ആരാധന”യുടെ അമ്പത് വർഷങ്ങൾ”

170

സാനി മേരി ജോൺ

ആരാധന”യുടെ അമ്പത് വർഷങ്ങൾ”

ചില ചിത്രങ്ങൾ ദേശങ്ങളെയും ഭാഷകളെയും കാലങ്ങളെയും അതിജീവിക്കും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ആദ്യം കണ്ട അതേ വികാരത്തോടെ ചിത്രത്തെ നോക്കി കാണും. അതൊരു പക്ഷെ സിനിമയുടെ കഥയാവും, നായകന്റെ കള്ളചിരിയാവാം, നായികയുടെ കണ്ണീരാവാം ,അവരുടെ നിഷ്കളങ്ക പ്രണയമാവാം ….അതുമല്ലെങ്കിൽ കാതുകളിൽ അലയടിച്ചുയരുന്ന മാസ്മര സംഗീതമാവാം. അത്തരമൊരു ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ “ആരാധന “.ഹിന്ദി കാര്യമായി മനസിലാവാത്ത പ്രായത്തിലാണ് സിനിമ ആദ്യമായി കാണുന്നത്. ഇന്നു ഹിന്ദി നന്നായി മനസ്സിലാവുന്നു. അന്നും ഇന്നും നായകന്റെ നിഷ്കളങ്ക പ്രണയത്തിലും നായികയുടെ വിരഹ ദുഖത്തിലും ഹൃദയ താളം തെറ്റുന്നു.. എന്തുകൊണ്ടാവും “ആരാധന “അമ്പതു നീണ്ട വർഷങ്ങൾക്കിപ്പുറവും ആദ്യത്തെ ആകര്ഷണീയതയോടെ നിലനിൽക്കുന്നത് ?
വെള്ളയിൽ ചുവന്ന ചെറിയ കുത്തുകളും ബോർഡറുമുള്ള സാരിയും വെളുത്ത ബ്ലൗസുമണിഞ്ഞ ദുഖിതയായ നായികയിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. കുറ്റ ബോധത്താൽ അവൾ ശിരസുകുനിച്ചിരിക്കുന്നു. (അതോ സ്വയം വിധിയെ പഴിച്ചിട്ടോ ? നായികയായ വന്ദനയെ വിധി എത്ര ക്രൂരമായാണ് വേട്ടയാടുന്നത് ?) കൊലപാതക കുറ്റമാണ് നായികയുടെ മേൽ ആരോപിച്ചിരിക്കുന്നത്. പ്രതി അത് മനഃപൂർവം ചെയ്തതാണെന്ന് ആരോപിച്ചു അവളുടെ ശിക്ഷ നടപ്പാക്കുന്നു. പിന്നീട് ജയിൽ യൂണിഫോമിൽ വന്ദന ജയിലിനകത്തു .. അതിന്റെ കൊച്ചു ജനാലയിൽ കൂടെ വാലിട്ടെഴുതിയ നീണ്ട കണ്ണുകളിൽ കൂടെ അവൾ കാണുന്ന നീലാകാശം.. .. ദൂരെ മേഘങ്ങൾ പാറി നടക്കുമ്പോൾ വന്ദനയുടെ ഓർമകളും പിന്നിലേക്ക്..
“മേരെ സപ്നോം കി റാണി കബ് ആയേഗി തൂ .. ”
കറുത്ത തൊപ്പി ധരിച്ചു തുറന്ന ജീപ്പിൽ ആടിപ്പാടി നായകനെത്തുകയായി- അരുൺ. തൊട്ടരികെ കൂടെ പായുന്ന ട്രെയിനിൽ തുറന്നു പിടിച്ച പുസ്തകവുമായി നായകനെ ഒളികണ്ണാൽ നോക്കുന്ന നുണക്കുഴി കവിളുള്ള സുന്ദരി നായിക.
എത്ര മനോഹരമായ ആദ്യ സമാഗമം!
“ഫൂൽ സി ഖിൽക്കെ പാസ് ആദിൽ കേ
ദൂർ സെ മിൽ കെ ചെയ്ൻ ന ആയെ”

