ദം 3-4 psi ആയിരിക്കും. പക്ഷേ വിമാനങ്ങൾക്ക് അതിനകത്തെ ക്യാബിൻ പ്രഷർ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്. സാധാരണ ഗതിയിൽ വിമാനത്തിനകത്തെ ക്യാബിൻ പ്രഷർ 11-12 psi ആയിട്ടാണ് ക്രമീകരിക്കുന്നത്. സ്‌പേസ് വാക്ക് ചെയ്യുമ്പോൾ ശൂന്യാകാശത്തെ സീറോ മർദ്ദം കാരണം, ശാസ്ത്രജ്ഞർ സ്‌പേസ് സ്യൂട്ട് ഇട്ടാണ് നിലയത്തിന് പുറത്തിറങ്ങുന്നത്. സ്‌പേസ് സ്യൂട്ടിൽ ഓക്സിജനും, അതിനകത്ത് മർദ്ദവും ഊഷ്മാവും നിയന്ത്രിക്കാനുള്ള സംവിധാനവും ഒക്കെയുണ്ട്. ബഹിരാകാശ നിലയത്തിനകത്തെ മർദ്ദം ഭൂമിയിലെ സമുദ്രനിരപ്പിലെ മർദ്ദമായ 14.7 ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. സ്‌പേസ് സ്യൂട്ട് ഇട്ട് പുറത്തിറങ്ങിയാലും, സ്യൂട്ടിനകത്തെ മർദ്ദം 4-5 psi ആയി പരിമിതപ്പെടുത്തും, എന്നാലേ ശരീരം അനക്കാൻ പറ്റൂ (മൊബൈലിറ്റി കിട്ടൂ). പുറത്തെ താപനില 120 ഡിഗ്രി സെൽഷ്യസ് മുതൽ -150 ഡിഗ്രി വരെയുള്ള റേഞ്ചിൽ ഓരോ 90 മിനിട്ടിലും മാറിക്കൊണ്ടിരിക്കും. സ്‌പേസ് വാക്കിനിടയിൽ രക്തക്കുഴൽ പൊട്ടൽ മുതൽ പക്ഷാഘാതവും മരണവും വരെ സംഭവിച്ചേക്കാം. ക്രിസ്റ്റീന കോച്, ജെസ്സിക്ക മിർ എന്നീ വനിതകൾ മിനിയാന്ന് നടത്തിയ സ്‌പേസ് വാക്കിൽ ചെലവിട്ടത് അഞ്ച് മണിക്കൂറോളമാണ്. അവർ നിലയത്തിന്റെ ഒരു റീചാർജിങ് ബാറ്ററി മാറ്റിയിട്ടു. സ്വന്തം ശരീരത്തെ ഒരു ചെയിൻ ഉപയോഗിച്ച് 27,000km സ്പീഡിൽ സഞ്ചരിക്കുന്ന നിലയത്തോട് ബന്ധിപ്പിച്ചാണ് സ്‌പേസ് വാക്ക് ചെയ്യുന്നത്. ബന്ധം വിച്ഛേദിക്കപ്പെട്ടാൽ അവർ ശൂന്യാകാശത്ത് കറങ്ങി നടക്കുകയും മരണം സംഭവിക്കുകയും ചെയ്തേക്കാം. ഏകദേശം മൂന്നര ദിവസം (മൂന്നു പകലും മൂന്നു രാത്രിയും) നീണ്ടു നിന്നു സ്‌പേസ് വാക്ക്. ബഹിരാകാശ നിലയത്തിലെ ഒരു ദിവസം എന്നത് 90 മിനിറ്റ് ആണ് – 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയും. വിജയകരമായി ബാറ്ററി യൂണിറ്റ് മാറ്റി വെച്ച് അവർ നിലയത്തിനകത്തേക്ക് കടന്നു, ചരിത്രം കുറിച്ച് കൊണ്ട്.

ഇതൊക്കെയാണ് സ്ത്രീ ശാക്തീകരണം. ലോകത്തിലെ എല്ലാ മഹിളകൾക്കും അഭിമാനിക്കാവുന്ന നേട്ടം. ചരിത്രം രചിച്ച ക്രിസ്റ്റീന കോച്ചിനും ജെസ്സിക്ക മിറിനും അവരെ സഹായിച്ച നാസയ്ക്കും അഭിവാദ്യങ്ങൾ.

(കടപ്പാട് )