ഗോസിപ്പുകൾ…! അത് സിനിമയിലേയും രാഷ്ട്രീയത്തിലേയും മനുഷ്യസാമൂഹ്യ ജീവിതത്തിൻ്റെയും ഭാഗം തന്നെയാണ്.
ഗോസിപ്പ് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? അത് നിങ്ങളെ വേദനിപ്പിക്കാറുണ്ടോ ? അറിയാം പരദൂഷണത്തിന്റെ മനശാസ്ത്രം.
“അവരില് ചില കൊള്ളാവുന്ന ചെറുപ്പക്കാര് രംഗത്ത് വന്നിട്ടുണ്ട്. ആളുകള്ക്ക് അവരോട് വല്യ മതിപ്പാ. ആ മതിപ്പ് പൊളിക്കുകയാണ് നമ്മള് ചെയ്യേണ്ടത്. ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകേസിലോ ഗർഭകേസിലോ അവരെ പിടിച്ചു നാറ്റിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ജനങ്ങൾ അവരെ കാർക്കിച്ചു തുപ്പുന്ന ഒരു പരിതസ്ഥിതിയിൽ എത്തിച്ചാൽ നമ്മൾ ജയിച്ചു.”
1991ല് പുറത്തിറങ്ങിയ സന്ദേശം എന്ന ചിത്രത്തിലെ സംഭാഷണമാണ് ഇത്. ഒരു രാഷ്ട്രീയ പാര്ട്ടിയുടെ താത്വികാചാര്യനായ കുമാരപിള്ള എതിരാളികളെ തളര്ത്താന് അണികൾക്ക് പറഞ്ഞുകൊടുക്കുന്ന പാഠം.
ഒന്ന് കണ്ണോടിച്ചാല് ചുറ്റിനും കാണാം ഇതുപോലുള്ള കുറെയേറെ കുമാരപിള്ളമാരെ. ഇല്ലാക്കഥകളും ഗോസിപ്പുകളും പറഞ്ഞു പരത്തി മറ്റുള്ളവരുടെ ജീവിതത്തിന് കേടുപാടുണ്ടാക്കി ആനന്ദിക്കുന്നവർ. ചിലർ പരദൂഷണം അഥവാ ഗോസിപ്പ് നിത്യജീവിതത്തിൻ്റെ ഭാഗമാക്കുമ്പോൾ പരിക്കേൽക്കുന്നത് അതിന് ഇരയാവുന്നവരുടെ മാനസികാരോഗ്യത്തിനാണ്. അറിഞ്ഞിരിക്കാം ഗോസിപ്പുകളുടെ മനശാസ്ത്രം.
🔶 എന്താണ് ഗോസിപ്പ് ?
(ഡോക്ടർ എസ് ഗിരിജ, ബിഹേവിയറൽ കൺസൾട്ടൻ്റ്)
കൂട്ടത്തില് ഹാജരാകാത്ത ഒരു മൂന്നാം കക്ഷിയെക്കുറിച്ച് പങ്കിടുന്ന വിവരമാണ് ഗോസിപ്പ്. ഒരു വ്യക്തിയുടെ രൂപം, നേട്ടങ്ങള്, അല്ലെങ്കില് പെരുമാറ്റം എന്നിവയുടെ പ്രതിലോമകരമായ (നെഗറ്റീവ്) വശങ്ങളെ കേന്ദ്രീകരിച്ചാണ് ഗോസിപ്പ് സാധാരണയായി പ്രവര്ത്തിക്കുന്നത്. ഡോ. എറിക് ബേണ് ആവിഷ്‌ക്കരിച്ച മനഃശാസ്ത്ര ശാഖയായ ട്രാന്സാക്ഷണല് അനാലിസിസ് (TA) പ്രകാരം