ഹാത്രസ് സംഭവത്തിൽ കുടുംബം പറയുന്നത് 

0
180

ഹാത്രസ് സംഭവത്തിൽ കുടുംബം പറയുന്നത് 

സെപ്റ്റംബർ 14ന് രാവിലെ 7:45ന് അമ്മയും കൊല്ലപ്പെട്ട കുട്ടിയും സഹോദരനും കൂടെ പുല്ല് ശേഖരിക്കാൻ പോയി. വീട്ടിൽ അവർ 5 എരുമകളെ വളർത്തുന്നുണ്ട്. ഒരു മണിക്കൂർ കൊണ്ട് അവർ ധാരാളം പുല്ല് അരിഞ്ഞ് കൂട്ടി. സഹോദരൻ ഒരു ചുമട് പുല്ലുമായി വീട്ടിലേക്ക് പോയി.

9 മണി ആയപ്പോൾ ആവശ്യത്തിന് പുല്ല് ആയെന്ന് മനസിലാക്കി അമ്മ മകളെ വിളിച്ചു. അപ്പോൾ മറുപടി ഒന്നും കേട്ടില്ല. ആദ്യം കരുതിയത് മകൾ പറയാതെ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് പോയിട്ടുണ്ടാകും എന്നാണ്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഒരു ചെരുപ്പ് ഒരിടത്ത് കിടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടു.”അതിനർത്ഥം അവൾ ഇവിടെ തന്നെ ഉണ്ടെന്നാണ്, പക്ഷെ എന്തോ കുഴപ്പമുണ്ട്, മറ്റേ ചെരുപ്പ് കാണുന്നില്ല, അവൾ വിളി കേൾക്കുന്നതും ഇല്ല”

അമ്മ മകളെ അന്വേഷിച്ച് നടന്നു. ചോളം വളരുന്ന വയലുകൾ ചവിട്ടി മെതിക്കപ്പെട്ടത് പോലെ കണ്ടത് അവരുടെ ശ്രദ്ധയിൽ പെട്ടു. ആ വഴി ഏതാണ്ട് 20 മിനിറ്റ് നടന്നപ്പോൾ മകൾ കിടക്കുന്നത് കണ്ടു. അവളുടെ ചുന്നി (ഷാൾ) കഴുത്തിൽ ചുറ്റിയിരുന്നു, അബോധാവസ്ഥയിൽ ആയിരുന്നു, വസ്ത്രങ്ങൾ ചുറ്റിലും എറിയപ്പെട്ട നിലയിൽ ആയിരുന്നു, സ്വകാര്യ ഭാഗത്ത് ബ്ലീഡിങ് ഉണ്ടായിരുന്നു, താടിയിൽ നിന്നും നാക്കിൽ നിന്നും രക്തം വമിക്കുന്നുണ്ടായിരുന്നു, കണ്ണുകളിൽ രക്തം കനച്ചത് പോലെ കാണപ്പെട്ടു.ആദ്യ കാഴ്ചയിലെ ഷോക്കിൽ അമ്മ അലറി കരഞ്ഞു. ആ കരച്ചിൽ കേട്ട ഒരു താക്കൂർ ആണ്കുട്ടി അങ്ങോട്ട് ഓടി വന്നു.”പെട്ടെന്ന് ഞാൻ എന്റെ സാരി കൊണ്ട് അവളുടെ നഗ്നത മറക്കാൻ ശ്രമിച്ചുവെങ്കിലും ഞാൻ അതിൽ വിജയിച്ചില്ല’. താക്കൂർ കുട്ടി ഉടനെ തന്നെ അവളുടെ സഹോദരനെ വിവരമറിയിക്കാൻ വില്ലേജിലേക്ക് ഓടി. അമ്മ മകളെ പൈജാമ ധരിപ്പിച്ചു, എടുത്ത് കൊണ്ട് വീട്ടിലേക്ക് പോകാൻ ശ്രമിച്ചുവെങ്കിലും അതിന് കഴിയാതെ പോയി.

അധികം താമസിയാതെ സഹോദരൻ ഓടിയെത്തി, രണ്ടുപേരും കൂടെ അബോധാവസ്ഥയിലായ കുട്ടിയെ നടുക്ക് ഇരുത്തി ബൈക്കിൽ 2 കിലോമീറ്റർ ദൂരെയുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി.സ്റ്റേഷനിൽ അവളെ ഒരു സിമന്റ് ബെഞ്ചിൽ കിടത്തി. സഹോദരനോട് ഒരു പരാതി എഴുതി നൽകാൻ പോലീസ് ആവശ്യപ്പെട്ടു.

