Anupama Mohan
ഇന്ദ്രൻസ് മുന്നോട്ട് വെച്ച ഗുരുതരമായ ഈ അഭിപ്രായങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ വരാതിരിക്കുന്നത് അല്പം ഞെട്ടലുണ്ടാക്കുന്നുണ്ട്. ഇന്ദ്രൻസിനോട് പൊതുവെ എല്ലാവർക്കും സഹതാപം കലർന്ന സ്നേഹമാണ്. അദ്ദേഹത്തിന്റെ സ്ട്രഗ്ഗിളും ഇപ്പോഴും നേരിടേണ്ടിവരുന്ന ബോഡിഷെമിങ്ങുമെല്ലാം അതിനു കാരണമാണ്. അപമാനിക്കപ്പെട്ടാലും അത് നിസാരമായി തള്ളിക്കളയുന്ന അദ്ദേഹത്തിന്റെ നിലപാടിനെ വലിയ മനസ്സിനുടമ എന്ന തരത്തിലുള്ള സ്വീകാര്യതയാണ് ആളുകളിൽ സൃഷ്ടിക്കുന്നത്. പിന്നെ ഒരുപാട് കഷ്ടപ്പെട്ട ആ നടൻ വിജയിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. ഇതെല്ലാം മാറ്റി നിർത്തികൊണ്ടാണ് മലയാളം ഫിലിം ഇൻഡസ്ട്രിക്കകത്ത് നിൽക്കുന്ന ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെ വിലയിരുത്തേണ്ടത്.
ലോകം മാറിയിട്ടും സ്ത്രീകൾ ആവശ്യമില്ലാതെ സമത്വത്തിനുവേണ്ടി അലമുറയിടുന്നു, സ്ത്രീകൾക്ക് പുരുഷന്മാരെക്കാളും മുകളിലെത്തണം എന്ന ചിന്തയാണ് തുടങ്ങിയ സ്ത്രീ വിരുദ്ധ വർത്തമാനങ്ങളുടെ തുടർച്ച തന്നെയാണ് ഇതും. സ്ത്രീ സമത്വത്തിനു വേണ്ടി സ്ത്രീകളല്ലാതെ മറ്റാരാണ് സമരം ചെയ്യേണ്ടത് ? സ്ത്രീകളായ സ്ത്രീകളൊക്കെ ലിംഗസമത്വത്തിനു വേണ്ടി സംസാരിച്ചതുകൊണ്ടും പ്രവർത്തിച്ചതുകൊണ്ടുമാണ് ഇവിടെ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത്. സമരം ചെയ്യാതെ ഇവിടെ ആർക്കും ഒന്നും നേടിയെടുക്കാനാവില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന ആൺ സംഘടനക്കാരിൽ ഒരാൾ മാത്രമാണ് ഇദ്ദേഹവും. എല്ലാകാലത്തും മാറാത്തതായി ഇവർക്ക് ഒരു അഭിപ്രായമേ ഉണ്ടാവുകയുള്ളൂ. അത് ദിലീപ് നിരപരാധിയാണെന്നത് മാത്രമായിരിക്കും.
പിന്നെ WCC യോടും അതിലെ സ്ത്രീകളോടുമുള്ള വിമുഖത. അത് പലരിൽ നിന്നും പല രൂപത്തിൽ പ്രകടമായ രീതിയിൽ പുറത്ത് വന്നിട്ടുള്ളതാണ്. സിനിമ തകർത്തതേ WCC ആണെന്നതിൽ ഇവർക്ക് തർക്കമൊന്നുമില്ല. കാരണം ഇത്രയും കാലം ഒരു പ്രത്യേക വിഭാഗം അനുഭവിച്ചുകൊണ്ടിരുന്ന പ്രിവിലേജുകൾക്കെതിരെയല്ലേ അവർ പോരാടി തുടങ്ങിയത്. ആ ചൊടിപ്പ് ഈ അടുത്ത കാലത്തൊന്നും മാറാൻ പോണില്ല.പിന്നെ ഇൻഡസ്ട്രിക്കകത്തുള്ള പരസ്പര വിശ്വാസം. ഇന്ദ്രൻസ് ഉദ്ദേശിക്കുന്ന ഇൻഡസ്ട്രിക്ക് ആകെ ഒരു വിശ്വാസമേ ഉള്ളൂ. അത് ദിലീപ് നിരപരാധിയാണെന്നതാണ്.