പദ്മിനി എന്ന പുതിയ മലയാള സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു പുരുഷന് ഒരു സമയം രണ്ടു ഭാര്യമാർ ആകാമോ?

അറിവ് തേടുന്ന പാവം പ്രവാസി

വിവാഹം എന്ന പദത്തിന്‍റെ നിയമവ്യാപ്തി വ്യക്തിനിയമങ്ങളില്‍ വ്യത്യസ്ഥമായിട്ടാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവയുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്. ഒരു സമൂഹത്തിന്‍റെ അടിസ്ഥാനമായ കുടുംബം രൂപീകരിക്കല്‍ അഥവാ ഒരു സ്ത്രീയും പുരുഷനും മറ്റേതൊരാളെയും പുറന്തള്ളിക്കൊണ്ട്‌ അവര്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി സംയോജിക്കുക എന്നതാണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉം, 1948-ൽ അംഗീകരിച്ച യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിലെ ആർട്ടിക്കിൾ 16 ഉം ഒരു വ്യക്തിക്ക് വിവാഹം ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ, വിവാഹം സംബന്ധിക്കുന്ന ഒരു ഏകീകൃത നിയമസംഹിതയില്ല. ഇക്കാര്യത്തിൽ വ്യത്യസ്ത മതങ്ങൾ വ്യത്യസ്ത നിയമങ്ങളാണ് പിന്തുടരുന്നത്.1955 ൽ നിലവിൽ വന്ന ഹിന്ദു വിവാഹ നിയമമാണ് രാജ്യത്തെ ഹൈന്ദവ വിശ്വാസികൾ പിന്തുടരുന്നത്. മുസ്ലീങ്ങൾ 1937 ലെ മുസ്ലീം വ്യക്തിനിയമവും (ശരിയത്ത്) ,ക്രിസ്ത്യാനികൾ 1872 ൽ നിലവിൽ വന്ന ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമവും പിന്തുടരുന്നു. പാഴ്സികകൾക്ക് പാഴ്സി വിവാഹ നിയമവും, വിവാഹമോചന നിയമവും ഉണ്ട്. ഒരു പ്രത്യേക മതവിശ്വാസവും പിന്തുടരാത്ത ആളുകൾ തമ്മിലുള്ള വിവാഹങ്ങൾക്കായി 1954-ൽ പ്രത്യേക വിവാഹ നിയമം പാസാക്കിയിരുന്നു.

ഹിന്ദു വിവാഹങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് 1955 ലാണ് കേന്ദ്ര സർക്കാർ ഹിന്ദു വിവാഹ നിയമം പാസാക്കിയത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നീ മത വിശ്വാസങ്ങൾ പിന്തുടരുന്നവർക്കെല്ലാം ഈ നിയമം ബാധകമാണ്. നിയമത്തിലെ സെക്ഷൻ 5 ൽ ബഹുഭാര്യാത്വമോ , ബഹു ഭർത‍ൃത്വമോ പാടില്ലെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. വരന്റെയും , വധുവിന്റെയും പൂർണ സമ്മതത്തോടെ ആയിരിക്കണം വിവാഹം നടത്തേണ്ടതെന്നും പറയുന്നുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച വ്യക്തിയാണെങ്കിൽ അടുത്ത വിവാഹം കഴിക്കുമ്പോൾ അവരുടെ പങ്കാളി ജീവിച്ചിരിപ്പുണ്ടാവരുത്. ഇത്തരത്തിലുള്ള വിവാഹമേ സാധുവായി കണക്കാക്കൂ.

ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹിതരാകുന്ന രണ്ട് കക്ഷികൾക്കും കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം. ഇവർക്ക് നിരോധിക്കപ്പെട്ട മറ്റു ബന്ധങ്ങളൊന്നും ഉണ്ടാകാൻ പാടില്ല. അടുത്ത രക്തബന്ധം ഉള്ളവർ തമ്മിലുള്ള വിവാഹവും നിയമം വിലക്കുന്നുണ്ട്.നിയമത്തിലെ 17-ാം വകുപ്പിൽ ദ്വിഭാര്യത്വം ശിക്ഷാർഹമാണെന്ന് പറയുന്നുണ്ട്. ”ഈ നിയമ പ്രകാരം വിവാഹം കഴിക്കുന്ന രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള ഏത് വിവാഹവും സാധുവാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (1860-ലെ 45) 494, 495 വകുപ്പുകളിലെ വ്യവസ്ഥകളെല്ലാം ഇവിടെ ബാധകമാകും .

