ജീ ഡീ കാർ മ്യൂസിയം

സിദ്ദീഖ് പടപ്പിൽ

ഏതെങ്കിലും ഒരു സ്ഥലം സന്ദർശിക്കുകയാണെങ്കില് അവിടത്തെ പ്രധാന ആകർഷണങ്ങൾ എന്തൊക്കെയാണെന്ന് ഗൂഗിളില് തപ്പിനോക്കും. വളരെ ചെറുതും അത്രയൊന്നും അറിയപ്പെടാത്തതുമായ പലതും അതിൽ കാണും. എന്നാല് എന്റെ ഇഷ്ടങ്ങൾ ആ ലിസ്റ്റിലുണ്ടെങ്കിൽ തീർച്ചയായും അത് സന്ദർശിക്കുക തന്നെ ചെയ്യും. കൊച്ചിലേയുള്ള കാർപ്രേമം വയസ്സ് അമ്പതിലെത്തിയിട്ടും ഒരു കുറവും വന്നിട്ടില്ല. വാഹനവുമായി ബന്ധപ്പെട്ട എന്തും ഇഷ്ട വിഷയങ്ങളാണ്. അപ്പോൾ പിന്നെ ഒരു വിന്റജ് മ്യൂസിയം തന്നെ കാണാനുള്ള അവസരം കിട്ടിയാലോ?

      അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്. ജി ഡി നായിഡു എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ വ്യവസായിയുടെ പേരില് ജീ ഡീ നായിഡു ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ജീ ഡീ കാർ മ്യൂസിയം. ഇതേ കോമ്പൗണ്ടില് തന്നെ സയൻസ് മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽല് കോയമ്പത്തൂരിൽ ജീവിച്ചു വളർന്ന ഒരു കടുത്ത ശാസ്ത്ര, വാഹന പ്രേമിയും നിരവധി പുതിയ ആശയങ്ങളുടെ പിതാവ് കൂടിയായിരുന്നു ജി ഡി നായിഡു. ഇന്ത്യയുടെ എഡിസൺ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നായിഡു സ്വന്തമായി നിർമ്മിച്ച കാറും വാങ്ങി കൂട്ടിയ വിദേശ വാഹനങ്ങളുമാണ് മ്യൂസിയത്തിലെ നല്ലൊരു ഭാഗം. കൂടെ മകന്റെ കീഴിലുള്ള ട്രസ്റ്റ് സംഘടിപ്പിച്ച പിൽക്കാല വഹാനങ്ങളും നായിഡുവിന് സമ്മാനമായി ലഭിച്ച വാഹനങ്ങൾ കൂടി ചേർത്ത് 2015 ലാണ് ഇവിടെ ഇങ്ങനെയൊരു മ്യൂസിയം സ്ഥാപിക്കുന്നത്.

കോയമ്പത്തൂർ സിറ്റിയില് അവിനാഷി റോഡിലാണ് ഈ മ്യൂസിയം. റെയിൽവേ സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് രണ്ടര കിലോമീറ്റർ. നടന്നു പോവാനുള്ള ദൂരമായത് കൊണ്ട് നടന്നാണ് ഞാൻ പോയത്. പോവുന്ന വഴിക്ക് കണ്ട ഒരു പരമ്പരാഗത തമിഴ് റെസ്റ്റോറന്റില് നിന്ന് ഉച്ച ഭക്ഷണം കഴിക്കാന് കയറിയത് ഇടയ്ക്കൊരു റെസ്റ്റുമായി.
1886 ല് ബെൻസ് നിർമ്മിച്ച ബെൻസ് മോട്ടോർ വാഗൻ എന്ന 1 bhp ട്രൈ കാർ മുതൽ മിനി, ഫിയറ്റ്, റോൾസ് റോയ്സ്, സിട്രൺ, പ്യൂഷേ വരെ ആദ്യ കാല കാറുകളുടെ നിരവധി കളക്ഷനുകൾ ഇവിടെയുണ്ട്. ഫോക്സ് വാഗന്റെ 1972 മോഡൽ കോമ്പിറ്റ് വാൻ, ഹനോമാഗ്, ആദ്യ കാല ക്യാമ്പിങ് വാൻ, ബീഎമ്മിന്റെതടക്കം പല അപൂർവ മോഡലുകളും ഇവിടെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. പ്രമുഖ തമിഴ് സാമൂഹ്യ പരിഷ്കർത്താവ്‌ പെരിയാർ ഇ വി രാമസ്വാമി ഉപയോഗിച്ചിരുന്ന ഷെവർലെ പ്ലാറ്റ്ഫോമിലെ ബസിന് കാരവൻ ബോഡി നൽകി പരിഷ്കരിച്ച വാഹനവും ഇവിടെയുണ്ട്. പെരിയാർ, തന്റെ ആത്മ സുഹൃത്തായ ജീ ഡി നായിഡുവിന് സമ്മാനിച്ചതാണ് ഈ കാരവൻ.

