തന്റെ കണ്ണുകളുടെ ചലനംമാത്രം ഉപയോഗിച്ച് പ്രതിവർഷം അമ്പതുകോടി രൂപയുടെ ബിസിനസാണ് ഈ മനുഷ്യൻ ചെയ്യുന്നത്

231

Arun GS 

തന്റെ കണ്ണുകളുടെ ചലനംമാത്രം ഉപയോഗിച്ച് പ്രതിവർഷം അമ്പതുകോടി രൂപയുടെ ബിസിനസാണ് ഈ മനുഷ്യൻ ചെയ്യുന്നത്

ശരീരത്തിലെ പേശികളുടെ ചലനം നഷ്ടപ്പെടുന്ന മോട്ടോർ ന്യൂറോൺ ഡിസീസ് (അമയോട്രോപിക് ലാറ്ററൽ സ്ക്ലീറോസിസ്) എന്ന രോഗമായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചലനം മരവിപ്പിച്ചത്. ഇവിടെയിതാ അതേ രോഗത്തിന് കീഴങ്ങിയ ഒരു മലയാളി കിടക്കയിൽ കിടന്ന് കണ്ണുമാത്രം ചലിപ്പിച്ച് വ്യാപാരലോകത്ത് അദ്ഭുതം സൃഷ്ടിക്കുന്നു.

തിരുവനന്തപുരം കരിമണൽ കോണ്ടൂർ സൈബർ ഗാർഡൻസ് കാസിയ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 63-കാരനായ കെ.എസ്. വിക്രമനാണ് വർഷം അമ്പതുകോടിയുടെ ബിസിനസ് കൈകാര്യംചെയ്യുന്നത്. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട വിക്രമൻ കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് (ഐ ഗെയ്സ് ഡിവൈസ്) വഴി നിർദേശങ്ങൾ നൽകിയാണ് ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. രോഗം ബാധിച്ച് കിടപ്പിലായിട്ടും ബിസിനസ് കാര്യങ്ങളിൽ സജീവമായി ഇടപെട്ട് ഏവർക്കും പ്രചോദനമാകുന്ന ലോകത്തിലെ ഏക ബിസിനസുകാരൻകൂടിയായിരിക്കും വിക്രമൻ എന്ന്്് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു.

അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ശരീരത്തിന്റെ ഈ നിശ്ചലാവസ്ഥയിലും വിക്രമൻ കൈകാര്യംചെയ്യുന്നത്. ബിസിനസ് രംഗത്ത് അവാർഡുകൾ വാരിക്കൂട്ടി കുതിക്കുമ്പോഴാണ് രോഗം വിക്രമനെ വീഴ്ത്തിയത്. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയിടത്തുനിന്ന് മനസ്സിന്റെ ശക്തിയൊന്നുകൊണ്ടുമാത്രം പിന്നീട് ഈ മനുഷ്യൻ മുന്നോട്ടുപോയി. തളരില്ലെന്ന് സ്വയം തീരുമാനിച്ച് അയാൾ ജീവിതത്തോട് പൊരുതി. ഭാര്യയും മക്കളും കൂടെനിന്നപ്പോൾ കിടക്കയിൽക്കിടന്ന് കണ്ണുകൾമാത്രം ഉപയോഗിച്ച് ബിസിനസ് കൈകാര്യംചെയ്ത് കമ്പനിയെ വിജയത്തിൽനിന്ന് വിജയത്തിലേക്ക് നയിക്കുന്നു. പരാജയപ്പെടില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ പിന്നെ ഒരു ശക്തിക്കും അതിനാവില്ലെന്ന് വിക്രമൻ കണ്ണുകൾകൊണ്ട് നമ്മളോട് പറയും.

