ജനങ്ങൾക്കിടയിൽ ദുരിതങ്ങൾ വർദ്ധിക്കുംതോറും ഇത്തരം ഇത്തിൾകണ്ണികൾക്കു വൻ സാധ്യതകളാണ്

0
226

Venu Gopal

ആത്മീയ ഗുരുക്കന്മാരും അവരുടെ പ്രസ്ഥാനങ്ങളും കഴിഞ്ഞ നാല് ശതകങ്ങളായി കൊഴുത്തു വളർന്നു കഴിഞ്ഞു. അവരുടെ രാഷ്ട്രീയ സ്വാധീനവും അങ്ങു മേലറ്റം വരെയും നീണ്ടു കിടക്കുന്നു. ജനങ്ങൾക്കിടയിൽ ദുരിതങ്ങൾ വർദ്ധിക്കുംതോറും ഇത്തരം ഇറ്റികണ്ണികൾക്കു വൻ സാധ്യതകളുമാണ്. കക്ഷിരാഷ്ട്രീയക്കാർക്കും ഇവർ പ്രിയങ്കരന്മാരും പ്രിയങ്കരികളുമായിരിക്കും.. അത് ഹിന്ദു, മുസ്‌ലിം ക്രിസ്ത്യൻ വിഭാഗത്തിലെ ഏതു സംഘങ്ങളായാലും ശരി. ഈ രാഷ്ട്രീയ സ്വാധീനങ്ങളിലൂടെ ഏക്കറുകണക്കിന് ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റും നടത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. അവിടെയെല്ലാം ഫീസ് കുറവാണോ എന്ന് ചോദിക്കരുത്.. എല്ലാ കച്ചവടങ്ങളുടെയും സിരാകേന്ദ്രവുമായി മാറിയ ഒരു ലയൺസ് ക്ലബ്ബ് പോലായിരിക്കും അതിന്റെ നീരാളി പിടുത്തങ്ങൾ… ജനങ്ങളിലെ വിശ്വാസങ്ങൾ ചൂഷണം ചെയ്തു തങ്ങളുടെ സ്വാധീനവലയത്തിലാക്കി സർക്കാരുകൾക്കെതിരെ, സാമൂഹ്യ സമരങ്ങൾക്കെതിരെ തിരിയാതാക്കുക എന്നതിൽ കവിഞ്ഞൊരു ഉദ്ദേശവും അവർക്കില്ല. അതുകൊണ്ടുതന്നെ കോർപ്പറേറ്റു സാമ്രാജ്യങ്ങളിൽ നിന്ന് ധാരാളം ഫണ്ടുകളും അവരുടെ കോട്ടകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജനങ്ങളുടെ നൈരാശ്യബോധത്തെയും ഇല്ലായ്മകളെയും പ്രതിസന്ധികളെയും മുതലാക്കി ആട്ടിൻപറ്റങ്ങളെപോലെ പരിപൂർണ്ണ നിയന്ത്രണത്തിലാക്കി നിർത്തുക, ഉപദേശിക്കുക, ധ്യാനങ്ങളിൽ, പൂജകളിൽ, ഉത്സവങ്ങളിൽ, ആചാരാദി വിശ്വാസങ്ങളിൽ തന്നെ തളച്ചിടാനുള്ള സർവ്വ വേലത്തരങ്ങളും നടത്തി സമൂഹത്തിലെ വലിയൊരു ശതമാനത്തെയും ചിന്തിക്കാൻ അനുവദിക്കാതാക്കി മാറ്റുക, എല്ലാം വിധിയും തലയിലെഴുത്തും മരിച്ചതിനു ശേഷമുള്ള സ്വർഗ്ഗാരോഹണത്തെയും മോക്ഷത്തെയും കുറിച്ച് വാതോരാതെ പ്രസംഗിച്ചു വഴിതെറ്റിക്കുക എന്നതിൽകവിഞ്ഞെന്ത്?