തുടിക്കുന്ന ഹൃദയവുമായി രണ്ടുപേർക്കും അധികം കാത്തിരിക്കേണ്ടി വന്നില്ല. അധികം താമസിയാതെ വീണ്ടും സമാഗമം.
താമസിയാതെ പൈലറ്റായ അരുൺ വർമയും ഡോക്ടറുടെ മകളായ വന്ദനയും അഗാധ പ്രണയത്തിൽ …
“കോറ കാഗസ് ഥാ മൻ മേരാ
ലിഖ് ലിയാ നാം ഇസ്പേ തേരാ ….”
വെള്ളക്കടലാസു പോലെ ശൂന്യമായ അയാളുടെ മനസ്സിൽ അവളുടെ പേര് മാത്രമെഴുതി ചേർത്തപ്പോൾ , മരുഭൂമി പോലെ വരണ്ടുണങ്ങിയ അവളുടെ മനസിലേക്ക് അയാൾ പ്രണയ മഴ ചൊരിഞ്ഞു..
അനുരാഗ നദി അനുസ്യൂതം ഒഴുകുന്നു..
മഴയുള്ള രാത്രി..സുന്ദരിയായ നായിക.. പ്രണയം വഴിയുന്ന കണ്ണുകളുമായി അനുരാഗ വിവശനായി സുന്ദര നായകൻ..
“രൂപ് തേരാ മസ്താന .. പ്യാർ മേരാ ദിവാന..”
സാഹചര്യം ഒത്തു വന്നാൽ പ്രണയത്തിന്റെ കയറു പൊട്ടും.
രാവിലെ നായികയുടെ കണ്ണീരിൽ കുറ്റബോധം തോന്നിയ നായകൻ അവളെ ഗാന്ധർവ വിവാഹം ചെയ്യുന്നു.. അവരിരുവരും സുന്ദരമായ വിവാഹ ജീവിതം സ്വപനം കണ്ടു തുടങ്ങുന്നു..
“ഖുൻ ഖുനാ രഹെ ഹേ ബവരെ ,ഗിൽ രഹി ഹേ കലി കലി ..”
പ്രേക്ഷകരും അല്പം അസൂയയോടെ ആ പ്രണയം കണ്ടു കൊണ്ടിരിക്കുമ്പോൾ അതാ .. കാലം വില്ലനായി കടന്നു വരുന്നു.

വൈമാനികനായ അരുൺ അപകടത്തിൽ പെടുന്നു. പക്ഷെ ഗുരുതരാവസ്ഥയിലായ അയാളെ അവസാനമായി കാണാനുള്ള അവസരം കഥാകൃത്തു നായികയ്ക്കും ഒപ്പം പ്രേക്ഷകനും നൽകുന്നു. ഫലമോ ? നായികക്കൊപ്പം നമ്മുടെ കണ്ണുകളും നിറയുന്നു. കവിൾത്തടങ്ങൾ നനയുന്നു.. ചിത്രത്തിലെ ഏറ്റവും വികാരഭരിത രംഗം!