കൊല്ലം പിറവന്തൂരിൽ കുന്നത്തുവീട്ടിൽ പരേതരായ ശങ്കരന്റെയും ജാനകിയുടെയും മകനായി 1956-ലെ സ്വാതന്ത്ര്യദിനത്തിലാണ് കെ.എസ്. വിക്രമന്റെ ജനനം. സ്കൂൾ പഠനം കേരളത്തിൽ. നാട്ടിൽ ജോലി. ഇതിനിടെ വിനജ വിശ്വംഭരനുമായി വിവാഹം. വിജയശ്രീ, ജയശ്രീ, ശ്രീകാന്ത് മൂന്നുമക്കൾ. 1989-ൽ അമ്മാവനൊപ്പം അജ്മാനിലേക്ക് വിമാനം കയറി. അവിടെ അൽ അലിഫ് പ്രിന്റിങ് പ്രസ് ആരംഭിച്ചു. അത് വലിയ വിജയമായി. ബിസിനസ് കേരളത്തിലേക്ക് വളർത്താൻ വിക്രമന് അതിയായ ആഗ്രഹമായി. ടൂറിസം മേഖലയിലേക്കായിരുന്നു അടുത്ത ചുവടുവെപ്പ്. രണ്ടായിരത്തിൽ മകളുടെ പേരിൽ ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി ആരംഭിച്ചു. ട്രാവൽസ് വൻ ലാഭമായതോടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ജയശ്രീ ട്രാവൽസിനിപ്പോൾ ബ്രാഞ്ചുകളുണ്ട്. കേന്ദ്രസർക്കാർ നൽകുന്ന ദേശീയ ടൂറിസം അവാർഡിൽ ബെസ്റ്റ് ഓവർസീസ് ടൂർ ഓപ്പറേറ്റർ പ്രൈസ് വിന്നർ, ടൂറിസ്റ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റർ ദേശീയ അവാർഡ്, കേരള സർക്കാരിന്റെ ഓവർസീസ് ടൂർ ഓപ്പറേറ്റർ അവാർഡ്, ഗ്ലോബൽ മലയാളി കൗൺസിലിന്റെ എക്സലൻസ് അവാർഡ് തുടങ്ങിയ അവാർഡുകൾ വാരിക്കൂട്ടിയ വിക്രമൻ അറിയപ്പെടുന്ന ബിസിനസുകാരനായി. വിവിൻ ലക്ഷുറി സ്യൂട്സ് പോലുള്ള സ്വപ്നപദ്ധതികൾ ആരംഭിക്കാനിരിക്കെയാണ് 2010 ഡിസംബറിൽ രോഗം ബാധിക്കുന്നത്.

എല്ലുകളെ ബാധിക്കുന്ന ആർത്രൈറ്റിസ് രോഗമാണെന്നായിരുന്നു ആദ്യം സംശയം. അതിനുള്ള ചികിത്സയും തേടി. എന്നാൽ, ശമനമില്ലാത്തതിനാൽ രോഗത്തെക്കുറിച്ച് വിക്രമൻ സ്വയം പഠിക്കാനാരംഭിച്ചു. കംപ്യൂട്ടർ സഹായത്തോടെയായിരുന്നു പഠനം. സംശയം ഒടുവിൽ മോട്ടോർ ന്യൂറോൺ ഡിസീസിലെത്തി. ഡോക്ടറുമായി സംസാരിച്ചപ്പോൾ രോഗം ഉറപ്പിച്ചു. മാംസപേശികളുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുമെന്നതിനാൽ രോഗി സ്ഥിരം കിടപ്പാകും. തലച്ചോറിൽ നിന്നുള്ള നിർദേശങ്ങൾ പേശികളിലേക്ക് എത്തില്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മാത്രം തടസ്സപ്പെടില്ല. ഏവരും തളർന്നുപോകുന്ന നിമിഷം. എന്നാൽ, വിക്രമൻ തളരാൻ തയ്യാറായിരുന്നില്ല. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഇന്റർനെറ്റിൽ തിരയാനാരംഭിച്ചു. അതോടൊപ്പം ഭാവിയിൽ ഉപയോഗിക്കേണ്ടിവരുന്ന സഹായ ഉപകരണങ്ങൾ ആമസോണിൽനിന്ന് വാങ്ങിക്കൂട്ടി. ഇതൊക്കെ എന്തിനാണെന്ന് ചോദിച്ചപ്പോൾ അത് വഴിയേ അറിയാമെന്നായിരുന്നു മകൻ ശ്രീകാന്തിന് ലഭിച്ച മറുപടി.

