ഗൊബെക്ലി ടെപെ എന്ന കടങ്കഥ

തോമസ് ചാലാമനമേൽ

തെക്കു കിഴക്കേ തുർക്കിയിലെ സാൻലിയുർഫ പട്ടണം. ഇവിടെനിന്നും ഏതാണ്ട് 12 കിലോമീറ്ററുകൾ അകലെയുള്ള ഗൊബെക്ലി ടെപെ എന്ന മലമ്പ്രദേശത്ത് 1994 ഒക്ടോബർ മാസത്തിൽ തൻ്റെ കൃഷിയിടം ഒരുക്കിക്കൊണ്ടിരിക്കേ സവാക് യിൽദിസ് (Savak Yildiz) എന്ന കർഷകൻ മണ്ണിൽ നിന്നും ഒരു പ്രത്യേക രീതിയിൽ ഉയർന്നു നിൽക്കുന്ന ഒരു പാറ കണ്ടു. അത് എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ചുറ്റുമുള്ള മണ്ണ് മാറ്റി നോക്കിയ അദ്ദേഹത്തിന് കൂടുതൽ ആഴത്തിലേക്കു പോകുന്ന ഒരു ചുണ്ണാമ്പുകൽ പാറയുടെ അഗ്രമാണ് അതെന്നു മനസ്സിലായി. തൻ്റെ കൃഷിയിടത്തിൽ കണ്ട അസാധാരണമായ പാറ എന്താണെന്നറിയാൻ അദ്ദേഹം അടുത്തുള്ള പുരാവസ്തുഗവേഷണകേന്ദ്രത്തെ സമീപിച്ചു. അവരാണ്, ഇസ്‌താംബുള്ളിലെ ജർമ്മൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റൂട്ടിലെ ക്ലൗസ് സ്മിറ്റിനെ (Klaus Schmidt) ഇതെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നത്. കൂടുതൽ കണ്ടെത്തലുകൾക്കായി അദ്ദേഹത്തിൻ്റെ ടീം ആ പ്രദേശത്ത്‌ ഖനനം തുടങ്ങി.

 അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു പിന്നീടുള്ള നാളുകളിൽ ഗവേഷകരെ കാത്തിരുന്നത്. കൂടുതൽ ആഴങ്ങളിലേക്കു ഖനനം നടത്തിയപ്പോൾ അവരെ ആദ്യം വരവേറ്റത് ഇംഗ്ലീഷിലെ T ആകൃതിയിലുള്ള ഒരു കൂറ്റൻ പറയായിരുന്നു. ആ പാറയുടെ ചുവട്ടിലേക്ക് കുഴിച്ചു ചെന്നപ്പോൾ ആ പാറയ്ക്കു ചുറ്റും ചെറു കല്ലുകളിൽ തീർത്തിരുന്ന വൃത്താകൃതിയിലുള്ള കൽഭിത്തി. ആ വൃത്തത്തിനുള്ളിൽ ചുണ്ണാമ്പുകല്ലിൽ തീർത്ത മുഖാഭിമുഖമായി നിൽക്കുന്ന T ആകൃതിയിലുള്ള അസാധാരണ വലുപ്പമുള്ള രണ്ടു ശിലകൾ. ഇങ്ങനെയുള്ള ഓരോ ശിലയിലും മൃഗങ്ങളുടെയും, പക്ഷികളുടെയും, ചെറു പ്രാണികളുടെയും രൂപങ്ങളും ഇനിയും വ്യാഖ്യാനിക്കാൻ കഴിയാത്ത ചിഹ്നങ്ങളും കൊത്തിവച്ചിരിക്കുന്നു. ഈ T ആകൃതിയിലുള്ള ഓരോ ശിലയുടെയും ഭാരം ഏകദേശം 20 മുതൽ 50 ടണ്ണോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുപോലുള്ള ആറെണ്ണമാണ് കഴിഞ്ഞ 25 വർഷത്തിലേറെയുള്ള ഖനനം കൊണ്ട് ഗൊബെക്ലി ടെപെ എന്ന ഈ കുന്നിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്.