ആളുകള് പരസ്പരം ആശയങ്ങള് കൈമാറുന്നത് അംഗീകാരം കിട്ടാനാണ്. മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള് ഉണ്ടെന്ന ഒരു തോന്നല് നല്കുക വഴി ഗോസ്സിപ് ചെയ്യുന്നവര് ഇങ്ങനെ അംഗീകാരം നേടിയെടുക്കാന് ശ്രമിക്കുന്നു. ഇതിനെ സ്‌ട്രോക്‌സ് (strokes) എന്ന് വിളിക്കുന്നു. ചെറുപ്പകാലത്ത് കൂടുതല് നെഗറ്റീവ് സ്‌ട്രോക്കുകള് ലഭിച്ചിട്ടുള്ള വ്യക്തികള് ആണ് പൊതുവെ ഗോസിപ്പുകളുടെ പുറകെ പോയി മറ്റുള്ളവരുടെ നന്മകളെ കണ്ടില്ലെന്നു നടിക്കുന്നത്. നെഗറ്റീവ് ആയ കാര്യങ്ങളോട് കൂടുതല് അടുപ്പം മനുഷ്യ മനസ്സിനുണ്ട് എന്നതിനാല് ഗോസിപ്പുകാരുടെ ചുറ്റും എപ്പോഴും ആളുകള് ഉണ്ടാകാറുണ്ട്. കൂടാതെ, മറ്റ് ആളുകളെക്കുറിച്ചും അവരുടെ അബദ്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഒരു വ്യക്തിക്ക് ആശ്വാസം നല്കുന്നു. അവന് അല്ലെങ്കില് അവള് സമാന ‘ദുരന്തങ്ങള്‘ അനുഭവിക്കുന്നില്ലല്ലോ എന്ന ആശ്വാസമായും അതിനെ കാണാം.
ജീവിതത്തിലെ സമയം ചിലവഴിക്കാന് നാമോരോരുത്തരും കണ്ടെത്തുന്ന മാര്ഗങ്ങള് പലതാണ്. അതില് ഒന്നാണ് പാസ്‌ടൈം(pastime ). ജോലിയേക്കാള് ആസ്വദിച്ചു കൊണ്ട് പതിവായി ചെയ്യുന്ന ഒരു പ്രവര്ത്തനം. ഹോബി ഇതൊക്കെ അതില് ഉള്പ്പെടും. കൂടുതല് പാസ്‌ടൈം ഉണ്ടാവുക എന്നതാണ് ഗോസ്സിപ്പിന് മറ്റൊരു കാരണം. ഗോസിപ്പുകളില് നിന്ന് മോചനം നേടാന് അത് പറയുന്നതില് നിന്നും കേള്ക്കുന്നതില് നിന്നും കൃത്യമായ അകലം പാലിക്കുക തന്നെ വേണം. ചുറ്റുമുള്ള നന്മകളെ ബോധപൂര്വം തിരഞ്ഞു കണ്ടുപിടിച്ച് അഭിനന്ദിക്കാന് കിട്ടുന്ന അവസരങ്ങള് പാഴാക്കാതിരിക്കുക. നല്ലതു ചെയ്യുമ്പോള് അംഗീകാരം സ്വീകരിക്കാനും, ചിലപ്പോളൊക്കെ അവ ചോദിച്ചു വാങ്ങുവാനും ശ്രമിക്കുന്നത് നല്ലതാണ്.
🔶 ഗോസിപ്പുകളെ എങ്ങനെ നേരിടാം?
(ഡോ. നയന സുധാകര്, സൈക്യാട്രിസ്റ്റ്, പി. എച്ച്. സി, പ്രമാടം.)
