ഈ വീട്ടിലേക്ക് ഒന്നെത്തി നോക്കാനെങ്കിലും നിങ്ങൾക്ക് ധൈര്യമുണ്ടോ ?

94

Thozhuthuparambil Ratheesh Trivis & Đevika Binđhu Śuresh

 

വെൽക്കം ഹോം “

അസ്സലൊരു ഹൊറർ മൂഡ് ഹിന്ദി പടം ഇറങ്ങിയിട്ടുണ്ട് എന്ന് കുറെ പോസ്റ്റുകൾ ഗ്രൂപ്പിൽ കണ്ടപ്പോൾ ആണ് ഞാൻ “വെൽക്കം ഹോം” എന്ന പടം കാണാൻ തീരുമാനിച്ചത് .കണിയാനെ കണ്ട് സമയം നോക്കിച്ചപ്പോ ഇന്ന് ഞായറാഴ്ച വൈകുന്നേരം 4നും 6.30 നും ഇടയിൽ നല്ലൊരു മുഹൂർത്തം ഉണ്ടെന്ന് പറഞ്ഞു ,,,അങ്ങനെ ആ ശുഭമുഹൂർത്തത്തിൽ ഞാൻ തുടങ്ങി !”വെൽക്കം ഹോം ”

“എന്താപ്പോ ഞാനീ മോളോട് പറയാ “എന്ന് ചോദിച്ച ശിഹാബിക്കയുടെ അവസ്ഥയാണ് പടം കണ്ടോണ്ടിരുന്നപ്പോഴും കണ്ടു കഴിഞ്ഞപ്പോഴും ഇമ്മടെ മണ്ടേല് കേറിയത്‌ ,,,ഒരു കാര്യം ഉറപ്പാണ് ,,ഇന്നീ സമയം വരെ ഈ ഭൂമീടെ മോളില് ജീവിച്ച പലരും ഇടയ്ക്കെങ്കിലും ചിന്തിക്കുന്ന ഒരു കാര്യമുണ്ടാകും ,,,ജനിച്ചിട്ട് ഇന്നേ ദിവസം വരെ നമ്മള് ജീവിച്ച ചുറ്റുപാടിൽ ,,അതൊരുപക്ഷേ ഒരു ഗ്രാമാന്തരീക്ഷമാകാം …നമ്മള് ജീവിക്കുന്ന നമ്മുടെ ഗ്രാമത്തിലെ ഏതെങ്കിലും വിജനമായ പരിസരത്ത് ഒരു ഒറ്റപ്പെട്ട് കിടക്കുന്ന ഒരു വീട് ഉണ്ടായിരിക്കും !!!

സാധാരണ ഗതിയിൽ ഗ്രാമത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ജീവിക്കുന്ന കുറച്ചു താമസക്കാർ ഉള്ള ഒരു വീട് ! എന്തെങ്കിലും ആവശ്യസാധനങ്ങൾ വാങ്ങാൻ അല്ലാതെ ആ വീട്ടിലെ ആരെയും ആരും പുറത്ത് കാണാറുമില്ല ,,ആ വീടിന്റെ പരിസരത്തേക്ക് ആരും പോകാറുമില്ല ! “വെൽക്കം ഹോം “എന്ന സിനിമ എത്തി നോക്കുന്നത് അങ്ങനെ ഒരു വീട്ടിലേക്കാണ് ,,തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ജീവിക്കുന്ന ഏതാനും ചില മനുഷ്യരുടെ ദുരൂഹതകളിലേക്കാണ് !!!പുറംലോകം ഒരിക്കലും അറിയരുതെന്ന് അവർക്ക് നിർബന്ധമുള്ള അവരുടെ ദുരൂഹതകളിലേക്ക് !!!ആ വിജനതയിലേക്ക് !!!

പ്രേതകഥകളും സിനിമകളും ഒരുപാട് കണ്ടിട്ടുണ്ട് ,,ചിലതൊക്കെ കണ്ട് കിളിപറന്നിട്ടുമുണ്ട് ,,പക്ഷേങ്കില് ഈ സാധനം അങ്ങനെ കിളി പറത്തുക മാത്രമല്ല !!!കുറെ നേരത്തേക്ക് കണ്ടിരിക്കുന്നവന്റെ തലച്ചോറ് കൂടി മരവിപ്പിച്ചു കളയും എന്നാണ് എനിക്ക് തോന്നിയത് ! ഇത് വരെ കണ്ട പല ഹൊറർ മൂഡ് ഐറ്റംസുകളിലും ഇരുട്ടിൽ തെളിയുന്ന ഭീകരമായ ചില രൂപങ്ങളും ആ ഇരുട്ടില് ഒറ്റയ്ക്ക് നടക്കുമ്പോൾ പുറകെ പിന്തുടരുന്ന അദൃശ്യരൂപങ്ങളും പ്രതീക്ഷിക്കാതെ കണ്മുന്നിലേക്ക് ചാടുന്ന രൂപങ്ങളുമൊക്കെയാണ് ഞെട്ടിച്ചിരുന്നത് !!!

