മനുഷ്യരെ അന്ധരാക്കുന്ന ഇലാമപ്പഴങ്ങൾ…!
രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ നായകനായ രഘുരാമനായി മോഹൻലാൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഗുരു .ഓസ്കർ നോമിനേഷനടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വിഖ്യാതി പിൽക്കാല ചരിത്രം .സമാധാനപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് കൂടുതുറന്നുവിടപ്പെട്ട മതാന്ധത അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു . ഭിന്നിപ്പ് ഹിന്ദു-മുസ്ലിം സംഘർഷത്തിലേക്ക് വളരുകയും കലാപാനന്തരമുണ്ടാകുന്ന വിനാശത്തിൽ അനേകം ജീവനുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു .
ഹിന്ദുവെന്നോ മുസ്ളീമെന്നോ വേർതിരിവില്ലാതെ ആ ശവശരീരങ്ങൾ ജേസിബിയിൽ കോരിയെടുക്കുന്ന നടുക്കവും ഉൾക്കാഴ്ചയും അനുഭവിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത് .സംഘർഷത്തിൽ അച്ഛൻ കൊല്ലപ്പെടുന്നതോടെ പ്രതികാരദാഹിയായ രഘുരാമൻ അന്യസമുദായക്കാരെ കൊല്ലാൻ ആയുധവുമായി ഇറങ്ങിത്തിരിക്കുന്നു . ആ യാത്രയ്ക്കിടയിലൊരു ആശ്രമത്തിലെത്തുന്ന രഘുരാമൻ ഗുരുവിന്റെ മെതിയടിയിൽ തൊട്ടുവന്ദിക്കുന്നു . ആ നിമിഷത്തിൽ അനുഭവഭേദ്യമാകുന്ന ബോധമാറ്റത്തിൽ രഘുരാമന് അന്ധന്മാരുടെ രാജ്യത്തിലേക്ക് വഴുതിവീഴുന്നതുപോലൊരു ഫീലുണ്ടാകുന്നു .രാജ്യത്തിലെ ജനങ്ങൾ മുഴുവനും അന്ധന്മാരാണ് .
കാഴ്ചയുള്ള രഘുരാമൻ കാഴ്ചയുടെ അനന്തസാധ്യതകളെപ്പറ്റി പറയുമ്പോൾ അവരാരും അത് വിശ്വസിക്കുന്നില്ല . കാരണം നെടുമുടി വേണു അവതരിപ്പിക്കുന്ന അന്ധനായ അധ്യാപകന് അവരെ പഠിപ്പിക്കുന്നത് കാഴ്ച എന്നൊന്ന് ലോകത്തിലില്ലെന്നും കാഴ്ച്ചയെപ്പറ്റി പറഞ്ഞുവരുന്ന ദുഷ്ടശക്തികളെ ആട്ടിയോടിക്കണമെന്നുമാണ് . രഘുരാമൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങളില്ലാത്ത അധ്യാപകൻ..രാജ്യത്തിന്റെ പൊതുശത്രുവാണ് രഘുരാമനെന്ന് പ്രഖ്യാപിക്കുന്നു .
ആ സമയത്ത് അവിടെയൊരു ജനനം നടക്കുന്നു . പിറന്നുവീണ കുഞ്ഞിന് കാഴ്ചയുണ്ടെന്ന് രഘുരാമന് മനസ്സിലാകുന്നു .
അവരുടെ ആചാരമനുസരിച്ച് കുഞ്ഞുങ്ങൾ ജനിച്ചാലുടനെ ഇലാമപ്പഴത്തിന്റെ ചാറ് ചുണ്ടിലിറ്റിച്ചുകൊടുക്കും . അവരെ സംബന്ധിച്ച് ഇലാമപ്പഴം സ്വർഗ്ഗീയവും വിശുദ്ധവുമാണ് .
ആ പഴമാണ് തങ്ങളുടെ ജീവന്റേയും ജീവിതത്തിന്റേയും ആധാരമായി വർത്തിക്കുന്നതെന്നായിരുന്നു ആ സമൂഹം വിശ്വസിച്ചിരുന്നത് . നമ്മൾ മതത്തിനെ എങ്ങനെയാണോ വിശ്വസിക്കുന്നത് അതേപോലെതന്നെ…!
ഇലാമപ്പഴത്തിന്റെ സത്ത് ഉള്ളിലെത്തിയതോടെ കുഞ്ഞിന്റെ കണ്ണ് മിഴിഞ്ഞുപോകുന്നു .
തുടർന്ന് മറ്റൊരു സാഹചര്യത്തിൽ രഘുരാമനും ഇലാമപ്പഴം കഴിക്കേണ്ടി വരുന്നു .
പഴത്തിന് അതീവ സ്വാദാണെന്ന രഹസ്യം മനസ്സിലായെങ്കിലും പഴം കഴിച്ചതോടെ രഘുരാമന്റെ കാഴ്ച്ചശക്തി നഷ്ടപ്പെടുന്നു .
ഇലാമപ്പഴമാണ് നിങ്ങളുടെ കാഴ്ച്ചശക്തിയെ എടുത്തുകളയുന്നതെന്ന സത്യം രഘുരാമൻ സമൂഹത്തോട് വിളിച്ചുപറയുന്നു . തങ്ങളുടെ വിശുദ്ധ പഴത്തിനെ അപമാനിച്ച കുറ്റത്തിന് അന്ധന്മാരുടെ രാജ്യത്തിലെ രാജാവ്
രഘുരാമനെ വധശിക്ഷയ്ക്ക് വിധിക്കുന്നു .
