എന്തുകൊണ്ട് നാം ജനുവരി 26 ന് റിപ്പബ്ലിക് ആയി ആഘോഷിക്കുന്നു ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉ഏതാണ്ട് 100 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം, 1947 ഓഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമാവുകയും ജോർജ് ആറാമൻ ഗവർണർ ജനറലായി എർൾ മൗണ്ട്ബാറ്റനെ ചുമതലപ്പെടുത്തുകയും ചെയ്തു. രാജ്യം സ്വതന്ത്രമായിരുന്നുവെങ്കിലും അതിന് ഭരണഘടന ഇല്ലായിരുന്നു. തുടർന്ന് ഡോ. ഭീംറാവു അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്നതിനായി 1947 ഓഗസ്റ്റ് 29-ന് ഒരു ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിച്ചു.ഡ്രാഫ്റ്റ് കമ്മിറ്റി ഈ ഭരണഘടന തയ്യാറാക്കുകയും 1947 നവംബർ 4 ന് ഭരണഘടനാ നിർമാണസഭയ്ക്ക് കൈമാറുകയും ചെയ്തു.
രണ്ട് വർഷവും 11 മാസവും ,18 ദിവസവും എടുത്താണ് കമ്മിറ്റി ഇത് തയ്യാറാക്കിയത്.1930 ജനവരി 26 ന് ലഹോറിൽ നടന്ന യോഗത്തിൽ ‘സ്വരാജ് ദിനാ’ പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.1950 ജനുവരി 26 10.18 നാണ് ഇന്ത്യൻ ഭരണഘടന നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യൻ ഭരണഘടനയിലെ വാസ്തുശില്പി ഡോ. ഭീംറാവു അംബേദ്കർ ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാനായിരുന്നു.1955 ലാണ് ആദ്യമായി ഡൽഹി രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചത്. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് 1963 ജനുവരി 26 നാണ്.
ഒരു പ്രദേശത്തിന്റെ പൂർണ ഭരണാധികാരം അവിടുത്തെ ജനങ്ങളിൽ തന്നെ നിക്ഷിപ്തമായ സാമൂഹ്യ വ്യവസ്ഥിതിയെയാണ് റിപ്പബ്ലിക് എന്ന് പറയുന്നത്.പരമ്പരാഗതമായി ഭരണാധികാരം കൈമാറി ഭരിക്കുന്ന ദേശങ്ങൾ റിപ്പബ്ലിക്കുകളല്ല. ഗൾഫ് രാജ്യങ്ങളെ ഒന്നും റിപ്പബ്ലിക് എന്ന് പറയാറില്ല .360 ബി സി യിൽ പ്ലേറ്റോ രചിച്ച വിഖ്യാത രാഷ്ട്രതന്ത്ര ഗ്രന്ഥമാണ് റിപ്പബ്ലിക്. ഒരു ദേശത്തിനാവശ്യമായ ഭരണവ്യവസ്ഥകൾ, നിയമങ്ങൾ, വ്യവസ്ഥിതികൾ തുടങ്ങിയവയാണ് ഇതിൽ വിവരിക്കുന്നത്.
സ്വതന്ത്ര പരമാധികാരമുള്ള ദേശത്തെ റിപ്പബ്ലിക് എന്ന് വിളിച്ചതും പ്ലേറ്റോതന്നെ. എല്ലാ വർഷവും ജനുവരി 26 ന് വലിയ പ്രാധാന്യത്തോടുകൂടി ഇൗ ദിവസം ആഘോഷിച്ചു വരുന്നു. ഔദ്യോഗിക തലത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്നത് റിപ്പബ്ലിക് ദിനമാണ്. രാജ്യത്തിന്റെ പരമാധികാരവും ,ഐക്യവും, അഖണ്ഡതയും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ആഗോള തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും വലിയ ദേശിയ ആഘോഷങ്ങളിൽ ഒന്നാണ്. റിപ്പബ്ലിക് ദിനം ഇന്ത്യയിൽ ദേശീയ അവധി ദിവസമാണ്.
കര, നാവിക, വ്യോമ സൈനിക വിഭാഗങ്ങൾ, അർധസൈനിക വിഭാഗങ്ങൾ,എൻ സി സി ഉൾപ്പെടെയുള്ള സന്നദ്ധ സൈനിക വിഭാഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രാദേശിക സാംസ്‌കാരിക വിഭാഗങ്ങളിൽ നിന്നുമുള്ള കലാപ്രകടനങ്ങൾ, നിശ്ചലദൃശ്യങ്ങൾ, സൈനിക വിഭാഗങ്ങളുടെ പക്കലുള്ള പുതിയ ആയുധങ്ങൾ എന്നിവയൊക്കെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. പരേഡ് തുടങ്ങുന്നതിനു മുമ്പായി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിക്കും. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരോട് ഉള്ള ആദരസൂചകമായാണ് ഇത്. രാജ്യത്തിന്റെ പരമാധികാരിയും, സർവസൈന്യാധിപനുംകൂടിയായ രാഷ്ട്രപതി എല്ലാ അകമ്പടികളോടുംകൂടി വേദിയിലെത്തും. പ്രസിഡന്റ് വേദിയിൽ എത്തുന്നതോടെ 21 ആചാരവെടി മുഴക്കും.
പ്രസിഡന്റ് ദേശീയ പതാക ഉയർത്തുന്നു. തുടർന്ന് ദേശീയഗാനം. അതോടെ പരേഡ് തുടങ്ങുകയായി. റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഔദ്യോഗികമായി അവസാനിക്കുന്നത് മൂന്നു ദിവസം കൂടി കഴിഞ്ഞാണ്. ജനുവരി 29ന് നടക്കുന്ന ബീറ്റിംഗ് ദ റിട്രീറ്റ് എന്ന സൈനിക പരേഡോടെ. ഡൽഹിയിലെ വിജയ് ചൗക്കിൽ ആണ് ഈ സമാപനചടങ്ങ്.