ഒരു മതപുരോഹിതന് ശാസ്ത്രജ്ഞനാകാനാവുമോ ?

42

ഒരു മതപുരോഹിതന് ശാസ്ത്രജ്ഞനാകാനാവുമോ ..?

ഒരു ആധുനിക ശാസ്ത്രശാഖയുടെ പിതാവാകാൻ കഴിയുമോ ..?
ഈ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരമാണ്
ഗ്രിഗർ മെൻഡലിൻറെ ജീവിതം.
ജനിതകശാസ്ത്രത്തിൻറെ പിതാവായ ഗ്രിഗർ മെൻഡൽ
അദ്ദേഹം പാതിരിയായിരുന്നു.
അതേസമയം സയൻറിസ്റ്റുമായിരുന്നൂ.
ജീനുകളുടെ അദ്ഭുത വേലകളിയുടെ നിഗൂഢ ചുരുളഴിക്കുവാൻ മോഡേൺ സയൻസിനെ പ്രാപ്തനാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച്
ഒരു ക്രൈസ്തവ സന്യാസി മഠത്തിൻറെ അധിപനായിരിക്കെ അന്തരിച്ച ഗ്രിഗർ മെൻഡലാണ് .
മനൂഷ്യൻറെ ജ്ഞാനതൃഷ്ണയുടെ അന്വേഷണത്വരയുടെ ജിജ്ഞാസാകൗതൂകങ്ങളുടെ
കടയ്ക്കൽ കത്തിവച്ച മതങ്ങളുടെ പൊതുചരിത്രത്തിൽ നിന്ന് വേറിട്ടൊരു കാഴ്ചയാണ് ഗ്രിഗർ മെൻഡലിൻറെ ശാസ്ത്രജീവിതം.
പഴയ ആസ്ട്രിയൻ സാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന ഇന്നത്തെ ചെക്ക് റിപ്പബ്ളിക്കിലാണ് 1822ൽ ജോൺ മെൻഡൽ ജനിച്ചത്.
ഒരു ചെറുകിട കർഷക കുടുംബത്തിൽ ജനിച്ച മെൻഡലിന് കുട്ടിക്കാലത്ത് തന്നെ കണക്ക് ഫിസിക്സ് ഫിലോസഫി വിഷയങ്ങളോട് വലിയ താല്പര്യമായിരുന്നു.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് ജോണിൻറെ പഠനത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ ഒരു അധ്യാപകൻ തന്നെയാണ് ജോണിനോട് Brunn എന്ന സ്ഥലത്തുള്ള സെൻറ്. തോമസ് സെമിനാരിയിൽ ചേരാൻ ഉപദേശിച്ചത്.
സയൻസ് പഠനം മുന്നോട്ട് കൊണ്ടുപോകാൻ മതസ്ഥാപനത്തിൽ ചേരുകയെന്നത് ഇന്ന് അതിവിചിത്രമായി തോന്നിയേക്കാം.
ബൗദ്ധിക ഗവേഷണത്തെ
ശാസ്ത്ര പരീക്ഷണനിരീക്ഷണങ്ങളെ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിച്ചിരുന്ന മതസ്ഥാപനമായിരുന്നു സെൻറ് തോമസ് ആബെ.
ശാസ്ത്ര താത്വിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിന് സഹായിക്കുന്ന ജ്ഞാനാന്തരീക്ഷവും വിശാലമായ ഗ്രന്ഥാലയവും അവിടെയുണ്ടായിരുന്നു.
ഇരുപത്തിയൊന്നാം വയസ്സിൽ സെൻറ് തോമസ് സെമിനാരിയിൽ പുരോഹിതനായി ജോൺ മെൻഡൽ ചേർന്നൂ.
അതോടെ പേര് ഗ്രിഗർ മെൻഡൽ എന്നായി മാറി.
അന്നത്തെ മഠാധിപതിയായിരുന്ന ഫ്രാന്‍സ് സിറിൽ നാപ് തന്നെ സസ്യങ്ങളിലും ജന്തുക്കളിലും പാരമ്പര്യമായി കൈമാറ്റപ്പെടുന്ന സവിശേതകളെ കുറിച്ചുള്ള പഠനത്തിൽ അതീവതല്പരനായിരുന്നു.
മതപഠനത്തിലുള്ള താല്പര്യത്തിനുപരിയായി സയൻസ് പഠനം തുടരുക അതായിരുന്നു മെൻഡലിൻറെ ലക്ഷ്യം.
ആ ആഗ്രഹം പൂവണിഞ്ഞു.
മഠം മെൻഡലിനെ പഠിക്കാനായി വിയന്ന യൂണിവേഴ്സിറ്റിയിലേക്കയച്ചു.
ബയോളജി ഉൾപ്പടെയുള്ള ശാസ്ത്രവിഷയങ്ങളിൽ സർവകലാശാലയിൽ മെൻഡൽ മുങ്ങിനീരാടി.
