Dr. Abdul sadiq
Psychiatrist
Kuthiravattom
HYPOCHONDRIASIS
ഞാൻ താമസിക്കുന്നതിന് തൊട്ടടുത്ത് ഒരു പ്രസിദ്ധ മെഡിക്കൽ ലാബുണ്ട്. കൊറോണ വന്നതിൽ പിന്നെ ഇടയ്ക്കുണ്ടായിരുന്ന ജിമ്മിൽ പോക്ക് ഇല്ലാതായി. പകരം വല്ലപ്പോഴും മോർണിംഗ് വാക്കിനു പോകും. അങ്ങനെ പോകുന്നത് മേല്പറഞ്ഞ ലാബിന്റെ മുമ്പിലൂടെയാണ്. ഞാൻ മോണിംഗ് വാക്കിനു പോകുന്ന മിക്ക ദിവസങ്ങളിലും ഒരു ചുള്ളൻ ചെറുപ്പക്കാരൻ ലാബ് തുറക്കാൻ വേണ്ടി കാത്തു നിൽക്കാറുള്ളത് എന്റെ ശ്രദ്ധയിൽ പെട്ടു. എന്നും രാവിലെ രക്തം പരിശോധിക്കേണ്ടതായി വരുന്ന എന്ത് വിചിത്ര രോഗമാണ് അയാൾക്കെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.
“നിങ്ങളെ എന്നും രാവിലെ ഇവിടെ കാണുന്നുണ്ടല്ലോ…എന്ത് ടെസ്റ്റ് ചെയ്യാനാണ് നിൽക്കുന്നത് ” ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു.
“ഒന്നൂല്ല ”
എന്നെ ഒഴിവാക്കാനെന്ന വണ്ണം
അയാൾ പെട്ടെന്ന് പറഞ്ഞു.
പിന്നീടൊരിക്കൽ എന്റെ വലത്തേ താഴെ അണപ്പല്ലിന്റെ എക്സ് റേ എടുക്കാൻ ലാബിൽ പോയപ്പോൾ ഞാൻ ലാബിലുള്ള എന്റെ പരികചയക്കാരനായ ടെക്‌നീഷ്യനോട് അയാളെപ്പറ്റി ചോദിച്ചു.
“അങ്ങേർക്ക് വട്ടാ ഡോക്ടറെ… എന്നും വന്ന്
AIDS ഉണ്ടെന്നും പറഞ്ഞ് എച് ഐ വി ടെസ്റ്റ് ചെയ്യലാണ് പരിപാടി. നിങ്ങൾക്ക് അയാളെ ഒന്ന് ചികിൽസിച്ചൂടെ ”
“ശാരീരിക രോഗങ്ങളെ ചികിൽസിക്കാൻ ശരിക്കും പറഞ്ഞാൽ എളുപ്പമാണ്. എന്നാൽ ഇല്ലാത്ത ശാരീരിക രോഗം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന നമുക്കിടയിലുള്ള ഇത്തരം
“ഹൈപ്പോകോൻഡ്രിയാക്കു”കളെ അത്ര എളുപ്പത്തിൽ ചികിൽസക്ക് വിധേയമാക്കാൻ കഴിയില്ല. കാരണം അവരുടെ രോഗം ശാരീരികമാണെന്നാണ് അവർ ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അവർ നമ്മുടെയടുത്ത് വരാനോ നമ്മുടെ മരുന്ന് കഴിക്കാനോ കൂട്ടാക്കില്ല ”
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നെ കൊറോണയും എല്ലാം ഒരുപാട് വന്നും പോയും കൊണ്ടിരുന്നു. ലാബ് ടെക്നീഷ്യൻ നിർദേശിച്ചിട്ടും അയാൾ എന്നെ കാണാൻ വന്നില്ല. പക്ഷേ…അയാൾ ടെസ്റ്റ് ചെയ്യാൻ ലാബിൽ തുടർന്നും വരുന്നത് ഞാൻ കാണാറുണ്ടായിരുന്നു.
“ദാ… ആ കാണുന്ന കണ്ടത്തിനപ്പുറത്തുള്ളത് മിടുക്കനായ ഒരു ഡോക്ടറുടെ വീടാണ്. നിങ്ങടെ AIDS രോഗത്തിന് പറ്റിയ മരുന്ന് അയാളുടെ പക്കലുണ്ട്. നിങ്ങൾ അയാളെ ഒന്ന് പോയി കാണണം ” അയാളുടെ ദുരാവസ്ഥ സഹിക്ക വയ്യാതയപ്പോൾ ഒരു ദിവസം മോണിംഗ് വാക്ക് കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ എന്റെ വീട് ചൂണ്ടിക്കാട്ടി അയാളോട് പറഞ്ഞു.
