‘വൈറസിനെ പറ്റിച്ച്’ ശത കോടീശ്വരനായ ഒരു മനുഷ്യന്‍ ഓര്‍മ്മയാകുമ്പോൾ

280

കടപ്പാട്

‘വൈറസിനെ പറ്റിച്ച്’ ശത കോടീശ്വരനായ ഒരു മനുഷ്യന്‍ ഓര്‍മ്മയാകുമ്പോൾ

ഫെയര്‍ഫാര്‍മ മജീദിനെപ്പോലെ മലയാളികളെ പറ്റിച്ച ഒരു മനുഷ്യന്‍ വേറെയുണ്ടാവില്ല. എം.എന്‍ വിജയന്‍ മാസ്റ്റര്‍ അടക്കമുള്ള പല പ്രമുഖരും മജീദിന്റെ വ്യാജ മരുന്നിനൊപ്പമാണ് നില കൊണ്ടത്. മജീദിനെതിരെ സാമ്രാജ്യത്വ ഗൂഡാലോചനയാണെന്നാണ് മാഷ് അഞ്ചുപേജുകളില്‍ ഉപന്യസിച്ചത്.മരിച്ച മനുഷ്യരെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുരുതെന്നുള്ള പൊതുബോധത്തിനിടയിലും മരണം ആരെയും വിശുദ്ധരാക്കുന്നില്ലെന്ന വസ്തുതയും എടുത്തുപറയേണ്ടതുണ്ട്. അത്തരത്തിലൊരാളാണ് എയ്ഡ്സിന് മരുന്നു കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് ലക്ഷക്കണക്കിന് പേരെ പറ്റിച്ച് കോടീശ്വരനായി, 82ാമത്തെ വയസ്സില്‍ കഴിഞ്ഞ ദിവസം മരിച്ച ഫെയര്‍ഫാര്‍മ മജീദ് എന്ന ടി.എ.മജീദ്. ആളുകളെ പറ്റിച്ചുവെന്നതല്ല മജീദ് ചെയ്ത് ഗുരതരമായ സാമൂഹിക ദ്രോഹം. എച്ച്.ഐ.വി മാറിയെന്ന് വിശ്വസിച്ച് പലരും പഴയ ജീവിതത്തിലേക്ക് മടങ്ങിയതോടെ അവരുടെയും കുഞ്ഞുങ്ങളും പങ്കാളികളുമായി കൂടുതല്‍ എച്ച്.ഐ.വി രോഗികള്‍ ഉണ്ടാവുകയാണ് ചെയ്തത്! അക്കാലത്തും ഇക്കാലത്തും സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് എയ്ഡ്സ് പ്രതിരോധം നടത്തുമ്പോഴാണ് ഈ പരിപാടിയെന്ന് ഓര്‍ക്കണം.

