ഹോക്കി ഗോൾകീപ്പറെ കണ്ടാൽ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ തോന്നും. എന്തിനാണ് ഗോൾകീപ്പർ ഈ വിധം തയ്യാറെടുപ്പുകൾ നടത്തുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

ഹോക്കി മത്സരത്തിൽ ധരിക്കുന്ന സുരക്ഷാ കവചങ്ങൾ മൂലം ഒരു ഹോക്കി ഗോൾകീപ്പറിന്റെ ഭാരം വർധിക്കും.ഉദാഹരണമായി 79 കിലോഗ്രാമാണ് ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന്റെ ശരീരഭാരം. എന്നാൽ ഹോക്കിയിൽ ഇന്ത്യൻ ഗോൾവല കാക്കാൻ അദ്ദേഹം ഇറങ്ങുമ്പോൾ അതു 85 കിലോഗ്രാമായി വർധിക്കും. ഹെൽമറ്റ്, ഗ്ലൗസ്, ചെസ്റ്റ് ഗാർഡ്, ഷോർട്സ് പാഡ്, ലെഗ് ഗാർഡ്, കിക്കർ എന്നിവ അണിഞ്ഞ് ഇറങ്ങുന്ന ഹോക്കി ഗോൾകീപ്പറെ കണ്ടാൽ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ തോന്നും. മത്സരത്തിനിടെ ചീറിപ്പാഞ്ഞു വരുന്ന കാഠിന്യമേറിയ പന്തിനെയും , ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ സ്റ്റിക്കുകൊണ്ട് ഉണ്ടാകാവുന്ന ആക്രമണങ്ങളെയും ചെറുക്കാനാണ് ഇത്രയും സുരക്ഷാ കവചങ്ങൾ.

ഗോൾ കീപ്പർമാർ ധരിക്കുന്ന സുരക്ഷാ കവചങ്ങൾ ഏതൊക്കെ യാണെന്നും അവ കൊണ്ടുള്ള ഉപയോഗങ്ങളും നോക്കാം.

ഹെൽമറ്റ്: തല, ചെവി, താടിയെല്ല് എന്നിവയ്ക്കെല്ലാം സംരക്ഷണമൊരുക്കുന്ന ഹെൽമെറ്റാണ് ഹോക്കിയിലും ഉപയോഗിക്കുന്നത്. മുഖത്തിന്റെ സംരക്ഷണത്തിനായി അവയിൽ ഗ്രില്ലുകളും കാണും.

ചെസ്റ്റ് ഗാർഡ്: ഗോൾകീപ്പറുടെ ജഴ്സിക്കുള്ളിൽ നെഞ്ചിനു സംരക്ഷണത്തിനായി റബറും, സ്പോഞ്ചും നിറച്ച പാഡ് ധരിക്കും.

ലെഗ് ഗാർഡ് : ഇരു കാലുകളിലും ധരിക്കുന്നതാണ് ലെഗ് ഗാർഡ് . ഭാരം കുറഞ്ഞ, സ്പോഞ്ച്, ഫൈബർ മിശ്രിതങ്ങളിലാണ് ഇവ നിർമിക്കുന്നത്. മത്സരത്തിൽ ഗോൾകീപ്പറുടെ പ്രധാന പ്രതിരോധ ആയുധമാണിത്.

ആം ഗാർഡ്: തോൾ മുതൽ കൈക്കുഴ വരെ നീളുന്ന ആം ഗാർഡ് ഇരു കൈകളിലും ധരിക്കുന്നു. സ്പോഞ്ചിൽ ഫൈബർ ചേർത്തു നിർമിക്കുന്നതാണിത്.

നെക്ക് ഗാർഡ്: നൈലോൺ കൊണ്ടു നിർ‌മിച്ച നെക്ക് ഗാർഡ് ഉയർന്നുവരുന്ന പന്തുകളിൽ‌ നിന്ന് ഗോൾകീപ്പറുടെ കഴുത്തിനു ചുറ്റും കവചമൊരുക്കും.