വളരെ പെട്ടെന്ന് പ്രചരിക്കുന്ന ഒന്നാണ് ഗോസിപ്പുകള്. അവ ഒരുപക്ഷേ, വേദനിപ്പിച്ചേക്കാം. കേള്ക്കേണ്ടിവരുന്ന ഗോസിപ്പുകള് നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല് അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്നത് നമ്മുടെ നിയന്ത്രണത്തിലാണ്. അവഗണിക്കുകയോ ചിരിച്ചുതള്ളുകയോ ചെയ്യാം. മാങ്ങ ഉള്ള മാവിലേ കല്ലെറിയൂ എന്ന് പറയുന്നതുപോലെ നിങ്ങള് പ്രധാനപ്പെട്ട ആളായതുകൊണ്ടാണ് നിങ്ങളെപ്പറ്റി ഗോസിപ്പുകള് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കി കിട്ടുന്ന ശ്രദ്ധ ആസ്വദിക്കാന് ശ്രമിക്കുക. നിങ്ങള് അതില് വേദനിക്കുന്നില്ല എന്നുകണ്ടാല് അത് ഉണ്ടാക്കിയ വ്യക്തി പിന്നീട് അതിന് മുതിരാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങള് എന്താണോ ചെയ്യുന്നത് അതില് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുക. അവരവരെപ്പറ്റി ഗോസിപ്പുകള് കേള്ക്കേണ്ടി വരുമ്പോള് ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടാകാം. എന്നാല് പുറത്തു നിന്ന് ആ സന്ദര്ഭത്തെ കാണാന് ശ്രമിച്ചു നോക്കൂ. ശ്വസനക്രിയയും വ്യായാമവും ഗുണം ചെയ്യും. അതേ കാര്യത്തെപ്പറ്റി ചിന്തിച്ചിരിക്കാതെ ഇഷ്ടമുള്ള മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിച്ചുവിടാം. ഗോസിപ്പുകള് ജോലിയേയോ പഠനത്തേയോ കുടുംബത്തേയോ ബാധിക്കുന്ന തരത്തിലുള്ളതായാല് അതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ഒരുപക്ഷേ, തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കില് അത് മാറ്റിയെടുക്കുക. മനപ്പൂര്വം ആണെങ്കില് താക്കീത് നല്കാം. ആവര്ത്തിച്ചാല് നിയമ നടപടി സ്വീകരിക്കുക. ആ വ്യക്തി നിങ്ങളുടെ സുഹൃത്താണെങ്കില് പിന്നീടങ്ങോട്ട് ജാഗ്രത വേണം. അവരെ ഒരു കൈയകലത്തില് നിര്ത്താന് ശ്രമിക്കുക. ആത്മവിശ്വാസവും ആത്മാഭിമാനവും മറ്റുള്ളവരുടെ അഭിപ്രായത്തിന്റെ പുറത്ത് ഇല്ലാതെയാക്കരുത്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക. പ്രയത്‌നിക്കുക. അപ്പോള് ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ഗോസിപ്പുകള് ഉണ്ടാക്കുന്ന വ്യക്തികളേക്കാള് മാനസികമായി ഉയരത്തില് എത്താന് സാധിക്കും. ഗോസിപ്പുകള് മനസ്സിനെ ബാധിക്കുന്നത് തടയാനും സാധിക്കും.
🔶 ഇരയാകേണ്ടി വന്നാല്?
(ഡോ. അനു ശോഭ ജോസ്, കണ്സള്ട്ടന്റ് സൈക്യാട്രിസ്റ്റ്, മൂക്കന്നൂര്.)
ജീവിതത്തില് എപ്പോഴെങ്കിലും പരദൂഷണത്തിന് ഇരയാകാത്തവര് വളരെ കുറവായിരിക്കും. ക്രിയാത്മക പ്രവര്ത്തനങ്ങളിലും സാമൂഹ്യ പ്രവര്ത്തനങ്ങളിലും ഏര്പ്പെടുന്നവരാണെങ്കില് അതിനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് മാത്രം. സോഷ്യല്മീഡിയയുടെ വരവോടെ പരദൂഷണങ്ങള്ക്ക് വേഗത്തില് മറ്റുള്ളവരിലേക്ക് എത്താൻ പറ്റുന്ന സാഹചര്യം വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങള് ഒരാള്ക്കും സുഖകരമല്ല. പരദൂഷണത്തിന്റെ ഇരകള് അനുഭവിക്കുന്ന മാനസികാഘാതത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി, വ്യക്തികളുടെ അതിജീവനക്ഷമത, സാമൂഹികപിന്തുണ തുടങ്ങിയ പല കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്. അവാസ്തമായ പ്രചാരണങ്ങള്ക്ക് അധികം ആയുസ്സ് ഉണ്ടാകണമെന്നില്ല. ദുഷ്പ്രചരണങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കാന് പല വഴികളുണ്ടുതാനും. ആ വഴികള് കണ്ടെത്തുന്നതിലും പക്വതയോടെ അവ ഉപയോഗിക്കുന്നതിലുമാണ് ഇത്തരം അവസരങ്ങളില് നമ്മള് കൂടുതല് ശ്രദ്ധിക്കേണ്ടത്. ആരോപണം ഉന്നയിച്ച ആളോട് നേരിട്ട് സംസാരിക്കുന്നത് തെറ്റിദ്ധാരണകള് ഒഴിവാക്കാന് സഹായിച്ചേക്കാം. എന്നാൽ അതും സൂക്ഷിച്ചുവേണം അപ്പുറത്തുള്ളത് മനപ്പൂർവ്വം നമ്മെ അപകീർത്തിപെടുത്താൻ വന്ന മാനസികവൈകല്ല്യം ഉള്ള താൻമാത്രമാണ് ശരി തൻ്റെ തെറ്റ്പോലും തിരിച്ചറിയാനാവാത്ത വികലമായ മനസുള്ളയാളാണെങ്കിൽ അയാളോട് സംസാരിക്കുന്നത് കൂടുതൽ തലവേദന വിളിച്ചുവരുത്തും.