പുരാവസ്തു ഗവേഷകരുടെ കണക്കനുസരിച്ച് 50 പുരുഷന്മാരുടെ ഒരു സംഘത്തിന് വളരെ നാളത്തെ അദ്ധ്വാനം കൊണ്ടു മാത്രമേ അടുത്തുള്ള ചുണ്ണാമ്പുകൽ ഖനിയിൽ നിന്നും ഈ മലമുകളിലേക്ക് T ആകൃതിയിലുള്ള ഒരു പാറ കൊണ്ടുവരാൻ പറ്റൂ. കൂടാതെ, ഓരോ തൂണിലുമുള്ള കൊത്തുപണികൾക്കു പിന്നെയും അനേകം മണിക്കൂറുകൾ വേണ്ടിവരും. അങ്ങനെ നോക്കുമ്പോൾ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ആകെ 6 നിർമ്മിതികൾ പൂർത്തിയാക്കാൻതന്നെ അനേക വർഷങ്ങൾ വരെ വേണ്ടിവന്നിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ആഴങ്ങൾ പരിശോധിക്കുന്ന റഡാർ സ്കാനിങ് (ground-penetrating radar) പ്രകാരം, ഇനിയും ഇത്തരം നൂറുകണക്കിനു വലിയ തൂണുകൾ ഉൾപ്പെടുന്ന നിർമ്മിതികൾ ഇവിടെ മണ്ണിൽ മൂടപ്പെട്ടു കിടപ്പുണ്ട്. ഇത് ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ചിനെക്കാൾ അൻപത് ഇരട്ടിയോളം വരുമത്രെ. അപ്പോൾ എത്രയോ വർഷങ്ങളുടെ മനുഷ്യാദ്ധ്വാനമായിരിക്കാം ഇതിനുവേണ്ടി ചിലവഴിച്ചിട്ടുണ്ടാകുക…?.

ഗവേഷകരുടെ അടുത്ത അന്വേഷണം ഇത്ര ബൃഹത്തായ ഒരു നിർമ്മിതി ആദിമമനുഷ്യൻ എന്തിനുവേണ്ടി നടത്തി എന്നതായിരുന്നു. മനുഷ്യൻ സമൂഹമായി അധിവസിച്ചിരുന്ന ഒരിടമേ അല്ലായിരുന്നു ഇതെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. ഇതിനു സമീപം മനുഷ്യൻ നട്ടുവളർത്തിയതെന്നു കരുതുന്ന തോട്ടങ്ങളോ, കൃഷി ചെയ്തിരുന്ന ഇടങ്ങളോ ഒന്നുമില്ല. ഇതൊരു ശ്മശാന ഭൂമിയാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും, അതിൻ്റെതായ യാതൊരു തെളിവുകളും പക്ഷെ, കണ്ടെത്താനായില്ല. ആകെ കണ്ടെത്താനായത് വന്യമൃഗങ്ങളുടെ എല്ലുകൾ മാത്രം. മനുഷ്യൻ്റെ ഏറ്റവും ആദ്യത്തെ ക്ഷേത്രമായിരിക്കാം ഇതെന്ന് ചില വിദഗ്ദർ അവകാശപ്പെടുന്നുണ്ടെങ്കിലും അതിൻ്റെതായ എന്തെങ്കിലും സൂചനകളോ, ബലിപീഠത്തിൻ്റെയോ, ബലിമൃഗങ്ങളുടെയോ അവശിഷ്ടങ്ങളോ ഒന്നും കണ്ടെത്തിയിട്ടുമില്ല.

പുരാതനകാലത്തെ ഒരു വാനനിരീക്ഷണകേന്ദ്രമായിരുന്നു ഇതെന്ന നിഗമനത്തിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള പുരാവസ്തു-ജ്യോതിശാസ്ത്രജ്ഞനായ ജൂലിയോ മാഗ്ലി (Giulio Magli). കമ്പ്യൂട്ടർ സിമുലേഷൻ ഉപയോഗിച്ച് ഗൊബെക്ലി ടെപെ പണിത കാലത്തെ ആകാശത്തെ പുനഃരാവിഷ്ക്കരിച്ച ജൂലിയോ മാഗ്ലിയുടെ അഭിപ്രായത്തിൽ കാനിസ് മേജർ എന്ന നക്ഷത്രസമൂഹത്തിലെ സിരിയസ് നക്ഷത്രത്തെ നിരീക്ഷിക്കാനുള്ള കേന്ദ്രമായിരുന്നു ഗൊബെക്ലി ടെപെയിലെ നിർമ്മിതി. 2013 ആഗസ്റ്റ് 14-നു പ്രസിദ്ധീകരിച്ച ന്യൂ സയൻറ്റിസ്റ്റ് (New Scientist) മാഗസിനിൽ ഇതേക്കുറിച്ച് അദ്ദേഹം വിശദമായി പ്രദിപാദിക്കുന്നുണ്ട്.

