എന്റെ ഗോത്രസഹോദരന്മാരുടെ തകർന്നു കിടക്കുന്ന വീടുകളാണ് എനിക്ക് അയോദ്ധ്യ, അവരുടെ വീടുകൾ വീണ്ടും കെട്ടിക്കൊടുക്കുന്നതാണ് രാം മന്ദിർ നിർമാണം

596

” എന്റെ ഗോത്രസഹോദരന്മാരുടെ തകർന്നു കിടക്കുന്ന വീടുകളാണ് എനിക്ക് അയോദ്ധ്യ. അവരുടെ വീടുകൾ വീണ്ടും കെട്ടിക്കൊടുക്കുന്നതാണ് രാം മന്ദിർ നിർമാണം. അവരുടെ ഒട്ടിയ വയറുകൾ നിറയ്ക്കുന്നതാണ് എന്റെ ശ്രീരാമസേവ..

ജാർക്കണ്ട് തിരഞ്ഞെടുപ്പിൽ മോഡിയും കൂട്ടരും അയോദ്ധ്യയും രാമനും കാശ്മീരും പാകിസ്ഥാനും ചേർത്ത സ്ഥിരം ചേരുവ എടുത്തിട്ടപ്പോൾ ഹേമന്ത് സോറൻ നൽകിയ മറുപടിയാണീ വാക്കുകൾ.

രാജ്യത്തിന് ഒരു ഉപയോഗവുമില്ലാത്ത അന്ധവിശ്വാസങ്ങൾക്ക് വേണ്ടിയും ജീർണ്ണിച്ച മതങ്ങൾക്ക് വേണ്ടിയും ജനങ്ങളെ തെരുവിലിറക്കി സാധുക്കളെ നിഗ്രഹിക്കുന്ന ഫാസിസ്റ്റ് ശക്തികളെ അപേക്ഷിച്ചു ഹേമന്ദ് സോറനും ഷിബു സോറനും വളരെ ഭേദമാണ്. ദരിദ്ര ഇന്ത്യയുടെ കണ്ണുനീരല്ല, കഥകളിലെ കഥാപാത്രങ്ങളുടെ ക്ഷേമമമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നവരുടെ ലക്‌ഷ്യം. ഇന്ത്യ പശുക്കളുടേതും അവയെ സംരക്ഷിക്കാനിറങ്ങുന്ന കാളകളുടേതുമാകുമ്പോൾ ഫാസിസത്തിനെതിരെയുള്ള ചെറിയ വിജയങ്ങൾ ഒരുപാട് ആശ്വാസം പകരുന്നു.

ഹേമന്ത് സോറനും ഷിബു സോറനും മാലാഖമാരല്ലെങ്കിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ഉഴലുന്ന ജാർഖണ്ട് ജനതയിൽ നല്ലൊരു ശതമാനത്തെ സ്വാധീനിക്കാൻ ഈ വാക്കുകൾക്ക് സാധിച്ചു എന്നതിൽ സംശയം വേണ്ട. പുതിയ സർക്കാർ അധികാരമേറ്റാൽ ജാർഖണ്ഡിലെ പശുഭീകരരും ആൾക്കൂട്ടകൊലകളും അപ്രത്യക്ഷമാകുമെന്ന പ്രതീക്ഷയൊന്നുമില്ല. എങ്കിലും മോഡി -ഷാ കമ്പനിക്ക് ലഭിക്കുന്ന ഇത്തരം ചെറിയ തിരിച്ചടികളാണ് ഇന്ത്യ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത്.