വികാരവിക്ഷോഭത്തില് പെട്ടെന്ന് പ്രതികരിക്കുന്നതിലും നല്ലത് അനുഭവപരിചയമുള്ള ഒരാളുടെ ഉപദേശം മുന്പേ തേടുന്നതായിരിക്കും. തള്ളിക്കളയേണ്ടതിനെ തള്ളിക്കളയാനും പ്രതികരിക്കേണ്ടതിനോട് മാത്രം പ്രതികരിക്കാനും ശീലിക്കുക. സമ്മര്ദ്ദം, ഉറക്കക്കുറവ്, വിഷാദരോഗ ലക്ഷണങ്ങൾ ഇവയിൽ ഏതെങ്കിലുമൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കാന് മടിക്കരുത്. മാനസിക സമ്മര്ദ്ദം ലഘൂകരിക്കാനും കൂടുതല് പ്രശ്‌നങ്ങള് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനും ഇത് സഹായിക്കും.
ഏത് പ്രതിസന്ധിയേയും വിവേകത്തോടെ നേരിടാനുള്ള കഴിവ് ഉയര്ന്ന മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ദുരനുഭവങ്ങളും പ്രതിസന്ധികളും ആരോഗ്യകരമായ രീതിയില് മറികടക്കാനും പ്രതിരോധിക്കാനും ശ്രമിക്കുന്നതുവഴി നമ്മള് പഠിക്കുന്ന ജീവിതപാഠങ്ങളും അതുവഴി കൂടുതലായി ആര്ജ്ജിക്കുന്ന മനക്കരുത്തും ആത്മവിശ്വാസവും മുന്നോട്ടുള്ള നമ്മുടെ വളര്ച്ചക്ക് സഹായകരമാകുമെന്നതില് തര്ക്കമില്ല.
കടപ്പാട്: ഗൃഹലക്ഷമി മാഗസിൻ, മാതൃഭൂമി.
ഇനി മലയാളസിനിമയിൽ ഒരോ കാലത്ത് വന്നിരുന്ന ചില ഗോസിപ്പുകളെ നോക്കാം.
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ഗോസിപ്പുകൾക്കിരയായിരുന്നത് പ്രേം നസീറും മോഹൻലാലുമായിരുന്നു. സിനിമയിൽ മുൻനിരയിൽ എത്തിയ താരങ്ങളായ അവരുടെ വിജയവും ജനപ്രീതിയും തന്നെയാണ് ഇതിനുകാരണം. അസൂയ ഉള്ളവർ, മാഗസിൻ സർക്കുലേഷൻ , റീച്ച് തുടങ്ങിയവയ്ക്കായി സിനിമാഗസിൻ റിപ്പോർട്ടർമാരും മഞ്ഞപത്രലേഖകരും ഇതിന് പിന്നിൽ പ്രവർത്തിച്ചു.
🔴 1. പ്രേം നസീർ : പ്രേം നസീർ – ഷീല പ്രണയം.
അന്നത്തെ മലയാളത്തിലെ ടോപ്പ് താരജോഡികളായി ഇവർ തിളങ്ങിയപ്പോൾ ആണ് ഇവർ തമ്മിൽ പ്രണയമാണെന്നും ഉടൻ വിവാഹം കഴിക്കാൻ പോകുന്നു എന്നുമൊക്കെ ഇങ്ങനൊരു ഗോസിപ്പ് ഉണ്ടായത്. പിന്നീട് ഇവർ പിണങ്ങിയപ്പോൾ അതും പൊടിപ്പും തൊങ്ങലും വച്ച് കൂടുതൽ ആഘോഷിക്കപ്പെട്ടു.
