തൊഴിലാളി സംഘടനാപ്രവർത്തകനും , അറിയപ്പെടുന്ന മനുഷ്യവകാശപ്രവർത്തകരിൽ‌ ഒരാളുമായ ഗ്രോ വാസുവിന്റെ പേരിലെ ‘ഗ്രോ ‘ എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

തൊഴിലാളി സംഘടനാപ്രവർത്തകനും , അറിയപ്പെടുന്ന മനുഷ്യവകാശപ്രവർത്തകരിൽ‌ ഒരാളുമാണ് ഗ്രോ വാസു. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള (NCHRO) സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു മുൻ നക്സൽ നേതാവ് കൂടിയായ ഇദ്ദേഹം.പൂർണ്ണനാമം അയിനൂർ വാസു എന്നാണ്. ഗ്രോ എന്നത് മാവൂരിലെ ഗ്വാളിയോർ റയേൺസിലെ തൊഴിലാളി സംഘടനയായ Gwalior Rayons Workers Organisation (GROW). എന്നതിന്റെ ചുരുക്ക രൂപമാണ്. ഗ്രോ യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് എ. വാസു. ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങൾ ഫലവത്താകാതിരുന്ന ഘട്ടത്തിൽ ഗ്രോ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഈ സംഘടനയ്ക്ക് സാധിച്ചു. മാവൂർ സമരത്തെത്തുടർന്ന് ഗ്രോ വാർത്താപ്രാധാന്യം നേടിയതിനാൽ അതിന്റെ നേതാവായ എ. വാസു ഗ്രോ വാസു എന്ന പേരിലറിയപ്പെടുവാൻ തുടങ്ങി. നക്‌സലൈറ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ നേതാവ്, പരിസ്ഥിതി പ്രവര്‍ത്തകന്‍. ഓരോ കാലത്തും ഓരോ മേല്‍വിലാസങ്ങളാണ് ഗ്രോ വാസു എന്ന അയിനൂര്‍ വാസുവിന്.1946-ല്‍ 16-ാം വയസ്സില്‍ കോഴിക്കോട്ടെ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് വീവിംഗ് മില്ലില്‍ ജോലി തുടങ്ങിയ അദ്ദേഹം നിരവധി സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും നിരവധി തവണ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ നിന്നും പുറത്തുപോയി ഗ്രോ വാസു എന്ന കോഴിക്കോട്ടുകാരന്‍ നടത്തിയ ബഹുജന സമരങ്ങളാണ് പിന്നീട് അദ്ദേഹത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.

💢 വാൽ കഷ്ണം💢

കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ബ്ളോക്ക് പരിധിയിലെ സ്ഥലമാണ് മാവൂർ. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാനപാദത്തിൽ അന്നത്തെ കേരള സർക്കാർ മുൻ കൈയ്യെടുത്തു കൊണ്ട് മാവൂരിൽ ബിർളാ വ്യവസായ ഗ്രൂപ്പിനെ ഒരു വ്യവസായ സംരംഭം സ്ഥാപിക്കാൻ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി അക്വയർ ചെയ്യുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു. മാവൂരിനെ തഴുകുന്ന ചാലിയാറിലെ ജലവും, വടക്കൻ കേരളത്തിലെ സമ്പന്നമായ മുളങ്കാടുകളും കമ്പനിയുടെ വരവിന് ആക്കംകൂട്ടി.സർക്കാർ നൽകിയ 236 ഏക്കറോളം ഭൂമിക്ക് പുറമെ 150 ഏക്കറിലേറെ ഭൂമി കമ്പനി വാങ്ങുകയും ചെയ്തു.

ഇവിടെയാണ് ഗ്രാസിം ഫാക്ടറി വളർന്നത് . ഗ്വാളിയോർ റയോൺസ് എന്ന ഈ സ്ഥാപനത്തിന്റെ വരവ് മാവൂരിന്റെ സാമ്പത്തിക സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൾപ്പ് ഡിവിഷനും , സ്റ്റാപ്പിൾ ഫൈബർ ഡിവിഷനും ഇവിടെ മുളയും മറ്റും ഉപയോഗിച്ച് പൾപ്പും ഫൈബറും ഉൽപ്പാദിപ്പിച്ചിരുന്നു. ഈ വ്യവസായ സ്ഥാപനത്തിൽ 1963-ൽ പൾപ്പ് ഉത്പാദനം ആരംഭിച്ചു. അന്ന് അവിദഗ്ദ്ധ ജോലിക്കാർക്ക് മാസത്തിൽ 60 രൂപയും , വിദഗ്ദ്ധ തൊഴിലാളികൾക്ക് 90 രൂപയും നൽകിയിരുന്നു. പൾപ്പും, ഫൈബറും നിർമ്മിക്കാനാവശ്യമായ ആസിഡ് അടക്കമുള്ള ചില അസംസ്കൃത പദാർത്ഥങ്ങളും ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു. ഈ വ്യവസായ പ്രദേശത്ത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ ജനങ്ങളും താമസിക്കുന്നതിനാൽ വിവിധ സംസ്ക്കാരങ്ങളുടെ സംഗമ കേന്ദ്രം കൂടിയായി മാവൂർ മാറി.