“അതുവരെ പെങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടതായി എന്നോട് പറയാൻ അമ്മക്ക് കഴിഞ്ഞിരുന്നില്ല, അതുകൊണ്ട് സംഭവത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പരാതിയിൽ എഴുതി കൊടുത്തു” സഹോദരൻ പറയുന്നു.(ആദ്യ പരാതിയിൽ റേപ്പ് പറഞ്ഞിട്ടില്ല എന്ന വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയുടെ ആരോപണത്തിന്റെ വിശദീകരണം ഇതാണ്).ലോക്കൽ പൊലീസുകാർ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ നില വഷളാണെന്നു കണ്ട് അവളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം ആംബുലൻസിൽ അവളെ അലിഗഡിലെ നെഹ്റു മെഡിക്കൽ കോളേജിലേക്ക് മാറ്റി.പൊലീസുകാർ കൊലപാതക ശ്രമത്തിന് സഹോദരൻ പേര് പറഞ്ഞ സന്ദീപിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.മൂന്നു ദിവസം കഴിഞ്ഞ്, സെപ്റ്റംബർ 17ന് കുട്ടിക്ക് ബോധം തെളിഞ്ഞു. “ഞങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ അവൾ മടിച്ച് മടിച്ച് 4 പേർചേർന്നാണ് അവളെ കൂട്ട ബലാൽസംഗം ചെയ്തുവെന്ന് എന്നോട് പറഞ്ഞു” അമ്മ പറയുന്നു.

അതേ തുടർന്ന് 17ന് തന്നെ സഹോദരന്മാർ ഈ വിവരം കാണിച്ച് ഒരു പരാതി ഹാത്രസ് പോലീസ് സൂപ്രണ്ട് ഓഫീസിൽ സമർപ്പിച്ചു. ” ഞങ്ങൾക്ക് അതിന് രസീത് കിട്ടിയില്ല” സഹോദരൻ പറയുന്നു.
പക്ഷെ ആ പരാതി കൊടുത്തതിന് ശേഷം പൊലീസുകാർ ആശുപത്രിയിൽ വന്ന് കുട്ടിയുടെ മൊഴി എടുത്തിരുന്നു എന്നും കുടുംബം പറയുന്നു.പിന്നീട് സെപ്റ്റംബർ 22ന് മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി ഔദ്യോഗികമായി മൊഴി എടുത്തപ്പോൾ മാത്രമാണ് കൂട്ട ബലാൽസംഗം കേസിൽ റിക്കോർഡ് ചെയ്യപ്പെട്ടത്. കുട്ടിയുടെ മെഡിക്കൽ (ഗൈനക്കോളജിക്കൽ) ചെക്കപ്പും അതിന് ശേഷമാണ് ഉണ്ടായത്. 8 ദിവസത്തെ കാലതാമസം തീർച്ചയായും തെളിവ് സ്വാഭാവികമായി ഇല്ലാതാക്കുക തന്നെ ചെയ്യുമല്ലോ.
സെപ്റ്റംബർ 29ന് ദില്ലിയിൽ വെച്ച് കുട്ടി മരിച്ചതിന് ശേഷം പൊലീസുകാർ മൃതദേഹം വില്ലേജിലേക്ക് കൊണ്ടു പോയി. കുടുംബം പിന്നീടാണ് പുറകെ വന്നത്. പോലീസ് ആദ്യം രാവിലെ 6 മണിക്ക് മൃതസംസ്കാര കർമ്മങ്ങൾ നടത്താമെന്ന് കുടുംബത്തോട് പറഞ്ഞെങ്കിലും പെട്ടെന്ന് അവർ പ്ലാൻ മാറ്റി.

അവരുടെ ഉദ്ദേശ്യം മനസിലായപ്പോൾ വീട്ടുകാർ വീട്ടിനുള്ളിൽ കയറി കതകുകൾ അടച്ചു. കുടുംബം ഇല്ലാതെ ചിത ഒരുക്കാനും ആചാരം നടത്താനും കഴിയാത്തത് കൊണ്ട് പൊലീസുകാർ പിന്മാറുമെന്നാണ് അവർ കരുതിയത്. പക്ഷെ കുടുംബമില്ലാതെ തന്നെ മൃതസംസ്കാരം 2:30ന് നടന്നു.പ്രേം പ്രകാശ് മീന, ജോയിന്റ് DM പക്ഷെ ഇങ്ങനെ പറയുന്നു. “കുട്ടിയുടെ മുത്തശ്ശനും ഒരു അങ്കിളും ഏതാനും ബന്ധുക്കളും മൃതസംസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ഉണ്ട്”വീട്ടുകാർ പക്ഷെ അത് സമ്മതിക്കുന്നില്ല.” എന്റെ മുത്തശ്ശൻ 2006ൽ മരിച്ചതാണ്” സഹോദരൻ പറയുന്നു.
(ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തിന്റെ വിവർത്തനം)