🔴 2. പ്രേം നസീർ – വിജയശ്രീ.
ഷീലാമ്മയുമായി പിണങ്ങിയശേഷം നസീർസാർ വിജയശ്രീയുമായി അടുത്തു എന്നും തുടർന്നുള്ള എല്ലാപടങ്ങളിലും വിജയശ്രീയെ നായികയാക്കി നിർമ്മാതാവ് അപ്പച്ചനുമായി ധാരണയുണ്ടാക്കി എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ ദൗർഭാഗ്യകരമായുണ്ടായ വിജയശ്രീയുടെ ആത്മഹത്യ പലഗോസിപ്പുകളും ഉണ്ടാവാൻ കാരണമായി. പൊന്നാപുരം കോട്ടയിലെ ഒരു ഗാനരംഗത്ത് അബദ്ധത്തിൽ വസ്ത്രം അഴിഞ്ഞസീൻ കട്ട് ചെയ്യാതെ പ്രദർശിപ്പിച്ചതിനാലുണ്ടായ മനോവിഷമം കാരണമാണ് വിജയശ്രീ ആ കടുംകൈ ചെയ്തത് എന്നതാണ് കൂടുതൽ ആയി പ്രചരിക്കുന്ന കഥ. എന്നാൽ നസീർസാർ പ്രണയിച്ചുവഞ്ചിച്ചും ഈ ആത്മഹത്യയിൽ നസീർസാറിന് പങ്കുണ്ട് എന്നൊക്കെയുള്ള രീതിയിൽ അക്കാലത്ത് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇതൊക്കെ പലതും റീച്ചിനായി പലരും പടച്ചുണ്ടാക്കിയ റിപ്പോർട്ടുകൾ കള്ളകഥകൾ ആയിരുന്നു.
🔴 3. ജയഭാരതി – വിൻസെന്റ് പ്രണയം.
ജയഭാരതി തിരക്കുള്ള നായികയായപ്പോൾ ഭാരതിയമ്മയും നിരവധി ഗോസിപ്പുകൾക്കിരയായി. ജയഭാരതിയുടെ റെക്കമെൻ്റേഷനിൽ സിനിമയിൽ നായകനായി അവസരം ലഭിച്ച അക്കാലത്തെ യുവനടനായ വിൻസെൻ്റിനെ ചേർത്താണ് പ്രധാനമായും വന്ന ഗോസിപ്പുകളിൽ ഒന്ന്.
🔴 4. ജയഭാരതി – എം.ജി.സോമൻ
ജയഭാരതിയും എം.ജി.സോമനും ജോഡികളായി നിരവധി ഹിറ്റ് ചിത്രങ്ങൾ വന്നപ്പോൾ ഇവരെചേർത്തായി ഗോസിപ്പ്. ഈ താരജോഡികൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നൊക്കെ തള്ളിവിട്ടു പലരും അക്കാലത്ത്.
🔴 5. സൂപ്പർ താരം ജയൻ്റെ മരണം.
