കണ്ടാൽ കൗതുകം തോന്നുമല്ലേ ? ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വിഷപാമ്പിനെ കുറിച്ച് അറിയാം

കടപ്പാട് : Rishad Ahammed

Gaboon viper [Bitis gabonica] ബിറ്റിസ് ജീനസ്സിലെ അതികായരാണ് ഗബൂൺ വൈപ്പറുകൾ Gaboon Adder എന്നും ഇവ അറിയപ്പെടുന്നു . ഒത്തിരി സവിശേഷതകൾ നിറഞ്ഞ ഇനമാണ് ഇവ . ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വിഷപാമ്പ് , ലോകത്തിലെ ഏറ്റവും വലിയ വിഷപ്പല്ലുകൾ ഉള്ള പാമ്പിനം , ലോകത്തിലെ ഏറ്റവും കൂടുതൽ ഇരയിലേക്ക് വെനം കുത്തിവെക്കപ്പെടുന്ന പാമ്പ് , അങ്ങനെ നിരവധി റെക്കോർഡുകൾ പേരിലുണ്ട് ഇവർക്ക് . ഗബോൺ , ലെസോത്തോ , ഇസ്വാറ്റിനി , നൈജീരിയ , ഛാഡ് , സിംബാബ്വേ, കാമറൂൺ , ഗ്വിനിയ , ഉഗാണ്ട , കോംഗോ , അംഗോള , സാംബിയ , കെനിയ , ടാൻസാനിയ , മൊസാംബിക് , റുവാണ്ട , ടോഗോ , മലാവി , ബെനിൻ , സെനഗൽ , ലൈബീരിയ , സീറാ ലിയോൺ എന്നീ രാജ്യങ്ങളിൽ ഇവയെ കണ്ടുവരുന്നു .

വർണ്ണനകൾക്ക് അതീതമാണ് ഗബൂൺ വൈപ്പറിൻ്റെ മേനിയഴക് . തവിട്ട് ശരീരത്തിൽ ക്രീം നിറത്തിലും കറുപ്പിലും കൃത്യമായ അകലങ്ങളിൽ കള്ളികൾ തീർക്കുന്നു . രണ്ട് ത്രികോണങ്ങൾ തലതിരിച്ച് ചേർത്ത പോലെ നിരനിരയായി ശരീരത്തിൻ്റെ വശങ്ങളിൽ കാണാം . അതിൻ്റെ അരികുകളിൽ കറുപ്പ് നിറം ചേരുമ്പോൾ ചന്തംകൂടുന്നു . ശരീരത്തിൻ്റെ മധ്യഭാഗത്ത് ഒന്നിടവിട്ട് ദീർഘചതുരാകൃതിയിൽ വരകൾ വാലറ്റം വരെ കാണാം. വീതിയുള്ള ക്രീം നിറത്തിൽ പരന്നതലയാണ് ഇവയ്ക്ക്. കണ്ണിൽ നിന്നും താഴേക്ക് ചെരിവോട് കൂടി കറുപ്പ് നിറത്തിൽ രണ്ട് ത്രികോണം അടയാളം ഉണ്ട് . നാസാരന്ധ്രങ്ങൾക്ക് ചേർന്ന് തലക്ക് മുന്നിൽ കൊമ്പുകൾ പോലെ പേശീഭിത്തികൾ ഉയർന്നിരിക്കുന്നു .

ഭാരത്തിൻ്റെ കാര്യത്തിൽ പൈത്തൺ കഴിഞ്ഞാൽ ഇവയാണ് ആഫ്രിക്കയിൽ മുൻപിൽ . മുതിർന്ന ഒരു ഗബൂൺ വൈപ്പർ എട്ട് മുതൽ പതിമൂന്ന് കിലോ വരെ ഭാരം വെക്കാം . രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഭാരമേറിയത് പതിനെട്ട് കിലോ ആണ് . അഞ്ചടി വരെ മാക്സിമം നീളം വെച്ചേക്കാം. പതിയിരുന്ന് ആക്രമിക്കുന്നതാണ് ഇരതേടൽ രീതി . ശരീരത്തിലെ പാറ്റേണുകളും നിറങ്ങളും മറഞ്ഞിരിക്കുവാൻ പാകത്തിലുള്ളതിനായതിനാൽ കരിയിലകൾക്കിടയിൽ പതിയിരിക്കുന്ന ഇവയെ അത്ര പെട്ടെന്ന് കണ്ണിൽ പെടില്ല . ഇര തൊട്ടടുത്തെത്തിയാൽ ചടുല വേഗതയിൽ മുന്നോട്ടാഞ്ഞ് കടിക്കുകയും ഇരചാകുന്നത് വരെ കാത്തിരുന്ന് വിഴുങ്ങുന്നു . രണ്ടിഞ്ച് നീളമേറിയ വളഞ്ഞ് മൂർച്ചയേറിയ വിഷപ്പല്ലുകൾ ഇരയിലേക്ക് ആഴത്തില് മുറിവേൽപ്പിക്കുന്നു . എലി തവള തുടങ്ങി ചെറുജീവികൾ മുതൽ ചെറിയ മാൻ , ചെറിയ മുള്ളൻപന്നി , കുരങ്ങുകൾ , കാട്ടുകോഴികൾ തുടങ്ങിവയെല്ലാം ഇരയാക്കാറുണ്ട് ഗബൂൺ അണലികൾ. കുത്തിവെക്കുന്ന വെനത്തിൻ്റെ അളവ് കൂടുതലായതിനാൽ ഇര പെട്ടെന്ന് തന്നെ നിശ്ചലമാകും .