മലയാളി അക്കാദിമക്ക് ബുജികളെയും പച്ചക്ക് പറ്റിക്കാന്‍ മജീദിന് കഴിഞ്ഞു.90കളിലെ ബുദ്ധിജീവികളെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരെപ്പോലും ഒപ്പം നിര്‍ത്താന്‍ മജീദിന് കഴിഞ്ഞു. പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയും സൈദ്ധാന്തികനുമായ എം എന്‍ വിജയന്‍ മാസ്റ്റര്‍ മജീദിനൊപ്പമാണ് നില കൊണ്ടത്. മജീദിനെതിരെ സാമ്രാജ്യത്വ ഗൂഡാലോചനയാണെന്നാണ് മാഷ് അഞ്ചുപേജുകളില്‍ ഉപന്യസിച്ചത്. അള്‍ട്രാ ഇടതു ബുജികളുടെ മുഖപത്രമായ ‘ജനശക്തി’ മജീദിനെക്കുറിച്ച് കവര്‍ സ്റ്റോറി വരെ എഴുതിക്കളഞ്ഞു. ഡോ.പുനത്തില്‍ കുഞ്ഞബ്ദുല്ലയൊക്കെ പരസ്യമായാണ് മജീദിന്റെ തട്ടിപ്പ് മരുന്നിന് വേണ്ടി രംഗത്ത് എത്തിയത്. ഒരിക്കല്‍ കോഴിക്കോട്ട് നടന്ന ഒരു പൊതു പരിപാടിയില്‍ താന്‍ ഫെയര്‍ഫാര്‍മയുടെ മരുന്ന് എടുത്തിട്ടുണ്ടെന്നും അതിനാല്‍ തന്നില്‍ എച്ച്.ഐ.വി വൈറസ് കുത്തിവെച്ചോളൂ എന്നും പുനത്തില്‍ വെല്ലുവിളിച്ചു. നക്സല്‍-അധിനിവേശ വിരുദ്ധ സമിതി തുടങ്ങിയ ‘പുരോഗമന പക്ഷക്കാര്‍’ ഒക്കെയും മജീദിന് ഒപ്പമായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ വ്യാപകം ആയതോടെയാണ് ‘വൈറസിനെ പറ്റിച്ച മനുഷ്യന്‍’ എന്ന വിശേഷണം മജീദിന് കൈവന്നത്.

തുണിക്കടയില്‍ നിന്ന് കേരളത്തിലെ ഏറ്റവും വലിയ നികുതിദായകനിലേക്ക്

തൊണ്ണൂറുകളുടെ അവസാനമാണ് എയ്ഡ്സിന് മരുന്നുമായി ടി.എ മജീദിന്റെ വരവ്. മരുന്ന് വിപണനം തുടങ്ങിയതോടെ മജീദിന്റെ അക്കൗണ്ടിലേക്ക്, പണം ഒഴുകി. 2000-2001 കാലത്ത് കേരളത്തിലെ ഏറ്റവും വലിയ നികുതിദായകനായി മജീദ് മാറി. 100 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. എറണാകുളം ബ്രോഡ് വേയിലെ ഫെയര്‍ഫാര്‍മയുടെ ഓഫീസിനേക്കാള്‍ കൊച്ചിക്കാര്‍ക്ക് പരിചയം ടി.എ മജീദിന്റെ വൈറസ് എന്ന വീടായിരുന്നു. കൊട്ടാര സമാനമായ വീടാണ് ഈ മരുന്നു വില്‍പ്പന കൊണ്ട് പണിതത്.
ഫെയര്‍ ടെക്സ്റ്റെല്‍സ് എന്ന ഒരു ചെറിയ തുണിക്കടയാണ് ആദ്യം തുടങ്ങിയത്. കടവന്ത്രയിലുള്ള പത്മനാഭന്‍ വൈദ്യരുടെ കരള്‍രോഗത്തിനുള്ള മരുന്നിന്റെ വിതരണം ഏറ്റെടുത്ത മജീദ്, പിന്നീടാണ് സ്വന്തമായി ഉല്‍പ്പാദനവും വിതരണവും തുടങ്ങി. കേരളത്തിലെ ആദ്യ എച്ച്.ഐ.വി ബാധിത ചിത്രക്ക് എയ്ഡ്സിനുള്ള മരുന്ന് നല്‍കി രോഗം ഭേദമാക്കിയെന്ന പ്രഖ്യാപനമാണ് മജീദിന് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് ടെക്സ്റ്റൈല്‍ ഫെയര്‍ഫാര്‍മയായും മാറി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മജീദിനെ തേടിയെത്തി.