അരുൺ മരിക്കുന്നു. ഡോക്ടറായ അച്ഛന്റെ ഉപദേശം കേൾക്കാതെ തന്റെ ഉദരത്തിൽ വളരുന്ന അരുണിന്റെ കുഞ്ഞിനെ വളർത്താൻ തന്നെ വന്ദന തീരുമാനിക്കുന്നു.
വൃദ്ധനായ പിതാവും താമസിയാതെ മരിക്കുമ്പോൾ വന്ദനയുടെ സ്ഥിതി വീണ്ടും തകിടം മറിയുന്നു.
പ്രതിസന്ധികളെ മറികടന്നു അരുൺ സ്വപ്നം കണ്ടത് പോലെ വന്ദന ഒരാൺ കുഞ്ഞിന് ജന്മം നൽകുന്നു.
“സഫൽ ഹോഗി തേരി ആരാധന ..”
കുഞ്ഞിനെ വളർത്താൻ കുട്ടികളില്ലാത്ത ദമ്പതികൾക്കു അവനെ നൽകി അവന്റെ ആയയായി വന്ദന അവിടത്തന്നെ കൂടുന്നു. സ്വന്തം കുഞ്ഞിനെ താരാട്ടു പാടി ഉറക്കാൻ ഹതഭാഗ്യയായ അമ്മക്ക് ഈ വിധം കഴിയുന്നു.
‘ ചന്ദ ഹേ തൂ മേരാ സൂരജ് ഹേ തൂ…”
പാട്ടിനിടയിലൂടെ സൂരജ് മിടുക്കനായി വളരുന്നു…
കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നു പോവുമ്പോൾ വീണ്ടും വില്ലൻ… ഇത്തവണ വിധിയല്ല ,മനുഷ്യൻ തന്നെയാണ് വില്ലൻ . നല്ലവനായ വീട്ടുകാരന്റെ സഹോദരൻ സുന്ദരിയായ നായികയെ നോട്ടമിടുന്നു.. അയാൾ വന്ദനയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ ബാലനായ സൂരജിന്റെ കൈയ്യാൽ കൊല്ലപ്പെടുന്നു. വന്ദന കൊലപാതക കുറ്റം ഏറ്റെടുക്കുന്നു.
വര്ഷങ്ങള്ക്കൊടുവിൽ ജയിൽ മോചിതയാവുന്ന വന്ദന നല്ലവനായ ജയിൽ അധികാരിയുടെ വീട്ടിലേക്കു പോവുന്നു. അവിടെ അയാളുടെകൗമാരക്കാരിയായ മകളുണ്ട്. വിധി ഇവിടെ വന്ദനയോടു അല്പം കരുണ കാണിക്കുന്നു .അധികം താമസിയാതെ അവളുടെ വൈമാനികനായ കാമുകൻ അവിടെയെത്തുന്നു- സൂരജ്. മകനെ തിരിച്ചറിയാൻ വന്ദനക്കു പ്രയാസമുണ്ടാവുന്നില്ല. അരുണിനില്ലാത്ത ഒരു നേർത്ത മീശ മുഖത്തുണ്ടെന്നു മാത്രം.
സൂരജിന്റെ മനസിലും വന്ദനയെക്കുറിച്ചുള്ള ചെറിയ ഓർമ്മകൾ ബാക്കി നിൽപ്പുണ്ട്.
ഒടുവിൽ സൂര്ജും അപകടത്തിൽ പെടുന്നു. വന്ദനയുടെ ഡയറിയിൽ നിന്നും ലഭിക്കുന്ന ഫോട്ടോയിൽ നിന്ന് സൂരജ് തന്റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിയുന്നിടത്തു “ആരാധന” ശുഭമായി പര്യവസാനിക്കുന്നു.
ഒരു നടനാവാൻ കൊതിച്ചാണ് ശക്തി സാമന്ത മുംബൈയിലെത്തുന്നത്. എന്നാൽ സഹ സംവിധായകനായി സിനിമ രംഗത്തു കടന്നു കൂടാനായിരുന്നു വിധി. “ബഹു” എന്ന ചിത്രത്തിലൂടെയാണ് ആദ്യ സ്വതന്ത്ര സംവിധായകനാകുന്നത് . ഹൗറ ബ്രിഡ്ജ്, കട്ടി പതങ് , അനുരാഗ് എന്നീ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ പേരിൽ എഴുതി ചേർത്തിട്ടുണ്ടെങ്കിലും “ആരാധന” എന്ന ചിത്രത്തിന്റെ അത്ഭുതാവഹമായ വിജയം മറ്റൊന്നും നേടിയെടുത്തില്ല..
ആരാധനയിൽ അഭിനയിക്കുമ്പോൾ രാജേഷ് ഖന്ന ഹിന്ദി ചലച്ചിത്ര ലോകത്തു സൂപ്പർ സ്റ്റാർ തന്നെയായിരുന്നു. ആരാധന സ്ത്രീ കേന്ദ്രികൃത കഥയായിരിന്നിട്ടും ഈ ചിത്രത്തിലെ അരുണിന്റേയും സൂരജിന്റെയും ഡബിൾ റോൾ അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തി. മകനായ സൂരജിനേക്കാൾ ഇരട്ടി charm ഉണ്ട് അരുണിന്. നിങ്ങൾ ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ “രൂപ് തേരാ മസ്താന “എന്ന ഗാനം ഒന്ന് കണ്ടു നോക്കു. ചുവന്ന കമ്പിളി ചുറ്റിയ നായികയേക്കാൾ എത്ര സെക്സിയാണ് ഷർട്ടിന്റെ ഒന്ന് രണ്ടു ബട്ടണുകൾ അഴിച്ചിട്ട നായകൻ !ഒരുപക്ഷെ സ്ത്രീയായതു കൊണ്ടുള്ള എന്റെ കാഴ്ച്പ്പാടാ കും .എന്തായാലും “ആരാധന “എന്ന പേര് കേട്ടാൽ രാജേഷ് ഖന്ന തന്നെയാണ് ആദ്യം ഓർമയിൽ എത്തുന്നത്.
