കീഴ്‍വെണ്മണി കൂട്ടക്കൊല എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ?

714

 

 

 

 

 

 

 

Raj Vishnu & Vishnu Vijayan 

കീഴ്വെണ്മണി കൂട്ടക്കൊല എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ?

കീഴ്വെണ്മണി സംഭവത്തെക്കുറിച്ചുള്ള ഒരു നേരിയ പരാമർശം പോലും ഉള്ളിലുടനൊരു കൊള്ളിയാൻ മിന്നിയ അനുഭവം തരാറുണ്ട് എനിക്ക്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ദളിത് കൂട്ടക്കൊലയണ് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ (ഇന്നത്തെ നാഗപട്ടിണം ജില്ല) കീഴ്വെണ്മണി എന്ന ഗ്രാമത്തിൽ 1968-ൽ നടന്നത്. കർഷകത്തൊഴിലാളികൾക്ക് കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് CPI(M) ന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന സമരത്തെ ഒതുക്കാൻ പോലീസിന്റെ അടക്കം സഹായത്തോടെ ജന്മിത്വ ശക്തികൾ വലിയ അക്രമങ്ങൾ അഴിച്ചുവിടുകയും, അതിന്റെ ഭാഗമായി ഒരു രാത്രിയിൽ പുരുഷന്മാർ സമരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മറ്റൊരിടത്തായിരുന്ന സമയം നോക്കി അവരുടെ കോളനിയിൽ സംഘം ചേർന്നെത്തി സ്ത്രീകളും, കുട്ടികളും, വൃദ്ധരും അടക്കം അവിടുണ്ടായിരുന്നവരെ മുഴുവൻ കുടിലിൽ തന്നെ വളഞ്ഞിട്ട് പൂട്ടിയിട്ട് തീയിട്ട് ചുട്ടുകൊല്ലുകയും, അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പുറത്ത് ചാടിയ ആളുകളെയും, രക്ഷപ്പെടുത്താൻ പുറത്തേക്കെറിഞ്ഞ കുഞ്ഞുങ്ങളെയും അടക്കം പിടിച്ച് വാളുകൊണ്ട് വെട്ടിയും മർദ്ദിച്ചും തിരിച്ച് തീയിലേക്ക് തന്നെ എറിയുകയും ചെയ്തു. 23 കുഞ്ഞുങ്ങളും 16 സ്ത്രീകളും അടക്കം 44 പേരെ അവർ അന്ന് ചുട്ടുകൊന്നു. തമിഴ്‌നാടിനെ പിടിച്ച് കുലുക്കിയ ഈ സംഭവത്തെ തുടർന്ന് നടന്ന ഉശിരൻ സമര-പ്രക്ഷോഭങ്ങൾ ആ സമീപ പ്രദേശങ്ങളിലെല്ലാം പരിമിതമായെങ്കിലും ഭൂപരിഷ്കരണം നടപ്പിലാക്കിക്കാൻ കാരണമായി എന്നത് ചരിത്രം. സ്വതന്ത്ര ഇന്ത്യയിലെ കർഷക തൊഴിലാളികളുടെ സമര ചരിത്രവും, കമ്മ്യൂണിസ്റ്റ് മൂവ്മെന്റിന്റെ ചരിത്രവും, ദളിത് പീഡനങ്ങളുടെ ചരിത്രവും എല്ലാം പഠിക്കുന്നവർക്ക് കണ്ണ് നനയിക്കുന്ന അദ്ധ്യായമാണ് കീഴ്വെണ്മണി കൂട്ടക്കൊല.

ഫ്ലാഷ് ബാക്ക് എന്ന നിലയിൽ ഈ സംഭവത്തെ ‘അസുരൻ (2019)’ റഫറൻസ് ആയി എടുക്കുന്നുണ്ട്. ശിവസാമിയുടെ (ധനുഷിന്റെ കഥാപാത്രത്തിന്റെ) വാലിബത്തിലെ കഥ കീഴ്വെണ്മണി കൂട്ടക്കൊലയെ പശ്ചാത്തലമാക്കിയാണ് ഏതാണ്ട് സെക്കൻഡ് ഹാഫിന്റെ ആദ്യ പകുതി മുഴുവൻ എടുത്ത് പറയുന്നത്. ആ രക്തരൂക്ഷിതമായ സബാൾട്ടേൻ പോരാട്ട ചരിത്രത്തെ ഒരു മാസ് ഹീറോ ഓറിയന്റഡ് ആയ കൊമേർഷ്യൽ സിനിമയുടെ ഫോർമാറ്റിലേക്ക് മാറ്റിയപ്പോൾ അതിന്റെ രാഷ്ട്രീയം ചോർന്ന് പോവാതിരിക്കാൻ വെട്രിമാരൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ ഈ ഭാഗം വന്നപ്പോൾ വൻ രോമാഞ്ചം ആയിരുന്നു.

