ജീവിതത്തിലൊരിക്കൽ പോലും ജയിലിൽ അടക്കപ്പെടാത്ത മസ്താനെ തളയ്ക്കാൻ കഴിഞ്ഞത് അടിയന്തിരാവസ്ഥ കാലത്തായിരുന്നു

  56

  സിദ്ദീഖ് പടപ്പിൽ

  മസ്താനില് നിന്ന് ഹാജി മസ്താനിലേക്ക്

  ഹൈദർ മിർസയുടെ മകൻ മസ്താൻ. പേർഷ്യൻ ഭാഷയിൽ അമീർസാദാ എന്നാൽ രാജാവിന്റെ മകൻ എന്നാണർത്ഥം. മുഗൾ രാജ ഭരണകാലത്ത് പ്രഭു കുടുംബാംഗങ്ങൾക്ക് മിർസ പദവി നൽകി ആദരിച്ചിരുന്നു. അതിൽ നിന്ന് തായ് വഴിയായി കിട്ടിയോ അല്ലാതെയോ ഇന്ത്യയിലെ മുസ്ലിങ്ങളിൽ ചിലർ മിർസ എന്നത് ഒരു സർനെയിമായി കൂടെ കൂട്ടാറുണ്ട്. പാനായിക്കുളം ഭാഗത്ത് കാണുന്ന മുസ്ലിം വിഭാഗക്കാരുടെ സംസാരഭാഷ തമിഴ് തന്നെയാണെങ്കിലും ഉറുദു ഭാഷയിലെ പല വാക്കുകളും ഉപയോഗിച്ചും വരുന്നു. മസ്താൻ എന്ന പേരും പൊതുവേ മറ്റു പ്രദേശങ്ങളിൽ അധികം കാണാറില്ല. ഭ്രാന്തൻ എന്നാണ് അർത്ഥമെങ്കിലും മുസ്ലിം ദർഗ്ഗകളിൽ കാണുന്ന ഉന്മാദരായ ചരസ്സ് സൂഫികളെയാണ് മസ്താൻ എന്ന് വിളിക്കാറ്. ജീവിതത്തിൽ ചരസ്സ് വലിച്ചു നടക്കുകയും മരിച്ച ശേഷം അത്ഭുത ശക്തി കാണിക്കുന്നുവെന്ന് പറഞ്ഞു ഇത്തരം മസ്താൻമാരുടെ പേരിൽ ദർഗ്ഗകൾ പൊങ്ങി വരാറുണ്ട്. അത്തരം ഏതെങ്കിലും മസ്താൻ സൂഫിയുടെ പേരിൽ പ്രചോദനമായിട്ടാവും മകന് മസ്താൻ എന്ന് പേരിട്ടത്.

  Haji Mastan - Wikipediaഎന്നും പുഞ്ചിരി തൂകുന്ന പടത്തിലല്ലാതെ നമ്മൾ ഹാജി മസ്താനെ കണ്ടിട്ടുണ്ടാവില്ല. തൂവെള്ള വസ്ത്രവും അതിനേക്കാൾ വെണ്മായാർന്ന മനസ്സിനും ഉടമയായിരുന്നു എന്നാണ് ഹാജി മസ്താനോട് അടുപ്പമുണ്ടായിരുന്നവർ പറഞ്ഞു കേട്ടിട്ടുള്ളത്. അക്കാലത്ത് ബോംബെയിൽ കുടിയേറിയ തമിഴരുടെയും മലയാളികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്യുമായിരുന്ന ഹൈദർ മിർസയ്ക്ക് ജനങ്ങൾ ഒരു റോബിൻ ഹുഡ് പരിവേഷം ചാർത്തിയിരുന്നു. പാവപ്പെട്ടവരെ സഹായിക്കുകയും കൂടെ എനിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നത് ഹൈദർ മിർസയുടെ രീതിയായിരുന്നു.

