നിരപരാധികളായ ഇവർ ജയിലിനു പുറത്തിറങ്ങി 23 വർഷത്തിനുശേഷം ആകാശം കാണുന്ന ചിത്രമാണിത്

96

ചന്ദ്രമോഹന്‍ കൈതാരം

സ്ഫോടനക്കേസിൽ വ്യാജമായി കുറ്റംചാർത്തി ഇവരെ അറസ്റ്റ് ചെയ്തു. ക്രൂരമായ മർദ്ദനങ്ങൾക്ക് ഇവർ ഇരകളായി. പോലീസ് കസ്റ്റഡിയിൽ വച്ചാണത്രേ ഇവർ ആദ്യമായി പരസ്പരം കാണുന്നതുതന്നെ. നീണ്ട 23 വർഷക്കാലം ജാമ്യമോ പരോളോ ലഭിക്കാതെ ഇവർ ജയിലിലടക്കപ്പെട്ടു. ഒടുവിൽ ജയ്പൂർ ഹൈക്കോടതി നിരപരാധികളെന്നുകണ്ടെത്തി കുറ്റവിമുക്തരാക്കി ഇവരെ വിട്ടയച്ചു.
ലത്തീഫ് അഹമ്മദ് (45), അലി (48), മിർസ നാസർ (39), അബ്ദുൽ ഗനി (57), റഈസ് (56), എന്നിവർ ജയിലിനു പുറത്തിറങ്ങി ആകാശം കാണുന്ന ചിത്രമാണിത്.

ഇതിനകം ഇവരുടെ കുടുംബങ്ങളും ജീവിതവും യൗവ്വനവും ആരോഗ്യവും സാമൂഹ്യബന്ധങ്ങളുമെല്ലാം ശിഥിലമായിപ്പോയിരുന്നു. ഇനിയും ജീവിക്കാനുള്ള കാരണങ്ങളോ സാധ്യതകളോ ഇവരുടെ മുന്നിൽ ഇല്ലാതായിപ്പോയിരിക്കുന്നു. ഇവർക്കിനി ആകെയുള്ളത് ആകാശത്തേക്കു നോക്കിയുള്ള നെടുവീർപ്പുകൾ മാത്രം.ഇവരോട് നമുക്കു പറയാനുള്ള ആശ്വാസവാക്കുകൾ ഇത്രമാത്രം.
പേരുകൾനോക്കി നിങ്ങളുടെ ജീവിതം തുലച്ച പോലീസുകാർക്കെതിരെയോ ഭരണകൂടത്തിനെതിരെയോ നഷ്ടപരിഹാരത്തിനായി നിങ്ങൾ കേസുകൊടുക്കരുത്. പരിഹരിക്കാനാവാത്തതാണ് നിങ്ങളുടെ നഷ്ടങ്ങൾ.

നിങ്ങളെപ്പോലെ ആയിരക്കണക്കിന് നിരപരാധികൾ കരിനിയമങ്ങൾ ചാർത്തപ്പെട്ട്, തീവ്രവാദമുദ്രകുത്തപ്പെട്ട് ഇപ്പോഴും ഈ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്.നിങ്ങൾ നഷ്ടപരിഹാരത്തിനുവേണ്ടി കേസിനു പോയാൽ, ഇന്ന് ജയിലിൽ അവശേഷിക്കുന്ന അനേകായിരം നിരപരാധികളുടെ മോചനം ഒരിക്കലും സാധ്യമാകാതെ വരും. സ്വതന്ത്രമായ നീതിനിർവഹണത്തിന് ഒരിക്കലും കഴിയാത്തവിധം നീതിന്യായകോടതികളെപ്പോലും സമ്മർദ്ദത്തിലാക്കിക്കളയും ഫാസിസ്റ്റു ഭരണകൂടം.ഊർധ്വൻ വലിക്കുന്ന നീതിദേവതയുടെ കണ്ണുകൾമാത്രമല്ല, കാതുകളും കൊട്ടിയടക്കപ്പെടും.