വിദേശശത്രുവിനെതിരെ പോരാടാൻ ഗാന്ധിജിക്കു പ്രചോദനമായ നൂൽപ്പുകാരിയുടെ കഥ

27

നൂൽപ്പുകാരിയുടെ സങ്കടം

സ്വതന്ത്ര്യസമര കാലത്ത്‌ ഗാന്ധിജി ഒരു നൂൽപ്പു‌കാരിയുടെ കഥ പ്രസംഗിക്കുമായിരുന്നു. ഈ സംഭവം പിന്നീട്‌ യംഗ്‌ ഇന്ത്യയിലും പ്രസിദ്ധീകരിച്ചിരുന്നു. ബംഗാൾ പത്രമായ സമചാർ ദർപ്പണിലെ പത്രാധിപർക്ക്‌ ഒരു വിധവയായ സ്ത്രീ അയച്ച കത്തായിരുന്നു ഈ കദനകഥയ്ക്ക്‌ ആധാരം. ആ സ്ത്രീയുടെ വാക്കുകൾ ആദ്യം അച്ചടിച്ച്‌ വന്നതും സമാചാർ ദർപ്പണിലായിരുന്നു.
‘വളരെയധികം വിഷമത്തോടെയാണ്‌ ഞാൻ ഇത്‌ എഴുതുന്നത്‌. ഈ കത്ത്‌ താങ്കളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കനിവുണ്ടാവണം. അത്‌ വഴി ഈ ദുരിതം ഉന്നതരിൽ എത്തുകയും പരിഹാരമുണ്ടാവുമെന്നും ഞാൻ ആശിക്കുന്നു.

ഒരു നിർഭാഗ്യയായ നൂൽപ്പുകാരിയാണ്‌ ഞാൻ. എനിക്ക്‌ ഇരുപത്തിരണ്ട്‌ വയസ്സുള്ളപ്പോൾ ഭർത്താവ്‌ മരണപ്പെട്ടു, ഞാൻ വിധവയായി. എനിക്ക്‌ മൂന്ന് പെൺകുട്ടികളാണ്‌. എന്റെ മക്കൾക്കും ഭർത്താവിന്റെ മാതപിതാക്കൾക്കും ജീവിക്കാനായി ഒന്നും സമ്പാദിച്ച്‌ വെച്ചിരുന്നില്ല. എന്റെ ആഭരണങ്ങൾ വിറ്റാണ്‌ ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്‌. പിന്നീട്‌ പട്ടിണിയുടെ നാളുകളായിരുന്നു.
പെട്ടെന്നൊരു നാൾ ദൈവം ചർക്കയുടെയും തക്ലിയുടെയും രൂപത്തിൽ ഞങ്ങളുടെ വീട്ടിലുമെത്തി. ഞാൻ നൂൽക്കാൻ തുടങ്ങി. വീട്ടുജോലി അതിരാവിലെ തീർത്ത്‌ ഞാൻ ചർക്കയുടെ മുമ്പിലിരിക്കും. ഉച്ചഭക്ഷണം ഉണ്ടാക്കി മക്കൾക്കും മാതാപിതാക്കൾക്കും കൊടുത്ത ശേഷം ഞാനും കഴിച്ച്‌ വീണ്ടും നൂൽക്കാനിരിക്കും. നൂറ്റ നൂലുകൾ വാങ്ങാൻ ആളുകളേറെയുണ്ടായിരുന്നു. നൂൽക്കുന്നതിന്ന് മുമ്പ്‌ തന്നെ മുൻകൂർ പണം തരാനും ആവശ്യക്കാറുണ്ടായിരുന്നു. ഞങ്ങളുടെ പട്ടിണി മാറി. ഞങ്ങൾ പുതിയ വസ്ത്രം വാങ്ങി. നൂലിന്ന് ആവശ്യക്കാർ കൂടി വന്നപ്പോൾ ഞങ്ങൾ വീട്ടിലെ എല്ലാവരും കൂടി നൂൽക്കാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞ്‌ പോയി, മക്കളുടെ വിവാഹങ്ങൾ നടത്തി കൊടുത്തു. ഭർത്തൃപിതാവ്‌ മരണപ്പെട്ടപ്പോൾ നാലപത്തിനാല്‌ രൂപ ചിലവിട്ട്‌ ചടങ്ങുകൾ ഭംഗിയായി നടത്തി. എല്ലാം ചർക്ക കൊണ്ട്‌ വന്ന നേട്ടങ്ങളാണ്‌.