ഇമ്മ്യൂണോക്യൂര്‍ എന്ന തന്റെ എയ്ഡ്സ് മരുന്നുകൊണ്ട് മജീദ് വന്‍ വരുമാനം ഉണ്ടാക്കി. എന്നാല്‍ 2000ത്തില്‍ ചിത്ര മരിക്കുന്നതോടെയാണ് മജീദിന് തിരിച്ചടി തുടങ്ങുന്നത്. മജീദിന്റെ എയ്ഡ്സ് ചികില്‍സക്കെതിരെ ഐ.എം.എയും ആരോഗ്യവകുപ്പും രംഗത്തെത്തി. ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ഈ മരുന്നുകൊണ്ട് എയ്ഡ്സ് മാറില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് കോടതി വഴി എയ്ഡ്സ് ചികില്‍സയും മരുന്നും നിരോധിച്ചു. എന്നാല്‍ സുപ്രീംകോടതി എയ്ഡ്സ് ഒഴികെയുള്ള മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ മജീദിന് അനുമതി നല്‍കി.
മജീദ് ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ”ആദ്യം ഒരു ഫിനാന്‍സ് കമ്പനി തുടങ്ങി, അത് ഉദ്ദേശിച്ചപ്പോലെ കത്തിയില്ല. അങ്ങിനെയിരിക്കെ ഫെയര്‍ ടെക്സ്റ്റൈല്‍ എന്ന തുണിക്കട തുടങ്ങി. നാലു സാരി പത്ത് തോര്‍ത്ത് അണ്ടര്‍വെയറിനുള്ള വരയന്‍ തുണികള്‍ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്”-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ലാസര്‍ ഷൈന്‍ ഒഴിക്കല്‍ എഴുതിയത് ഇങ്ങനെയാണ്.

പക്ഷെ പ്രസിദ്ധന്‍ ആയത് അയാളുടെ തുണിക്കടയുടെ പേരിലും അല്ല. എഞ്ചിനീയര്‍ എന്ന പേരിലും അല്ല. ഡോക്ടര്‍ മജീദ് എന്നറിയപ്പെടാന്‍ ആയിരുന്നു നിയോഗം. നമ്മുടെ പത്താം ക്ലാസുകാരന്‍ ”കെമിക്കല്‍ എഞ്ചിനീയര്‍” മോഹനന്‍ വൈദ്യരുടെ അതേ നിയോഗം.ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യന്‍ അതാണ് ഡോക്ടര്‍ മജീദ്. മലയാളി. ചുരുക്കത്തില്‍ ആധുനിക കാലത്തെ ആദ്യകാല മോഹനന്‍ വൈദ്യരുടെ കാരണവര്‍.

കാമിലാരിയില്‍ തുടങ്ങിയ വളര്‍ച്ച

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മജീദിന്റെ മാനേജറുടെ ഭാര്യ ആലീസ് മഞ്ഞപ്പിത്തം ബാധിച്ച് ലിസി ഹോസ്പിറ്റലില്‍ മരണത്തോട് മല്ലിടിച്ച് കഴിയുന്നു. ആരോ പറഞ്ഞ് കടവന്തറയിലുള്ള പത്മനാഭന്‍ വൈദ്യരുടെ അടുത്ത് ചെന്ന് വൈദ്യരുടെ കാമിലാരി എന്ന ലിവര്‍ ടോണിക് വാങ്ങി കൊണ്ട് വന്ന് കൊടുക്കുന്നു. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസഫ് കുര്യന്റെ ചികിത്സയും വൈദ്യരുടെ കാമിലാരിയും അതോ രണ്ടും കൂടിയോ ആയുസ്സ് നീട്ടി കിട്ടിയ ആലീസ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇതോടെയാണ് മജീദ് ഈ മരുന്നിന്റെ വിപണത്തിലേക്ക് തിരിഞ്ഞത്.