വിവാഹസമയത്ത് പുരുഷന് ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ, സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടായിരിക്കരുത്. ഭാര്യയോ ,ഭര്‍ത്താവോ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് നിയമപ്രകാരം പ്രസ്തുത ബന്ധം വേര്‍പെടുത്താത്തിടത്തോളം മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവകാശമില്ല. ഇത്തരത്തിലുള്ള വിവാഹം കുറ്റമായി ഹിന്ദുവിവാഹനിയമത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.വിവാഹിതരാകുന്ന വ്യക്തികള്‍ പരപ്രേരണ കൂടാതെ സ്വമനസ്സാലെയായിരിക്കണം വിവാഹത്തിന് സമ്മതിക്കേണ്ടതെന്നതിനാല്‍ അവര്‍ക്ക് ചിത്തഭ്രമമോ , മനോരോഗമോ തുടര്‍ച്ചയായി വരുന്ന ഉന്മാദരോഗങ്ങളോ ഉണ്ടായിരിക്കരുത്. മാനസിക തകരാറുകള്‍ മൂലം വൈവാഹിക കടമകള്‍ നിര്‍വഹിക്കുവാനോ, കുട്ടികള്‍ക്ക് ജന്മം കൊടുക്കുവാനോ, കുട്ടികളെ സംരക്ഷിക്കുവാനോ , കഴിവില്ലാത്തവര്‍ക്കും വിവാഹം ചെയ്യുവാന്‍ നിയമപരമായി തടസ്സമുണ്ട്.ആചാരമോ , കീഴ്വഴക്കങ്ങളോ പ്രകാരം അനുവദനീയമല്ലെങ്കില്‍ അടുത്ത സപിണ്ഡബന്ധത്തില്‍ പെടുന്നവര്‍ക്കും പരസ്പരം വിവാഹം കഴിക്കുന്നതിന് അയോഗ്യതയുണ്ട്. സപിണ്ഡബന്ധം രക്തബന്ധം തന്നെയാണ്. അമ്മവഴി മുകളിലേയ്ക്ക് മൂന്ന് തലമുറ വരെയും , അച്ഛന്‍വഴി അഞ്ചു തലമുറവരെയും സപിണ്ഡബന്ധത്തില്‍പെടുന്നു.

ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെയും , ഭാര്യ മരിച്ച പുരുഷന്മാരുടെയും പുനര്‍വിവാഹം നിയമസാധുതയുള്ളതാണ്.സബ് രജിസ്ട്രാറിനു മുമ്പില്‍ വിവാഹം രജിസ്ടര്‍ ചെയ്തതു കൊണ്ടുമാത്രം വിവാഹത്തിന് നിയമസാധുത ലഭിക്കുന്നില്ല. നിബന്ധനകള്‍ അനുസരിച്ച് വിവാഹം നടത്തണം.ഗവൺമെൻറ് വിജ്ഞാപനമനുസരിച്ച് ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനന/മരണ രജിസ്ട്രാര്‍മാര്‍ക്ക് (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി) വിവാഹം രജിസ്റ്റര്‍ ചെയ്യാം.
ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും, നിയമപരമായി നടന്ന ഒരു വിവാഹത്തിന്‍റെ നിയമസാധുത നഷ്ടപ്പെടില്ല.ഹിന്ദു വിവാഹ നിയമപ്രകാരം ഹിന്ദുമതത്തിനകത്തുള്ള മിശ്രവിവാഹം നിയമസാധുതയുള്ളതാണ്.

ഹൈന്ദവാചാരപ്രകാരം യഥാവിധി സപ്തപദി പോലുള്ള ചടങ്ങുകളോടെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്കേ നിയമപരമായ അംഗീകാരം ലഭിക്കുകയുള്ളൂ. (അഗ്നിക്കുചുറ്റും വധൂവരന്മാര്‍ ഏഴുപാദം വയ്ക്കുന്നതോടെ വിവാഹം പൂര്‍ണ്ണമാകുന്നു.)ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കേ നടക്കുന്ന രണ്ടാം വിവാഹം, നിരോധിക്കപ്പെട്ട ബന്ധത്തില്‍പെട്ടവരോ സപിണ്ഡകളോ തമ്മിലുള്ള വിവാഹം എന്നിവ അസാധുവായിരിക്കുന്നതും പങ്കാളികള്‍ക്ക് ഭാര്യാഭര്‍ത്താക്കന്മാരുടെ പദവി നിയമപ്രകാരം ഇല്ലാത്തതുമാകുന്നു.ഭാര്യയോ ഭര്‍ത്താവോ ഹിന്ദുമതവിശ്വാസം ഉപേക്ഷിച്ചാലും നിയമ പ്രകാരം വിവാഹം അസാധുവാകും.

