പാതി ഹിന്ദുക്കളും പാതി മുസ്ലീങ്ങളുമായി ജീവിക്കുന്ന ഹുസൈനി ബാഹ്മണരെ കുറിച്ച് കേട്ടിട്ടുണ്ടോ ?

1002

എഴുതിയത് : Mammootty Anjukunnu

“ഹുസൈനി ബ്രാഹ്മണർ”

കേൾക്കുമ്പോൾ അത്ഭുതം തോന്നാം, എന്നാൽ ഇന്ത്യയിലെ ഹൈന്ദവ സമുദായത്തിലെ ഒരു പ്രത്യേക ജനതയാണിവർ , 1947 വരെ ലാഹോറിൽ വ്യാപിച്ചു കിടന്ന ഇക്കൂട്ടർ വിഭജനാനന്തരം ഇന്ത്യയിലേക്ക് കുടിയേറുകയും വിവിധ പ്രദേശങ്ങളിൽ താമസമാക്കുകയും ചെയ്തു. ഇന്നും തങ്ങളുടേതായ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് ഈ വിഭാഗം ഇന്ത്യയിൽ പലയിടത്തായി താമസിക്കുന്നു. ഇതിൽ പലരും പാതി ഹിന്ദുക്കളും പാതി മുസ്ലിംകളുമാണ്. ഹിന്ദു മുസ്ലിം ആചാരങ്ങളുടെ സമ്മിശ്രമാണ് ഇവരിൽ മിക്കവരുടെയും ജീവിതം.

ഇവരുടെ കുടുംബ വേരുകൾ പ്രവാചക പൗത്രൻ ഇമാം ഹുസ്സൈൻ രക്ത സാക്ഷിത്വം വരിച്ച കർബല യുദ്ധത്തിലേക്ക് നീളുന്നു എന്നതാണ് ഇവർ അവകാശപ്പെടുന്ന ചരിത്രം. യസീദിന്റെ കിരാത വാഴ്ച്ച അവസാനിപ്പിക്കാൻ സഹായം തേടി ഇമാം ഹുസ്സൈൻ വിവിധ നാടുകളിലേക്ക് കത്തുകൾ അയച്ചത്രേ, അത് സ്വീകരിച്ചു കൊണ്ട് ലാഹോറിൽ വേരുകളുള്ള റഹിബ് സിങ് ദത്ത് എന്ന മൊഹ്‌യാൽ സമുദായ അംഗം തന്റെ 7 മക്കളെയും കൂട്ടി ഇറാനിലേക്ക് തിരിച്ചു. യസീദിനെതിരെ ഇമാം ഹുസൈന്റെ സൈന്യത്തിൽ ചേർന്ന് യുദ്ധം ചെയ്യുകയും അദ്ദേഹത്തിന്റെ 7 പുത്രന്മാരും വധിക്കപ്പെടുകയും ചെയ്തു എന്നാണ് ഇവർ പാരമ്പര്യമായി വിശ്വസിച്ചു പോരുന്നത്. പ്രവാചക കുടുംബത്തിലെ ആരോ അവരെ ഹുസൈനി ബ്രഹ്മിൻ എന്നു വിളിച്ചു എന്നും ആ നാമധേയത്തിൽ പിന്നീട് അവർ അറിയപ്പെട്ടു എന്നുമാണ് കഥ. ഇമാമിന്റെ സഹോദരി സൈനബ് ആണ് ഇപ്രകാരം വിളിച്ചത് എന്നും ചിലർ പറയുന്നുണ്ട്.

റിഹബ് സിങ്ങിന് മക്കളുണ്ടായിരുന്നില്ലത്രേ, അദ്ദേഹം ഇമാം ഹുസൈനെ കണ്ടു പ്രാർത്ഥിപ്പിച്ചുവത്രെ, തുടർന്ന് അദ്ദേഹത്തിന് കുട്ടികളുണ്ടായി എന്നും ഇമാം അവറുകൾക്ക് ഒരു ആവശ്യം വന്നപ്പോൾ അദ്ദേഹം ആ കുട്ടികളെ തന്നെ പകരം നൽകി എന്നുമാണ് ഹുസൈനി ബ്രാഹ്മണരുടെ പക്ഷം.