മനുഷ്യവാസം നന്നേ കുറഞ്ഞ തണുപ്പ് ഉള്ള ഉൾക്കാടുകളിലാണ് ഇവയെ കൂടുതലായും കാണാറുള്ളത്. വീതിയേറിയ വലിയ ശരീരം വെച്ച് പതിയെ ഇഴയാനേ ഇവയ്ക്കാകൂ.. നേർരേഖാ ചലനമാണ് സഞ്ചാരത്തിന് . പൊതുവേ ശാന്ത സ്വഭാവമായ ഇവ ശത്രുവിന് മികച്ച രീതിയിൽ ഉച്ചത്തിൽ ചീറ്റി മുന്നറിയിപ്പ് നൽകാറുണ്ട് . ശരീരത്തെ പെരുപ്പിച്ച് കാണിച്ച് ഭയപ്പെടുത്തുവാനും ശ്രമിക്കാം . കടിയേറ്റ കേസുകൾ വിരളമാണ് . സിംബാബ്വേയിലെ തേയിലതോട്ടങ്ങളിൽ ജോലി ചെയ്യുന്ന ചിലർക്ക് കടിയേറ്റതായും മരണങ്ങളും റിപ്പോർട്ടുണ്ട്. വളർത്തുന്നവർക്കും കടിയേറ്റതായി വന്നിട്ടുണ്ട് . വെനത്തിൽ മാരകമായ തോതിൽ കോശങ്ങളെ നശിപ്പിക്കുന്ന Cytotoxic അടങ്ങിയിരിക്കുന്നു. കടിയേറ്റവരുടെ അവയവങ്ങളുടെ അവസ്ഥ അതിൻ്റെ ഭയാനകത വെളിവാക്കുന്നു . മഴക്കാലത്താണ് ഇവ ഇണചേരുന്നത് ആൺ വർഗ്ഗങ്ങൾ പെണ്ണിന് വേണ്ടി തർക്കങ്ങളിൽ ഏർപ്പെടാറുണ്ട് . ഇണചേർന്നു കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിയുമ്പോൾ പെൺ പാമ്പ് മുപ്പതോളം കുഞ്ഞുങ്ങളെ Viviparous പ്രക്രിയയിലൂടെ പ്രസവിക്കുന്നു .

 

You May Also Like

പാലിനെ ഇന്ധനം ആക്കാമോ ?

പാലിനെ ഇന്ധനമാക്കാമോ ? അറിവ് തേടുന്ന പാവം പ്രവാസി പാലിനെ ഊര്‍ജ്ജത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാറുണ്ട്. വിവിധയിനം…

ലിയോനാർഡോ ഡാവിഞ്ചിയുടെ ഒട്ടകപ്പക്ഷി മുട്ട ഗ്ലോബ്

ലിയോനാർഡോ ഡാവിഞ്ചിയുടെ ഒട്ടകപ്പക്ഷി മുട്ട ഗ്ലോബ് Sreekala Prasad അമേരിക്കൻ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ഭൂപടം…

എന്താണ് പാറ്റർനോസ്റ്റർ ?

പാറ്റർനോസ്റ്റർ Paternoster Sreekala Prasad ഒരു കെട്ടിടത്തിന്റെ ലംബമായ ഷാഫ്റ്റിലൂടെ ഒരു ലൂപ്പിലും നിർത്താതെയും തുടർച്ചയായി…

ഗർഭാശയത്തിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി !!

ഗർഭാശയത്തിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി !! Baijuraj Sasthralokam . അങ്ങനെയും ഒരു ജീവിയുണ്ട്.…