ബ്ലോക്കർ (ഗ്ലൗസ്): സ്പോഞ്ച്, ഫൈബർ, റബർ മിശ്രിതങ്ങൾ കൊണ്ട് നിർമിച്ചതാണ് ഇരു കൈകളിലും ധരിക്കുന്ന ഗ്ലൗസ്. ഇത് പന്ത് തട്ടിയകറ്റാൻ സഹായിക്കും. ഹോക്കി സ്റ്റിക്ക് പിടിക്കുന്ന കയ്യിലെ ഗ്ലൗസിനുള്ളിൽ‌ അതിനായി പ്രത്യേക ദ്വാരമുണ്ട്.

കിക്കർ : ഗോൾകീപ്പറുടെ ഷൂസിനെ പൊതിഞ്ഞുള്ള ആവരണമാണ് കിക്കർ. കിക്കർ ഉപയോഗിച്ച് പന്തു ദൂരേക്ക് തട്ടിത്തെറിപ്പിക്കാനാകും.

ഷോർട്സ് : ഹോക്കിയിൽ ഗോൾകീപ്പർ‌ ധരിക്കുന്ന ഷോർട്സ് മറ്റു കളിക്കാരുടേതിൽ നിന്നു വ്യത്യസ്തമാണ്. ഇതിന്റെ ഉള്ളിൽ സ്പോഞ്ചും , റബറും ചേർത്തുള്ള കട്ടിയേറിയ കവചമുണ്ട്.

ഹോക്കി സ്റ്റിക്ക്: ഫൈബർ മിശ്രിതങ്ങളിൽ നിർമിക്കുന്ന ഹോക്കി സ്റ്റിക്കിന്റെ പരമാവധി ഭാരം 737 ഗ്രാമാണ്. നീളം 105 സെന്റിമീറ്റർ വരെ.

പന്ത്: കട്ടിയേറിയ പ്ലാസ്റ്റിക്കിൽ നിർമിക്കുന്ന പന്തിന് 156 മുതൽ 163 ഗ്രാംവരെയാണ് ഭാരം

Leave a Reply
You May Also Like

ആരും മരിക്കാത്ത നഗരം

ഭൂമിയുടെ വടക്കേ അറ്റത്ത്, ‘ആരും മരിക്കാത്ത നഗരം’ എന്നറിയപ്പെടുന്ന ഒരിടമുണ്ട്‌

ക്രിക്കറ്റിനോടുള്ള അതിയായ സ്നേഹം ആ മദ്രാസ് സ്വദേശിക്ക് നഷ്ടമാക്കിയത് ഒരു ഒളിംപിക് മെഡലായിരുന്നു

115th Birthday Anniversary Suresh Varieth ക്രിക്കറ്റിനോടുള്ള അതിയായ സ്നേഹം ആ മദ്രാസ് സ്വദേശിക്ക് നഷ്ടമാക്കിയത്…

സയനൈഡിന്‍റെ രുചി കണ്ടെത്തിയ മലയാളി, പിന്നെന്തു സംഭവിച്ചു ?

ശാസ്ത്ര ലോകത്ത് അതുവരെ ചുരുളഴിയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയ എറണാകുളത്തുകാരൻ. കേരളത്തിൽ നിന്ന് 9705 മൈൽ, അതായത് 15,618 കിലോമീറ്റർ ദൂരെ ചിലിയിൽ നിന്ന് ആ പേര് ശാസ്ത്രലോകത്ത് ചർച്ചയായി.

റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന ചില മരങ്ങളിൽ വെളുത്ത ചായം പൂശിയിരിക്കുന്നത് എന്തിനാണ്?

റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന ചില മരങ്ങളിൽ വെളുത്ത ചായം പൂശിയിരിക്കുന്നത് എന്തിനാണ്? അറിവ് തേടുന്ന പാവം…