മതത്തിന്റെ പേരിൽ ഭയത്തോടെയും സാമൂഹിക അയിത്തത്തോടെയും ജീവിക്കേണ്ടിവരുന്ന ഭാവിതലമുറ നിങ്ങള്ക്ക് മാപ്പുതരില്ല

203

ഹലാൽ ഭക്ഷണ ബോർഡുകളും ഹലാൽ വിരുദ്ധ ബോർഡുകളും ഒരുപോലെ വർഗ്ഗീയതയും ബിസിനസ് തന്ത്രവുമാണ്. എല്ലാം ലക്ഷ്യമിടുന്നത് ഓരോരോ മതവിശ്വാസികളെ. ഹലാൽ ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കുന്നില്ല എന്നത് ശരിയാണ്, എന്നാൽ ഹലാൽ ബോർഡ് വച്ച ഹോട്ടലുകളിൽ മാത്രം വിശ്വാസികൾ പോകുമ്പോൾ മറ്റുള്ള ഹോട്ടലുകാർ അവഗണിക്കപ്പെടുന്നു. ഇത് പ്രത്യക്ഷത്തിൽ തന്നെ ഒരു ധ്രുവീകരണം സൃഷ്ടിക്കുന്നു. മാത്രമല്ല ഹലാൽ ഫുഡ് എത്ര ശുദ്ധമെന്നു പറഞ്ഞാലും ഒരു മതവിശ്വാസത്തിന്റെ പ്രമാണങ്ങൾ അനുസരിച്ചു തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാനുള്ള വിമുഖത മറ്റു മതവിശ്വാസികൾക്കും അവിശ്വാസികൾക്കും ഉണ്ടാകും. അതുമാത്രമല്ല ഹലാൽ അല്ലാത്ത ഹോട്ടലുകളിൽ വൃത്തികെട്ട ഭക്ഷണമാണ് എന്ന് പരോക്ഷമായി സ്ഥാപിക്കുന്നതായും അനുഭവപ്പെടും. അപ്പോൾ ഒരു വിശ്വാസികളെ മാത്രം ആകർഷിക്കാൻ അതെ വിശ്വാസികൾ ഹലാൽ എന്ന പേരിനെ ദുരുപയോഗം ചെയുന്ന അവസ്ഥ ഉണ്ടാകുന്നു.
ഇനി ഹലാൽ വിരുദ്ധക്കാർ വയ്ക്കുന്ന ബോർഡുകൾ മുകളിൽ പറഞ്ഞപോലൊരു കച്ചവട തന്ത്രം തന്നെയാണ്. ചില കാര്യങ്ങളിൽ ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നീന്തുന്ന രണ്ടു കൂട്ടർ അവിടേയ്ക്കു ആകർഷിക്കപ്പെട്ടേക്കാം. അവിടെയും കച്ചവടം തകൃതിയായി നടന്നേക്കാം. അതിനും പിന്നിൽ കച്ചവടവും മതവും തന്നെയാണ് പ്രേരകശക്തി. ഹലാൽ വിരുദ്ധമെന്നാൽ അഴുകിയ, വൃത്തികെട്ട ഭക്ഷണമാണ് എന്ന് ഇസ്ലാമിക വിശ്വാസികളും പരിഹസിക്കുന്നു. നമുക്കുവേണ്ടത് ഹലാലും ഹലാൽ വിരുദ്ധവുമല്ല , മനുഷ്യന് കഴിക്കാവുന്ന ഹോട്ടലുകളാണ്.

പാലാരിവട്ടത്തെ നന്ദൂസ് ഹോട്ടൽ ഉടമ തുഷാര കേരളത്തിൽ ആദ്യമായി തന്റെ ഹോട്ടലിന്റെ മുന്നിൽ ഒരു ബോർഡ് വച്ചു ഹലാൽ രഹിത ഹോട്ടൽ. കേരളത്തിൽ പല പട്ടണങ്ങളിലും ഇനി ഇത്തരം ഹലാൽ രഹിത ഹോട്ടലുകൾ തുടങ്ങാൻ പോകുന്നു എന്നാണ് അവർ ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞത്. അവരെ മാതൃകയാക്കി കേരളത്തിൽ പല ഹോട്ടൽ ഉടമകളും ഇനി തങ്ങളുടെ ഹോട്ടലിനു മുന്നിൽ ഇത്തരം ഹലാൽ രഹിത ഭക്ഷണം എന്ന ബോർഡുകൾ വയ്ക്കാൻ പോകുന്നു എന്ന് കേൾക്കുന്നു.

ഏതായാലും ഒരുകാര്യം ഉറപ്പ് വരുംകാലങ്ങളിൽ കേരളം അതിരൂക്ഷമായ രീതിയിൽ വർഗീയവത്കരണത്തിലേക്കും ജാതിമത ചേരിതിരിവുകളിലേക്കും മാറാൻ പോകുന്നു. 1980കാലഘട്ടം വരെ യാതൊരുവിധ മതസ്പർദ്ധകളുമില്ലാതെ ഏകോദര സഹോദരങ്ങളെപോലെ ജീവിച്ച കേരളത്തിൽ ഭക്ഷണത്തിലും, വേഷവിധാനങ്ങളിലും, സാമൂഹികഒത്തുചേരലുകളിലും വരെ മതം കലർത്തിയവർ ആരായിരുന്നാലും ഇനിയുള്ള കാലം കലാപകലുഷിതമാകാൻ പോകുന്ന കേരളത്തിൽ മതത്തിന്റെ പേരിൽ ഭയത്തോടെയും സാമൂഹിക അയിത്തത്തോടെയും ജീവിക്കേണ്ടിവരുന്ന ഭാവിതലമുറ നിങ്ങൾക് മാപ്പ് തരില്ല