ഫിയോക്കിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നു
തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ പൊട്ടിത്തെറികൾ സംഭവിക്കുകയാണ് . ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ആണ് അരങ്ങേറുന്നത്. എന്നാൽ ഇവരെ പുറത്താക്കുന്നത് സംഘടനയുടെ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. “ഫിയോക്കിൽ നിന്നും ഞാൻ നേരത്തെ രാജി വച്ചിട്ടുണ്ട് രാജി സ്വീകരിച്ചാലും ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവും ഇല്ല. ദുൽഖറിനെ നിരോധിച്ചതായി കേൾക്കുന്നു. ഇനിയും പല നിരോധനങ്ങളും വന്നേയ്ക്കാം , സിനിമ ഒരു വ്യവസായമാണ് . എല്ലാരും ഒന്നിച്ചു നിന്നാൽ മാത്രമേ രക്ഷപ്പെടൂ. ഫിയോക്കിനെ ശക്തമായി എതിർത്ത ലിബർട്ടി ബഷീറിനെ നിരോധിച്ച സമയത്തും സിനിമ കൊടുത്തില്ലെ…” ആന്റണി പറയുന്നു.
തിയേറ്റർ നിർമ്മിച്ചിരിക്കുന്നത് സിനിമ കളിയ്ക്കാൻ ആണെന്നും കളക്ഷൻ കിട്ടിയാൽ തിയേറ്ററിൽ കളിക്കുമെന്നും വിതരക്കാർ നിലനിൽക്കുമെന്നും എന്നാൽ ഇപ്പോൾ അനവധി വിപണന സാദ്ധ്യതകൾ ഉണ്ടെന്നും കേരളത്തിൽ നിന്നുള്ള ചെറിയ സിനിമകൾ പോലും ലോക മാർക്കറ്റിൽ എത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രുപം കൊള്ളുന്നത് . ദിലീപ് ആയിരുന്നു മുഖ്യസൂത്രധാരൻ . ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ ,വൈസ് ചെയർമാൻ സ്ഥാനങ്ങൾ ദിലീപും ആന്റണി പെരുമ്പാവൂരും നിലനിർത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇവരെ പുറത്താക്കാനും സംഘടനയിൽ വോട്ടെടുപ്പ് നടത്താനും സാധിക്കില്ല. അത് സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് . ആ ചട്ടങ്ങളെ ആണ് ഇപ്പോൾ സംഘടനയിൽ ചിലർ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത്. മരയ്ക്കാറിന്റെ റിലീസിനെ തുടർന്ന് ഫിയോക്കും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ആണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്.