Sujith Kumar

ചെർണോബിലിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തം 2011 മാർച്ച് 11 നു ജപ്പാനിലെ ഫുക്കുഷിമാ ആണവ വൈദ്യുത നിലയത്തിൽ ഉണ്ടായതാണെന്ന് അറിയാമല്ലോ. ഏകദേശം ചെർണോബിലിനു സമമായ ആണവ ദുരന്തം ആയിരുന്നു ഫുക്കുഷിമയിലും ഉണ്ടായതെങ്കിലും രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് പൂർണ്ണമായും മനുഷ്യരുടെ പിഴവുകൾ മൂലമുണ്ടായതാണെങ്കിൽ രണ്ടാമത്തേത് സകല കണക്കു കൂട്ടലുകളും തെറ്റിച്ച ഒരു പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രവും. (ചെർണോബിൽ ദുരന്തത്തെക്കുറിച്ച് കുറച്ച് നാളുകൾക്ക് മുൻപ് മാതൃഭൂമിയിൽ എഴുതിയ ലേഖനം ആദ്യ കമന്റിൽ). മറ്റ് വൈദ്യുത നിലയങ്ങളിൽ നിന്നും വ്യത്യസ്തമായി ന്യൂക്ലിയർ റിയാക്റ്ററുകൾ ഓഫ് ചെയ്യാനും ഓഫ് ചെയ്തതിനു ശേഷവും തുടർച്ചയായി വൈദ്യുതി ആവശ്യമാണ്‌. കാരണം ന്യൂക്ലിയർ റിയാൿഷൻ നിർത്തിയാലും ആണവ ഇന്ധന അറയിലെ ചൂടിനെ നിയന്ത്രിക്കാൻ കൂളന്റ് തുടർച്ചയായി പമ്പ് ചെയ്തുകൊണ്ടിരിക്കണം. അല്ലെങ്കിൽ അനിയന്ത്രിതമായി ചൂട് കൂടുകയും ഇന്ധന ദണ്ഡുകൾ ഉരുകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ സംജാതമാകുന്നു. ഇത് ഒഴിവാക്കാൻ ഇന്ധന അറയിലേക്ക് കൂളന്റ് പമ്പ് ചെയ്യാനായി നിരവധി പമ്പ് സെറ്റുകൾ സജ്ജീകരിച്ചിട്ടുണ്ടാകും. ഇവയ്ക്ക് വൈദ്യുതി നൽകാനായി ഗ്രിഡിൽ നിന്നും ഉള്ള വൈദ്യുതി, ഡീസൽ ജനറേറ്ററുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹൈ പവർ യു പി എസ്സുൾ തുടങ്ങി പല തരത്തിലുള്ള ബാക്കപ് സംവിധാനങ്ങൾ ഉണ്ടായിരിക്കും. അതായത് ഒന്ന് പരാജയപ്പെട്ടാലും മറ്റൊന്ന് സ്വയമേവ പ്രവർത്തിക്കുന്ന രീതിയിൽ ആയിരിക്കും ഇവയൊക്കെ സജ്ജീകരിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണവശാൽ ന്യൂക്ലിയർ പവർ പ്ലാന്റ് ഓഫ് ചെയ്യേണ്ടി വരുന്ന അവസ്ഥയിൽ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഓക്സിലറി കൂളന്റ് പമ്പുകൾ പ്രവർത്തനം തുടങ്ങും., ഫുക്കുഷിമയിലെ റിയാക്റ്ററുകളിലും ഈ സംവിധാനങ്ങൾ എല്ലാം ഉണ്ടായിരുന്നു. ആറു തലങ്ങളിൽ ആയി ജനറേറ്ററുകളും യു പി എസ്സുകളും എല്ലാം ഉണ്ടായിട്ടും ലോകത്തെ മുൾ മുനയിൽ നിർത്തിയ ആണവ അപകടം ഒഴിവാക്കാനായില്ല. എന്തായിരിക്കും അതിനു കാരണം?