എന്നാൽ ഇന്ന്, ഞങ്ങൾ വീണ്ടും പട്ടിണിയിലാണ്‌. നൂല്‌ വാങ്ങാൻ നെയിത്തുകാർ ഈ വഴിക്ക്‌ വരുന്നില്ല. ഇനി വല്ലവരും വന്നാൽ തന്നെ, പഴയതിന്റെ നാലിലൊന്ന് വില പോലും കിട്ടുന്നില്ല. നൂലിന്ന് ആവശ്യക്കാറില്ലാതെയായി. പെട്ടെന്ന് ഇതെങ്ങനെ സംഭവിച്ചുവെന്ന് എനിക്ക്‌ മനസ്സിലായില്ല. പലരോടും ചോദിച്ചു. ബിലാത്തിനൂല്‌ ഇറക്കുമതി ചെയിത്‌ അത്‌ നെയ്ത്തുകാർ ഉപയോഗിക്കുന്നുവെന്ന് ഒരാൾ പറഞ്ഞു. ഇംഗ്ലണ്ടിലെ ദരിദ്രരായ സ്ത്രീകൾ നൂൽക്കാൻ വേണ്ടി നിർബന്ധിതരായിരിക്കും. അവർ ഉണ്ടാക്കിയ നൂല്‌ ഇന്ത്യയിലേക്ക്‌ കയറ്റി അയച്ചായിരിക്കും അവർ പട്ടിണി മാറ്റുന്നതെന്ന് കരുതി ഞാൻ സമാധാനിക്കുന്നു. എന്നാലും ഞങ്ങളുടെ പട്ടിണി കാണുവാൻ ആരുമില്ലല്ലോ.” എന്ന് വിലപിച്ചാണ്‌ അവർ കത്ത്‌ അവസാനിപ്പിക്കുന്നത്‌.

നിരക്ഷരയും നിഷ്കളങ്കയുമായ ആ സ്ത്രീ കരുതിയിരിക്കുന്നത്‌, ഇംഗ്ലണ്ടിലെ ദരിദ്രരായ സ്ത്രീകൾ പട്ടിണി മാറ്റാനാണ്‌ നൂൽക്കുന്നതെന്ന്. ഇന്ത്യൻ ഗ്രാമീണ വ്യവസായം തകർത്ത്‌ ഇന്ത്യൻ വിപണി കീഴടക്കാനാണ്‌ ബ്രിട്ടീഷുകാർ ശ്രമിക്കുന്നതെന്ന് അവരറിയിയുന്നില്ലായിരുന്നു. ഈ സംഭവം ഗാന്ധിജി എല്ലായിടത്തും പ്രസംഗിക്കുമായിരുന്നു. വിദേശ ശത്രുവിനെതിരെ പൊരുതാനുള്ള ആയുധമായാണ്‌ ഗാന്ധിജി ഈ സംഭവത്തെയും ചർക്കയെയും ഉയർത്തിക്കൊണ്ട്‌ വന്നത്‌. ചർക്ക ഇന്ത്യയെ സ്വാതന്ത്ര്യലേക്കും നയിച്ചു.

വിവരങ്ങൾക്ക്‌ കടപ്പാട്‌ :
ഖാദിയും സ്വാതന്ത്ര്യവും (പയ്യന്നൂർ കുഞ്ഞിരാമൻ)
ഹിന്ദ്‌ സ്വരാജ്‌ – ഗാന്ധിജി