ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ അനാഥ ശവപറമ്പിൽ കൂട്ടക്കുഴിമാടങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നു

282

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ച പതിനെണ്ണായിരത്തോളം മനുഷ്യരിൽ പതിനായിരത്തോളം മനുഷ്യരും ധനാഢ്യരായിരുന്നു.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരത്തിൽ അത്യാഢംബര സൗധങ്ങളിൽ ഉന്നത വിഭാഗക്കാരെപോലെ ജീവിച്ചവർ. ലോകത്തിലെ ഏറ്റവും വലിയ അനാഥ ശവപറമ്പിൽ കൂട്ടക്കുഴിമാടങ്ങളിലാണ് അവരിന്ന് അന്ത്യവിശ്രമം കൊള്ളുന്നത്..
ഉറ്റവരുടെയോ ഉടയവരുടെയോ ഒരു യാത്രയയപ്പിന് പോലും യോഗമുണ്ടായില്ല.ചിന്തിക്കാനുള്ള ശകലങ്ങളാണിതൊക്കെ.

പൈൻ മരത്തിന്റെ പലകകളാൽ നിർമിച്ച പെട്ടികളുമായി രണ്ടാഴ്ചയിലൊരിക്കൽ ന്യൂയോർക്ക് സിറ്റിയിലെ ശവവണ്ടി ദൂരെയൊരു കടവിലേക്ക് പോകുന്നതു പതിവാണ്. അവിടെനിന്ന് ജങ്കാറിലേറി ചെറിയ ദ്വീപിലേക്ക്. ഊരും പേരുമില്ലാത്ത അനാഥ മനുഷ്യരുടെ ശവങ്ങൾ മറവ് ചെയ്യുന്ന ഇടമാണത്. വലിയതോതിൽ പൊതുജനശ്രദ്ധയില്ലാത്ത ദുരൂഹ സ്ഥലം. ഹാർട് ലാൻഡ് എന്ന ആ ദ്വീപിൽ മണ്ണായ മനുഷ്യർ എത്രയെന്നോ? 10 ലക്ഷത്തിലേറെ. ലോകത്തിലെ വലിയ ശവപ്പറമ്പുകളിലൊന്ന്. യാത്രികർക്കു പ്രവേശനമില്ലാത്ത ആ ജങ്കാറും ദ്വീപും ഇന്ന് യുഎസിന്റെ പേക്കിനാവുകളിൽ നിറയുന്നു. കോവിഡ് മഹാമാരിയിൽ മരിക്കുന്നവർക്കു കൂട്ടക്കുഴിമാടങ്ങൾ ഒരുക്കി ഹാർട് ദ്വീപ് ന്യൂയോർക്കിന്റെയും യുഎസിന്റെയും പേക്കിനാവിൽ നിറയുന്നു.

കോവിഡ് തീവ്രമായി ആക്രമിച്ച ന്യൂയോർക്കിനു സമീപമുള്ള ഹാർട് ദ്വീപിലെടുത്ത വലിയ കുഴിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയഭേദകമായ ചിത്രങ്ങൾ കഴിഞ്ഞദിവസം ലോകമാകെ നൊമ്പരം പടർത്തി. ന്യൂയോർക്കിലെ അനാഥവും തിരിച്ചറിയാൻ കഴിയാത്തതുമായ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സ്ഥലമാണ് ഈ ദ്വീപ്. ആഴ്ചയിൽ വിരലിലെണ്ണാവുന്ന സംസ്കാരങ്ങൾ നടന്നിരുന്ന ഇവിടെ ഇപ്പോൾ ദിവസേന ഇരുപത്തിയഞ്ചോളം മൃതദേഹങ്ങളാണു സംസ്കരിക്കുന്നത്. ന്യൂയോർക്കിൽ മരണങ്ങൾ ദിനംപ്രതി വർധിച്ചതുമൂലം ശ്മശാനങ്ങളിൽ ഇടമില്ലാതായതോടെയാണു ഹാർട് ലാൻഡിലേക്ക് ശവവണ്ടികൾ കുതിച്ചത്. യുഎസ് ഒഴികെ മറ്റേതു രാജ്യത്തേക്കാളും കൂടുതൽ കോവിഡ് രോഗബാധിതർ ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രമുണ്ട്.

