കണ്ടിട്ട് പേടിച്ചുപോയോ ? സെൽഫി ചിത്രങ്ങളിൽ തിളങ്ങുന്ന നിങ്ങളുടെ മുഖത്ത് ജീവിക്കുന്ന പാവങ്ങൾ

0
653

വിജയകുമാർ ബ്ലാത്തൂർ

നമ്മുടെ മുഖത്തുള്ള…“ഫെയ്സ് ഭുക്കുകൾ ”

!!!”ആയിരക്കണക്കിന് കുഞ്ഞ് എട്ടുകാലുള്ള ജീവികൾ നമ്മുടെ മുഖത്ത് ജീവിക്കുന്നുണ്ട്. മുഖത്തുനിന്നു തന്നെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന ഫെയ്‌സ്ഭുക്കികൾ. മനുഷ്യ പരിണാമത്തോടൊപ്പം കൂടെക്കൂടിയ ഇവയില്ലാതെ ഒരു മനുഷ്യ മുഖവുമില്ല. ഈ സാധു ജീവികളെ പരിചയപ്പെടാം…””!!!

Face Mites' Live in Your Pores, Eat Your Grease and Mate on Your Face While  You Sleep | Live Scienceചാഞ്ഞും ചെരിഞ്ഞും സെൽഫി ചിത്രങ്ങളെടുത്ത് ഫെയ്സ്ബുക്കിലിട്ട് ആഘോഷിക്കുന്നവർ “ഫെയ്സ് ഭുക്കു”കളേ കുറിച്ച് കൂടി ഓർക്കണം. സ്വന്തം മുഖത്തിൽ വേറെയും ആൾക്കാർ താമസക്കാരായുണ്ട് – ഫെയ്സ് ‘ഭുക്കി‘കളായ ചിലയിനം മൈറ്റുകകൾ.. നമ്മുടെ മുഖത്ത് തന്നെ ജനിച്ച്, വളർന്ന് , ഭക്ഷിച്ച് ഇണചേർന്ന് അവസാനം അവിടെതന്നെ മരിച്ച് പോകുന്ന ആയിരക്കണക്കിന് കുഞ്ഞു ജന്തുക്കൾ.

ആർത്രോപോഡ വിഭാഗത്തിലെ വളരെകുഞ്ഞ് ജീവികളാണ് ഈ എട്ടുകാലൻ മൈറ്റുകൾ. പേനും മൂട്ടയും ചിലന്തിയും ഒക്കെയാണ് ഇവരുടെ അടുത്ത ബന്ധുക്കൾ. ഇത് വായിച്ച് പേടിച്ച് വിറച്ച് ശക്തികൂടിയ ഫെയിസ് വാഷ് വാങ്ങാൻ ഓടേണ്ട. മൈക്രോസ്കോപ്പ് കൊണ്ട് മാത്രം കാണാൻ പറ്റുന്ന ഈ പാവങ്ങളെകൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ല. ഇന്നും ഇന്നലെയും മനുഷ്യർക്കൊപ്പം കൂടിയതല്ല ഇവർ. പേനുകളെപ്പോലെ പരിണാമത്തിന്റെ ആദ്യകാലം മുതലേ ഇവരും നമുക്കൊപ്പമുണ്ട്.

Face Mites (Demodex Folliculorum): Overview and Moreമുപ്പതിനായിരം കൊല്ലത്തിന്റെ സഹവാസ അധികാരം ഉള്ളപ്പോൾ അത്രപെട്ടന്നൊന്നും അവർ നമ്മെ ഒഴിവാക്കിപോകില്ല. അല്ലെങ്കിലും എങ്ങോട്ട് പോകാൻ ? മനുഷ്യമുഖത്തല്ലാതെ ജീവിക്കാൻ അവർക്ക് സദ്ധ്യവുമല്ല. അവരുടെ ആവാസഭൂമിയാണ് ചന്ദ്രനേപ്പോലെ തിളങ്ങുന്ന നമ്മുടെ മുഖം..
65 ഇനം ഡെമോഡെക്സ് മൈറ്റുകളുണ്ടെങ്കിലും രണ്ടിനമാണ് മനുഷ്യ ശരീരത്തിൽ, പ്രധാനമായും മുഖത്ത് താമസിക്കുന്നത്. ഒന്നാമത്തേത്‌.