Murfy’s law എന്നൊരു സിദ്ധാന്തത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വളരെ ലളിതമാണ്‌ “Anything that can go wrong will go wrong” അതായത് ” എന്തെങ്കിലും മോശമായി സംഭവിക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ, അത് മോശമായിത്തന്നെ സംഭവിക്കും” . മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് ദിവസേന കുടയുമെടുത്ത് പോകുന്ന നമ്മൾ ഒരു ദിവസം കുടയെടുക്കാതെ പോകുമ്പോൾ അന്ന് ഇടിവെട്ടി മഴ പെയ്യുകയും നനഞ്ഞുകൊണ്ട് പോരേണ്ടിയും വരുന്ന അവസ്ഥയുണ്ടാകാറില്ലേ അതു തന്നെ മർഫിയുടെ സിദ്ധാന്തം. മഴ പെയ്യാനുള്ള സാദ്ധ്യത എപ്പോഴും നിലനിൽക്കുന്നു. കുട കൊണ്ടുപോവുക എന്നത് ഒരു മുൻകരുതൽ ആണ്‌. ആ മുൻകരുതൽ ഒഴിവാക്കിയാൽ അപകടം ഉണ്ടാകുന്ന സമയത്ത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയൂ. ഒറ്റ നോട്ടത്തിൽ ഇതെന്ത് പൊട്ട നിയമമാണെന്ന് കരുതി പലരും തള്ളിക്കളഞ്ഞേക്കാമെങ്കിലും വ്യാവസായിക അന്തരീക്ഷത്തിൽ മർഫി ഒരു താരമാണ്‌. നിങ്ങൾക്ക് ഒരു അപകട സാദ്ധ്യതയെക്കുറിച്ച് മുന്നറിവ് ഉണ്ടെങ്കിൽ അതിനെ ഒരു കാരണവശാലും അവഗണിക്കരുതെന്ന പാഠം പഠിപ്പിക്കുന്ന ലളിതമായ മനോഹരമായ നിയമം.

മർഫിയിൽ നിന്നും ഫുക്കുഷിമയിലേക്ക് തിരിച്ചു വരാം. ഫുക്കുഷിമ റിയാക്റ്റർ കടലിനു തൊട്ടടുത്താണ്‌ ജപ്പാനിലാകട്ടെ അടിക്കടി സുനാമികളും ഭൂകമ്പങ്ങളുമൊക്കെ ഉണ്ടാകാറുമൂണ്ട്. ഇതൊക്കെ ജപ്പാനിലെ മിടുക്കന്മാരായ ലോകോത്തര നിലവാരമുള്ള ശാസ്ത്രജ്ഞന്മാർക്കും എഞ്ചിനീയർമ്മാർക്കുമെല്ലാം മറ്റെല്ലാവരേക്കാളും നന്നായി അറിയാം. അതുകൊണ്ട് തന്നെ സുനാമിയും ഭൂകമ്പവുമൊക്കെ ഉണ്ടായാലും അതൊന്നും റിയാക്റ്ററിന്റെ സുരക്ഷയെ ബാധിക്കാത്ത രീതിയിലുള്ള പല തലങ്ങളിലുള്ള സംവിധാനങ്ങൾ ഫുക്കുഷിമയിലും ഒരുക്കിയിരുന്നു. പക്ഷേ സകല കണക്കു കൂട്ടലുകളും പ്രവചനങ്ങളും തെറ്റിച്ചെത്തിയ ഒരു ഭീമാകാരനായ സുനാമിത്തിര ഫുക്കുഷിമയുടെ വിധി മാറ്റി എഴുതി. ഭൂകമ്പം തുടങ്ങിയ സമയത്ത് തന്നെ റിയാക്റ്ററുകളിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ച് എല്ലാ റിയാക്റ്ററുകളും ഓഫ് ആക്കി. ബാക്കപ്പ് ജനറേറ്ററുകൾ പ്രവർത്തനം തുടങ്ങി. പക്ഷേ അപ്പോഴാണ്‌ 15 മീറ്റർ ഉയരത്തിൽ ആഞ്ഞടിച്ച സുനാമിത്തിരമാല രണ്ട് റിയാക്റ്ററുകളെ മുഴുവൻ മുക്കിക്കളഞ്ഞത്. അതുവരെയുള്ള സകല ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയും കണക്കുകൂട്ടലുകളുടെയും എല്ലാം അടിസ്ഥാനത്തിൽ പത്തു മീറ്റർ ഉയരത്തിലുള്ള കടൽ ഭിത്തി ഫുക്കുഷിമാ പ്ലാന്റിനെ സംരക്ഷിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അതനുസരിച്ചായിരുന്നു പ്ലാന്റിലെ മറ്റെല്ലാ വിധ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നത്. വലിയ സുനാമിത്തിരമാല ആഞ്ഞടിച്ചപ്പോൾ ഓക്സിലറി പമ്പുകൾക്ക് വൈദ്യുതി നൽകുന്ന സകല സ്വിച്ചിംഗ് സംവിധാനങ്ങളും തകരാറിലായി. ഡീസൽ ജനറേറ്ററുകൾ വെള്ളത്തിൽ മുങ്ങി. കൂളന്റ് പമ്പുകൾ പ്രവർത്തിക്കാതെ വന്നു, റിയാക്റ്ററിലെ ചൂട് നിയന്ത്രനാതിതമാവുകയും തത്ഫലമായുണ്ടായ ഹൈഡ്രജൻ വാതക സ്ഫോടനവും റിയാക്റ്ററിനെ ഉപയോഗശൂന്യമാക്കി. ചെർണോബിലിനു സമമായ ഒരു സാഹചര്യം ആയിരുന്നു സൃഷ്ടിക്കപ്പെട്ടതെങ്കിലും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മറ്റൊരു ചെർണോബിൽ ആകാത്ത രീതിയിൽ റിയാക്റ്ററിനെ നിയന്ത്രണ വിധേയമാക്കാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ കഴിഞ്ഞു.