ഗൊബെക്ലി ടെപെയെ ഇന്നും ഒരു കടങ്കഥയാക്കി നിർത്തുന്നത് അതൊന്നുമല്ല. ഗൊബെക്ലി ടെപെയുടെ കാലഗണന നിർണ്ണയിക്കാൻ നടത്തിയ കാർബൺ ഡേറ്റിങ്ങിൻ്റെ ഫലമാണ് ഗവേഷകരെ അമ്പരപ്പിച്ചത്, പന്തീരായിരം വർഷങ്ങൾക്കു മുൻപ്, കൃത്യമായിപ്പറഞ്ഞാൽ 11,600 വർഷങ്ങൾക്കു മുൻപാണ് ഗൊബെക്ലി ടെപെ നിർമ്മിക്കപ്പെട്ടത്… 4500 വർഷം പഴക്കമുള്ള ഈജിപ്തിലെ പിരമിഡിനും, 5000 വർഷം പഴക്കമുള്ള ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ചിനും, 7000 വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും ആദ്യത്തെ വാനനിരീക്ഷണകേന്ദ്രമെന്നറിയപ്പെടുന്ന തെക്കൻ ഈജിപ്തിലെ നുബിയൻ മരുഭൂമിയിലെ നാബ്റ്റാ പ്ലെയ എന്ന നിർമ്മിതിക്കും ആയിരക്കണക്കിനു വര്ഷങ്ങൾക്കും മുന്നേ നിർമ്മിക്കപ്പെട്ട ഒന്നാണ് ഗോബെക്ലി ടെപെ.

ഇവിടെ കടങ്കഥ എന്താണെന്നല്ലേ…? ഇന്നു നമ്മുടെ പാഠപുസ്തകങ്ങളിൽ നമ്മൾ പഠിക്കുന്നത് ഏതാണ്ട് അയ്യായിരം-ആറായിരം വർഷങ്ങൾക്കു മുൻപ് സംഭവിച്ച നവശിലായുഗ പരിവര്‍ത്തനമാണ് വേട്ടയാടി നടന്ന മനുഷ്യനെ കൃഷി ചെയ്യാനും, സമൂഹമായി ഒരുമിച്ചു ജീവിക്കാനും ശീലിപ്പിച്ചത് എന്നാണ്. മതങ്ങളും, ശാസ്ത്രവും, കലയുമെല്ലാം വികസിച്ചു വന്നത് ഈയൊരു കാലഘട്ടത്തിലാണെന്നാണ് ആധുനീക നിഗമനം. അപ്പോൾ നവശിലായുഗ കാലഘട്ടത്തെക്കാൾ ഏഴായിരം വർഷങ്ങളോളം മുൻപുള്ള മനുഷ്യൻ ഇത്തരമൊരു സങ്കീർണ്ണമായ നിർമ്മിതി നടത്തി എന്നു പറയുമ്പോൾ എങ്ങനെയാണു നമുക്കത് വിശ്വസിക്കാനാവുക? അതുകൊണ്ടുതന്നെയാണ്, മനുഷ്യചരിത്രത്തിൽ നിന്നും പ്രധാനപ്പെട്ട ഏതാനും അധ്യായങ്ങൾ നമുക്ക് നഷ്ടമായിട്ടുണ്ട് എന്ന് കരുതേണ്ടി വരുന്നത്. ലോകവ്യാപകമായ ഒരു അത്യാപത്ത് ആയിരിക്കാം ആ അധ്യായങ്ങളെ എന്നേക്കുമായി നശിപ്പിച്ചുകളഞ്ഞത്. എന്നാൽ, ഗോബെക്ലി ടെപെ പോലുള്ള നിർമ്മിതികൾ അതിൻ്റെ തിരുശേഷിപ്പുകളായി ഇന്നും ഇവിടെ നിലനിൽക്കുന്നു.

You May Also Like

വിജിത റൊഹാന വിജെമുനി ഡിസിൽവ, പേര് പരിചയമില്ല അല്ലെ ? എന്നാൽ ഇയാൾ നടത്തിയ ഒരു കൊലപാതകശ്രമം ആരും മറക്കില്ല

ആ കൊലപാതക ശ്രമത്തിന്റെ മുപ്പത്തിനാലാം വാർഷികമാണിന്ന് (ജൂലൈ 30 ). വിജിതയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് പ്രിയ സുഹൃത്ത് അനൂപ് കുമ്പനാടിൽ Anoop Varghese നിന്നുമാണ്, അവർ തമ്മിൽ പലതവണ ഫോണിൽ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ കുറച്ചു പഴയതാണ്…

20ലക്ഷം മനുഷ്യരെ കൊന്ന് തളളിയ ലോകത്തെ ഏറ്റവും വലിയ കൊള്ളസംഘം, ഇന്ത്യയിലെ തഗ്ഗുകൾ

തസ്കര വീരൻമാരായ റോബിൻഹുഡിനേയും, കായംകുളം കൊച്ചുണ്ണിയേയും നായക പരിവേഷം നൽകി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ സമാനതകളില്ലാത്ത

വേട്ടുവൻ കോവിൽ അഥവാ ‘കൊലയാളിയുടെ ക്ഷേത്രം’

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമായ കലുഗുമലയിലെ വേട്ടുവൻ കോവിൽ ഹിന്ദു…