എന്നാൽ ഒരു മനുഷ്യന്റെ പേടി എന്ന വികാരത്തെ വലിച്ചു പുറത്തിടാനും മുന്നോട്ടുള്ള ഓരോ നിമിഷങ്ങളും കണ്ടിരിക്കുന്നവരെ മുൾമുനയിൽ നിർത്താനും ഒരുപക്ഷെ ഇരുട്ടിലെ ശൂന്യതയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് പലരും കരുതുന്ന ആ അദൃശ്യശക്തികളേക്കാൾ കൂടുതൽ നമുക്ക് പരിചിതമല്ലാത്ത ,,പ്രതീക്ഷിക്കാതെ മുന്നിൽ വന്ന് ചേരുന്ന വിജനതയ്ക്കും ആ വിജനതയിലെ മനുഷ്യരൂപമുള്ളവർക്കും പറ്റും !!!!
പടം ഒരു ഡിസ്റ്റർബ് മൂവി ആണെന്ന് കുറെ റിവ്യൂകളിൽ കണ്ടിരുന്നു ,,പക്ഷേങ്കില് ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ,,ഒരുപക്ഷെ അന്യഭാഷയിൽ ഇതേ രീതിയിൽ ഉള്ള ഡിസ്റ്റർബ് മൂവികൾ അധികം കാണാത്തൊണ്ടായിരിക്കാം ഇമ്മടെ തലയ്ക്ക് ഈ പടം ഒരു അധികഭാരം തന്നെയായിരുന്നു !!!

ഇത് പോലെ ദുരൂഹതയിലേക്ക് എത്തിനോക്കാൻ താൽപര്യമുള്ള ഇമ്മളെപ്പോലെയുള്ള കൗതുകക്കാർക്ക് ആ വീട്ടിലേക്ക് എത്തിനോക്കാം ! പടം കണ്ടിട്ട് തല പെരുക്കുന്നു എന്ന് തോന്നുകയാണെങ്കിൽ ഉടനെ തന്നെ യൂട്യൂബിൽ ഏതെങ്കിലും ഒരു കളർഫുൾ തെലുങ്ക് ,,തമിഴ് ,,കന്നഡ പാട്ട് അങ്ങട്ട് കാച്ചുക ,,പോയ മൂഡ് വീണ്ടും തട്ടേൽ കേറാൻ ഇമ്മള് പയറ്റിയത് ആ ടെക്‌നിക് ആണ് !!!


Đevika Binđhu Śuresh

 

നാല് സ്ത്രീകൾ… അതിൽ മൂന്ന് സ്ത്രീകൾക്കും ശത്രു പുരുഷൻ ആണെങ്കിൽ ഒരു സ്ത്രീ പുരുഷന്റെ ശത്രു… അതാണ്‌ വെൽക്കം ഹോമിൽ കാണാൻ കഴിയുക. അനുജയ്ക്ക് അച്ഛനും ഫിയൻസിയും ആണ് പ്രശ്നം നേഹയ്ക്ക് ചേട്ടൻ ആണ് പ്രശ്നം പ്രേരണയ്ക്ക് അച്ഛൻ ആണ് ശത്രു. എന്നാൽ ഘനശ്യാമിനെ സംബന്ധിച്ചടത്തോളം അയാളുടെ എല്ലാ ക്രൂരതയ്ക്കും സന്തോഷത്തോടെ കൂട്ട് നിൽക്കുന്നത് സ്വന്തം അമ്മ തന്നെയാണ്. മകൻ പെൺകുട്ടികളെ കൊണ്ടുവരുമ്പോൾ ആ അമ്മ സന്തോഷത്തോടെയാണ് നിലവറയിലേക്ക് ഉള്ള വാതിൽ തുറന്നു കൊടുക്കുന്നത്. അതും സ്ത്രീയാണ്.

Welcome Home review: SonyLIV movie starring Kashmira Irani and Swarda  Thigale is a scarefestഅനുജയും നേഹയും ആധുനിക കാലത്തെ ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ കൂട്ടത്തിൽ ആണെന്ന് പലരും പറഞ്ഞു… ഫിയൻസിയുടെയും അച്ഛന്റെയും വാക്കുകൾ കേട്ട് ഒന്നും തിരിച്ചു പറയാനാകാതെ രാത്രി മുഴുവൻ കരയുന്ന അനൂജ എത്ര ശാക്തീകരിക്കപ്പെട്ടു? ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കുന്ന പ്രായപൂർത്തിയായ പെങ്ങളെ ഒരു ദയയും ഇല്ലാത്ത അടിക്കുന്ന ആങ്ങള ഉള്ള നേഹ എത്ര ശാക്തീകരിക്കപ്പെട്ടു? ഒന്ന് ആലോചിച്ചു നോക്കു നമ്മുടെ ചുറ്റും ഉള്ള, നമ്മുടെ കൂടെ ജോലി ചെയുന്ന, നമ്മളെകാൾ ഉയർന്ന ശമ്പളം വാങ്ങുന്ന എത്ര സ്ത്രീകൾ ആണ് മാനസികമായും വൈകാരികമായും ശാക്തീകരിക്കപ്പെട്ടത്? എത്ര ഉയർന്ന ജോലി ഉണ്ടെങ്കിലും ഒന്ന് വരാൻ വൈകിയാൽ എത്ര ആൾക്കാരെ കാരണം ബോധിപ്പിക്കേണ്ടി വരും?