  അമ്പതുകളിൽ തന്നെ അധോലോക സാമ്രാജ്യം പണിതുയർത്തിയ ഹൈദർ മിർസ, തന്റെ സ്വപ്നങ്ങളെല്ലാം കൈപിടിയിലൊതുക്കിയിരുന്നു. നീളം കൂടിയ മെഴ്‌സിഡസ് കാർ, ആഡംബര ബംഗ്ലാവും സ്വന്തമാക്കിയ മിർസയുടെ മറ്റൊരു ബലഹീനതയായിരുന്നു ഫോറിൻ ബ്രാന്റായ ട്രിപ്പിൾ ഫൈവ് സിഗരറ്റുകൾ. വില കൂടിയ വെള്ള സ്യൂട്ടും സഫാരിയുമൊക്കെയായിരുന്നു സ്ഥിരം വേഷങ്ങൾ. സിനിമാ ലോകമായിരുന്നു മിർസയെ ഭ്രമിപ്പിച്ചിരുന്ന മറ്റൊരു ലോകം. സിനിമാ നായകരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കലിൽ തുടങ്ങി സിനിമാ നിർമ്മാണം വരെയെത്തി കാര്യങ്ങൾ. അക്കാലത്തെ ബോളിവുഡ് പ്രമുഖരായ ദിലീപ് കുമാർ, അമിതാബ്, ധർമേന്ദ്ര എന്ന് വേണ്ട എല്ലാ നായകന്മാരുമായും സൗഹൃദമുണ്ടായിരുന്നു. സിനിമാ സെറ്റുകളിൽ പോകുക, ഭക്ഷണത്തിന് ക്ഷണിക്കുക, പാർട്ടികൾ നൽകുക ഇതൊക്കെയായി ഹോബികൾ.

  അക്കാലയളവിലാണ് നദി മധുബാലയെ മിർസ കാണുന്നത്. ഒറ്റ നോട്ടത്തിൽ പ്രേമം തോന്നിയ മിർസ പിന്നീട് മധുബാലയെ ചുറ്റിപ്പറ്റി നടന്നു. മിർസയ്ക്ക് തന്നോട് താൽപര്യമുണ്ടെന്ന വിവരം മധുബാലയിലേക്ക് എത്തിയെങ്കിലും അത്തരമൊരു ബന്ധം മധുബാല ആഗ്രഹിച്ചിരുന്നില്ല. പിന്നീട് സിനിമാ മേഖലയിലെത്തിയ സോന എന്ന് പേരുള്ള മറ്റൊരു നടിയിൽ മിർസ ആകൃഷ്ടനായി. മധുബാലയുമായി ഏറെ സാമ്യമുള്ള നടിയായിരുന്നു സോന. സോനയ്ക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്ത് ചില സിനിമകളിൽ മിർസ പ്രവർത്തിച്ചെങ്കിലും സോന വിജയിച്ചില്ല. സോനയെ ജീവിതസഖിയാക്കിയ മിർസ താമസിച്ചിരുന്നത് താർദേവ് – ഹാജി അലി റോഡിൽ കടലിനഭിമുഖമായിരുന്ന ബൈത്തുൽ സുറൂർ എന്ന ബംഗ്ലാവിലായിരുന്നു.

  രാഷ്ട്രീയ നേതാക്കൾക്കിടയിലും നിയമപാലകർക്കിടയിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഹാജി മസ്താനെതിരെ ചെറുവിരൽ പോലും അനങ്ങിയില്ല എന്ന് പറയുന്നതിന് പകരം കള്ളക്കടത്തിന്റെ ഒരു തെളിവും മസ്താൻ ബാക്കി വെച്ചില്ല എന്ന് പറയേണ്ടി വരും. നിയമത്തിന്റെ സർവ്വ മേഖലകളിലും സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന മസ്താൻ, തന്നെ സഹായിക്കുന്നവരെയൊക്കെ വേണ്ടത് പോലെ കാണാനും മറന്നില്ല. ഇടക്ക് യുവാക്കളായ പുതിയ യൂണിഫോം ഓഫിസർമാർ എവിടെ നിന്ന് വരുന്നു, ആരിലേക്കെത്തുന്നു എന്നൊന്നും മനസ്സിലാവാതെ സ്വർണ്ണക്കടത്ത് പിടികൂടപ്പെടുമ്പോഴൊക്കെ അത്തരം ഉദ്യോഗസ്ഥരെ വരുതിയിലാക്കാൻ ശ്രമിക്കും. സമ്മാനങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരോട് പോലും മര്യാദയോടെ പെരുമാറിയിരുന്ന അധോലോക രാജാവ്, അത്തരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി.

  ജീവിതത്തിലൊരിക്കൽ പോലും ജയിലിൽ അടക്കപ്പെടാത്ത മസ്താനെ തളയ്ക്കാൻ കഴിഞ്ഞത് അടിയന്തിരാവസ്ഥ കാലത്തായിരുന്നു. രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് സംശയിക്കുന്ന ആരെയും പിടിച്ചു അകത്തിടാനുള്ള നിയമം വന്നപ്പോൾ മസ്താനും അകത്തായി. നീണ്ട 18 മാസത്തെ ജയിൽ വാസവും ജയിലിൽ വെച്ചു പരിചയപ്പെട്ട ജയപ്രകാശ് നാരായൺ ന്റെ ഉപദേശവുമായപ്പോൾ മസ്താനിൽ മനം മാറ്റമുണ്ടായി. 1977 ല് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കള്ളക്കടത്ത് തൊഴിലിൽ നിന്ന് മസ്താൻ വിട്ടു നിന്നു. ഇതിനോടകം ബോംബെ മുസാഫർഖാനാ മാർക്കറ്റുകളിലും മറ്റും നിരവധി വിദേശ സാധനങ്ങൾ വിൽക്കുന്ന കടകൾ മസ്താൻ സ്വന്തമാക്കിയിരുന്നു. ഹോട്ടൽ, ട്രാൻസ്‌പോർട്ട്, ബേക്കറി മേഖലയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജീവിതമായിരുന്നു പിന്നീട്. സ്വഭാവ രീതിയിൽ വന്ന മാറ്റങ്ങളോടൊപ്പം മക്കയിൽ പോയി ഹജ്ജും നിർവഹിച്ചു. അതോട് കൂടി മസ്താൻ ഭായ്, പ്രിയപ്പെട്ടവരുടെ ഹാജി മസ്താൻ സാബ് ആയി മാറി.

  കള്ളക്കടത്തു കച്ചവടത്തിൽ നിന്ന് വിട്ടു നിന്ന ശേഷവും അധോലോക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇഷ്ടതോഴനായി ഹാജി മസ്താൻ തുടർന്നു. കരീം ലാലാ സാബിനോടും വരദരാജൻ മുതലിയാരോടും ഒരു പോലെ സൗഹൃദം കാത്ത് സൂക്ഷിച്ച ഹാജി മസ്താൻ, പിന്നീട് ഉയർന്ന് വന്ന ഗ്യാംഗുകളുടെയും പ്രിയങ്കരനായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഉയർന്ന് വന്ന കൊങ്കിണി ഗ്രൂപ്പും പഠാൻ സംഘവും തമ്മിൽ എൺപതുകളുടെ തുടക്കത്തിലുണ്ടായ ഗ്യാംഗ് വാറുകൾക്ക് മദ്ധ്യസ്ഥത വഹിച്ചതും ഹാജി മസ്താൻ ആയിരുന്നു. 81 ല് മുസ്ലിങ്ങളുടെയും മറ്റു പിന്നോക്ക സമുദായക്കാരുടെയും ഉന്നമനത്തിനായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുവെങ്കിലും രാഷ്ട്രീയത്തിൽ ഇന്ന് വരെ ഒരു ചെറിയ ചലനം പോലും സൃഷ്ടിക്കാൻ, ഭാരതീയ മൈനോറിറ്റി സുരക്ഷാ മഹാസംഘ് എന്ന ആ പാർട്ടിക്ക് ആയിട്ടില്ല. മൂന്ന് പെൺ മക്കളാണ് ഹാജി മസ്താന്. 1994 ജൂണിൽ ഹൃദയ സംബന്ധമായ അസുഖം മൂലം ബോംബെയിൽ വെച്ചു മരണപ്പെട്ടു.