മുഖത്തെ കുഞ്ഞ് ദ്വാരങ്ങളിലും രോമക്കുഴികളിലും തങ്ങാൻ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ഫോളിക്കുലോറം (Demodex folliculorum) , എണ്ണമെഴുക്ക് സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഉള്ളിൽ തൊലിയുടെ ആഴത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ബ്രവിസ് ( Demodex brevis ) ആണ് രണ്ടാമത്തേത്‌.

ये कीड़ा पूरी जिन्दगी आपके चेहरे रहता है | demodex mites in hindi | Adbhut  Fact - YouTubeമറ്റു ശരീരഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മുഖം താമസിക്കാനുള്ള ഇടമാക്കി ഇവർ തിരഞ്ഞെടുത്തതിനുള്ള കൃത്യമായ വിശദീകരണം ഇല്ലെങ്കിലും കൂടുതൽ സെബേഷ്യസ് ഗ്രന്ഥികൾ മുഖത്താണ് ഉള്ളത് എന്നതാവാം കാരണം. മുഖത്ത് – കവിളുകൾ, മൂക്ക്, പുരികം, കൺപീലി, നെറ്റി എന്നിവിടങ്ങളിലാണ് കൂട്ടമായി ഇവരെ കാണുക. സ്തനങ്ങളിലും (കുഞ്ഞുങ്ങളിലേക്ക് ഇവരെ പകർന്നുകിട്ടുന്നത് ആദ്യ മുലകുടിയ്ക്കിടയിലാകാം ) ഗുഹ്യഭാഗങ്ങളിലുമൊക്കെ ഇവയുണ്ടെങ്കിലും എണ്ണം കുറവായിരിക്കും.

എത്രയോ വർഷം മുമ്പേതന്നെ , 1842 ൽ ഫ്രഞ്ച് കാരനായ ബെർജെർ ഒരാളുടെ ചെവിക്കായത്തിൽ ഡെമോഡെക്സ് ഫോളിക്കുലോറത്തെ കണ്ടെത്തിയിരുന്നു. ഈ ജീവിയും നമ്മളും തമ്മിലുള്ള ബന്ധങ്ങൾ ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ അന്നേ ഉൾപ്പെട്ടിരുന്നെങ്കിലും നോർത്ത് കരോലിന സ്റ്റേറ്റ് യൂനിവേർസിറ്റിയിലെ മെഗൻ തോയെംസും സംഘവും 2014 ൽ നടത്തിയ ഒരു പഠനമാണ് വമ്പൻ വിവരങ്ങൾ പുറത്ത് വിട്ടത്. പരിശോധനയിൽ മനുഷ്യരിൽ പതിനാല് ശതമാനം പേരുടെ മുഖത്തുനിന്നും ഫൈസ് മൈറ്റുകളെ കണ്ടുകിട്ടിയത് കൂടാതെ പതിനെട്ട് വയസ്സുകഴിഞ്ഞ മുഴവൻ ആളുകളുടെ മുഖത്തും ഈ മൈറ്റുകളുടെ DNA സാന്നിദ്ധ്യം ഉണ്ടെന്ന് തെളിയും ചെയ്തു..