വിവിധ മതങ്ങളിലെ വിവാഹം സംബന്ധിക്കുന്ന നിയമം പാസാക്കുന്നതോടൊപ്പം സാമൂഹിക തിന്മകളായി കണക്കാക്കുന്ന ചില ആചാരങ്ങൾ നിരോധിക്കാനും പാർലമെന്റ് നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സതി, ശൈശവ വിവാഹം, മുത്തലാഖ് മുതലായവയെല്ലാം അതിന് ഉദാഹരണങ്ങളാണ്.
ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ, ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ ആത്മാഹൂതി ചെയ്തിരുന്ന സമ്പ്രദായമായിരുന്നു സതി. 1987 ൽ കമ്മീഷൻ ഓഫ് പ്രിവൻഷൻ ഓഫ് സതി ആക്റ്റ് പ്രാബല്യത്തിൽ വന്നു. ഇന്ത്യയിൽ എല്ലായിടത്തും സതി എന്ന ദുരാചാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം രൂപീകരിച്ചത്. ഒരു വിധവ സ്വമേധയാ ചിതയിലേക്ക് എടുത്തു ചാടുന്നതോ , അവരെ കത്തിക്കുന്നതോ , ജീവനോടെ കുഴിച്ചുമൂടുന്നതോ ഈ നിയമം വിലക്കുന്നു. സതി എന്ന ആചാരത്തെ മഹത്വവൽക്കരിക്കുന്നതും നിയമം നിരോധിക്കുന്നു.

വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി നിലവിലുണ്ടായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് വലിയ അളവു വരെ കാരണമായി.2006-ലെ ശൈശവ വിവാഹ നിരോധന നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള 2012-ലെ നിയമം എന്നിവ ഉൾപ്പെടെ, മനുഷ്യാവകാശങ്ങളുടെയും മറ്റ് അവകാശങ്ങളുടെയും ലംഘനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും രാജ്യത്ത് നിരവധി നിയമങ്ങൾ നിലവിലുണ്ട്.ഇന്ത്യയിലെ വിവാഹങ്ങളെ നിയന്ത്രിക്കുന്ന വിവിധ വ്യക്തിനിയമങ്ങൾ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്നുമുണ്ട്.

ഇനി കോടതി തീരുമാനം എടുക്കുന്ന ചില കാരണങ്ങൾ

⚡ഭര്‍ത്താവല്ലാത്ത മറ്റൊരാളില്‍ നിന്നും ഭാര്യ വിവാഹസമയത്ത് ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവുതന്നെ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ ആ വിവാഹം കോടതി അസാധുവായി പ്രഖ്യാപിക്കും.

⚡ബലംപ്രയോഗിച്ചോ ചതിയിലൂടെയോ ഭീഷണിപ്പെടുത്തിയോ ഒരാളെ സമ്മതിപ്പിച്ച് വിവാഹം നടത്തിയാല്‍ അയാളുടെ സമ്മതം സ്വതന്ത്രമായ മനസ്സോടെയല്ല ഉണ്ടായിട്ടുള്ളതെന്ന കാരണത്താല്‍ ആ വിവാഹം അസാധുവാക്കുന്നതാണ്.

⚡വിവാഹപങ്കാളി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നു ആക്ഷേപമുള്ളവര്‍ വഞ്ചന കണ്ടുപിടിച്ച തിയ്യതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരം തേടി കോടതിയെ സമീപിക്കണം. മേല്‍ പരാമര്‍ശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കാവുന്ന വിവാഹങ്ങള്‍ കോടതിയില്‍നിന്ന് അസാധുവാക്കി ക്കൊണ്ടുള്ള വിധിയുണ്ടാകാത്തിടത്തോളം കാലം സാധുവായിരിക്കുന്നതും നിയമപരമായി അംഗീകാരമുള്ളതായിരിക്കുന്നതുമാണ്.

⚡ദാമ്പത്യബന്ധം പുന:സ്ഥാപിക്കാന്‍ കോടതി ഉത്തരവായിട്ടും ദമ്പതിമാര്‍ തമ്മില്‍ അടുക്കുകയോ ഉത്തരവ് അനുസരിക്കുകയോ ചെയ്തില്ലെങ്കില്‍ അതും വിവാഹമോചനത്തിന് കാരണമാണ്. ഒരു കൊല്ലം കഴിയുമ്പോള്‍ മാത്രമേ ഹര്‍ജി കൊടുക്കാന്‍ സാധിക്കൂ.

