Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

പ്രത്യേകിച്ച് വളമോ അധികം വെള്ളമോ ഒന്നും ആവശ്യമില്ലാതെ ഏത് കാലാവസ്ഥയിലും വളരെ പെട്ടന്ന് വളരുന്ന ഒരു കള സസ്യം. വളരെ എളുപ്പത്തിൽ വളർത്തി എടുക്കാൻ കഴിയുന്നതും മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കാൻ കഴിയുന്നതുമായ ഈ ചെടിയുടെ ഇതിന്റെ വ്യാവസായിക പ്രാധാന്യം കേട്ടാൽ നിങ്ങൾ ഞെട്ടും.

സാധാരണ കാർഷിക വിളകൾ അവയ്ക്ക് വളരാനാവശ്യമായ ലവണങ്ങൾ എല്ലാം മണ്ണിൽ നിന്ന് വലിച്ചെടുത്ത് മണ്ണിന്റെ ഫലഫൂയിഷ്ടത നഷ്ടമാക്കുമ്പോൾ ഈ സസ്യം മണ്ണിലെ അപകടകരങ്ങളായ ഖന ലോഹങ്ങളെയും അവയുടെ സംയുക്തങ്ങളെയും ആഗിരണം ചെയ്ത് മണ്ണിനെ ശുദ്ധമാക്കാൻ കൂടി കഴിവുള്ളവയാണ്‌. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമായ മുളയോട് ഒത്ത് തന്നെയുള്ള വളർച്ചാ ശേഷി ഈ ചെടിക്കും ഉണ്ട്. രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് തന്നെ രണ്ട് മുതൽ അഞ്ച് മീറ്റർ വരെ ഉയരം വയ്ക്കുന്ന ഇവ കാർബൺ ഫിക്സിങ്ങിന്റെ കാര്യത്തിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്നു.

വളരെ ആഴത്തിലേക്ക് പടർന്ന് വളരുന്ന ഇവയുടെ വേരുകൾ മണ്ണൊലിപ്പ് തടയാനായി സഹായിക്കുന്നവയാണ്‌.കാര്യമായ കീടബാധ ഉണ്ടാകാതെ ഇടതൂർന്ന് വളർന്ന് മറ്റ് കള സസ്യങ്ങളെ പ്രതിരോധിക്കുന്നതും ഏത് പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കാൻ കഴിയുന്നു എനതും കാർഷിക വിള എന്ന നിലയിൽ ഇതിന്റെ കൃഷി എളുപ്പമാക്കുന്നു.

ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്താൽ മണ്ണും ജലവും വായുവും മലിനമാക്കപ്പെട്ട ചെർണോബിലിന്റെയും പരിസരപ്രദേശങ്ങളിലെയും മണ്ണിൽ നിന്നും ജലത്തിൽ നിന്നും ഖന ലോഹങ്ങളെയും റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളെയും നീക്കം ചെയ്യാൻ ഈ സസ്യം വൻ തോതിൽ നട്ട് വളർത്തിക്കൊണ്ടിരിക്കുന്നു. ഈ അത്ഭുത സസ്യത്തിൽ നിന്ന് ഉണ്ടാക്കാൻ കഴിയുന്ന ഉല്പന്നങ്ങൾ നിരവധിയാണ്‌.

ഭക്ഷ്യോത്പന്നങ്ങൾ: ഈ സസ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ജ്യൂസ്, പാല്‌, എണ്ണ തുടങ്ങി വിവിധ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും. ഒമേഗാ 3/6 ഫാറ്റി ആസിഡുകളുടെയും ശരീരത്തിനാവശ്യമായ മാംസ്യം, അന്നജം, നാരുകൾ, വിവിധ വിറ്റാമിനുകൾ , ധാതു ലവണങ്ങൾ തുടങ്ങിയവയുടെ എല്ലാം നല്ലൊരു സ്രോതസ്സ് ആണ്‌ ഈ ഉല്പന്നങ്ങൾ.

