സ്വാതന്ത്ര്യസമരത്തോടെയാണ് ജഡ്ജിമാര്‍ ഭരണകൂടത്തിന്റെ ആജ്ഞകള്‍ കുറേശ്ശേ കേട്ടുതുടങ്ങിയത്

49
ഹുക്കുനാമ.
ജുഡീഷ്യറിയും ഭരണകൂടവും ഇന്ന് പലപ്പോഴും ഏറ്റുമുട്ടുന്ന വാര്ത്തകള് വരുമ്പോള് പഴമക്കാരുടെ മനസ്സിലെത്തുന്നത് രാജഭരണകാലത്തെ ഓര്മകളാണ്. ആധുനിക നീതിന്യായ വ്യവസ്ഥ രൂപംകൊണ്ടത് സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ്. എന്നാല് ജുഡീഷ്യറിയുടെ തുടക്കം രാജാക്കന്മാരുടെ കാലത്തും പിന്നീട് യൂറോപ്യന്മാരുടെ വരവിനും ശേഷവുമാണ്. ഇംഗ്ലീഷുകാര് കേരളഭരണം നിയന്ത്രിച്ചതോടെയാണ് ജുഡീഷ്യറി രംഗത്ത് പരിഷ്‌കാരങ്ങളും പരിവര്ത്തനങ്ങളുമുണ്ടായത്.
രാജാക്കന്മാരാണ് ജഡ്ജിമാരെ നിയമിച്ചിരുന്നത്. എന്നാല് രാജാക്കന്മാര്ക്ക് ജഡ്ജിമാരോടും ജഡ്ജിമാര്ക്ക് രാജാക്കന്മാരോടും പരസ്​പരം ബഹുമാനവും പേടിയും ഉണ്ടായിരുന്നു. രാജാവിന്റെ ഇംഗിതം അനുസരിച്ച് ജഡ്ജിമാര് വിധിയെഴുതിയിരുന്നില്ല. വിധി ഇന്നവിധത്തിലാകണമെന്ന് നിര്ദേശിക്കാന് രാജാവും ധൈര്യപ്പെട്ടിരുന്നില്ല. കൊലക്കുറ്റം ഉള്പ്പെടെയുള്ള വലിയ ശിക്ഷ നല്കുമ്പോള് ജഡ്ജിമാര് ദിവസങ്ങളോളം പൂജയും വ്രതവും അനുഷ്ഠിക്കാറുണ്ടായിരുന്നു എന്ന് പഴമക്കാര് പറയുന്നു. തെറ്റുപറ്റാതിരിക്കാന് മനസ്സിനെ പാകപ്പെടുത്താന് വേണ്ടിയായിരുന്നു അത്. എന്നാല് ജുഡീഷ്യറിയുടെ ഈ നിഷ്പക്ഷത പിന്നീട് നേര്ത്തുവന്നു. തിരുവിതാംകൂറില് കൈക്കൂലി വാങ്ങി വിധിയെഴുതിയ ജഡ്ജിമാരുണ്ടായി. അങ്ങനെയുള്ള ജഡ്ജിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന് ഉത്തരവ് പുറപ്പെടുവിച്ച സംഭവവും ഉണ്ട്.
കൊല്ലവര്ഷം 1010(എ.ഡി. 1835)ല് സ്വാതിതിരുനാള് മഹാരാജാവിന്റെ കാലത്ത് ആലപ്പുഴ അപ്പീല് കോര്ട്ടില് ഒന്നാം ജഡ്ജിയായിരുന്ന കുഞ്ചുപണ്ടാല ഒരു കൊലക്കേസില് കള്ളവിധി എഴുതിയതിന് അയാളെ പിടികൂടാന് വിളംബരം പുറപ്പെടുവിച്ചു. അതിനുമുന്പ് സ്വാതിതിരുനാളിന്റെ അമ്മ ഗൗരിലക്ഷ്മിബായിയുടെ ഭരണകാലത്ത് ആലുവാ ജഡ്ജി കുഞ്ഞുനാരായണപിള്ള ഒരു ദളിത് യുവാവിനെ മര്ദിച്ചുകൊന്നതിന് 13000 പണം പിഴ ഈടാക്കാന് കല്പന ഉണ്ടായി. റസിഡന്റ് മണ്റോയുടെ നിര്ദേശപ്രകാരമായിരുന്നു ഈ ശിക്ഷ. പിഴ ഈടാക്കാന് കഴിയാത്തതിനാല് കുഞ്ഞുനാരായണപിള്ളയുടെ വസ്തുക്കള് ജപ്തിചെയ്തു. വിധി പ്രസ്താവിക്കുംമുന്പ് രാജാവിന്റെ അപ്രീതി ഉണ്ടാകുമോ എന്ന് സംശയംതോന്നിയ ഒരു ജഡ്ജി രാജിക്കത്ത് തയ്യാറാക്കുകയും കൊളംബിലേക്കുള്ള തന്റെ വസതിയിലേക്ക് വീട്ടുസാധനങ്ങള് അയയ്ക്കാന് തയ്യാറായ ഒരു സംഭവത്തെപ്പറ്റിയും പഴമക്കാര് പറയുന്നു. ഏതാണ്ട് ഈ സമയത്ത് ദേഷ്യംവന്നാല് അടിക്കാന് തയ്യാറാകുന്ന ഒരു രാജാവിനുനേരെ തോക്കുചൂണ്ടാന് ധൈര്യപ്പെട്ട ജഡ്ജിയെപ്പറ്റിയും കേള്ക്കുന്നു.