കഴിഞ്ഞദിവസം 10,000 പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്തതോടെ ന്യൂയോർക്കിൽ ആകെ രോഗികളുടെ എണ്ണം 1.72 ലക്ഷം പിന്നിട്ടു, മരണം 7800 കടന്നു. യുഎസിൽ മൊത്തം 5.02 ലക്ഷത്തിലേറെ രോഗികൾ. രാജ്യത്തെ മരണസംഖ്യ 18,700 പിന്നിട്ടു.‌ കോവിഡിൽ മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായതോടെയാണു ശ്മശാനത്തിനു സ്ഥലം തേടി അധികൃതർ ഹാർട് ദ്വീപിൽ എത്തിയത്. റിക്കേഴ്‌സ് ഐലന്റ് ജയിലിലെ തടവുപുള്ളികളാണ് ശവക്കുഴി എടുക്കാറുള്ളത്. കോവിഡ് മരണങ്ങളായതിനാൽ തടവുകാരടക്കം ദ്വീപിൽ എത്തുന്ന എല്ലാവരും പ്രത്യേകം ആവരണം ധരിച്ചാണ് ഇപ്പോൾ ജോലിയെടുക്കുന്നത്. മരിച്ചവരുടെ മണമുള്ള ദ്വീപ്. ഹാർട് ലാൻഡിനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ന്യൂയോർക്ക് സിറ്റിയിലെ വടക്കുകിഴക്കൻ ബ്രോങ്ക്സിൽ 1.6 കിലോമീറ്റർ നീളവും 530 മീറ്റർ വീതിയുമുള്ള, 131 ഏക്കറിൽ പടർന്നു കിടക്കുന്ന ദ്വീപാണു ഹാർട് ഐലൻഡ് അഥവാ ഹാർട് ലാൻഡ്.
പെൽഹാം ദ്വീപുകളുടെ ഭാഗം.

1864ൽ യുഎസ് കളേഡ് ട്രൂപ്പിന്റെ പരിശീലന മൈതാനമായാണു ദ്വീപ് ആദ്യമായി പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെട്ടത്. പിന്നീട് പല ആവശ്യങ്ങൾക്കായി ദ്വീപിനെ മാറ്റിയെടുത്തു. ചരിത്രവും കഥകളുമെല്ലാം കൂടിക്കുഴിഞ്ഞ് ഭയത്തിന്റെ കരിമ്പടം പുതച്ചാണ് ദ്വീപിന്റെ നിൽപ്. ആള്‍ത്താമസമില്ലാത്ത ദ്വീപിൽ ആത്മാക്കളുടെ കൂട്ടങ്ങൾ വിഹരിക്കുന്നതായി ജനം വിശ്വസിക്കുന്നു.
യൂണിയൻ സിവിൽ വാർ ജയിൽ ക്യാംപ്, മാനസികാരോഗ്യ സ്ഥാപനം, ക്ഷയരോഗ ശുശ്രൂഷാകേന്ദ്രം, വീടില്ലാത്തവരുടെ അഭയകേന്ദ്രം, ആൺകുട്ടികളുടെ നവീകരണ കേന്ദ്രം, ജയിൽ, മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി ദ്വീപ് പലകാലങ്ങളിൽ ഉപയോഗിക്കപ്പെട്ടു. അനാഥരുടെയും പാവങ്ങളുടെയും അന്ത്യവിശ്രമ സ്ഥലമായും കൂട്ടകുഴിമാടങ്ങളുടെ ഇടമായും മാറി. ശീതയുദ്ധകാലത്ത് യുഎസിന്റെ നൈക്ക് മിസൈലുകൾ ദ്വീപിൽ നിലയുറപ്പിച്ചു. 1967 വരെ ജയിലായും അഭയകേന്ദ്രമായും ഉപയോഗിക്കപ്പെട്ടു.

1977 ആയതോടെ താമസയോഗ്യമായ അവസാന കെട്ടിടവും ഉപേക്ഷിക്കപ്പെട്ടതോടെ ശരിക്കും പ്രേതഭൂമിയായി മാറി.ഇപ്പോൾ ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ്് ഓഫ് കറക്‌‍ഷന്റെ കൈവശമാണു ദ്വീപ്. ഒരു ദശലക്ഷത്തിലേറെ മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഈ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുള്ളത്. ഇക്കഴി‍ഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പ്രതിവർഷം 1,500-ൽ താഴെ മൃതദേഹങ്ങൾ ഇവിടെ മറവ് ചെയ്തെന്നാണു കണക്ക്. കുടുംബങ്ങൾ അവകാശപ്പെടാത്തവരും ‌ഭവനരഹിതരും പാവങ്ങളും  പകർച്ചവ്യാധി വന്നു മരിച്ചവരുമായ മനുഷ്യരുടെ അവസാന വിലാസമാണിത്. ദ്വീപിലേക്കുള്ള സഞ്ചാരത്തിനു വിലക്കുണ്ട്. പ്രത്യേക അനുമതിയോടെ മാത്രമെ പോകാനാകൂ.ശവകുടീരങ്ങളില്ല, സ്മാരകശിലകളും.

മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്താണു കോവിഡ് ബാധിച്ചു മരിച്ചവരെ അടക്കം ചെയ്തത്. കോവിഡ് രോഗികളെ മാത്രമല്ല, കൂട്ടക്കുഴിമാടം ഒരുക്കുമ്പോഴെല്ലാം മണ്ണുമാന്തി യന്ത്രങ്ങളുടെ മുഴക്കം ദ്വീപിൽ നിന്നുയരും. യുദ്ധത്തടവുകാരെ പാർപ്പിക്കാനായി 1864ൽ ഇവിടെ ക്യാംപ് ആരംഭിച്ചു. 5000 തടവുകാരെ പാർപ്പിക്കാനായിരുന്നു സൗകര്യം. ഇതേ കാലഘട്ടത്തിൽ ആഭ്യന്തര യുദ്ധത്തിൽ മരിച്ച സൈനികരെ ഇവിടെ അടക്കം ചെയ്തു. ഔദ്യോഗിക രേഖകൾ പ്രകാരം സിവിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട 20 യൂണിയൻ ആർമി സൈനികരെയാണ് ആദ്യമായി ഇവിടെ അടക്കം ചെയ്തത്. എഡ്വേഡ് ഹണ്ടർ എന്നയാളിൽനിന്ന് 1868 മേയിൽ 75,000 ഡോളറിന് ന്യൂയോർക്ക് സിറ്റി ദ്വീപ് വാങ്ങി. പതിയെ പൊതുശ്മശാനമാക്കി മാറ്റി.1869ൽ ചാരിറ്റി ഹോസ്പിറ്റലിൽ മരിച്ച ലൂസിയ വാൻ സ്ലൈക് എന്ന 24കാരിയെ ആണ് ‘സിറ്റി സെമിത്തേരിയിൽ’ ആദ്യമായി സംസ്കരിച്ചത്. പാവങ്ങളെ അടക്കുന്ന സ്ഥലമെന്ന നിലയിൽ ‘പോട്ടേഴ്സ് ഫീൽഡ്’ എന്നും പേരു വീണു.

1958 ആയപ്പോഴേക്കും ഇവിടെ സംസ്കരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. വസൂരി മുതല്‍ എയ്‌ഡ്‌സ് വരെയുള്ള പകര്‍ച്ചവ്യാധികള്‍ വന്നു മരിച്ചവരെ ഇവിടെ മറവ് ചെയ്‌തു. 1870ല്‍ മഞ്ഞപ്പനിയും 1919ല്‍ സ്‌പാനിഷ് ഫ്ലൂവും പടര്‍ന്നുപിടിച്ചപ്പോള്‍ ഹാര്‍ട്ട് ഐലന്‍ഡില്‍ കൂട്ടശവക്കുഴികൾ ഒരുങ്ങി. ആദ്യകാലത്തെ കെട്ടിടങ്ങൾ പലതും അസ്ഥിപഞ്ജരമായി ദ്വീപിലുണ്ട്. മണ്ണിനടിയിൽ ഉറങ്ങിക്കിടക്കുന്നതാകട്ടെ, അനേകലക്ഷം മനുഷ്യരുടെ അറിയാക്കഥകളും.ഇവിടെ മറവ് ചെയ്യപ്പെടുന്നവർക്ക്, ജീവിതകാലത്തിലെപ്പോലെ മരണാനന്തരവും വിലാസമില്ല. ശവകുടീരങ്ങളും സ്മാരകശിലകളും അത്യാഡംബരം മാത്രമാണിവർക്ക്. പേരില്ലാത്ത കുട്ടികളും സ്ത്രീകളും പുരുഷന്മാരും ആത്മാക്കളായി ഉറങ്ങുന്ന ശവപ്പറമ്പ്. അനാഥർ മാത്രമല്ല, പ്രശസ്തരും പണക്കാരും ഇവിടെ അന്തിയുറങ്ങുന്നുണ്ട്. അതിലൊരാളാണ്, പ്രമുഖ ആക്ടിവിസ്റ്റ് റൂത്ത് പ്രോസ്കർ സ്മിത്ത്.