കോൺക്രീറ്റ് : കോൺക്രീറ്റ് കെട്ടിടങ്ങളാൽ ഉണ്ടാക്കപ്പെടുന്ന കാർബൺ എമിഷൻ സജീവ ചർച്ച ആയിക്കൊണ്ടിരിക്കുന ഇക്കാലത്ത് ഈ സസ്യത്തിന്റെ ഭാഗങ്ങൾ കോൺക്രീറ്റിൽ ചേർക്കുന്നതുകൊണ്ട് കൂടുതൽ മെച്ചപ്പെട്ടതും അതേ സമയം സാധാരണ കോൺക്രീറ്റിന്റെ ഏഴിലൊന്ന് ഭാരം മാത്രം ഉള്ളതുമായ കോൺക്രീറ്റ് ബ്ലോക്കുകൾ ഉണ്ടാക്കാൻ കഴിയുന്നു. വളരെ പെട്ടന്ന് വളരുന്ന ഈ സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കുന്ന കാർബൺ ഡയോക്സൈഡ് ഇത്തരത്തിൽ തിരിച്ച് അന്തരീക്ഷത്തിലേക്ക് തന്നെ പോകാതെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ആയി കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് ആവാഹിക്കാൻ ഇതുമൂലം സാധിക്കുന്നു.

ഫൈബർ : കയറിനെയും ചണത്തിനെയും പോലെ കയറുകൾ ഉണ്ടാക്കാൻ ഇതിന്റെ തണ്ട് അത്യുത്തമമാണ്‌. ഉയർന്ന ടെൻസൈൽ സ്ടംഗ്ത്ത് പ്ലാസ്റ്റിക്കിനോളം കിടപിടിക്കുന്നതും ഈടുറ്റതുമായ കയറുകൾ ഉണ്ടാക്കാൻ സഹായകമാകുന്നു. ഫൈബർ സിമന്റ് ഷീറ്റുകൾ നിർമ്മിക്കാനും ഈ നാരുകൾ ഉപയോഗിക്കാൻ കഴിയുന്നു. ബലവും ഈടുമുള്ളതും ഭാരം കുറവായതുമായ നാരുകൾ ആയതിനാൽ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ തുടങ്ങിയവയെല്ലാം നിർമ്മിക്കാൻ പ്രയോജനപ്പെടുന്നതുമാണ്‌.

പേപ്പർ : ഈറ്റയെയും മുളയെയും പോലെ വളരെ പെട്ടന്ന് വളർന്ന് വലുതാകുന്നതും നാരുകളുള്ളതും ആയതിനാൽ പേപ്പർ നിർമ്മാണത്തിന്‌ വളരെ അനുയോജ്യമായ ഒന്നാണ്‌ ഇത്.
ഔഷധങ്ങൾ : പൗരാണിക കാലത്തിലേത് മുതൽ ആധുനിക കാലഘട്ടത്തിലെ വരെ വിവിധ മരുന്നുകളിലെ സുപ്രധാന ചേരുവകൾ ആയി ഈ സസ്യത്തിൽ നിന്ന് വേർതിരിക്കുന്ന വിവിധ സംയുക്തങ്ങൾ വിവിധ രൂപങ്ങളിൽ ഉപയോഗിച്ചു വരുന്നു.

നല്ല ഒരു ഇൻസുലേറ്റർ ആയ ഇത് പ്ലാസ്റ്റിക്കിനും റബ്ബറിനുമൊക്കെ പകരമായി അനുയോജ്യമായ ഇടങ്ങളിൽ ഇലക്ട്രിക്കൽ ഇൻസുലേറ്റിംഗ് മെറ്റീരിയൽ ആയി ഉപയോഗപ്പെടുത്തുന്നു. ബയോ ഡീസൽ , ആൾക്കഹോൾ, ആഭരണങ്ങൾ, കോമ്പോസിറ്റ് മെറ്റീരിയലുകൾ എന്നു വേണ്ട നിത്യോപയോഗ സാധങ്ങളുടെ ഒരു നിര തന്നെ ഈ അത്ഭുത സസ്യത്തിൽ നിന്ന് നേരിട്ടും ഉപോല്പന്നങ്ങൾ ആയും എല്ലാം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു.