1963 ഇൽ ഉത്പാദനം തുടങ്ങിയ ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പൾപ്പ് വ്യവസായ സ്ഥാപനമായിരുന്നു.പൾപ്പും ഫൈബറുമായിരുന്നു കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ .കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഏറ്റവും വരുമാനമുള്ള ഒരു ഒരു ഗ്രാമ പഞ്ചായത്തായി മാവൂർ മാറി .കൃഷിയും മറ്റു കുടിൽ വ്യവസായങ്ങളുമായി ജീവിച്ചു പോയിരുന്ന മാവൂരിലെ ആയിരത്തോളം ജനങ്ങൾക്ക് നല്ലൊരു അടിസ്ഥാന ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഗ്രാസിമിന്റെ പങ്കു വളരെ വലുതാണ്. ഹോസ്പിറ്റലുകളും , സ്കൂളുകളും , തൊഴിലാളികൾക്കുള്ള താമസ സൗകര്യങ്ങൾ, ആരാധനാലയങ്ങൾ ഒക്കെയായി സമൂഹത്തിലെ നല്ലൊരു ജീവിതം ആ ഗ്രാമവാസികൾക്കുണ്ടായി.

വ്യവസായവൽക്കരണവും വികസനവും വർധിച്ചപ്പോൾ പ്രകൃതിയെ മലിനമാക്കുന്ന കാര്യത്തിലും ഗ്രാസിം കമ്പനി ഒട്ടും പുറകോട്ടായില്ല. ഫാക്ടറി ചാലിയാർ നദിയിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങൾ കാരണം പലവിധ രോഗങ്ങൾ പ്രദേശത്തു പടരാൻ തുടങ്ങി. ഫാക്ടറിയിലെ വായു മലിനീകരണം കാരണം ആസ്മാ രോഗികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി. ഇത്തരമൊരവസ്ഥയിലാണ് കമ്പനിക്കെതിരെ ആദ്യമായി പ്രക്ഷോഭങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്.കെ എ റഹ്മാൻ എന്ന ജനകീയ പോരാളിയുടെ നേതൃത്വത്തിലാണ് ആദ്യമായി കമ്പനിക്കെതിരെ സമരങ്ങൾ നടത്തി തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിതിക മുന്നേറ്റമായിരുന്നു ഇത്. വർധിച്ചു വന്ന കാൻസർ മരണങ്ങളും , ആസ്മാ രോഗികളുടെയും വിവരങ്ങൾ പുറത്തു വന്നതോടെ 1970 ഓടെ സമരത്തിന് ദേശീയ പിന്തുണ ലഭിക്കാൻ തുടങ്ങി.

1985 ഇൽ കമ്പനി മൂന്ന് വർഷത്തേക്കായി അടച്ചിട്ടു. കേരളത്തിന്റെ വ്യവസായിക സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയായിരുന്നു അത്. കമ്പനി പൂട്ടിയതിന്റെ ഫലമായി ദുരിതമനുഭവിച്ച 13 തൊഴിലാളികൾ ആത്മഹത്യ ചെയ്തു. ഈ സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സർക്കാരിനു നിവേദനം നൽകുന്നതിനു വേണ്ടി മാവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പട്ടിണി ജാഥ കാൽനടയായി നടത്തി. ഇത് തൊഴിലാളി വർഗ്ഗ സമരരംഗത്ത് അപൂർവമായ സഹന സമരങ്ങളിലൊന്നായിരുന്നു .1999 മുതലുള്ള ചാലിയാർ ഏകോപന സമിതിയുടെ തുടർച്ചയായ സമരത്തെ തുറന്നു 2001 ഓടെ കമ്പനി പൂർണമായി അടച്ചു.

You May Also Like

തലയറ്റു പോയിട്ടും ഒന്നരവർഷം ജീവിച്ച കോഴി

തലയും ഉടലും വേര്‍പെട്ടു കഴിഞ്ഞാലും നമുക്ക് ബോധമുണ്ടാവുമോ? കാണാനാവുമോ? എത്ര സമയം ജീവന്‍ ശരീരത്തില്‍ തുടരും?…

എന്താണ് ‘ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം’ ?

എന്താണ് ‘ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം’ ? അറിവ് തേടുന്ന പാവം പ്രവാസി തലച്ചോറിന്‍റെ ഏതെങ്കിലുമൊരു…

മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം

Bisile Ridge Point … മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം ✍️ Sreekala…

മൊബൈൽ ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ ?- സ്ക്രീൻ ഗാഡിനു മുകളിലൂടെയും

നമ്മിൽ പലർക്കുമുള്ള സംശയമാണിത്. മൊബൈൽ ഫോൺ ടച് സ്‌ക്രീൻ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന്..അതും സ്‌ക്രീൻ ഗാർഡും ടെമ്പേഡ്…