120 ലധികം വിന്റേജ് വാഹനങ്ങൾ നല്ല വൃത്തിയിൽ പരിപാലിച്ചു സൂക്ഷിക്കുന്നുണ്ട്. ആദ്യം ഭൂഗർഭ നിലയിലാണ് കയറി പോകേണ്ടത്. അവിടത്തെ കാഴ്ച്ചകൾക്ക് ശേഷം മുകൾ നിലയിലും നിരവധി വാഹനങ്ങൾ ക്രമീകരിച്ചു വെച്ചിട്ടുണ്ട്. മുകൾ നിലയിൽ ഇന്ത്യയിൽ മുമ്പുണ്ടായിരുന്നത് അധികം ക്ലച്ച് പിടിക്കാത്തതുമായ വാഹനങ്ങളുടെ നീണ്ട നിരതന്നെ ഒരുക്കിയിട്ടുണ്ട്. പുതിയ സെൻട്രൽ എയർ കണ്ടീഷൻണ്ട് കെട്ടിടമായത് കൊണ്ട് എത്ര നേരമെങ്കിലും അവിടെ ചിലവഴിക്കാം. ഫോട്ടോ പിടിത്തവും വീഡിയോയും അനുവദിക്കുന്നു. നിശബ്ദത പാലിക്കണമെന്ന നിയമമുള്ളത് കൊണ്ട് ലൈവ് വ്ലോഗ് അനുവദിക്കില്ല.

ഒരു ശരാശരി വാഹന പ്രേമികളെ പോലും അതിശയിപ്പിക്കുന്ന ശേഖരം ഇവിടെയുണ്ട്. നിങ്ങളൊരു വാഹന പ്രേമിയാണെങ്കില് തീർച്ചയായും കാണേണ്ടയിടം തന്നെയാണ് ജീ ഡീ കാർ മ്യൂസിയം.
സമയം : രാവിലെ 9 മുതൽ 6.30 വരെ – തിങ്കളാഴ്ച്ച അവധി – ടിക്കറ്റ് : 125 രൂപ – സന്ദർശിക്കാൻ വേണ്ട സമയം : കുറഞ്ഞത് 2 മണിക്കൂർ. എന്നാല് ഒരു വണ്ടിഭ്രാന്തന് ദിവസത്തെ 9 മണിക്കൂർ പോലും കുറവാണ്.

You May Also Like

പലതരം ചിരികൾ

ചിരിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധയൊക്കെ വേണം. ചിലപ്പോള്‍ ചിരി വലിയ യുദ്ധങ്ങള്‍ക്ക് പോലും വഴിവച്ചേക്കാം. പാഞ്ചാലിയുടെ ഒറ്റ ചിരി ആയിരുന്നില്ലേ മഹാഭാര യുദ്ധത്തിന് തന്നെ വഴിവച്ചത്

പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനം ആയതിനാല്‍ ആവാം നമുക്ക് ഇവ പൗരുഷത്തിന്റെ പ്രതീകമായി പായുന്നത്

ഇന്ന് ലോകത്ത് അമ്പതു രാജ്യങ്ങളില്‍ ഇവയുടെ വില്‍പ്പന നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് ആണ് റോയല്‍ എന്ഫീൽഡ് ബുള്ളറ്റ് ആവട്ടെ ഏറ്റവും അധികം കാലം നിര്‍മാണം തുടര്‍ന്ന മോഡല്‍ എന്ന റെക്കോഡും വഹിക്കുന്നു.

നാലു ദിവസം കരയ്ക്കു പിടിച്ചിട്ടാലും മരിക്കാത്ത മത്സ്യം ഏതാണ് ?

മധ്യകേരളത്തിൽ കറൂപ്പ് എന്നും കുട്ടനാട്ടിൽ കരട്ടി അഥവാ ചെമ്പല്ലി എന്നും വിളിക്കുന്നു. ബംഗ്ലാദേശ്, വിയറ്റ്നാം വഴി കേരളത്തിലെത്തിയ അനാബസ് വളർത്തു മത്സ്യങ്ങളിലെ താരവുമാണ്

നായ്‍ക്കള്‍ക്ക് ശൗചാലയം ഒരുക്കിയിട്ടുള്ള ആദ്യ വിമാനത്താവളം എവിടെയാണ് ?

നായ്‍ക്കൾക്ക് സമ്മർദ്ദം കുറയ്‍ക്കുന്നതിനും ,ഉടമസ്ഥർക്ക് നായ്‍ക്കളുടെ ‘ശങ്ക’ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കാൻ കാരണം