സിനിമകളിൽ സസ്പെൻസ് സീക്വൻസുകളുടെ ഒരു കടുത്ത ആരാധകൻ ആണ് ഞാൻ. സിനിമയുടെ ആദ്യ പകുതി ഏതാണ്ട് മുഴുവനും, പിന്നീട് ഫ്ലാഷ്ബാക്കിന് ശേഷം വരുന്ന ഒരു കോർട്ട് സീക്വൻസിലും അസൂയപ്പെടുത്തുന്ന തരത്തിൽ അതി മനോഹരമായി സസ്പെൻസ് ബിൽഡപ്പ് ചെയ്യാൻ ഗ്രിപ്പിങ് ആയ തിരക്കഥയിലൂടെ വെട്രിമാരന് സാധിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ വന്ന പന്നിയെ ശിവസാമിയും മക്കളും ചേർന്ന് ചേസ് ചെയ്യുന്ന സീനും, പ്രതികാരത്തിനിറങ്ങിയ ഗുണ്ടകളിൽ നിന്ന് ഇളയമകനെ സംരക്ഷിച്ച് ശിവസാമി കൊണ്ടുനടക്കുന്ന സീക്വൻസുകളും, എല്ലാം ചിത്രീകരണം ഒന്നൂടെ വൃത്തിയാക്കാമായിരുന്നു എന്ന് തോന്നിയെങ്കിലും നല്ല രീതിയിൽ ഉദ്വേഗമുറ്റി നിന്ന രസികൻ രംഗങ്ങൾ ആയിരുന്നു. ധനുഷും മഞ്ജുവാര്യരും അവരുടെ രണ്ട് ആൺമക്കൾ ആയി നടിച്ചവരും പശുപതിയും വില്ലന്മാരും, ഫ്ലാഷ്ബാക്കിലെ നായികയും ഫ്ലാഷ്ബാക്കിൽ ശിവസാമിയുടെ അളിയനായ കമ്മ്യൂണിസ്റ്റ് നേതാവായി വന്ന നടനും എല്ലാം മനോഹരമായി അഭിനയിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ രണ്ടാം വരവിലെ ഏറ്റവും മികച്ച പ്രകടനം ഇതാവും.

കട്ട വയലൻസും രസികൻ ആക്ഷൻ രംഗങ്ങളും പ്രതീക്ഷിച്ച് പോയ എനിക്ക് അല്പം നിരാശ ഉണ്ടായി. ആക്ഷൻ രംഗങ്ങൾ വെറും ശരാശരി നിലവാരം മാത്രം ആണ് പുലർത്തിയത്. ആക്ഷൻ തുടങ്ങുന്നത് വരെ ബിൽഡ് ചെയ്തുണ്ടാക്കിയ ഓളത്തിന്റെ പേരിൽ ആക്ഷൻ രംഗങ്ങൾ പാസ് മാർക്ക് നേടുന്നുണ്ട് എന്ന് മാത്രം. സംഗീതവും വെട്രിമാരൻ-ധനുഷ് കൂട്ടുക്കെട്ടിൽ വന്ന മറ്റ് സിനിമകളുടെ പോലെ മികച്ച നിലവാരം പുലർത്തിയില്ല. ക്ളൈമാക്സ് ഫൈറ്റ്-ലേക്ക് പെട്ടെന്ന് ചാടി എത്തിയ പോലെ ഒരു തോന്നൽ ഉണ്ടാക്കി. അത് വരെ തിരക്കഥയിൽ പുലർത്തിയ സസ്പെൻസ് ബിൽഡ് ചെയ്യാനുള്ള മിടുക്ക് ക്ളൈമാക്സിലേക്ക് അടുപ്പിച്ച് നഷ്ടപ്പെട്ട പോലെ തോന്നി.