⚡ഏഴുവര്‍ഷക്കാലം തുടര്‍ച്ചയായി ഒരു വ്യക്തിയേക്കുറിച്ച് അയാള്‍ ജീവിച്ചിരുന്നുവെങ്കില്‍ സാധാരണഗതിയില്‍ അറിയുമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക തുടങ്ങിയ കാരണ ങ്ങളും വിവാഹമോചനം ആവശ്യപ്പെടാം.

വിവാഹമോചനം ആവശ്യപ്പെടാമെങ്കിലും പങ്കാളികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയാതെവന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ അനുവാദത്തോടെ വേര്‍പെട്ട് താമസിക്കാം. വിവാഹമോചനത്തിനായി നിര്‍ദേശിക്കപ്പെട്ട കാരണങ്ങള്‍ തന്നെയാണ് (ജുഡീഷ്യല്‍ സെപ്പറേഷന്‍) വേര്‍പാടിനും നിര്‍ദേശിച്ചിട്ടുള്ളത്‌. വിവാഹപങ്കാളികളുടെ വൈവാഹിക കടമകളും അവകാശങ്ങളും നിശ്ചിതകാലത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കപ്പെടുന്നു.

അഭിപ്രായവ്യത്യാസങ്ങളും പൊരുത്തക്കേടുകളും പരിഹരിച്ച് യോജിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്. അതിനായി ഒരു വര്‍ഷത്തെ സമയം കക്ഷികള്‍ക്ക് കോടതി ഉത്തരവിലൂടെ ലഭിക്കുന്നു. ഈ കാലയളവില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കുന്നില്ലെങ്കില്‍ കക്ഷികള്‍ക്ക് വിവാഹമോചനത്തിനായി വീണ്ടും കോടതിയെ സമീപിക്കാം.

ഹിന്ദുവിവാഹം സംബന്ധിച്ച കേസുകള്‍ കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ അവസാനമായി ഒന്നിച്ചുതാമസിച്ച സ്ഥലത്തെ കുടുംബകോടതികള്‍ക്കാണ്.വിവാഹം നടത്തിയ സ്ഥലമുള്‍പ്പെട്ട അധികാര പരിധിയിലുള്ള കുടുംബകോടതിയിലും, എതിര്‍കക്ഷി ഏത് കുടുംബകോടതിയുടെ പരിധിയിലാണോ താമസം, ആ കോടതിയിലും ഹര്‍ജി സമര്‍പ്പിക്കാം.

❌ പോസ്റ്റിന്റെ ഉള്ളടക്കം വലുതാകുന്നതിനാൽ മുസ്ലിം, ക്രിസ്ത്യൻ വിവാഹങ്ങളെ പറ്റി അടുത്ത പോസ്റ്റിൽ പ്രതിപാദിക്കാം ❌

Leave a Reply
You May Also Like

വീട്ടിലിരുന്ന് എഴുതുന്ന പരീക്ഷയ്ക്ക് എളുപ്പത്തിൽ കോപ്പിയടിക്കാന്‍ പറ്റില്ലേ ? അത് തടയാൻ പറ്റിയ വല്ല സംവിധാനവും ഉണ്ടോ ?

കോവിഡ് വ്യാപനത്തോടെ പഠനം മാത്രമല്ല പരീക്ഷയെഴുത്തും ഓൺലൈനിലായ കാലം കഴിഞ്ഞുപോയി.. അവസാനവർഷ പരീക്ഷകൾവരെ വിദ്യാർഥികൾ വീട്ടിലിരുന്ന് എഴുതുന്നു

ഈ ഗ്രാമത്തിൽ പത്തുവർഷമായി ആൺകുട്ടികൾ ജനിക്കുന്നേയില്ല, അതിനുപിന്നിലെ ദുരൂഹത എന്താണ് ?

ആൺകുഞ്ഞുങ്ങൾ ജനിക്കാത്ത ഗ്രാമം അറിവ് തേടുന്ന പാവം പ്രവാസി ജനിക്കുന്ന കുട്ടികൾ വരാനിരിക്കുന്ന തലമുറയുടെ വളർച്ചയേയും,…

ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ ? ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം എന്നു പറയാന്‍ വരട്ടെ

സ്പേസ് എലവേറ്റർ Sabu Jose ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം…

ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്താൽ തീ പിടിക്കുമോ ?

ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്താൽ തീ പിടിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി…