ഹോളോകാസ്റ്റ് ഒരു കഥയെന്നു വിശ്വസിക്കുന്നവർ ആണ് ഇന്ന് അധികവും

41

Robin K Mathew

ബ്രിട്ടണിലെ ദി ഗാർഡിയൻ എന്ന പ്രശസ്തമായ മാധ്യമത്തിൽ വന്ന ഒരു വാർത്തയാണ് ഈ ലേഖനത്തിന്റെ പ്രേരകം .ആമേരിക്കയിൽ അടുത്തിയിടെ ഒരു സർവ്വേ നടന്നു.അതിൽ ഹോളോകോസ്റ്റിൽ 6 ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ടുവെന്ന് ഏകദേശം മൂന്നിൽ രണ്ട് ചെറുപ്പക്കാർക്കും അറിയില്ലായിരുന്നു. കൂടാതെ പത്തിൽ ഒരാൾ ജൂതന്മാർ തന്നെയാണ് ഫോളോ കോസ്റ്റിന് കാരണമായെന്ന് വിശ്വസിക്കുന്നു.ഇരുപതാം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വല്ല്യ ഒരു കുറ്റകൃത്യത്തെ കുറിച്ചുള്ള ഈ അജ്ഞത ഞെട്ടിക്കുന്നത് തന്നെ.

ഹോളോകോസ്റ്റ് ഒരു മിഥ്യയാണെന്നും അല്ലെങ്കിൽ അതിശയോക്തി കലർന്നതാണെന്നും അല്ലെങ്കിൽ അങ്ങനെ ഒന്ന് നടന്നു എന്ന് തങ്ങൾക്ക് ഉറപ്പില്ലെന്നും സർവ്വേയിൽ പങ്കെടുത്തവരിൽ നാലിലൊന്ന് പേരും (23%) പറഞ്ഞു. എട്ടിലൊരാൾ (12%) ഹോളോകോസ്റ്റിനെക്കുറിച്ച് ഒട്ടും തന്നെ ഒരിക്കൽപോലും കേട്ടിട്ടില്ല.

അമേരിക്കയിലുടനീളം പതിനൊന്ന് ശതമാനം പേർ ജൂതന്മാർ ഹോളോകോസ്റ്റിന് കാരണമായെന്ന് വിശ്വസിക്കുന്നു.
“ഈ ഫലങ്ങൾ ഞെട്ടിക്കുന്നതും ദുഖകരവുമാണ്. കാരണം ഹോളോകോസ്റ്റ് അതിജീവിച്ചവർ അവരുടെ കഥകൾ പറയാൻ ഇപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കുമ്പോൾ ഇത് കൂടുതൽ ഗുരുത്വമുള്ളതാക്കുന്നു .”

ചരിത്രം എങ്ങനെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പൂർണമായും മാറ്റി എഴുതാം.കാരണം ആർക്കും കയറി കൊട്ടാവുന്ന ഒരു ചെണ്ടയാണ് ചരിത്രം.വിക്കിപീഡിയിലെ പല ചരിത്രങ്ങങ്ങളും ഇപ്രകാരം വളച്ചൊടിക്കപെട്ടതാണ് എന്ന് അടുത്തിടെ അത് എഡിറ്റ് ചെയ്യുന്ന ഒരു വ്യക്തിയിൽ നിന്ന് തന്നെ അറിയുവാൻ സാധിച്ചു.
ചില ചരിത്രങ്ങൾ എങ്ങനെയാണ് തമസ്കരിക്കപ്പെടുന്നു എന്ന് ചരിത്രത്തിൽ നിന്നുതന്നെ ഒന്ന് നോക്കാം.
Sir Conrad Laurence Corfield..ബ്രിട്ടീഷ് ഇന്ത്യയിലെ പല വൈസ്രോയിമാരുടെയും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ആൾ.അവസാനത്തെ വൈസ്രോയി ആയിരുന്ന ലോക മൗണ്ട് ബാറ്റണ് പ്രഭുവിന്റെ കാലമായിപ്പോഴേയ്ക്കും ഈ കാര്യസ്ഥൻ വളരെ ശകതനായി കഴിഞ്ഞിരുന്നു.

നാട്ടു രാജാക്കന്മാർക്ക് സ്വതന്ത്ര ഇന്ത്യയിൽ പ്രത്യേക അധികാരം നൽകണം എന്നു വൈസ്രോയിയോടും,നെഹ്രുവിനോടും ജിന്നയോടും നിരന്തരം കലഹിച്ച വ്യക്തി.. കോർഫീൽഡ് ആവശ്യപെട്ട രീതിയിലുള്ള ഒരു പദവിയും കൊടുക്കുവാൻ മൗണ്ട്ബാറ്റൻ തയ്യാറായില്ല.. അവസാനം അദ്ദേഹം ഈ ആവശ്യവുമായി ലണ്ടനിൽ പോയി ബിട്ടിഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റലിയെ കാണുന്നു.
കോർണാർഡിന്റെ ആവശ്യം ആറ്റലി തള്ളി.പക്ഷെ അദ്ദേഹത്തിന്റെ ഒരു ഡിമാന്റ് പ്രധാനമന്ത്രി അംഗികരിക്കുന്നു.. ഇന്ത്യൻ മഹാരാജാക്കന്മാരുടെ സ്വകാര്യ ജീവിതം,ലൈംഗിക പരാക്രമങ്ങൾ,മൃഗയ വിനോദങ്ങൾ,ക്രൂര ഗാഥകൾ തുടങ്ങിയ ചെയ്തികളുടെ രഹസ്യ റിപ്പോർട്ടുകൾ സൂക്ഷിച്ചിരിക്കുന്ന വൈസ്രോയിയുടെ ഓഫീസിലെ അലമാരി നശിപ്പിച്ചു കാളയുവാനുള്ള അനുവാദം ക്ലെമെന്റ് ആറ്റലി ഈ കാര്യസ്ഥനു നൽകുന്നു.

വൈസ്രോയിക്കോ,നെഹ്രുവിനോ എന്തെങ്കിലും ചെയ്യുവാൻ കഴിയുന്നതിന് മുൻപ് ഈ അലമാര അദ്ദേഹം തീയിട്ടു നശിപ്പിച്ചു..
ഡൊമിനിക് ലാപ്പിയറുടെയും,ലാറി കോളിൻസിന്റെയും അഭിപ്രായത്തിൽ ലോകത്തിലെ ഏത് അശ്ലീല സാഹിത്യത്തെയും നാണിപ്പിക്കുന്ന ലൈംഗിക പരാക്രമങ്ങളാണ് ഇതിൽ പ്രധാനമായും ഉണ്ടായിരുന്നത്.
നമ്മുടെ ഭരണാധികാരികളുടെ സുഖലോലുപതയുടെയും, ക്രൂരതയുടെയും, അതിക്രമങ്ങളുടെയും പരാക്രമങ്ങളുടെയും ചരിത്രം അടുത്ത തലമുറ അറിയാതെ ഭസ്മികരിക്കുവാൻ ഈ കാര്യസ്ഥനെ പ്രേരിപ്പിച്ച ഘടകം ഈ രാജകുമാരനമാർ നിർലോഭം നൽകിയ പണം തന്നെയായിരിക്കും..

ചരിത്രം പഠിക്കുന്നതും പഠിക്കേണ്ടതും ചരിത്ര വിദ്യാർത്ഥികൾ മാത്രമല്ല ..ചരിത്രം പഠിക്കുന്നവരിൽ മനശാസ്ത്രജ്ഞന്മാർ ,സോഷ്യോളജി സ്റ്റുകൾ, നരവംശശാസ്ത്രജ്ഞന്മാർ, ജനതിക ശാസ്ത്രജ്ഞൻമാർ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ, രാഷ്ട്രീയ മീമാംസകർ എന്നിവരെല്ലാമുണ്ട്. പൂർവ്വികർ ചെയ്തുപോയ തെറ്റുകളിൽ നിന്ന് നമ്മൾ പാഠം പഠിക്കണം..
അതു കൊണ്ടാണ് ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചും, റഷ്യൻ വിപ്ലവത്തെക്കുറിച്ചും , റൊമാനിയൻ വിപ്ലവത്തിന്റെ രീതികളെ കുറിച്ചും, ഫാസിസത്തെയും,നാസിസത്തെയും കുറിച്ചുമെല്ലാം നമ്മൾ പഠിക്കുന്നത്.

ഓർക്കുക കാണാതെ പഠിച്ചു മാർക്ക് വാങ്ങാൻ വേണ്ടിയല്ല നമ്മൾ ഇവരുടെ കിരാത ചെയ്തികളുടെ ചരിത്രം പഠിക്കേണ്ടത്.. വീണ്ടും നമ്മുടെ ഇടയിൽ നിന്ന് തന്നെ നിയോ ഹരി സിംഗുമാരും,ഹിറ്റ്‌ലരുമാരും,സ്റ്റാലിൻ,പോൾപൊട്ടുമാരും ഉടലെടുക്കുന്നത് ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ മനസ്സിലാക്കിയിരിക്കണം.രാജാക്കന്മാരുടെ കാലം കഴിഞ്ഞില്ലേ എന്നൊരു ചോദ്യം ഇപ്പോൾ വരാം.. പക്ഷെ ഓർക്കുക അഭിനവ ഏകാധിപതികൾ പഴയെ രാജാക്കന്മാർക്കും ഉപരി ശക്തരായി മാറിയിരിക്കുന്നു.. ഈ ഏകാധിപതികൾ ജനിക്കുന്നത് ആകട്ടെ ജനാധിപത്യം എന്ന ഓമനപ്പേരിൽ ബാലറ്റിലൂടെ തന്നെയാണ് എന്നതാണ് അപകടകരമായ സത്യം.ഇവർ ഏകാധിപത്യത്തിലേക്ക് വഴുതിവീഴുന്നത് നമ്മുക്ക് മുൻപിൽ നമ്മുടെ മൗന ആശിരവാദത്തോടെയാണ്.ഒരുപക്ഷേ ഇന്ന് ലോകത്തിലെ ഏറ്റവും ശക്തനും ഏറ്റവും വലിയ ഏകാധിപതിയും ബാലറ്റിലൂടെ അധികാരത്തിലേറിയ വ്ലാഡിമിർ പുട്ടിനാണ്.ചരിത്രം ആവർത്തിക്കപ്പെടുന്നു എന്നുള്ളത് മരണമണി പോലെ നമ്മളുടെ തലക്കുള്ളിൽ മുഴങ്ങേണ്ടതുണ്ട്.. ഫാസിസത്തിന്റെയോ, നാസിസതിന്റെയോ, ഏകാധിപത്യ പ്രവണതകളുടെയോ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ ജഗരൂപരാകുക.