ഫെബ്രുവരി 17: കാത്തോലിക്കാ സഭ ജീവനോടെ ചുട്ടെരിച്ച ശാസ്ത്രജ്ഞൻ, ജിയോർഡാനോ ബ്രൂണോയുടെ രക്തസാക്ഷിത്വദിനം

0
1514
ഫെബ്രുവരി 17: കാത്തോലിക്കാ സഭ ജീവനോടെ ചുട്ടെരിച്ച ശാസ്ത്രജ്ഞൻ, ജിയോർഡാനോ ബ്രൂണോയുടെ രക്തസാക്ഷിത്വദിനം. സ്‌നേഹത്തിന്റെ മതക്കാർ ബൈബിളിലെ പ്രപഞ്ച കല്പനകൾക്ക് വിരുദ്ധമായ ശാസ്ത്രസത്യങ്ങൾ കണ്ടെത്തിയതിന് മതവിചാരണ നടത്തി കൊന്നൊടുക്കിയ ശാസ്ത്രജ്ഞമാരിൽ ഒരാളാണ് ബ്രൂണോ.സ്വതന്ത്രചിന്തയും ക്ഷോഭിക്കുന്നയുവത്വവും ഉണ്ടായിരുന്ന ദാർശനികനും കവിയും തത്വചിന്തകനും ശാസ്ത്രജ്ഞനുമായിരുന്നു ജിയോർഡാനോ ബ്രൂണോ.
ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ബ്രൂണോ പ്രസംഗകലയിൽ അതിവിദഗ്ദ്ധൻ ആയിരുന്നു. ഡൊമിനിക്കൻ സഭയിലും ഇംഗ്ലീഷ് കവിയായ ഫിലിപ്പ് സിഡ്നിയുടെ സാഹിത്യവൃത്തത്തിലും അംഗമായിരുന്നു.
ഭൂമിയെയല്ല സൂര്യനെയാണ് ഗ്രഹങ്ങൾ ചുറ്റുന്നതെന്ന കോപ്പർനിക്കസിന്റെ പ്രപഞ്ചവീക്ഷണതിനും അപ്പുറം തന്റേതായ കാഴ്ചപ്പാടുകളും അദ്ദേഹം അവതരിപ്പിച്ചു. സൂര്യൻ എന്നത് ഒരു നക്ഷത്രം ആണെന്നും ഭൂമി കൂടാതെ ബുദ്ധിയുള്ള ജീവികൾ ഉണ്ടായേക്കാവുന്ന ഒട്ടേറെ ‘ഭൂമി’കൾ പ്രപഞ്ചത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പരികല്പന ചെയ്തു. ഈ സിദ്ധാന്തങ്ങൾ സഭയെ അദ്ദേഹത്തിന്റെ ശത്രു ആക്കി മാറ്റി.1592-ൽ മതകല്പനകൾക്കെതിരെ പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു.
ഏഴുകൊല്ലം നീണ്ട വിചാരണക്കാലത്ത് ബ്രൂണോ ഏകാന്തതടവിൽ ആയിരുന്നു, ഒടുവിലത്തെ കാലത്ത് നോണ ടവറിലും. വിചാരണയെക്കുറിച്ചുള്ള പല പ്രധാന രേഖകളും നഷ്ടമായെങ്കിലും ചിലത് 1940 -ൽ വീണ്ടെടുക്കാൻ കഴിഞ്ഞു. തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു. ദൈവദോഷവും, അസന്മാർഗ്ഗികതയും, ക്രൈസ്തവവിശ്വാസത്തിന് എതിരെ നിന്നതുമെല്ലാമാണ് പ്രധാന ആരോപണങ്ങൾ.
1600 ജനുവരി 20 -ന് ക്ലെമന്റ് മാർപ്പാപ്പ ഏഴാമൻ ബ്രൂണോയ്ക്ക് വധശിക്ഷ വിധിച്ചു.
തന്നെ വിധിച്ച ആളോട് ബ്രൂണൊ പറഞ്ഞത്: “ഇത് കേൾക്കുമ്പോൾ എനിക്ക് ഉള്ള ഭയത്തേക്കാൾ ഭയത്തോടെയാണ് നിങ്ങൾ ഈ ശിക്ഷ വിധിക്കുന്നത് ” എന്നാണ്. വിധിയനുസരിച്ച് അദ്ദേഹത്തെ റോമിലെ കാമ്പോ ദെയ് ഫിയോറി എന്ന നഗരചത്വരത്തിൽ ഒരുക്കിയ തീകുണ്ഠത്തിൽ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു.
ആഷ് വെനസ്ഡെ സപ്പർ, ഓൺ ദ ഇൻഫിനിറ്റ് യൂണിവേഴ്സ് ആൻഡ് വേൾഡ്സ്, ഓൺ ദ കോസ്, പ്രിൻസിപ്പിൾ ആൻഡ് യൂണിറ്റി എന്നീ കൃതികൾ ബ്രൂണോ രചിച്ചതാണ്. 19-ാം നൂറ്റാണ്ടിൽ ആ ബലിസ്ഥാനത്ത് ബ്രൂണോയുടെ പ്രതിമ സ്ഥാപിച്ച് ഇറ്റലി കടം വീട്ടി.
400 വർഷത്തിനു ശേഷം പോപ്പ് ജോൺ പോൾ രണ്ടാമൻ കത്തോലിക്ക സഭ നടത്തിയ ആ നരഹത്യയിൽ ‘ഗാഢമായ ദുഃഖം’ പ്രകടിപ്പിച്ചു. ചരിത്രത്തോടുള്ള കുറ്റസമ്മതമായിരുന്നു അത്.

(കടപ്പാട്)

Advertisements