മോട്ടോർ ന്യൂറോൺ ഡിസീസിന് ചൈനയിൽ ചികിത്സയുണ്ടെന്ന് ഇന്റർനെറ്റിലൂടെ കണ്ടെത്തിയ വിക്രമൻ അങ്ങോട്ടുപോയി. അവിടെ അക്യുപങ്ചർപോലുള്ള ചികിത്സയ്ക്കുശേഷം കേരളത്തിൽ തിരികെയെത്തി. ഇതിനിടെ കൈയുടെ മസിൽ ശരിയാക്കാൻ ഉഴിച്ചിലും നടത്തി. അതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് മകൾ ജയശ്രീ പറയുന്നു. രോഗം മൂർച്ഛിക്കുന്ന അവസ്ഥയായി. അച്ഛൻതന്നെ ഓൺലൈൻവഴി ഓർഡർചെയ്തുവരുത്തിയ വീൽച്ചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. ഇതിനിടെ ശ്വാസമെടുക്കുന്നത് ബുദ്ധിമുട്ടായി. കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള ഉപകരണവും ഘടിപ്പിച്ചു. ബെൽറ്റ് ഉപയോഗിച്ചുള്ള വീൽച്ചെയറും ഉപയോഗിച്ചു. ഓരോ ദിവസവും രോഗം വർധിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെത്തി ചികിത്സതേടുന്നുണ്ടായിരുന്നെങ്കിലും ഗുണപ്രദമായില്ല. ഇതിനിടെയാണ് ശുശ്രൂഷിക്കാനെത്തിയ നഴ്സ് വഴി ടോബി ഡൈനാവോക്സ് ഐ ട്രാക്കിങ് ഡിവൈസിനെക്കുറിച്ച് അറിയുന്നത്. പിന്നെയെല്ലാം വേഗത്തിലായി. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയിടത്തുനിന്ന് വീണ്ടും തിരക്കേറിയ ഔദ്യോഗികജീവിതത്തിലേക്ക്.

വീട്ടിൽ വിക്രമനെ ശുശ്രൂഷിക്കാൻ ഐ.സി.യു.പോലൊരു മുറി സജ്ജീകരിച്ചിട്ടുണ്ട് മക്കളും ഭാര്യയും. കൃത്രിമമായി ശ്വാസമെടുക്കാൻ വി-പാപ് മെഷീനും പൗഡർ ഫുഡും സെമി സോളിഡ് ഭക്ഷണവും നൽകാനുള്ള ഉപകരണങ്ങളും ശരീരവുമായി ഘടിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള കിടക്കയിലാണ് ഐ ട്രാക്കിങ് ഡിവൈസ് ബന്ധിപ്പിച്ചിരിക്കുന്നത്. വിക്രമന്റെ കാഴ്ച ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള ഡിവൈസുമായി സെൻസർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കയാണ്. ഒരു അത്യാധുനിക കംപ്യൂട്ടർതന്നെയാണ് ഈ ഉപകരണം. ഒരാഴ്ചകൊണ്ട് ട്രാക്കിങ് ഡിവൈസ് ഉപയോഗിക്കാൻ വിക്രമൻ പഠിച്ചെടുത്തു. ടൈപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന അക്ഷരത്തിലേക്ക് അരസെക്കൻഡ് നോക്കിയാൽ മതി. അത് സ്വയം െടെപ്പാകും. അങ്ങനെ ടൈപ്പ്ചെയ്യുന്ന വാക്കുകൾ ഡിവൈസുവഴി കേൾക്കാനാകും. മൊബൈലിൽ സംസാരിക്കുകയും ചെയ്യാം. വിക്രമന് ചെവി കേൾക്കാമെന്നതിനാൽ അങ്ങോട്ട് എന്തുവേണമെങ്കിലും പറയാം. ഇങ്ങനെ കിടന്നുകൊണ്ടാണ് സ്വപ്നപദ്ധതിയായ വിവിൻ ലക്ഷുറി സ്യൂട്ട്സ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. ഗായകൻ ജി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചതും വിക്രമൻതന്നെയായിരുന്നു. സ്വന്തം കാരവനിലാണ് പുറത്തേക്ക് യാത്രചെയ്യുന്നത്. എം.എൻ.ഡി. രോഗിക്ക് ബുദ്ധിമുട്ടുണ്ടാകാതെ എങ്ങനെ സഞ്ചരിക്കാനാകും എന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതും കാരവനിന്റെ ഉൾഭാഗം ഡിസൈൻചെയ്തതും വിക്രമൻതന്നെ. എല്ലാം ഇന്റർനെറ്റിൽനിന്ന് സ്വയം പഠിച്ചതാണ്. അതിനിടെ രസകരമായൊരു കാര്യവും മക്കൾ പങ്കുവെച്ചു. രോഗക്കിടക്കയിൽ കിടന്നും വിക്രമൻ ബിസിനസ് കൈകാര്യംചെയ്യുന്നതിന്റെ വീഡിയോ ഉപയോഗിച്ചാണ് ഐ ട്രാക്കിങ് ഡിവൈസ് കമ്പനിയായ ടോബി ഡൈനാവോക്സിന്റെ മാർക്കറ്റിങ് എക്സിക്യുട്ടീവ് ഇപ്പോൾ മറ്റുരോഗികളെ ബിസിനസിനായി സമീപിക്കുന്ന​തെന്ന്!