അക്കാലത്തെ ജനങ്ങളുടെ ആവേശമായിരുന്ന ഇതിഹാസ നായകൻ ജയൻ ആകസ്മികമായി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് നിരവധി ഗോസിപ്പുകളാണ് പുറത്തുവന്നിരുന്നത്. പിന്നിൽ ബാലൻ കെ നായരും നസീർസാറും ആണെന്ന തരത്തിലായിരുന്നു കഥകൾ വന്നത്. നസീർസാറിൻ്റെ നിർദ്ദേശപ്രകാരം ബാലൻ കെ നായർ തള്ളിയിട്ടതാണ് എന്നായിരുന്നു ചിലർ പറഞ്ഞുപരത്തിയത്. എന്നാൽ അതല്ല പിന്നിൽ എം.ജി.ആറാണ് എന്ന മറ്റൊരു വെർഷനും ഉണ്ടായിരുന്നു. എം.ജി.ആറിൻ്റെ ഫേവറിറ്റ് നായികയുമായി ജയൻ അടുക്കുകയും വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നതറിഞ്ഞ് അസ്വസ്ഥനായ എം.ജി.ആർ ആണ് ഈ പദ്ധതി പ്ലാൻ ചെയ്തത് എന്നുമാണ് ആ വെർഷൻ പറഞ്ഞുപരത്തിയത്. എന്നാൽ ജയൻ മരിച്ചിട്ടില്ല അമേരിക്കയിൽ വേഷംമാറി ജീവിച്ചിരിക്കുന്നുണ്ട് എന്നൊരു കഥയും ഇറങ്ങി. ആ പേരിൽ ഒരു പുസ്തകവും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
🔴 6. ശങ്കർ – മേനക
എൺപതുകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജോഡികളായ ഈ യുവതാരജോഡികളായിരുന്നു ഗോസിപ്പുകാരുടെ മറ്റൊരു ഇര. നന്നായി ഓൺസ്ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്ന ഇവർ കടുത്തപ്രണയത്തിലാണ് ഉടൻ വിവാഹം ഉണ്ടാവും എന്നായിരുന്നു ലേഖനങ്ങൾ വന്നിരുന്നത്. എന്നാൽ അതൊക്കെ കാറ്റിൽ പറത്തി മേനക നിർമ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ചപ്പോഴാണ് ഇതൊക്കെ വെറും ഇല്ലാത്തപ്രചരണം ആയിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞത്.
🔴 7. മമ്മൂട്ടി – സുഹാസിനി
മെഗാസ്റ്റാർ മമ്മൂട്ടി ഗോസിപ്പുകൾ ഉണ്ടാവാതിരിക്കാൻ ബോധപൂർവം ശ്രദ്ധിച്ച് സിനിമയിൽ ഇടപെടുന്ന ആളാണ്. എങ്കിലും ഗോസിപ്പുകാർ മമ്മുക്കയേയും വെറുതെ വിട്ടില്ല. സുഹാസിനിയുമായി പ്രണയം ഉണ്ടായിരുന്നു എന്ന് ചിലർ കഥകൾ മെനഞ്ഞുണ്ടാക്കി.
🔴 8. മോഹൻലാൽ – കാർത്തിക
80 കളുടെ രണ്ടാം പകുതിയിൽ ബാക്ക് ടു ബാക്ക് ഹിറ്റുകളിൽ മോഹൻലാലിൻ്റെ നായികയായ താരോദയം കാർത്തിക നല്ല ജനപ്രീതി നേടിയിരുന്നു. മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച നായികയായി അവരെ പലരും കണക്കാക്കുന്നു. താരജോഡികൾ പ്രണയത്തിലാണെന്ന് കഥകൾ ഉണ്ടായി.
🔴 9. മോഹൻലാൽ – ശോഭന
മലയാളത്തിലെ മികച്ച ജോഡികളായിരുന്ന ഇവരെയും ഗോസിപ്പുകാർ വെറുതെ വിട്ടില്ല. ശോഭന ഇപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് ലാലേട്ടനോടുള്ള പ്രണയം കാരണമാണെന്നുമൊക്കെ ഇപ്പോഴും ചിലർ പറഞ്ഞുപരത്തുന്നു.
🔴 10. ദിലീപ് – മഞ്ജുവാര്യർ
95-96 കാലഘട്ടത്തിൽ കലാതിലകമായ സിനിമയിൽ എത്തി വൻ ഉയർന്നുവന്ന മഞ്ജുവാര്യർ അക്കാലത്ത് ഉണ്ടായിരുന്നു ഏതൊരു നടിയേക്കാൾ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടി. അതേസമയം നായകനായി ഉയർന്ന ദിലീപിനൊപ്പം ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ചപ്പോൾ ഇവർ തമ്മിൽ അടുപ്പത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പുകൾ വന്നു. പലരും അത് വിശ്വസിച്ചില്ലെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് 1998 ൽ അവർ ഒളിച്ചോടി വിവാഹിതരായി. അങ്ങനെ ഇത് ഒരു ഗോസിപ്പല്ലായിരുന്നു സത്യമായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.