മുഖത്ത് കൺപീലികളുടെ രോമക്കുഴികൾ ഇവരുടെ ഇഷ്ടവാസസ്ഥലമാണ്. ഒരോ കൺപീലിയിലും ശരാശരി രണ്ട് മൈറ്റുകളെങ്കിലും താമസം കാണും. 0.1 മുതൽ 0.4 മില്ലീമീറ്റർ വരെയാണ് സാധാരണയായി ഇവയുടെ നീളം. വിരയുടേ ആകൃതിയിലുള്ള നീണ്ട അർദ്ധതാര്യ ശരീരത്തിന് തല , കഴുത്ത്, ഉടൽ , വാൽ എന്നിങ്ങനെ കൃത്യമായ ഭാഗങ്ങൾ ഉണ്ട്. തലയ്ക്കും കഴുത്തിനും ഇടയിൽ നഖപ്പത്തികളുള്ള നാല് ജോഡി കുഞ്ഞുകാലുകളുണ്ടാകും. വാലടക്കം ശരീരം മുഴുവനും ശൽക്കങ്ങൾ നിറഞ്ഞതാണ്. 18 മുതൽ 24 ദിവസമാണ് ആയുസ്. മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ കാഴ്ചയിൽ മുതിർന്ന മൈറ്റിനെപ്പോലെ ആണെങ്കിലും മൂന്നുജോഡി കാലുകളേ ഉണ്ടാകു. രാത്രിയാണ് ഒളിവിടങ്ങളിൽ നിന്ന് പുറത്തിറങ്ങി ഇണചേരുക. ഒരു പെൺ മൈറ്റ് ഒരു രോമക്കുഴിയിൽ 20- 24 മുട്ടകൾ ഇടും. കുഴികളിൽ തിങ്ങിഞെരുങ്ങിക്കഴിയുന്ന മുട്ട വിരിഞ്ഞ് ലാർവ്വകൾ ഉണ്ടായാൽ അവ സെബേഷ്യസ് മെഴുക്കിന്റെ ഒഴുക്കിൽ നീങ്ങി രോമക്കുഴിയുടെ വക്കിലെത്തി ഒരാഴ്ചകൊണ്ട് വളർച്ച പൂർത്തീകരിക്കും.

Face Mites: Causes And How To Treat Themഇവർ എന്താണ് നമ്മുടെ മുഖത്തിൽ നിന്നും തിന്നുജീവിക്കുന്നത് എന്നത് അത്രകണ്ട് വ്യക്തമായിട്ടില്ല. തൊലിയിലെ ബാക്റ്റീരിയകളെ തിന്നാണ് ജീവിക്കുന്നതെന്നും, അതല്ല തൊലിയിലെ മൃത കോശങ്ങളാണ് ഭക്ഷണമെന്നും അഭിപ്രായമുണ്ട്. സെബേഷ്യസ് ഗ്രന്ഥിപുറപ്പെടുവിക്കുന്ന മെഴുക്ക് ശാപ്പിട്ട് ജീവിക്കുകയാണ് എന്നു കരുതുന്നവരും ഉണ്ട്. എന്തായാലും ഇവ പരസ്പരം തിന്നാറില്ല എന്നതുറപ്പാണ്. പ്രകാശം അത്രക്കങ്ങ് ഇഷ്ടമില്ലാത്തതിനാൽ പകൽ സമയങ്ങളിൽ രോമക്കുഴികളിൽ ഒളിച്ച് നിന്ന് രാത്രി പുറത്തിറങ്ങി ഇണചേർന്ന് രോമക്കുഴികളുടെ വക്കിൽ മുട്ടയിടുന്നതാണ് ശീലം. നല്ലവലിപ്പമുള്ള മുട്ടകളാണ് ഇടുക. ഇത്രയും വലിയ മുട്ട ഇതിന്റെ ഉള്ളിൽ നിന്നും എങ്ങനെ പുറത്തുവന്നു എന്ന് അമ്പരക്കും. തീറ്റയൊക്കെ കഴിഞ്ഞാൽ ദഹനശേഷം വിസർജ്ജനം നടത്താൻ മലദ്വാരം എന്ന സംവിധാനം ഇല്ല പാവങ്ങൾക്ക്. ജീവിതകാലം മുഴുവൻ ആർജ്ജിച്ച മാലിന്യങ്ങളെല്ലാം ഉള്ളിൽതന്നെ കെട്ടികിടക്കും .

അവസാനം നമ്മുടെ കഴുകി വൃത്തിയാക്കി പൗഡറിട്ട് മിനുക്കിയ മുഖത്ത് വീർത്ത്പൊട്ടിത്തെറിച്ച് മലം മൊത്തം പരത്തി സ്വയം ചത്ത് തീരലാണ് രീതി. സ്വതവേ ചില പ്രത്യേകതയുള്ള തൊലിക്കാരുടെ മുഖത്ത് ഈ മൈറ്റ് മലത്തിൽ നിന്നും പുറത്തുവന്ന ബാക്റ്റീരിയക്കൂട്ടവും ടോക്സിനുകളും ത്വക് രോഗങ്ങൾക്കും ചുവന്ന പാടുകൾക്കും തിണിർപ്പിനും ഒക്കെ അപൂർവ്വം കാരണമാകും…