സ്വാതന്ത്ര്യസമരത്തോടെയാണ് ജഡ്ജിമാര് ഭരണകൂടത്തിന്റെ ആജ്ഞകള് കുറേശ്ശേ കേട്ടുതുടങ്ങിയത്. ഇതിനുദാഹരണമാണ് സ്റ്റേറ്റ് കോണ്ഗ്രസ് നേതാവ് നാരായണപിള്ളയുടെ കേസ് വാദിക്കാന് എത്തിയ പ്രശസ്ത അഭിഭാഷകന് നരിമാന്റെ അനുഭവം. നരിമാന്റെ വരവ് ദിവാന് സര് സി.പി. ഇഷ്ടപ്പെട്ടില്ല. സി.പി.യുെട ആളുകള് വിമാനത്താവളത്തില് നരിമാനെതിരെ കരിങ്കൊടി കാട്ടി. അവിടെ ഇരുവിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടി. എന്നാല് സ്വാതന്ത്ര്യസമരത്തില് പങ്കെടുത്ത് ശിക്ഷ അനുഭവിച്ചയാള് എന്ന നിലയില് നരിമാനെ ഭരണകൂടം എതിര്ത്തു. ഇത് ജില്ലാ കോടതി അംഗീകരിക്കുകയും നരിമാനെ വിലക്കുകയും ചെയ്തു.
ഇംഗ്ലീഷ് ഭരണത്തിന്റെ കീഴില് തിരുവിതാംകൂര് അമരുന്നതിനുമുന്പും ഇവിടെ നീതിന്യായ വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല് അന്ന് നീതിനിര്വഹണം ‘ധര്മശാസ്ത്ര’ങ്ങളുടെയും ‘മനുസ്മൃതി’യുടെയും അടിസ്ഥാനത്തിലായിരുന്നു. ഇവകൂടി ഉള്പ്പെടുത്തി 1776-ല് കാര്ത്തികതിരുനാള് രാമവര്മ മഹാരാജാവ് (ധര്മരാജാവ്) ഒരു ‘ചട്ട വരിയോല’ പ്രസിദ്ധീകരിച്ചു. വില്ലേജ്, താലൂക്ക് ഓഫീസര്മാരും സര്വാധികാര്, വലിയ സര്വാധികാര്, ദിവാന് എന്നിവരായിരുന്നു ആദ്യഘട്ടത്തില് ശിക്ഷാവിധികള് നിശ്ചയിച്ചിരുന്നത്. ചില മാറ്റങ്ങളോടെ ദിവാന് ഉമ്മിണിതമ്പിയുടെ കാലംവരെ ഇത് തുടര്ന്നു. എന്നാല് റാണി ഗൗരിലക്ഷ്മിബായിയുടെ ഭരണകാലത്ത് ബ്രിട്ടീഷ് റസിഡന്റ് ആയി എത്തിയ കേണല് മണ്റോയ്ക്ക് ദിവാന്പദവികൂടി നല്കി. ഇതേത്തുടര്ന്ന് ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് ഏഴ് ജില്ലാ കോടതികള് 1811-ല് ദിവാന്റെ കീഴില് ആരംഭിച്ചത്. ‘റഗുലേഷന്‘ അഥവാ ‘ആക്ട്’ എന്ന പദം അന്നുണ്ടായിരുന്നില്ല. പകരം രാജവിളംബരം, ചട്ടിവരിയോല, ഹുക്കുനാമ എന്ന പദങ്ങളാണ് ഉപയോഗിച്ചിരുന്നത്. 1814-ല് ജില്ലാ കോര്ട്ടുകളുടെ അപ്പീല് കേള്ക്കാന് അപ്പേലറ്റ് ഹുസൂര്കോര്ട്ട് നിലവില്വന്നു. ഇത് ദിവാന്റെ കച്ചേരിയോടനുബന്ധിച്ചായിരുന്നു. ജഡ്ജിമാരുടെ വിധി അംഗീകരിക്കുകയും റദ്ദുചെയ്യുകയും ചെയ്യാനുള്ള അധികാരം ദിവാനായിരുന്നു. എന്നാല് മരണശിക്ഷ റദ്ദുചെയ്യാന് രാജാവിനേ അധികാരമുണ്ടായിരുന്നുള്ളൂ. ക്രമേണ ബ്രിട്ടീഷ് ഇന്ത്യയുടെ രൂപത്തില് നിയമസംവിധാനത്തില് മാറ്റങ്ങള് വന്നുകൊണ്ടിരുന്നു. അതോടെ നീതിന്യായ കോടതികളും പോലീസ് സംവിധാനവും വെവ്വേറെയായി. 1881-82-ല് വിശാഖംതിരുനാള് മഹാരാജാവിന്റെ കാലത്താണ് ‘ട്രാവന്കൂര് സിവില് സര്വീസ് കോര്ട്ട് റെഗുലേഷന്‘ പാസാക്കിയത്. 1882 ജനുവരി 18ന് പാസാക്കിയ ഈ നിയമപ്രകാരത്തോടെ കോടതികള് അടിമുടി പരിഷ്‌കരിച്ചു. ഇതോടെയാണ് ‘ഹൈക്കോടതി’ നിലവില്വന്നത്.