ഓഫീസ് മേശയിൽ ഒരു ഗ്ലാസ് എടുത്തുമാറ്റാതെയിരുന്നാൽ ആ നിമിഷം വാട്സാപ്പിൽ വിക്രമൻ നായരുടെ സന്ദേശമെത്തുമെന്ന് പറയുന്നു തിരുവനന്തപുരം പാറ്റൂരിലെ വിവിൻ ലക്ഷുറി സ്യൂട്ട്സ് ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ വി. മേനോൻ. അതിഥികളായെത്തുന്നവർക്ക് വെൽകം ഡ്രിങ്ക്സ് എന്തുനൽകണമെന്ന് വരെയുള്ള നിർദേശങ്ങൾപോലും നൽകും. വിവിൻ ലക്ഷുറി സ്യൂട്ട്സും വിക്രമന്റെ മുറിയുമായി സി.സി.ടി.വി. ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ഹോട്ടലിൽ കാര്യങ്ങൾ അതതുസമയത്ത് അറിയാം. അതുപോലെ മൊബൈലും ഈ ഡിവൈസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ കാര്യങ്ങളും വിക്രമൻ സാറുമായി സംസാരിച്ചതിനുശേഷംമാത്രമേ ഉറങ്ങാറുള്ളൂവെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. അതുപോലെ ജയശ്രീ ട്രാവൽസിന്റെ പുതിയ ബിസിനസ് കാര്യങ്ങളും ഈ മേഖലയിലെ മാറ്റങ്ങളും ഇപ്പോൾ ഡയറക്ടർസ്ഥാനത്തുള്ള ജയശ്രീ വിക്രമന് പറഞ്ഞുനൽകും. മലയാളത്തിൽ അയയ്ക്കേണ്ട സന്ദേശങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചും വിക്രമൻ അയക്കും. അജ്മാനിലെ പ്രിന്റിങ് പ്രസ് ഇപ്പോൾ മൂത്തമകൾ വിജയശ്രീ വിക്രമനെയും ഭർത്താവ് സിജു മാധവനെയുമാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും അവസാനവാക്ക് അച്ഛൻതന്നെയെന്ന് അവർ പറയുന്നു. പുതിയ ഏതുമേഖലയിൽ ഇൻവെസ്റ്റ്മെന്റ് നടത്തണമെന്നോ ട്രാവൽസിനായി ഏതുവാഹനം വാങ്ങണമോയെന്ന കാര്യവും അതതുനിമിഷം വിക്രമൻ പറയും.

അമ്മയും അച്ഛനും തമ്മിൽ തല്ലുകൂടും

അച്ഛന്റെ മുറിയിൽ ടി.വി.യുണ്ട്. അമ്മ വിനജയും അച്ഛനും ചേർന്ന് സീരിയലും സിനിമയും കാണും. അമ്മ എഴുന്നേറ്റ് പോകുമ്പോൾ ഡിവൈസിൽ ബന്ധിപ്പിച്ചിട്ടുള്ള റിമോട്ട് ഉപയോഗിച്ച് അച്ഛൻ ചാനൽമാറ്റും. കടുത്ത ക്രിക്കറ്റ് ആരാധകനാണ് അച്ഛൻ. ചാനൽ മാറ്റുന്നതിന്റെ പേരിൽ അച്ഛനും അമ്മയും പോരുകൂടുക പതിവാണെന്നും മക്കൾ പറയുന്നു. എപ്പോഴും ഒരാൾ അടുത്തുവേണമെന്നതിനാൽ അമ്മയോ ആരെങ്കിലുമോ ഉണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഇന്റർനെറ്റിൽ പരതി അതിന് ആവശ്യമുള്ള സാധനങ്ങൾ വിക്രമൻ തനിയേ ആമസോൺവഴി ഓർഡർ ചെയ്യും. പലപ്പോഴും വീട്ടിൽ സാധനങ്ങൾ എത്തുമ്പോഴാണ് കുടുംബാംഗങ്ങൾ അറിയുക.