മഠത്തിൽ തിരിച്ചെത്തിയ മെൻഡൽ അവിടെയുണ്ടായിരുന്ന കൃഷിത്തോട്ടത്തിൽ ജീവജാലങ്ങളിലെ ഹെറിഡിറ്ററി ട്രെയിറ്റ്സിൻറെ രഹസ്യം കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ മുഴുകി.
പയർ ചെടികളിലായിരുന്നു അദ്ദേഹത്തിൻറെ എക്സ്പിരിമെൻറ്സ് മുഴുവൻ.
നീളം കൂടിയതും കുറഞ്ഞതുമായ പയർ ഇനങ്ങൾ മെൻഡൽ ക്രോസ് ബ്രീഡ് ചെയ്തപ്പോൾ ഉണ്ടായ തലമുറ മുഴുവൻ നീളം കൂടിയവയായിരുന്നു.
അടുത്ത തലമുറയിൽ പരാഗണം നടത്തിയപ്പോൾ 3:1 എന്ന അനുപാതത്തിൽ നീളം കൂടിയതും കുറഞ്ഞതുമായ ഇനങ്ങളുണ്ടായി.
മഞ്ഞയും പച്ചയുമായ പയറിനങ്ങൾ തമ്മിലും വലുപ്പം കൂടിയതും കുറഞ്ഞതൂമായ വിത്തിനങ്ങൾ തമ്മിലും വെള്ളയും പർപ്പിൾ കളർ പൂവുകളുള്ള പയർ ചെടികളിലും എല്ലാം അദ്ദേഹം പരീക്ഷണങ്ങൾ നടത്തി.
മാതാപിതാക്കളുടെ ജൈവസവിശേഷതകൾ ബ്ളെൻഡ് ചെയ്തുള്ള ഗൂണങ്ങളാണ് അടുത്ത തലമുറയിൽ കാണപ്പെടുമെന്നാണ് അന്നേവരെ കരുതിയിരുന്നത്.
എന്നാൽ നീളം കൂടിയ പിതാവിനും നീളം കുറഞ്ഞ മാതാവിനും ജനിക്കുന്ന കുട്ടിയ്ക്ക് ആവറേജ് നീളം ആയിരിക്കില്ലെന്നും ഒന്നുകിൽ കുട്ടിയ്ക്ക് അച്ഛൻറെ നീളക്കൂടുതലോ അമ്മയുടെ നീളക്കുറവോ അയിരിക്കുമെന്ന് മെൻഡൽ കണ്ടെത്തി.
അതായത് മാതാവിൻറെയും പിതാവിൻറെയം നീളത്തിൻറെ ആധാരമായ ജീൻ( ഇന്നത്തെ ഭാഷയിൽ) അതേപോലെ തന്നെ അടുത്ത തലമുറയിലേക്ക് പോകുന്നതായും അതിൽ ഒന്നുമാത്രമേ പ്രകടമായി വരുന്നുള്ളുവെന്നും പ്രകടമല്ലാത്ത ജീൻ അടുത്ത തലമുറകളിൽ പ്രകടമാകാമെന്നും മെൻഡൽ Law of Segregation Law of Independent Assortment എന്നീ തിയറികളിലൂടെ വിശദീകരിച്ചു.
ജീൻ എന്നൊരു പദം പോലും അക്കാലത്ത് ഉരുവപ്പെട്ടിരുന്നില്ലെന്ന് ഓർക്കണം..
നിരവധി തലമുറകളിൽ പരീക്ഷണം നടത്തുന്നുതിന് ഏറ്റവും എളുപ്പവും സാധ്യവുമായ വഴി എന്ന നിലയിലാണ് മെൻഡൽ പയർ ചെടികളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.
ജീവിച്ചിരുന്ന കാലത്ത് മെൻഡലിൻറെ കണ്ടെത്തലുകൾക്ക് വേണ്ടത്ര പരിഗണനയോ അംഗീകാരമോ ലഭിച്ചില്ല.
ജീവികളുടെ പാരമ്പര്യസവിശേഷതകളുടെ ഉള്ളറകളെ അനാവരണം ചെയ്ത ഗ്രിഗർ മെൻഡൽ എന്ന Priest cum Scientist 1884 ൽ ഭൂമിയോട് വിടചൊല്ലി യാത്രയായി.
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലാണ് ശാസ്ത്രലോകം മെൻഡലിലെ അദ്ഭുതപ്രതിഭയെ തിരച്ചറിഞ്ഞത്. അദ്ദേഹത്തിൻറെ കണ്ടെത്തലുകളുടെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയത്.
ജനിതകശാസ്ത്രത്തിൻറെ പിതാവായി മെൻഡൽ അവരോധിക്കപ്പെട്ടു.
ശാസ്ത്രം പഠിക്കാനായി
മതപാഠശാലയിൽ ചേർന്ന മെൻഡൽ
മതം പഠിക്കാൻ വന്ന യുവാവിനെ
ശാസ്ത്രം പഠിക്കാനയച്ച സെമിനാരി.
മഠാധിപതിയായി മരണപ്പെട്ട
ജനിറ്റിക്ക്സിൻറെ പിതാവ്.
വൈരുധ്യങ്ങളുടെ
സമന്വയം സൗന്ദര്യം വിജയം
അതാണ് ഗ്രിഗർ മെൻഡലിൻറെ ശാസ്ത്രജീവിതം.