‘കരളിന് കാവല്‍ കാമിലാരി ‘ എന്ന ആയുര്‍വേദ മരുന്നിന്റെ കേരളത്തിലെ വിതരണം മജീദ് ഏറ്റെടുക്കുന്നു. മരുന്നിന്റെ പേര് ലിവ് ക്യൂ ആര്‍ എന്ന് മോഡേണ്‍ ആക്കുന്നു. ”ഇനി നിങ്ങള്‍ക്ക് ധൈര്യമായി മദ്യം കഴിക്കാം, കരള്‍ ഞങ്ങള്‍ സംരക്ഷിക്കും” എന്ന രീതിയിലായിരുന്നു പത്രങ്ങളില്‍ പരസ്യം. മദ്യപാനികള്‍ മദ്യത്തോടൊപ്പം ഇതും കഴിച്ചു. കച്ചവടം പൊടിപൊടിച്ചു. ഇതിനിടെ വൈദ്യരുടെ നാല് ജീവനക്കാരെ സ്വാധീനിച്ച് ആയുര്‍വേദ മരുന്ന് കൂട്ട് മോഷ്ടിച്ച് സ്വന്തമായി ഉല്‍പാദനവും വിതരണവും തുടങ്ങി.

വൈദ്യരുടെ മരുന്നില്‍ മജീദിന് പൂര്‍ണ വിശ്വാസം ആയിരുന്നു. ഈ കാലയളവില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ചിത്രയ്ക്കും കുഞ്ഞിനും എയ്ഡ്സ് ബാധിച്ച് സമൂഹ്യ വിലക്ക് ഉണ്ടാകുന്നത്. ആരും ഇവരുടെ അടുത്ത് പോകാത്ത സമയത്ത് മജീദ് ഒരു രക്ഷകനായി അവതരിക്കുന്നു. ഇതിനിടെ മരുന്ന് പേരുമാറ്റി ഇമ്മ്യൂണോ ക്യൂര്‍ ആയി അവതരിക്കുന്നു. ഇമ്മ്യൂണ്‍ ക്യൂര്‍ ആണ് എയ്ഡ്സിനുള്ള മരുന്നായി അവതരിപ്പിച്ചത്.. അത് കഴിച്ച് ചിത്രയുടേയും കുഞ്ഞിന്റേയും അസുഖം മാറിയതായി പ്രസ്താവിക്കുന്നു . ചിത്രയെ ബാബുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു. അതിലുള്ള കുട്ടിയും പക്ഷേ എച്ച്.ഐ.വി ബാധിതനായി.
അങ്ങനെ മജീദ് ദേശീയ പ്രശസ്തനാകുന്നു. 2000 2001 ല്‍ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനാകുന്നു. തൊട്ട് പുറകില്‍ കൊച്ചൊസേപ്പ് ചിറ്റലിപ്പിള്ളി. അന്ന് മജീദിന് 100 കോടി വിറ്റ് വരവ്. എറണാകുളം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് മാതൃകാ നികുതി ദായകനായി പ്രഖ്യാപിക്കാനൊരുങ്ങുന്നു. ചില മാധ്യമങ്ങള്‍ മജീദിനെ തുറന്നു കാട്ടിയെങ്കിലും വന്‍ തോതില്‍ പരസ്യം നല്‍കി അവരെ സ്വാധീനിച്ചു. മജീദിന്റെ പരസ്യ വരുമാനം കിട്ടികൊണ്ടിരുന്ന പ്രധാന പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിച്ചു.
Pharmaceutical Companies in Kochi, Kerala – Fair Pharma

2001 ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിസിന് വേണ്ടി വിളയോടി വേണുഗോപാലും ഭാരതീയ യുക്തിവാദി സംഘത്തിന് വേണ്ടി സിഐ.ഉമ്മനും കൂടി ഹൈക്കോടതിയില്‍ മരുന്ന് നിരോധിക്കാന്‍ അഡ്വ. കെ. ജയകുമാര്‍ മുഖേനെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് മൂന്നാം നാള്‍ മജീദിന്റെ മുഴുവന്‍ മരുന്ന് ഉല്‍പാദനവും വിതരണവും പരസ്യവും നിരോധിക്കുന്നു. മജീദ് സുപ്രീം കോടതിയെ സമീപിക്കുന്നു. എന്നാല്‍ സുപ്രീം കോടതി ഇമ്മ്യൂണോക്യൂര്‍ ഒഴികെ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നു.