ടോബി ഡൈനാവോക്സ് ഐ ട്രാക്കിങ് ഉപകരണമാണ് വിക്രമൻ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. കണ്ണിന്റെ ഓരോ ചലനവും ഈ ഉപകരണത്തിലെ സെൻസറുകൾ പിടിച്ചെടുക്കും. ആ ചലനങ്ങൾ വിശകലനംചെയ്ത് വിക്രമൻ ഉദ്ദേശിക്കുന്നതെന്തെന്ന് ഉപകരണം മനസ്സിലാക്കി അക്ഷരങ്ങളും വാക്കുകളുമായി മാറ്റും. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചുള്ള ഈ ഉപകരണം ഒരു കംപ്യൂട്ടർ പോലെയാണ് പ്രവർത്തിക്കുക. ഉദ്ദേശിക്കുന്ന അക്ഷരത്തിലേക്ക് അര സെക്കൻഡ് നോക്കിയാൽ ആ അക്ഷരം സ്ക്രീനിൽ ടൈപ്പ് ചെയ്യും. വാക്കുകളായാൽ അത് വായിച്ചുകേൾപ്പിക്കും. കണ്ണടയോ കോൺടാക്ട് ലെൻസോ ഉപയോഗിച്ചാലും ആശയവിനിമയത്തിന് തടസ്സമാകില്ല. തല അനങ്ങി കണ്ണിന്റെ സ്ഥാനം മാറിയാൽ ഉപകരണം ഏത്രയും വേഗം കണ്ണിന്റെ സ്ഥാനം കണ്ടെത്തും.

ലോകപ്രസിദ്ധമായ ‘ The Diving Bell and the Butterfly’ എന്ന പുസ്തകം മില്യണിലധികം കോപ്പികളാണ് വിറ്റത്. വെറും 132 പേജുകൾ മാത്രമുള്ള പുസ്തകം ‘ ലോക്ഡ്-ഇൻ സിൻഡ്രോം’ ബാധിച്ച ഷോൺ ഡൊമനിക്ക് ബൗബി എന്ന ജേണലിസ്റ്റിന്റെ പ്രത്യാശാഭരിതമായ ഓർമകളാണ്. പുസ്തകത്തെ അധികരിച്ച് പ്രശസ്തമായ സിനിമയും പുറത്തിറങ്ങി.
ഫ്രാൻസിലെ എല്ലി മാഗസിന്റെ എഡിറ്ററായിരുന്നു ഷോൺ ഡൊമനിക്ക് ബൗബി. 1995 ഡിസംബർ 8-ന് അദ്ദേഹം സ്ട്രോക് ബാധിച്ച് കോമയിലായി. 20 ദിവസത്തിനുശേഷം ബൗബി ഉണർന്നു. ശാരീരികമായി തളർന്ന ബൗബിയുടെ മനസ്സും മസ്തിഷ്കവും പക്ഷേ, ഉണർച്ചയിലായിരുന്നു. തലയും ഒരു കണ്ണിന്റെ ഇമയും മാത്രം ചലിപ്പിക്കാം. ഈ അവസ്ഥയിൽ കിടന്നുകൊണ്ടാണ് ബൗബി പുസ്തകം എഴുതിത്തീർത്തത്!

ഇടതുകണ്ണുപയോഗിച്ച് ഓരോ അക്ഷരമായി പെറുക്കിയെടുത്ത് വാക്കുകളുണ്ടാക്കി, വാചകങ്ങളാക്കിയായിരുന്നു രചന. ദിവസം നാല് മണിക്കൂർവീതം എടുത്ത് പത്തുമാസം വേണ്ടിവന്നു പുസ്തകപൂർത്തീകരണത്തിന്. ബൗബിയുടെ കണ്ണിന്റെ ചലനത്തിനനുസരിച്ച് സഹായി അക്ഷരം തിരഞ്ഞെടുക്കും; അത് വാക്കുകളാകും; പിന്നീട് വാചകങ്ങളും. ഓരോ വാചകങ്ങളും താൻ പത്തുതവണയെങ്കിലും ആലോചിച്ചുറപ്പിക്കാറുണ്ട് എന്ന് ബൗബി പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ എഴുതിയിരിക്കുന്നു. ‘ വിശേഷണങ്ങൾ ചേർക്കും, ഞാനെഴുതിയ ഓരോ ഖണ്ഡികയും ഹൃദിസ്ഥമാക്കും.’ പുസ്തകം എഴുതിത്തീർക്കാനായി രണ്ടുലക്ഷം ഇമയനക്കങ്ങൾ ബൗബി നടത്തിയിരുന്നു. 1997 മാർച്ച് 9-ന് പുസ്തകം പൂർത്തിയായി. രണ്ടുദിവസം കഴിഞ്ഞ് ബൗബി മരിച്ചു. ജീവിതനിരാശയിൽപ്പെട്ടവർക്ക് പ്രചോദനമായി ബൗബിയുടെ പുസ്തകം ഇപ്പോഴും ലോകമെങ്ങും വിൽക്കപ്പെടുന്നു; വായിക്കപ്പെടുന്നു.

NB : photo is just for a representational purpose . Courtesy google

Previous articleവർഗീയത വേരൂന്നിയ വഴികൾ
Next articleസിനിമ കാണൽ കൈപൊള്ളുന്ന അനുഭവം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.