ഇത്രയുമൊക്കെ പറഞ്ഞപ്പോൾ ഏതാണ്‌ ഈ അത്ഭുത സസ്യം എന്ന് അറിയാൻ ആഗ്രഹമുണ്ടാകുമല്ലോ. അതിന്റെ പേരാണ്‌ ഹെമ്പ് (Hemp). ഇങ്ങനെ ഒരു പേര്‌ അധികം കേട്ടിട്ടുണ്ടാകില്ലെങ്കിലും കഞ്ചാവ് എന്ന പേര്‌ തീർച്ചയായും കേട്ടിട്ടുണ്ടാകും. ഹെമ്പും കഞ്ചാവും ഒരേ കുടുംബത്തിൽ പെട്ടവയാണെങ്കിലും ആകെ ഉള്ള വ്യത്യാസം കഞ്ചാവിനു ലഹരി നൽകുന്ന പദാർത്ഥമായ Tetrahydrocannabinol ( THC) 0.3 % ൽ കുറവായ കഞ്ചാവ് ഇനമാണ്‌ ഹെമ്പ്. ഇത്രയധികം ഉപകാരമൂള്ള ഒരു സസ്യം ആണെങ്കിലും ഇതും ഒരിനം കഞ്ചാവ് ചെടി ആയതിനാൽ എല്ലാ രാജ്യങ്ങളിലും കൃഷി ചെയ്യുന്നതിനു നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഉണ്ട്. ഉത്തരേന്ത്യയിലൊക്കെ ഭാംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ വകഭേദങ്ങൾ റോഡരികിൽ എത്ര വെട്ടിക്കളഞ്ഞാലും പോകാത്ത രീതിയിൽ ശല്ല്യമായ ഒരു കളയായി പടർന്ന് നിൽക്കുന്നത് കാണാം.

ഇത്രയധികം ഉപയോഗങ്ങൾ ഉള്ള ഒരു സസ്യം ആയതിനാൽ മയക്കുമരുന്നിന്റെ പേരും പറഞ്ഞ് അതിനെ അകറ്റി നിർത്തേണ്ട കാര്യമില്ല എന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും വ്യാവസായിക – ഔഷധ ഉപയോഗങ്ങൾക്ക് കൃഷി ചെയ്യാനായി അനുവാദം നൽകുന്നു. ഇന്ത്യയിൽ ഈ അടുത്തായി ഉത്തരാഘണ്ഡ് നിയമവിധേയമായുള്ള കൃഷി പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് ഹെമ്പ് കൃഷി വ്യാപകമാക്കാൻ അനുവദിച്ചാൽ ഇതിന്റെ മറവിൽ മയക്ക് മരുന്ന് ഉൽപ്പാദനത്തിനായി മറ്റ് ഇനങ്ങൾ കൂടി കൃഷി ചെയ്ത് മയക്കുമരുന്ന് മാഫിയ കൂടുതൽ ശക്തിപ്രാപിക്കും എന്നതാണ്‌ ഭരണകൂടങ്ങളെ അത്തരം ഒരു നീക്കത്തിൽ നിന്ന് പിൻതിരിപ്പിക്കുന്നത്.

You May Also Like

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ

അറിവ് തേടുന്ന പാവം പ്രവാസി ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന…

ചാനൽ പ്രോഗ്രാമുകൾ കാണുമ്പോൾ ഇടയ്ക്ക് ഒരു കോഡ് സ്‌ക്രീനിൽ തെളിഞ്ഞു വരുന്നത് കാണാം. എന്തിനാണത് ?

നിങ്ങൾ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകൾ കാണുമ്പോൾ ഇടയ്ക്ക് സ്ക്രീനിൽ ചില നമ്പറുകൾ പോലെ ഒരു കോഡ്…

പരിണാമ സിദ്ധാന്തം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം

പരിണാമ സിദ്ധാന്തം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം സാബുജോസ് ഭൂമിയിലെ ജീവി വർഗങ്ങളുടെ ഉല്പ്പനത്തി…

ആരാണ് കോണിക്ലേവൻ മാൻ (clonycavan man ) ?

ആരാണ് കോണിക്ലേവൻ മാൻ (clonycavan man ) ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…