ഇവിടെ ആരെയാണ്‌ കുറ്റം പറയേണ്ടത്? സാങ്കേതിക വിദ്യയേയോ പ്രകൃതിയേയോ അതോ മനുഷ്യനേയോ? ഒരു സംശയവും വേണ്ട മനുഷ്യനെത്തന്നെ. ഫുക്കുഷിമയിലും വില്ലൻ മർഫിയുടെ നിയമത്തെ അവഗണിച്ചത് ആയിരുന്നു. ഈ അപകട സാദ്ധ്യത 1999 ൽ തന്നെ സൂചിപ്പിക്കപ്പെട്ടിരുന്നു. അതായത് വലിയ തിരമാലകൾ ഏതെങ്കിലും കാരണവശാൽ ഉണ്ടായാൽ ഓക്സിലറി ജനറേറ്ററുകൾ പ്രവർത്തന രഹിതമാകാനുള്ള സാഹചര്യം ഉണ്ടെന്നും അതിനാൽ ജനറേറ്ററുകൾ മാറ്റി സ്ഥാപിക്കണമെന്നും ഉള്ള സുരക്ഷാ സമിതിയുടെ റിപ്പോർട്ടുകൾ പ്രകാരം മൂന്നു ഡീസൽ ജനറേറ്ററുകൾ സുനാമി അടിക്കാത്ത ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരുന്നു. പക്ഷേ അവിടെ ഒരു കാര്യം ‌ശ്രദ്ധിച്ചില്ല ഈ ജനറേറ്ററുകളുടെ സ്വിച്ചിംഗ് / കണ്ട്രൊൾ പാനലുകൾ വച്ചത് വെള്ളം കയറുന്ന താഴ്ന്ന ഇടങ്ങളിലും. അതായത് ഈ സ്വിച്ചിംഗ് പാനലുകൾ ഉയർന്ന ഏതെങ്കിലും ഇടങ്ങളിൽ സ്ഥാപിക്കപ്പെട്ടിരുന്നു എങ്കിൽ ഫുക്കുഷിമാ ദുരന്തം പൂർണ്ണമായും ഒഴിവാക്കപ്പെടുമായിരുന്നു എന്ന് വിദഗ്ദർ വിലയിരുത്തുന്നു. പറഞ്ഞ് വന്നത് ഇത്രമാത്രം- മർഫിയെ അവഗണിക്കാതിരിക്കുക. അപകട സാദ്ധ്യതകളെ ചെറുതായിക്കാണാതിരിക്കുക പ്രത്യേകിച്ചും പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിൽ.

Leave a Reply
You May Also Like

മുന്നൂറിലേറെ വർഷങ്ങൾ പിന്നിൽ ജീവിക്കുന്ന ജനവിഭാഗം, അജ്ഞത കൊണ്ടല്ല, മനപ്പൂർവം !

അമേരിക്കയിലെ ‘ആമിഷ്‌ ‘ അറിവ് തേടുന്ന പാവം പ്രവാസി അമേരിക്കയിലെ അദ്‌ഭുതമാണ്‌ ‘ആമിഷ്‌ ‘ എന്നറിയപ്പെടുന്ന…

വാഹനങ്ങളിൽ ടോയ്‍ലെറ്റ് സൗകര്യം ഉൾപ്പെടുത്താമോ ?

ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും വൃത്തിയില്ലാത്ത ശുചിമുറികൾ. അവ യാത്രാ സുരക്ഷിതത്വം കുറയ്ക്കുകയും ചെയ്യുന്നു

‘വെണ്ടയ്ക്കാ അക്ഷരം’ എന്നത് വലിയ അക്ഷരം എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരികപ്രയോഗം വല്ലതുമാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി

“വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ട് നീ കണ്ടില്ലേ?” ഇതുപോലെ ഒരു പ്രയോഗം നമ്മള്‍ മിക്കവരും നടത്തിയിട്ടുണ്ടാവും. , എന്താണ് ഈ ‘വെണ്ടയ്ക്കാ അക്ഷരം’?

വിരല്‍തുമ്പിലെ വിസ്മയത്തിന്‍റെ കഥ

എങ്ങനെയാണ് വിരലടയാളം രൂപമെടുക്കുന്നത്? എന്തുകൊണ്ടാണ് അവ ഓരോത്തരിലും വ്യത്യസ്തമായിരിക്കുന്നത്? വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ഏകദേശ ധാരണയിലെത്താന്‍ ശാസ്ത്രത്തിനായിട്ടുണ്ട്.