തീകൊണ്ട് മീൻ പിടിക്കുന്ന ഫയര്‍ ഫിഷിംഗ് എവിടെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

തീകൊണ്ട് മീൻ പിടിക്കുന്ന രീതിക്ക് പറയുന്നതാണ് ഫയര്‍ ഫിഷിംഗ് . തായ്‌വാനിലെ ജിൻ‌ഷാന്‍ മലനിരകള്‍ക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഹുവാങ്‌വാങ്‌ ഫിഷിംഗ് പോര്‍ട്ടിൽ ആണ് മുഖ്യമായും ഈ രീതി നിലവിലുള്ളത്. ജിൻ‌ഷാൻ‌ കുവാങ്‌ നദി കടലിനോട്‌ ചേരുന്നത് ഇവിടെയാണ്‌. പ്രധാനപ്പെട്ട മീന്‍പിടിത്ത തുറമുഖമായതിനാല്‍ മരതകനീല നിറമുള്ള വെള്ളത്തിലെങ്ങും നിരനിരയായി വിശ്രമിക്കുന്ന ബോട്ടുകള്‍ ധാരാളം കാണാം. ഉപ്പിന്‍റെ രുചിയും, മണവും വഹിച്ച് പരന്നൊഴുകുന്ന കടല്‍ക്കാറ്റ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന സവിശേഷമായ ഒരു കാര്യമുണ്ട് ഇവിടെ.

ചുഴലിക്കാറ്റ് സീസണിലാണ് വിസ്മയകരമായ ഈ കാഴ്ച കാണാനാവുക. ഈ കാലത്ത് പകല്‍ മാഞ്ഞു തുടങ്ങുന്നതോടെ ഹുവാങ്‌വാങ്ങിന്‍റെ മുഖച്ഛായയും പതിയെ മാറുന്നു. ഇതിനു കാരണമോ, പതിറ്റാണ്ടുകളായി ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ ചെയ്തു പോരുന്ന ‘ഫയര്‍ ഫിഷിംഗ്’ എന്ന കലാപരമായ മീന്‍പിടിത്തവും. തീ കത്തിച്ച് മീനുകളെ ആകര്‍ഷിച്ചു പിടിക്കുന്ന ഒരു പ്രത്യേക തരം മത്സ്യബന്ധനരീതിയാണിത്‌. ആ കാഴ്ച കാണാന്‍ മാത്രമായി എത്തുന്ന ലോകസഞ്ചാരികള്‍ ധാരാളമുണ്ട്.സള്‍ഫര്‍ നിക്ഷേപം ധാരാളമുള്ള നാടാണ് ജിന്‍ഷാന്‍. മീന്‍ പിടിക്കുന്ന സമയത്ത് തൊഴിലാളികള്‍ ബോട്ടില്‍ നിന്നുകൊണ്ട് മൃദുവായ സൾഫര്‍ പാറകൾ കൂട്ടിയുരക്കുന്നു. ഇതില്‍ നിന്നും പുറത്തു വരുന്ന വാതകം, ബോട്ടിന്‍റെ പിൻഭാഗത്ത് കത്തിച്ചു വച്ചിരിക്കുന്ന പന്തത്തിന്‍റെ ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ അതീവപ്രഭയോടെ തീജ്വാലകള്‍ ഉണ്ടാകുന്നു. തീ കാണുമ്പോള്‍ പാറ്റകള്‍ പാഞ്ഞടുക്കുന്ന പോലെ, ആയിരക്കണക്കിന് മത്സ്യങ്ങൾ ഈ വെളിച്ചം കാണുമ്പോള്‍ ജലോപരിതലത്തിലെത്തുന്നു.

തൊഴിലാളികള്‍ ഇവയെ വലയിലാക്കുന്നു. ചില സമയങ്ങളില്‍ 12 മണിക്കൂർ വരെ ഇത്തരത്തിലുള്ള മത്സ്യബന്ധനം നീണ്ടു നില്‍ക്കുന്നു. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട മത്സ്യബന്ധന ത്തൊഴിലാളികള്‍ ഒന്നും തന്നെ ഈയൊരു രീതി അവലംബിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പഴയ ആളുകളാണ് ഒരു ആഘോഷമോ, അനുഷ്ഠാനമോ ഒക്കെപ്പോലെ ഫയര്‍ ഫിഷിംഗ് നടത്തിയിരുന്നത്. ജിന്‍ഷാന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായ ഈ മീന്‍പിടിത്ത രീതിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രാദേശിക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. എല്ലാവർഷവും മേയ് മുതല്‍ ജൂണ്‍ വരെ ഇവിടെ ‘സള്‍ഫറിക്ക് ഫയര്‍ ഫിഷിംഗ് ഫെസ്റ്റിവല്‍’ നടക്കുന്നു. ബജറ്റിനനുസരിച്ച് മറ്റു കലാപരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് രാത്രിയില്‍ ‘തീ പാറുന്ന’ മത്സ്യബന്ധനക്കാഴ്ചകള്‍ കണ്ടുകൊണ്ട് ബോട്ടില്‍ സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാം. പ്രകാശപൂരം കണ്ട് ആകര്‍ഷിതരായി കൂട്ടത്തോടെ പാഞ്ഞെത്തുന്ന മീനുകളെ നേരിട്ട് കാണുന്നത് സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.

Leave a Reply
You May Also Like

ആരാണ് ബെർലിൻ മിഠായി ബോംബർ എന്ന കാൻഡി ബോംബർ ?

ആരാണ് കാൻഡി ബോംബർ ? അറിവ് തേടുന്ന പാവം പ്രവാസി വർണക്കടലാസിൽ പൊതിഞ്ഞ കൊതിയൂ റുന്ന…

എങ്ങനെയാണ് സോമാലിയ എന്ന രാജ്യത്ത് ഇത്രയും കടല്‍കൊള്ളക്കാർ ഉണ്ടായത് ?

ഒരു സൂപ്പര്‍മാന്‍ പരിവേഷം കൊണ്ട് ഓടുന്ന കപ്പലിനു നേരെ വെടിയുണ്ടയുതിര്‍ത്തു വേഗത കുറപ്പിച്ചു ഭീഷണിപ്പെടുത്തി കപ്പല്‍ ജീവനക്കാരെ തല്ലിയൊതുക്കിയാല്‍ കയ്യില്‍ വരുന്നത് മില്ലിയന്‍ ഡോളറുകള്‍ ആണ്.

ആഫ്രിക്കയിലെ ചുവപ്പന്‍ജനത ഹിംബകൾ

പലപ്പോഴും ആഫ്രിക്കയുടേയും നമീബിയ യുടേയും പോസ്റ്റ് കാര്‍ഡ് ചിത്രങ്ങളാണ് ഹിംബ പെണ്ണുങ്ങള്‍. അന്നാട്ടിലെ ചുവന്ന കളിമണ്ണും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ഒരു കൂട്ടാണ് അവരുടെ പ്രധാന സൗന്ദര്യസംരക്ഷണവസ്തു. അതില്‍നിന്നാണ് അവര്‍ക്കാ നിറവും അതുവഴി ‘ചുവന്ന പെണ്ണുങ്ങള്‍’ എന്ന പേരും കിട്ടിയത്.

എന്താണ് മദം ?

21 നും 80 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ള ആനകളിൽ കാണപ്പെടുന്ന ഒരു പ്രകൃതിജന്യ സ്വഭാവമാണ് മദം.