എല്ലാ സിനിമകൾക്കും ഒട്ടേറെ പിന്നാപ്പുറ കഥകളുണ്ടാവും. ഈ സിനിമയും വ്യത്യസ്തമല്ല. അതിലൊന്ന് ശർമിള ടാഗോർ വന്ദനയുടെ റോൾ നിരസിച്ചു എന്നതാണ്. കാരണം വൃദ്ധയായി അഭിനയിക്കാനുള്ള താല്പര്യക്കുറവ്. സംവിധായകനാകട്ടെ ,തന്റെ നായികയായി അവരെയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ സാധിച്ചുമില്ല .ഒടുവിൽ ,അദ്ദേഹത്തിന്റെ നിര്ബന്ധതിനു ശർമിള വഴങ്ങുന്നു. തന്റെ അഭിനയ ജീവിതത്തിലെ നല്ലൊരു കഥാപാത്രത്തെ അവസമരണീയമായി അവതരിപ്പിക്കുകയും ചെയ്യുന്നു. നല്ല നടിക്കുള്ള ആ വർഷത്തെ ഫിലം ഫയർ അവാർഡും അവർ സ്വന്തമാക്കി. ചുരുക്കത്തിൽ പ്രേക്ഷക ഹൃദയം കവർന്ന രാജേഷ് ഖന്നയേക്കാൾ ശര്മിളക്കു ആരാധനനേട്ടങ്ങളുണ്ടാക്കി .
ഗാനങ്ങളെ കുറിച്ച് പറയാതെ “ആരാധന “പൂർത്തിയാവില്ല.ആനന്ദ് ബക്ഷിയുടെ രചനയിൽ ആർ ഡി ബർമാന്റെ സംഗീതത്തിലാണ് ചിത്രത്തിലെ ചിരം ജീവികളായ ഗാനങ്ങളുടെ പിറവി. ലത മങ്കേഷ്കർ, റാഫി, കിഷോർ കുമാർ എന്നീ പകരം വെക്കാനില്ലാത്ത ഗായകരും. പാട്ടുകൾ നിത്യ ഹരിതങ്ങൾ ആയില്ലെങ്കിലെ അത്ഭുതമുള്ളു. “രൂപ് തേരാ മസ്താന” എന്ന ഗാനത്തിന്റെ വ്യത്യസ്ത ആലാപനത്തിലൂടെ കിഷോർ കുമാർ മികച്ച ഗായകനായി.. (ഫിലിം ഫയർ ).എന്നാലും” കോറ കാഗസ് “എന്ന ഗാനമാണ് എന്നെ പോലുള്ള ഗാനപ്രേമികൾ ഇന്നും ഏറ്റുപാടുന്നത്.
സിനിമയുടെ വമ്ൻ വിജയത്തെ തുടർന്ന് ചിത്രം ബംഗാളി ഭാഷയിലേക്കു മൊഴി മാറ്റം ചെയ്യപ്പെട്ടു. തമിഴിലും തെലുങ്കിലും ചിത്രികരിക്കപ്പെട്ടു. ശിവ കാമിയിൻ സെൽവൻ എന്ന് പേരിട്ട തമിഴ് പടത്തിൽ ശിവാജി ഗണേശനും വാണിശ്രീയുമായിരുന്നു നായികാ നായകന്മാർ.
“ആരാധന”യെ ആരാധനയോടെ നോക്കാൻ ഇനിയും കാരണങ്ങൾ വേറെയുമുണ്ട്. മറ്റു പടങ്ങളുടെ തിരക്കിലായിരുന്ന നായികക്ക് ആദ്യ ഗാനത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. നായികയെ മാത്രമെടുത്തു, തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന നായകന്റെ ഭാഗങ്ങളുമായി പിനീട് കൂട്ടിച്ചേർക്കുകയിരുന്നു. അതായതു നായിക തീവണ്ടിയിൽ സഞ്ചരിച്ചിട്ടില്ല എന്ന് ചുരുക്കം. “മേരെ സപ്നോം കെ റാണി “എന്ന ഗാനരംഗം കാണുമ്പോൾ എപ്പോഴെങ്കിലും നിങ്ങള്ക്ക് ഒരു കല്ലെങ്കിലും കടിച്ചോ ? ഇല്ലല്ലോ.. സാങ്കേതിക വിദ്യ ഇന്നത്തെ പോലെ മെച്ചമല്ലാതിരുന്ന കാലത്തായിരുന്നു സംവിധായകന്റെ ഈ കൈ വിട്ട കളി.. സിനിമയുടെ എഡിറ്ററേയും ക്യാമറ മാനേയും സ്തുതിക്കാതെ വയ്യ..
പലരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് നല്ല സിനിമകളുടെ പിറവി. അത് കൊണ്ടാണ് 1969 നവംബര് ഏഴിന് പുറത്തിറങ്ങിയ “ആരാധന “എന്ന സിനിമ ഇന്നും കാണുമ്പോൾ രാജേഷ് ഖന്ന എന്ന നായകനെ പ്രണയിക്കാൻ തോന്നുന്നതും, ശർമിള എന്ന നായികയോടൊപ്പം കണ്ണ് തുടക്കുന്നതും, അർത്ഥമറിയില്ലെങ്കിലും ഗാനങ്ങൾ മൂളുന്നതും. ഈ സിനിമ ഇനിയും കാലങ്ങളെ അതിജീവിക്കും. പേരിനെ അന്വർത്ഥമാക്കും … അത് തീർച്ചയാണ്.