ഒരു ചായയ്ക്കുള്ള കാശ് ചോദിച്ചു അലയുന്ന ഈ മനുഷ്യൻ ഒരു സ്വാതന്ത്ര്യസമരസേനാനിയാണ്

233

ബോബി മിഖായേൽ

കൊച്ചി എയർപോർട്ടിൽ ഇറങ്ങി കോയമ്പത്തൂരിലെക്ക് അടുത്ത മീറ്റിംങ്ങിന് ഉള്ള യാത്രക്ക് ഇടയിലാണ് ഈ വലിയ മനുഷ്യനെ ആദ്യം പരിചയപ്പെടുന്നത്. തൃശൂർ ജില്ലയിലെ പുതുക്കാട് എന്ന സ്ഥലത്ത് വച്ച്. ഇതാണ് പപ്പു സർ. സ്വാതന്ത്ര്യ സമര സേനാനിയായ ഇദ്ദേഹത്തെ സാർ എന്ന് തന്നെ വിളിക്കണം.ഒരു ചായ കുടിക്കാൻ ഉള്ള കാശ് തരുമോ എന്ന് ചോദിച്ച് പലരെയും പലപ്പോഴും കാണുന്നത് കൊണ്ട് ഈ വലിയ മനുഷ്യനെ ആദ്യം ഞാൻ അവഗണിച്ചു. പിന്നെ എപ്പഴോ ഈ വയോധികൻ പറയുന്നത് കേൾക്കണം എന്ന് തോന്നി.

1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്രസമര സേനാനി. പറവൂർ കോളേജ് മുതൽ യു സി കോളേജ് വരെ ഗാന്ധിജി നയിച്ച സമരയാത്രയിൽ അദ്ദ്ദേഹത്തോട് ഒപ്പം പങ്കെടുക്കുകയും യു. സി കോളേജിൽ ഗാന്ധിജി മരം നട്ടപ്പോൾ സ്വാതന്ത്രത്തിന് ഗാന്ധിജിയോടൊപ്പം മുദ്രാവാക്യം മുഴക്കിയ ധീരൻ. ബ്രിട്ടീഷ് ഇന്ത്യാ പോലീസിന്റെ ക്രൂര മർദനങ്ങൾ ഏറ്റ് വാങ്ങിയ രാജ്യസ്നേഹി.

ഒരു പാട് സംസാരിച്ചു. പോരാൻ നേരം പേഴ്സിൽ നിന്നും കാശെടുത്ത് കൊടുത്തപ്പോൾ സ്നേഹപൂർവ്വം നിരസിച്ചു. ഈ പ്രായത്തിലും ചെയ്യാവുന്ന പണികൾ എടുത്തെ സമ്പാദിക്കു എന്ന് പറഞ്ഞൂ.
മോന് പറ്റുമെങ്കിൽ എന്റെ സ്വാതന്ത്രസമര പെൻഷൻ ശരിയാക്കി തരാമോ, അത് എനിക്ക് അർഹതപ്പെട്ട പണമാണ് എന്ന് പറഞ്ഞു. കെ.കെ പപ്പു,  മുക്കയം കോടത്ത് വീട്, കൊടകര. മുൻപ് അഞ്ചേരിയിൽ ആയിരുന്നു താമസം.

ഈ പോസ്റ്റ് കണ്ട്, ഇദ്ദേഹത്തിന് അർഹിക്കുന്ന സഹായം സർക്കാരിൽ നിന്നും എത്തുകയാണ് എങ്കിൽ വലിയ സഹായം ആയിരിക്കും.അധികാരികൾ കണ്ണ് തുറന്ന് കാണണം. നമ്മളുടെ സ്വാതന്ത്രത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ഈ വ്യക്തിയെ. ഒരു പെൻഷൻ മാത്രമെ ചോദിക്കുന്നുള്ളൂ. ഇതെങ്കിലും കൊടുകാൻ സാധിച്ചില്ല എങ്കിൽ പിന്നെ ജയ്ഹിന്ദ് എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല.

ഞാൻ ഒരിക്കൽ കൂടി പറയുന്നു, നമ്മൾ ആരും പണം കൊടുക്കേണ്ട, അർഹതപ്പെട്ട പെൻഷൻ വാങ്ങിച്ചു കൊടുക്കാൻ പറ്റുമോ.

( ഇദ്ദേഹത്തിന്റെ അനുവാദത്തോട് കൂടെയാണ് ഈ ഫോട്ടോ ഇടുന്നത്)