“ഹോ… അയാളെ എനിക്കറിയാം. ഞാൻ ഫേസ്ബുക്കിൽ ഫോള്ളോ ചെയ്യുന്നുണ്ട്. ആള് ഭ്രാന്തിന്റെ ഡോക്ടറല്ലേ ”
കൊറോണ കൂടാൻ തുടങ്ങി.ലോക്‌ഡൗൺ കൂടുതൽ കർശനമായി. അതോടെ എന്റെ മോർണിംഗ് വാക്ക് നിന്നു. അയാളെ എനിക്ക് കാണാൻ സാഹചര്യം ഇല്ലാതായി.
ആരാണ് അയാൾ ??
അയാൾ ഒരു ഹൈപ്പോകോൻഡ്രിയാക്ക് ആണ് !!
എന്താണ് “ഹൈപ്പോകോൻഡ്രിയാസിസ്” ??
തനിക്ക് എന്തോ ഗുരുതര ശാരീരിക രോഗമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക…ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി മാത്രം ജീവിക്കുക…അതിനു വേണ്ടി കൂടെക്കൂടെ പരിശോധനകൾ നടത്തുക….ഒരു ഡോക്ടറിലും വിശ്വാസം വരാതെ ഡോക്ടറെ മാറ്റി മാറ്റി ഡോക്ടർ ഷോപ്പിംഗ് നടത്തുക. എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പല രീതിയിയിലാണ് രോഗികളിൽ ഈ തോന്നൽ കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ രോഗികളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നാണ്…
-തനിക്ക് AIDS ബാധിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുക.
-തന്റെ തലച്ചോറിനകത്ത് ട്യൂമർ ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുക.
-തന്റെ ആമാശയത്തിൽ ക്യാൻസർ ഉണ്ടെന്ന്
വിശ്വസിക്കുക.
- ഈയ്യിടെയായി കോവിഡും ഇക്കൂട്ടത്തിൽ സ്ഥാനം പിടിച്ചു വരുന്നു.
തന്റെ ഉറപ്പുകളെ വീണ്ടും വീണ്ടും ഊട്ടിഉറപ്പിക്കാനാണ് രോഗിയുടെ പിന്നീടുള്ള എല്ലാ നെട്ടോട്ടങ്ങളും. അതിനു വേണ്ടിയാണ് കൂടെക്കൂടെ ഡോക്ടർ ഷോപ്പിങ്ങും രക്തപരിശോധനകളും സ്കാനിങ്ങും എൻഡോസക്കോപ്പിയുമെല്ലാം
നടത്തുന്നത്. ഓരോ ടെസ്റ്റും നെഗേറ്റിവ് ആകുമ്പോൾ തന്നിലെ ഹൈപ്പോകോൻഡ്രി യാക്കിന് രണ്ട് ദിവസത്തേക്ക് നല്ല ആശ്വാസം കിട്ടും. ശേഷം വീണ്ടും എല്ലാം പഴയ രൂപത്തിലാകും. അപ്പോൾ വീണ്ടും ‘ഏറ്റവും നല്ല’ ഡോക്ടറെ അന്യോഷിച്ചുള്ള നടപ്പ് തുടരും.
തങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ രോഗങ്ങളുടെ ലക്ഷണങ്ങളെ മാത്രമല്ല, ശരീരത്തിൽ സാധാരണ കാണുന്ന പുള്ളിയോ കുത്തോ എല്ലാം അയാളിലെ ഗുരുതര രോഗത്തിന്റെ ഭാഗമാണെന്ന് അയാൾ വ്യാഖ്യാനിക്കും. എന്നിട്ട് അതിന്റെ പുറത്ത് അമിതമായി ഉത്കണ്ടപ്പെടുകയും അസ്വസ്ഥനാവുകയും ചെയ്യും.
തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന രോഗത്തെക്കുറിച്ച് കൂടെക്കൂടെ ഇന്റർനെറ്റിൽ പരതുകയും എന്നിട്ട് അതിൽ കാണുന്ന ലക്ഷണങ്ങൾ തൻ്റെ ശരീരത്തിൽ ഉണ്ടെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തുകൊണ്ടിരിക്കുക ഇവരുടെ പതിവാണ്. മുഴുവൻ സമയങ്ങളിലും ഇത്തരം കാര്യങ്ങളിൽ മുഴുകുന്നത് കൊണ്ട് ജോലിയിലും കുടുംബ കാര്യങ്ങളിലും ശ്രദ്ധിക്കാൻ കഴിയാതെയായിത്തീരും. ഒടുക്കം ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തും.
അവസാനം….