തമിഴിൽ മുഖ്യധാരയിൽ ഇക്കാലത്തെ മികച്ച നടൻ ആരെന്ന ചോദ്യം പലയാവർത്തി അവസാനിക്കുന്നത് ധനുഷ് എന്ന പേരിലാണ്, വെട്രിമാരൻ ഒരിക്കൽ പറയുകണ്ടായി, ധനുഷ് ഇല്ലായിരുന്നു എങ്കിൽ പത്ത് വർഷത്തെ എൻ്റെ സിനിമാ യാത്ര ഇത്ര എളുപ്പമായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല, ജനങ്ങളാൽ സ്വീകരിക്കപ്പെട്ടതും നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയതുമായ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചത് ധനുഷ് ഒരാൾ കാരണമാണ്. നിലവിൽ തമിഴിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ധനുഷ് – വെട്രിമാരൻ എന്ന് വേണമെങ്കിൽ പറയാം.

ഇതിനെല്ലാം അപ്പുറത്ത് ജാതി വെറിയുടെയും ഭൂമിയുടെയും രാഷ്ട്രീയം പറയുന്ന സിനിമാ എന്ന നിലയ്ക്ക്. പോലീസും, കോടതിയും നിയമങ്ങളും, ഗ്രാമത്തിലെ പഞ്ചായത്ത് സംവിധാനവും എല്ലാം നീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് ഭാവിക്കുമ്പോഴും ഇവയെല്ലാം അടങ്ങുന്ന ഈ വ്യവസ്ഥ എങ്ങനെ ആണ് സിസ്റ്റമാറ്റിക്കലി ചൂഷകരുടെയും ചൂഷണത്തിനും ഒപ്പം നിന്ന് കീഴാളരെ വീണ്ടും വീണ്ടും അപമാനിച്ചും ഉപദ്രവിച്ചും ഉന്മൂലനം ചെയ്തും പോരുന്നത് എന്ന് വൃത്തിക്ക് പറഞ്ഞ ഒരു അടിമുടി രാഷ്ട്രീയ സിനിമ എന്ന നിലയ്ക്ക് എന്റെ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമാ അനുഭവങ്ങളിൽ ഒന്നായി അസുരൻ മാറി.

ഭൂമി പിടിച്ചെടുക്കുന്നത് നിങ്ങൾക്ക് അധികാരത്തിൻ്റെ ഭാഗമായിരിക്കും പക്ഷെ മണ്ണ് എന്നത് ഞങ്ങൾക്ക് ജീവനാണ്, എന്ന് ഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യർ എത്തിപ്പെടുന്ന അരികുവത്കരിക്കപ്പെട്ട ചേരിയിൽ നിന്ന് കൊണ്ട് പാ.രെഞ്ജിത്ത് ‘കാലാ’യിൽ പറഞ്ഞു വെക്കുന്ന രാഷ്ട്രീയം വെട്രിമാരൻ മറ്റൊരു തലത്തിൽ തീവ്രമായ അതിന്റെ ഭാവങ്ങളെ അവതരിപ്പിച്ചു കൊണ്ട് അസുരനിൽ പറയുന്നു.

‘നമ്മക്കിട്ടെ കാട് ഇരുന്താ എടുത്തുക്കുവാങ്കെ, രൂപാ ഇരുന്താ പുടുങ്ങിക്കിടുവാങ്കേ, ആനാ പഠിപ്പ് മട്ടും നമുക്കിട്ടവേ ഇരുന്താ എടുത്തുക്കിടവേ മുടിയാത് ചിദംബരം നമ്മ ജയിക്കണം നിനച്ചിരുന്താ പഠി, നല്ലാ പഠിച്ച് ഒരു അധികാരത്തിൽ വന്ത് ഉക്കാറ് ആനാ അധികാരത്തിൽ വന്തപ്പുറം അവങ്ക നമ്മക്ക് പണ്റത് നീ യെവനുക്കും പണ്ണാമയിരി’ എന്ന് ശിവസ്വാമി തൻ്റെ മകന് നൽകുന്ന ഉപദേശത്തിലാണ് കഥ അവസാനിക്കുന്നത്. പഠിപ്പ് നേടിയെടുത്താലും അധികാരം എന്ന വിദൂരമായ സ്വപ്നം കൂടി ഈ മനുഷ്യരുടെ മുൻപിൽ വലിയ വെല്ലുവിളിയായി നിൽപ്പുണ്ട്….

അതിജീവനം അവസാനിക്കുന്നില്ല..