🔴 11. ദിലീപ് – കാവ്യമാധവൻ
മഞ്ജു വാര്യർ വിവാഹിതയായി അഭിനയരംഗത്തോട് വിടപറഞ്ഞ് ദിലീപിൻ്റെ ഭാര്യയായശേഷം തുടർന്ന് ദിലീപിൻ്റെ നായികയായ കാവ്യമാധവൻ നല്ല സ്ക്രീൻ കെമിസ്ട്രി ആണ് കാഴ്ചവെച്ചത്. മലയാളത്തനിമയുള്ള അതിസുന്ദരിയായതിനാൽ നിരവധി ആരാധകരും അവർക്കുണ്ടായി. ദിലീപ് – കാവ്യ ജോഡികൾ പ്രണയത്തിലാണെന്ന് തുടർന്ന് റിപ്പോർട്ടുകൾ വന്നു. കാവ്യ മാധവൻ – നിശാൽ ചന്ദ്രയുമായി വിവാഹിതയായപ്പോൾ ഈ അഭ്യൂഹം അവസാനിച്ചെങ്കിലും പെട്ടെന്ന് തന്നെ ഉണ്ടായ അവരുടെ ബന്ധം വേർപിരയൽ ദിലീപുമായി വീണ്ടും ഗോസിപ്പുകൾ ആളി കത്തിച്ചു. മഞ്ജു വാര്യരുമായി വേർപിരിഞ്ഞ ദിലീപ് തുടർന്ന് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോൾ ജനങ്ങൾ ഞെട്ടി. അങ്ങനെ ഇതും ഒരു ഗോസിപ്പ് അല്ലായിരുന്നു സത്യമായിരുന്നു എന്ന് തെളിഞ്ഞു.
🔴 12. കുഞ്ചാക്കോ ബോബൻ – ശാലിനി
അനിയത്തിപ്രാവ് എന്ന പ്രണയകഥ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റടിച്ചപ്പോൾ അതിലെ നായികാനായകൻമാരായ ശാലിനിയും കുഞ്ചാക്കോ ബോബനും ഏറെ ശ്രദ്ധികപ്പെട്ടു. ചാക്കോച്ചൻ യൂത്തിൻ്റെ പ്രിയതാരമായി. തുടർന്ന് ഇവർ വീണ്ടും ജോഡികളായി പലസിനിമകളും ശ്രദ്ധിക്കപ്പെടുകയും നിറം വൻവിജയവും തരംഗവുമായപ്പോൾ ഗോസിപ്പുകൾ കൂടുതൽ ശക്തമായി. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശാലിനി തമിഴിലെ പ്രമുഖനായകനായ അജിത്തിനെ വിവാഹം ചെയ്തതോടെ ഈ ഗോസിപ്പ് അവസാനിച്ചു.
**
      കടപ്പാട് Moidu Pilakkandy 
You May Also Like

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ! ട്രെയ്‌ലർ പുറത്തിറങ്ങി

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ! ട്രെയ്‌ലർ പുറത്തിറങ്ങി ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ…

കാലില്ലാത്ത നായകൻ, സൂപ്പർ ഹീറോ മൂവി

ആദ്യമേ ഒന്ന് പറയട്ടെ. സിനിമയുടെ പേരിലെ ഗണേശനും ഒറിജിനൽ ഗണേശനും (ഗണപതി) തമ്മിൽ ഒരു ബന്ധവുമില്ല കേട്ടോ. അത്തരം പ്രചാരണം നടത്തുന്നവർ പടം കണ്ടിട്ടില്ല എന്നു ചുരുക്കം.

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങളുടെ ഫോൺ പോയാൽ ചെയിൻ വലിക്കാമോ ?

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങളുടെ ഫോൺ പോയാൽ ചെയിൻ വലിക്കാമോ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

ചാൻസിന് വേണ്ടി ആദ്യകാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന സമയം ഒരു മലയാളം ബിഗ്രേഡ് ചിത്രത്തിലും സഹകരിക്കാൻ രമ്യാകൃഷ്ണ തയ്യാർ ആയി

ചാൻസിന് വേണ്ടി ആദ്യകാല നാളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന സമയം ഒരു മലയാളം ബിഗ്രേഡ് ചിത്രത്തിലും…