ഗംഗൈകൊണ്ട ചോളപുരം – മൂന്ന് നൂറ്റാണ്ടു നിലനിന്ന ഒരു മഹാസാമ്രാജ്യത്തിന്റെ തലസ്ഥാനം
പുരാതന ദക്ഷിണ ഇന്ത്യൻ രാജ്യങ്ങളിൽ സാമ്രാജ്യ പദവിയിലേക്കുയർന്നത് ചോളന്മാരാണ് . പാണ്ഢ്യന്മാരും ,ചേരന്മാരും പൗരാണികതയിൽ ചോളന്മാരെ കടത്തിവെട്ടുമെങ്കിലും വലിപ്പത്തിലും സൈനിക സാമ്പത്തിക ശക്തിയിലും മധ്യകാല ചോള സാമ്രാജ്യം തന്നെയായിരുന്നു മുന്നിൽ . ഒരുപക്ഷെ മൗര്യ ,ഗുപ്ത സാമ്രാജ്യങ്ങൾക്കുപിന്നിൽ ഇന്ത്യൻ സാമ്രാജ്യങ്ങളിൽ ഏറ്റവും ശക്തവും മഹത്തരവും ആയിരുന്നത് മധ്യകാല ചോള സാമ്രാജ്യം തന്നെയാണ് .ഇന്നത്തെ ദക്ഷിണ പൂർവ ഇന്ത്യകളും വിദൂര പ്രവിശ്യക ളും അടങ്ങുന്ന ഒരു സമുദ്രാന്തര വർത്തക സാമ്രാജ്യമായിരുന്നു മധ്യകാല ചോളാ സാമ്രാജ്യം .
CE എട്ടാം ശതകം മുതൽ പതിമൂന്നാം ശതകം വരെയാണ് മധ്യകാല ചോള സാമ്രാജ്യത്തിന്റെ കാലഘട്ടം . ഇന്നേക്കും ഒരു സഹസ്രാബ്ദം മുൻപ് ഭരിച്ചിരുന്ന രാജരാജ ചോളനും രാജേന്ദ്ര ചോളനായിരുന്നു ചോളചക്രവർത്തിമാരിലെ കരുത്തർ . രാജേന്ദ്രചോളൻ പൂർവ ഇന്ത്യയിലെ ശക്തരായിരുന്ന ഗംഗാ രാജ്യത്തെ യുദ്ധത്തിൽ കീഴ്പ്പെടുത്തി തന്റെ സാമ്രാജ്യത്തിന്റെ അതിര് ദക്ഷിണ ഗംഗാതടം വരെ വ്യാപിപ്പിച്ചു . ആ വിജയത്തിലൂടെ അദ്ദേഹത്തിന് ഗംഗൈകൊണ്ട ചോളൻ എന്ന സ്ഥാനവും ലഭിച്ചു . ഗംഗാതടത്തിലെ സൈനികവിജയത്തിന്റെ പ്രതീകമായാണ് രാജേന്ദ്രചോളൻ പുതിയ തലസ്ഥാനമായ ഗംഗൈകൊണ്ട ചോളപുരം നിർമിച്ചത് .CE 1025 ൽ പൂർത്തിയായ ഗംഗൈകൊണ്ട ചോളപുരമായിരുന്നു പീന്നീട് രണ്ടര നൂറ്റാണ്ട് ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനം .
ഇന്നത്തെ ചെന്നെയുടെ ഏതാണ്ട് 200 കിലോമീറ്റർ തെക്കു മാറിയാണ് ഗംഗൈകൊണ്ട ചോളപുരം .വിശ്വ പ്രസിദ്ധമായ ഗംഗൈകൊണ്ട ചോളപുരം ശിവ ക്ഷേത്രത്തിനു ചുറ്റുമായാണ് ബ്രിഹത്തായ ഗംഗൈകൊണ്ട ചോളപുരത്തിന്റെ നിർമിതി .സാമ്രാജ്യ തസ്ഥാനമായിരുന്ന സമയത്തു അഞ്ചു ചതുരശ്ര കിലോമീറ്റർ വിസ്തൃതമായിരുന്നു ഗംഗൈകൊണ്ട ചോളപുരം .ഇപ്പോൾ അവശേഷിക്കുന്ന ശേഷിപ്പുകൾ തന്നെ ഈ നഗരത്തിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്നുണ്ട് . രാജേന്ദ്ര ചോളന്റെ പുത്രനായ വീരാരാജേന്ദ്ര ചോളൻ പണികഴിപ്പിച്ച കൊട്ടാരത്തിന്റെ പേര് ”ചോള കേരളൻ തീരുമാളികയ്” എന്നായിരുന്നു . വീരാരാജേന്ദ്ര ചോളൻ അന്നത്തെ കേരളത്തിന്റെയും ചക്രവർത്തി ആയിരുന്നു . കേരളവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവത്തിന്റെ സ്മരണക്കാക്കിയിരുന്നിരിക്കാം ചോള കേരളാൻ തീരുമാളികയ് പണികഴിപ്പിക്കപ്പെട്ടത് .
ഒരു പ്ലാൻഡ് സിറ്റി ആയിരുന്നു ഗംഗൈകൊണ്ട ചോളപുരം . കൃത്യമായ ആസൂത്രണത്തോടെയാണ് കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നടപ്പാതകളും ജലാശയങ്ങളും മലിന ജല നിർമാർജന നിര്മിതികളും എല്ലാം പണികഴിപ്പിച്ചിരുന്നത് . ഏതു കടുത്ത വേനലിലും ജല ലഭ്യത ഉറപ്പുവരുത്താൻ അനേകം ജലസംഭരണികളാണ് നഗരത്തിനു ചുറ്റും നിര്മിക്കപ്പെട്ടിരുന്നത് .
ഇന്ന് ഗംഗൈ കൊണ്ട ചോളപുരത്തിന്റെ ശേഷിപ്പുകൾ മാത്രമേയുളൂ . ഗംഗൈകൊണ്ട ചോളപുരം എല്ലാ പ്രൗഢിയോടും കൂടെ ഇന്നും ഒരു വാസ്തുവിസ്മയമായി തലയുയത്തി നിൽക്കുന്നു . ഒരു ക്ഷേത്രം എന്നതിലുപരി ചരിത്ര രേഖകളുടെ ഒരു ശേഖരമാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം .
പതിനാലാം ശതകത്തിൽ ചോള സാമ്രാജ്യംവളരെ ദുർബലമായി . തുടരെ തുടരെ കാര്യ ശേഷിയില്ലാത്ത ഭരണാധിപന്മാർ ഭരണം നടത്തിയത് ചോളരുടെ സൈനിക ശക്തിയെ തളർത്തി . അവസരം മുതലെടുത്തു ഡൽഹി സുൽത്താന്മാരുടെ പാർശ്വവർത്തികൾ ഗംഗൈകൊണ്ട ചോളപുരം ആക്രമിച്ചു . നഗരം പൂർണമായും തെകർക്കപ്പെട്ടില്ലെങ്കിലും അഞ്ഞൂറ് വർഷത്തെ ഉജ്വലമായ ചോള ഭരണത്തിന് തിരശീലവീണു . പീന്നീട് പാണ്ട്യർ ഡൽഹി സുൽത്താന്മാരുടെ സൈന്യങ്ങളെ തുരത്തിയോടിച്ചു ഗംഗൈകൊണ്ട ചോളപുരം വീണ്ടെടുത്തുവെങ്കിലും തങ്ങളുടെ തലസ്ഥാനമായ മധുരയുടെ പ്രാധാന്യം അവർ ഗംഗൈകൊണ്ട ചോളപുരത്തിനു നൽകിയില്ല . അങ്ങിനെ നൂറ്റാണ്ടുകളുടെ പ്രവാഹത്തിൽ ഒരു മഹത്തായ സാമ്രാജ്യ തലസ്ഥാനം ഇന്ന് കാണുന്ന ഗ്രാമമായി ചുരുങ്ങി .