ഏറ്റവും അവസാനം…
ഒരു വലിയ കെട്ട് ഫയലും പിടിച്ചുകൊണ്ട്
ഒരു സൈക്യാട്രിസ്റ്റിന്റെ ക്യാബിനിൽ അവരെത്തും. ആ ഫയലിൽ നാട്ടിലെ മൊത്തം ലാബുകളിൽ നിന്ന് രക്തം ടെസ്റ്റ് ചെയ്തതിന്റെ റിസൾട്ടുകൾ കാണാം….വിവിധ സ്കാനിങ് സെന്ററുകളിൽ നിന്നുള്ള സ്കാനിങ് റിപ്പോർട്ടുകൾ കാണാം…മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വിലപിടിപ്പുള്ള വിവിധയിനം സ്‌കോപ്പുകൾ ശരീരത്തിലെ നാനാവിധ ധ്വാരങ്ങളിലൂടെ കേറ്റിയിറക്കി എടുക്കുന്ന വിവിധ അന്തർവാഹിനികളുടെ കളർ ഫോട്ടോകളും കാണാം…
ഫയലിനകത്തെ വിലപ്പെട്ട പേപ്പർ കഷ്ണങ്ങൾക്കൊപ്പം ഒരിക്കലും കാണാത്ത ഒന്നുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട വീടിന്റെ ആധാരമായിരിക്കും അത്. കാരണം…അത് ഏതോ ബാങ്കിന്റെ ലോക്കറിൽ പണയത്തിലായിട്ടുണ്ടാവും അപ്പോഴേക്ക്.
അതിനിടക്ക് കോവിഡ് രണ്ടാം വേവ് അതിശക്തമായി വന്നു. ഇമ്മ്യുണിറ്റി ബൂസ്റ്റിംഗ് അത്യന്താപേക്ഷികമായത് കൊണ്ട് ഇടക്ക് നിർത്തി വെച്ച മോണിംഗ് വാക്ക് ഞാൻ വീണ്ടും തുടർന്നു. ലാബിന്റെ മുമ്പിലൂടെ കടന്നു പോകുമ്പോൾ അറിയാതെ അങ്ങോട്ടൊന്ന് നോക്കും. നമ്മുടെ ഹൈപോകോൻഡ്രിയാക്ക് അവിടെ എങ്ങാനുമുണ്ടോ എന്നറിയാൻ….
പക്ഷേ…
രണ്ടാം വേവ് വന്നതിന് ശേഷം അയാളെ
ഞാൻ അവിടെ കണ്ടിട്ടേ ഇല്ല.
അയാൾക്കെന്ത് പറ്റിക്കാണും ആവോ ??
മൂന്ന് സാധ്യതകളാണ് ഉള്ളത് !!
ഒന്നുകിൽ ഇതിലും മുന്തിയ ലാബും നല്ല ഡോക്ടറേയും അന്വേഷിച്ചുള്ള തന്റെ പ്രയാണം വീണ്ടും അയാൾ പഴയ പോലെ തുടരുന്നുകൊണ്ടിരുന്നിരിക്കുന്നുണ്ടാവാം….
അല്ലെങ്കിൽ ഏതെങ്കിലും ഡോക്ടറുടെ ചികിത്സകൊണ്ട് രോഗം സുഖം പ്രാപിച്ച് ചെറിയ ഒരു മരുന്നിനൊപ്പം സുഖമായി ജീവിക്കുന്നുണ്ടായിരിക്കാം…
അതുമല്ലെങ്കിൽ ജീവിതം ഒരിക്കലും നേരെയാകില്ല എന്ന് കരുതി….വല്ല കടുംകൈയ്യും ???
ഇല്ല…അതുണ്ടാവില്ല. കാരണം ഇത്തരക്കാർക്ക് മരണ ചിന്ത ഇടക്കൊക്കെ വന്നേക്കാമെങ്കിലും ആത്മഹത്യ സാധ്യത സാധാരണ കുറവായിരിക്കും. ഹൈപ്പോകോൻഡ്രി യാസിസിനോടനുബന്ധിച്ച് വിഷാദം പോലുള്ള മനോരോഗവുമുണ്ടെങ്കിൽ ആത്മഹത്യാ സാധ്യത തീർച്ചയായും കൂടുതലായിരിക്കും.
ഞാൻ ആദ്യം പറഞ്ഞതിനാണ് ഏറ്റവും കൂടുതൽ സാധ്യത. അയാൾ മനസ്സിനെ വിശ്വസിപ്പിക്കാൻ വേണ്ടിയുള്ള പ്രയാണത്തിലായിരിക്കും…
ഈ കോവിഡ് കാലത്ത് മാനസീക രോഗങ്ങൾ തീർച്ചയായും കൂടിയിട്ടുണ്ട്. ദിനപ്രതി കാണുന്ന രോഗികളിൽ നല്ലൊരു ശതമാനം രോഗികൾ പല രീതിയിലും കോവിഡിന്റെ കൂടി ഇരകളാണ്.
Stay home… Stay safe.
ചക്കപ്പുട്ട് കഴിച്ചാൽ ഹൈപ്പോകോൻഡ്രിയാസിസ്
കുറയാമെന്ന് വരുംകാലങ്ങളിൽ പഠനങ്ങൾ ഉണ്ടാവട്ടെ..😜