1907ൽ ജനിച്ച് 102–ാം വയസ്സിൽ അന്തരിക്കുമ്പോൾ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ റൂത്തിനുണ്ടായിരുന്നു. ജനന നിയന്ത്രണാധികാരം സ്ത്രീകൾക്കു നൽകണമെന്ന ആവശ്യമുയർത്തി സമരം ചെയ്താണു റൂത്ത് വനിതാവിമോചന പോരാട്ടത്തിന്റെ നായികയായത്.മാൻഹട്ടനിൽ ദശലക്ഷക്കണക്കിനു ഡോളർ മൂല്യമുള്ള അപാർട്ട്മെന്റിലായിരുന്നു റൂത്തിന്റെ താമസം. 2010ൽ വിട പറഞ്ഞപ്പോൾ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ളവർ വിശദമായ ചരമവാർത്തയും കൊടുത്തു. എന്നാലിപ്പോൾ അവർ അന്ത്യവിശ്രമം കൊള്ളുന്നതാകട്ടെ, ഹാർട്ട് ദ്വീപിലെ 359–ാം ട്രഞ്ചിൽ 144 അജ്ഞാതരോടൊപ്പം. അധികൃതരുടെ അനാസ്ഥയുടെ ഫലമായിരുന്നു ഈ ദുര്യോഗം.

റൂത്തിന്റെ ആഗ്രഹപ്രകാരം മരണാനന്തരം മൃതദേഹം ന്യൂയോർക്ക് യൂണിവേഴ്‍സിറ്റി സ്കൂൾ ഓഫ് മെഡിസിനു പഠിക്കാൻ നൽകി. ആവശ്യം കഴിയുമ്പോൾ സ്കൂൾ അധിക‌ൃതർ മൃതദേഹം സംസ്കരിക്കുകയും ചാരം ബന്ധുക്കൾക്കു കൈമാറുകയുമാണു വേണ്ടത്.പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. മൂന്നു വർഷത്തിനു ശേഷം ആരും ഏറ്റെടുക്കാനില്ലാത്തവരുടെ കൂട്ടത്തിൽപ്പെടുത്തി ന്യൂയോർക്ക് സിറ്റിയുടെ ശവവണ്ടിയിൽ റൂത്തിന്റെ മൃതദേഹവും ദ്വീപിലെത്തി. “”ഓ ദൈവമേ അവർ എവിടെയാണോ അന്ത്യവിശ്രമം കൊള്ളുന്നത് “”വിവരം പിന്നീട് അറിഞ്ഞപ്പോൾ റൂത്തിന്റെ മകൾ ഗീൽ സ്മിത്തിന്റെ പ്രതികരണം ഇതായിരുന്നു. ദ്വീപിൽ അടക്കം ചെയ്തവരുടെ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചപ്പോഴാണ് അധികൃതരുടെ അനാസ്ഥ പുറംലോകം അറിഞ്ഞത്.

റൂത്ത് ഉൾപ്പെടെ, പഠിക്കാൻ ശരീരം വിട്ടുനൽകിയവരുടെ അനേകം മൃതദേഹങ്ങൾ ഹാർട് ദ്വീപിൽ അടക്കം ചെയ്തെന്ന വിവരം പുറത്തായതോടെ ന്യൂയോർക്ക് യൂണിവേഴ്‍സിറ്റി പരസ്യമായി മാപ്പ് ചോദിച്ചു.കെട്ടിടങ്ങൾ ഉള്ളതും മറ്റുമായ കുറച്ചു ഭാഗങ്ങളൊഴികെ ദ്വീപിന്റെ ഏതാണ്ടു പകുതിയോളം ശ്മശാനമാണ്. 200 അടി നീളമുള്ള കുഴിയിൽ 1988നും 1999നും ഇടയിൽ 8904 കുട്ടികളെയാണ് അടക്കിയത്. ഏറെ നാളത്തെ നിയമയുദ്ധത്തിനു ശേഷം ബന്ധുക്കളായ സന്ദർശകർക്കായി ഒരിടം നിർമിച്ചത് 2007ലാണ്. മാസത്തിലൊരു തവണ ഇവിടെവന്ന് പ്രാ‍ർഥിക്കാം. രണ്ടാഴ്ചയിലൊരിക്കലാണ് ഇവിടെ ശവസംസ്കാരങ്ങൾ നടക്കുക. കുഴിയൊരുക്കുന്ന തടവുപുള്ളികൾക്കു പ്രത്യേകം കൂലിയുണ്ട്. ബോട്ട് മാര്‍ഗമേ ദ്വീപിലെത്താനാകൂ. കോവിഡ് അടങ്ങാത്ത സ്ഥിതിക്ക് ഇവിടേക്കുള്ള മൃതദേഹങ്ങളുടെ വരവ് ഇനിയും കൂടിയേക്കാം.