കാന്‍സര്‍ തൊട്ട് ക്ഷയത്തിന് വരെ മരുന്ന്

എയ്ഡിസിലാണ് മജീദിന്റെ സ്പെഷ്യലൈസേഷന്‍ എങ്കിലും കുഴിനഖം മുതല്‍ കുഷ്ഠംവരെ എന്തിനും മരുന്നുണ്ട്. 90 കളില്‍ കാന്‍സറിനും മജീദ് ചികില്‍സ നടത്തിയിരുന്നു. കാന്‍സര്‍ വെറും 200 ദിവസം കൊണ്ട് മജീദ് മാറ്റും. ഒരു ബോട്ടിലിന് വെറും 1300 ആണ് വില. കാന്‍സര്‍ മാറാന്‍ 32 ബോട്ടില്‍ കഴിക്കണം.കൊളസ്ട്രോള്‍ വെറും 100 ദിവസം കൊണ്ട് മാറ്റുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. 16 ബോട്ടില്‍ കഴിക്കണം. ഒരു ബോട്ടിലിന് 600 രൂപയായിരുന്നു അന്നത്തെ വില.Read all Latest Updates on and about Fair Pharma Majeed
ക്ഷയത്തിനുള്ള മരുന്ന് കഴിച്ചാല്‍ ശ്വാസ നാളം ശുദ്ധിയാകുമെന്ന് മാത്രമല്ല രോഗവും

മാറുമെന്നാവ് വാഗ്ധാനം. 100 ദിവസം കൊണ്ട് ടി.ബി പമ്പ കടക്കും. ഒരു ബോട്ടിലിന് വെറും 425 രൂപ മാത്രം.കരള്‍ രോഗം: കരള്‍വീക്കം, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എയും ബിയും മാറാന്‍ മജീദിന്റെ കൈയില്‍ മരുന്നുണ്ടായിരുന്നു. എന്തിന് ഡിസ്ലെക്സിയ അടക്കമുള്ള ജനിതക തകരാറുകള്‍ക്കും 100 ദിവസത്തിനുള്ളില്‍ മരുന്നുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാലും വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും മജീദ് സമ്മതിക്കില്ല. അതിനും മരുന്നുണ്ടെന്നാണ് പറയുക. അങ്ങനെ എത്രയോ പേരെയാണ് ഇയാള്‍ കൊലയ്ക്ക്
കൊടുത്തത്.

മലയാളി മനസ്സില്‍ അടിഞ്ഞുകൂടിയ അശാസ്ത്രീയതയുടെ കൃത്യമായ ഉദാഹരണം ആയിരുന്നു മജീദിന്റെ വിജയം. ആയുര്‍വേദത്തിന്റെയും സമാന്തര വൈദ്യത്തിന്റെയും മറവില്‍ എം.എന്‍ വിജയനെപ്പോലുള്ള ബുദ്ധിജീവി സമൂഹത്തെപ്പോലും പറ്റിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വ്യാപകമായതോടെയാണ് ഇത്തരം തട്ടിപ്പുകാര്‍ പിടിക്കപ്പെടുന്നത്. മജീദിന്റെ അതേ രീതി പുറത്തെടുക്കാന്‍ പലപ്പോഴും മോഹനന്‍ വൈദ്യരും ജേക്കബ് വടക്കന്‍ചേരിയുംശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ പണ്ടേപോലെ ഫലിക്കുന്നില്ല!

വിവരങ്ങള്‍ക്ക് കടപ്പാട്:-
ഇന്‍ഫോക്ലിനിക്ക്
ലാസര്‍ ഷൈന്‍
ഡോ മനോജ് വെള്ളനാട്
ഡോ അഗസ്റ്റസ് മോറിസ്