തങ്ങളുടെ പൂർവ്വ പിതാക്കളെ കുറിച്ച് ഈ വിഭാഗത്തിൽ പ്രചരിച്ച മറ്റൊരു കഥയുണ്ട്. ഇമാം ഹുസൈന്റെ തല കൊയ്ത് ഇബ്നു സിയാദ് യസീദിന്റെ രാജധാനിയിലേക്ക് തിരിച്ചപ്പോൾ റീഹാബ് ദത്ത് അവരെ പിന്തുടർന്ന് പിടിച്ച് ആ ശിരസ്സ് തിരിച്ചെടുത്തു. പിന്നീട് അദ്ദേഹത്തെ യസീദിന്റെ സൈന്യം വളഞ്ഞത്രേ. അപ്പോൾ തന്റെ മൂത്ത പുത്രന്റെ തല കൊയ്ത് ഇതാണ് ഹുസൈന്റെ ശിരസ്സ് എന്നു പറഞ്ഞു സൈന്യത്തിന് കൊടുത്തുവെന്നും അവർ അത് സമ്മതിക്കാത്തപ്പോൾ രണ്ടാമത്തെ പുത്രന്റെ തല കൊയ്ത് കൊടുത്തുവെന്നും അതും അവർ ഇമാം ഹുസൈന്റേത് എന്ന് അംഗീകരിക്കാത്തപ്പോൾ തന്റെ 7 മക്കളെയും ഇതേ പോലെ വധിച്ചു കൊണ്ട് റീഹാബ് ദത്ത് ഇമാം ഹുസൈന്റെ മാനം കാക്കാൻ ശ്രമിച്ചു എന്നുമാണ് കഥ, എന്നാൽ ഈ കഥ അവരിൽ തന്നെ പൂർണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലേക്ക് മടങ്ങിയ റാഹിബ് ദത്തിന്റെ പക്കൽ ഇമാം ഹുസൈന്റെ ഒരു മുടിക്കഷ്ണം ഉണ്ടായിരുന്നുവത്രെ, ഇത് കശ്മീരിലെ ഹസ്രത്ത് ബാലിൽ സൂക്ഷിച്ചിട്ടുണ്ടത്രേ.

തങ്ങളുടെ പൂർവ്വീകർ എഴുതിയ ഇമാം ഹുസൈന്റെ ചരിതങ്ങളടങ്ങിയ കവിതാ ഗ്രന്ഥങ്ങൾ ഇവർ പവിത്രമായി കാണുന്നു, മുഹറം മാസത്തിൽ ഇത് പാരായണം ചെയ്യുമത്രെ,

ഏതായാലും ഇന്ത്യയിൽ മടങ്ങിയെത്തിയ അന്ന് മുതൽ തന്റെ പരമ്പരയിൽ ജനിക്കുന്ന ഓരോ കുട്ടിക്കും ഇമാം ഹുസൈന്റെ പേരിൽ ഓരോ ചടങ്ങുകൾ നടത്തുന്നു. ഓരോരുത്തരും കഴുത്തിൽ മുറിവുണ്ടാകും, ഇമാം ഹുസൈന് വേണ്ടി ശിരസ്സ് ഛേദിക്കപ്പെട്ടവരുടെ പിന്മുറക്കാരാണ് തങ്ങൾ എന്നറിയിക്കാൻ വേണ്ടിയാണത്രെ ഇത്. ജനിച്ച കുട്ടികളുടെ മുണ്ഡനം നടത്തുന്നത് ഇമാം ഹുസൈൻറെ പേരിലാണ് എന്നാണ് ഇവരുടെ സാക്ഷ്യം.

ഇവർ ഇമാം ഹുസൈന് വേണ്ടി തങ്ങളുടെ പൂർവ്വീകരുടെ ജീവത്യാഗത്തിൽ അഭിമാനം കൊള്ളുകയും മുഹറം പത്തിന് അതിന്റെ ഓർമ്മക്കായി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഇസ്ലാമിക ചരിത്രകാരന്മാർ ഈ വാദങ്ങളെ ബലപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ശിയാക്കളിൽ ചിലർ ഇത് അംഗീകരിക്കുകയും തങ്ങളുടെ മുഹറം ചടങ്ങുകളിൽ ഇവരെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു, ചില ചരിത്രകാരന്മാരുടെ അഭിപ്രായപെടുന്നത് കർബല യുദ്ധ കാലത്ത് സിന്ധിൽ നിന്നുള്ള വസ്ത്രവ്യാപാരികളിൽ പലരും അക്കാലത്ത് ഇറാഖിൽ ഉണ്ടായിരുന്നു എന്നാണ്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ നന്മയോട് ചേരാൻ വേണ്ടി പോരാട്ട വീര്യമുള്ള പഞ്ചാബി തയ്യാറായി എന്നതിൽ അവിശ്വസനീയമായി ഒന്നുമില്ല എന്നാണ് അവരുടെ പക്ഷം.

പൂനെ മൊഹ്‌യാൽ സമാജം പ്രസിഡന്റ് ജിതേന്ദ്ര മോഹൻ പറയുന്നത് ഇങ്ങനെ “ഞങ്ങളിൽ ചിലർ ഇസ്ലാം സ്വീകരിച്ചു, ശേഷിക്കുന്നവർ പൂർവ്വീകരെ പോലെ ബ്രാഹ്മണ ധർമ്മത്തിൽ ശേഷിച്ചു, ഞങ്ങൾ ശക്തരും സുന്ദരരുമാണ് എന്നതിനാൽ അധികപേരും സൈനിക സേവനം ചെയ്തു വരുന്നു,

പ്രസിദ്ധ സിനിമാ നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനിൽ ദത്ത്, മകൻ സഞ്ജയ് ദത്ത് എന്നിവരെല്ലാം ഹുസൈനി ബ്രാഹ്മിൻ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.