അവർ വിശ്വസിച്ചിരുന്നത് ലോകത്തിലെ ഏറ്റവും മാരകമായ വിഷം ഇലാമപ്പഴത്തിന്റെ കുരുവാണെന്നായിരുന്നു . അത് പാലിൽ
അരച്ചുകലക്കികൊടുക്കാനായിരുന്നു രാജശാസന .
കുരു പാലിൽ കലക്കിയ മിശ്രിതം ഉള്ളിലെത്തിയതോടെ രഘുരാമന് കാഴ്ച്ച തിരികെ ലഭിക്കുന്നു…!
അന്ധന്മാർ അതും വിശ്വസിക്കുന്നില്ല…
അവർക്ക് കാഴ്ചയില്ലല്ലോ…!
അവസാനം… മാരകവിഷമെന്ന് കരുതി ദൂരേക്ക് വലിച്ചെറിഞ്ഞിരുന്ന ഇലാമപ്പഴ-ക്കുരുവിന്റെ ഔഷധമൂല്യം രാജാവിന്റേതും അധ്യാപകന്റേതുമുൾപ്പെടെ അവരുടെയെല്ലാം കാഴ്ച്ചശക്തി തിരികെകൊടുക്കുന്നു .
കാൽനൂറ്റാണ്ടിനിപ്പുറവും ചർച്ചചെയ്യപ്പെടേണ്ട പ്രസക്തമായ രാഷ്ട്രീയ-സിനിമയാണ് ഗുരു .
സിനിമയിൽ പരാമർശിച്ച ഈ ഇലാമപ്പഴം കഴിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും…!
മതം രാഷ്ട്രീയം ലൈംഗീകത എന്നിങ്ങനെ മൂന്നുതരത്തിലാണ് ജനിച്ചുവീഴുമ്പോൾ മുതൽ നമ്മളിലേക്കത് കുറേശ്ശയായി ഇറ്റിച്ചു തന്നുകൊണ്ടിരിക്കുന്നത് .
ഇതിന്റെയെല്ലാം സ്വാദ് രുചിച്ച് രുചിച്ച് നമ്മുടെ അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് പോയിരിക്കുന്നു . സത്യത്തിൽ വെളിച്ചത്തിലും തപ്പിത്തടഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മൾ .
ചുറ്റിലേക്കുമൊന്ന് നോക്കൂ…
എല്ലായിടത്തും മതവും രാഷ്ട്രീയവും ലൈംഗീകതയും കാണാനാകും .
കാണാനാകുമെന്ന് മാത്രമല്ല… ഇതിന്റെയെല്ലാം അതിപ്രസരംതന്നെ കാണാനാകും . കാണുന്നത്… കേൾക്കുന്നത്… പഠിക്കുന്നത്… പഠിപ്പിക്കുന്നത്… പറയുന്നത്… ചിന്തിക്കുന്നത്… സ്വപ്നംകാണുന്നത് അങ്ങനെ എല്ലാമെല്ലാം
ഈ മൂന്ന് കാര്യങ്ങളെ ചുറ്റിപ്പറ്റിയാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ .
ഒരു രഘുരാമൻവന്ന് നമ്മളോട് നിങ്ങൾ ഇരുട്ടിലാണ് നിങ്ങളുടെ മതിലിനപ്പുറത്ത് വെളിച്ചത്തിന്റെ മനോഹരമായൊരു സിദ്ധാന്തമുണ്ടെന്ന് വിളിച്ചുപറഞ്ഞെന്ന് കരുതുക . ആദ്യം നമ്മളയാളെ പരിഹസിക്കും പിന്നേയും പറഞ്ഞാൽ കല്ലെറിയും . നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ് .
നമ്മുടെ വിശ്വാസത്തിൽ അത് മതമായാലും രാഷ്ട്രീയമായാലും ഒരുഗോത്രംപോലെ ഒരുമിച്ചുനിൽക്കുക… വിമർശിക്കുന്നവൻ ശത്രുവാണ്… അവനെ ആക്രമിക്കുക…!
ഒരു മുപ്പത് മുപ്പത്തഞ്ച് വയസ്സുവരെ സമൂഹം കരുതിക്കൂട്ടി നൽകുന്ന ഇലാമപ്പഴത്തിന്റെ പ്രലോഭനത്തിൽനിന്ന് രക്ഷപ്പെടുക അസാധ്യമാണ് . കാരണം ആ ഒരു പ്രായംവരെ നമ്മളെല്ലാം സ്വന്തമായ ചിന്തകളും നിലനിൽപ്പുമില്ലാതെ ഏതോ ഒരൊഴുക്കിനൊപ്പം അറിയാതെയങ്ങനെ ഒഴുകുകയായിരിക്കും .
ആ ഒരു പ്രായത്തിനുശേഷം വേണമെങ്കിൽ ഇലാമപ്പഴത്തിന്റെ കുരു ഉപയോഗിച്ച് കാഴ്ച വീണ്ടെടുക്കാം .
ചിന്തയാണ് ആ ഔഷധമൂല്യമുള്ള കുരു…!!
ചിന്തിക്കുക…
ശാസ്ത്രീയമായി ചിന്തിക്കുക…
മാനവികമായി ചിന്തിക്കുക…
സ്വതന്ത്രമായി ചിന്തിക്കുക…
വിശാലമായി ചിന്തിക്കുക…
വേറെ ഒരാൾക്കും ബുദ്ധി വിട്ടുകൊടുക്കാതെ ചിന്തിച്ചുകൊണ്ടേയിരിക്കുക…🙏