സിനിമയിൽ നേഹ പറയുന്ന ഒരു കാര്യം ഉണ്ട്… “ബുദ്ധിയുള്ള രണ്ടു പെണുങ്ങൾ ഇറങ്ങി പുറപ്പെട്ടിട്ട് എന്തായി? ” അപ്പോൾ അനൂജ മറുപടി പറയുന്നത് “സ്ത്രീയോ പുരുഷനോ എന്നല്ല എല്ലാരും മനുഷ്യൻ ആണ്.. ആ ചങ്ങലയിൽ കിടക്കുന്നതും ഒരു ആണാണ്.!!”
പക്ഷെ എനിക്കിവിടെ തോന്നിയത് ഒരു കാര്യം ഉണ്ട്, ആ മനുഷ്യൻ ശാരീരികമായ പീഡനം അനുഭവിച്ചിട്ടുണ്ട്.. പക്ഷെ ആ പെണുങ്ങളെ ശാരീരികമായും ഒപ്പം കാമുകന്റെയും ഏട്ടന്റെയും കാര്യം ആലോചിച്ചു മാനസികമായും ഒരുപോലെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മാനസികമായി ശക്തി നേടിയത് കൊണ്ടാണ് അവർ പൊരുതാൻ ഇറങ്ങി വിജയം കണ്ടതും. അത് കഴിയാത്ത പുരുഷൻ മരണത്തിന് കീഴടങ്ങി. ഒരുപക്ഷെ പ്രേരണയിൽ അവർ തങ്ങളെ തന്നെ കണ്ടിരിക്കാം.

മാനസികമായി സ്ത്രീകളെ തളർത്തുക എളുപ്പം ആണ് എന്നാൽ ഒരു നിമിഷം അവർ അവരുടെ മനസിന്റെ ദുർബലത വിട്ട് പുറത്ത് വന്നു കഴിഞ്ഞാൽ പിന്നെയൊന്നിനും അവരെ തളർത്താനാവില്ല. അത് ഭർത്താവ് ആയിക്കോട്ടെ അച്ഛൻ ആയിക്കോട്ടെ.
അമ്മ എന്നതിന്റെ പല തലവും ഇവിടെ കാണിച്ചു തരുന്നു.. അനൂജയുടെ അമ്മ മകളുടെ കാര്യത്തിൽ ശക്തയായ സ്ത്രീയാണ് എന്നാൽ തന്നെ ഭർത്താവ് ഉപദ്രവിച്ചാൽ അവർ സഹിക്കും. മറിച്ചു നേഹയുടെ അമ്മ മകൾക്ക് വേണ്ടിപോലും ആരോടും ഒന്നും പറയില്ല. എല്ലാം സഹിക്കും. നേഹയെ സംബന്ധിച്ചടത്തോളം മകൾക്ക് വേണ്ടി വാദിക്കുന്ന അനൂജയുടെ അമ്മ സ്ട്രോങ്ങ്‌ ആണ്. എന്നാൽ ഘനശ്യാമിന്റെ കാര്യത്തിൽ അയാളുടെ അമ്മ സ്ട്രോങ്ങ്‌ ആണ്, മകനെ അത്രയും ക്രൂരൻ ആകാൻ കഴിവുള്ള അവരും സ്ട്രോങ്ങ്‌ ആണ്. അതും അമ്മയാണ്. തെറ്റ് തിരുത്തേണ്ടവർ ഇവിടെയും മിണ്ടുന്നില്ല, പകരം പുത്രവാത്സല്യം കൊണ്ടു മകനോടൊപ്പം നില്കുന്നു.

നാല് സ്ത്രീകൾ ആണ്.. പക്ഷെ സിനിമയിൽ മൂന്നെ ഒന്ന് അനുപാതം ആണ്. കൂടുതലും പുരുഷന്മാരാൽ പ്രശ്നം ഉണ്ടാകുന്ന സ്ത്രീകൾ ആണ്. എന്നാൽ ഇടയ്ക് ഇങ്ങനെയും ഉണ്ട്. അല്ലങ്കിൽ സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊല്ലുന്ന അമ്മ ഉണ്ടാകില്ലലോ. ആരും പെർഫെക്ട് അല്ല.. Women Empowerment ആണ് ഈ സിനിമ എന്ന് പറയുമ്പോൾ ഒരു കാര്യം ഓർക്കുക സാമ്പത്തികവും സ്വന്തംകാലിൽ നിൽക്കുന്നതും മാത്രം അല്ല, മാനസികമായും വൈകാരികമായും കൂടി അവൾ ശക്തിയാർജ്ജിക്കണം. അങ്ങനെ നോക്കിയാൽ നമ്മളിൽ എത്രപേർ കാണും ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ???