‘ഇര’ സ്ത്രീലിംഗമല്ല
Shah
ഓർക്കുക, വേട്ടക്കാർ ആരുമാവാം. അതിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. അതിനാൽ തന്നെ എല്ലാ അടുപ്പത്തിലും ഒരകലം സൂക്ഷിക്കുക. മികച്ച സന്ദേശവുമായി മലയാളി മനസ്സുകൾ കീഴടക്കാൻ ഒരു ചലച്ചിത്രം വരുന്നു.
‘ഇര’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പെണ്ണിന്റെ ചിത്രമാണ് ആദ്യം മനസ്സിലെത്തുക.പക്ഷേ, എത്രയോ ആണുങ്ങള്‍ തനി ‘ഇര ‘കളായി തീരുന്നുണ്ട്?. ‘ഇര ‘ സ്ത്രീലിംഗമല്ല എന്ന അരമണിക്കൂര്‍ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഹ്രസ്വ സിനിമകളില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ സതീഷ് പി. കുറുപ്പ് ആണ്.
പലപ്പോഴും പൊതു ഇടത്തിലേക്ക് കടന്നു വരുമ്പോൾ അത് സ്ത്രീ ആയാലും, പുരുഷൻ ആയാലും സ്വീകരിച്ചാനയിക്കാൻ ധാരാളം പേർ കാണും. അതെല്ലാം സത്യസന്ധമായ സ്വീകരണമാണെന്ന് ദയവായി കരുതാതിരിക്കുക. കാരണം ചുറ്റും കാപട്യങ്ങൾ മുഖംമൂടി ധരിച്ച് വിലസുന്നുണ്ട്. അത് തിരിച്ചറിയാൻ വൈകിയാൽ പിന്നെ പലതും തിരിച്ചു പിടിക്കാൻ പ്രയാസമാണ് എന്ന ഓർമ്മപ്പെടുത്തലാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രത്തിന്റെ നിര്‍മാതാവു കൂടിയായ കെ.എസ്. നായര്‍ ഉണ്ണിമേനോന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജുരാജ്, ഗീതാ നായര്‍, കുമാരി അനാമിയ അഞ്ചല്‍, ഡോ .അനിതാ ഹരി, പ്രവീണ്‍, അനന്തകുമാര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ഛായാഗ്രഹണം: വിപിന്‍ ചന്ദ്രബോസ്. എഡിറ്റിംഗ്: നവിന്‍ ജോണ്‍സണ്‍. സംഗീതം: രാജേഷ് വി.ബി. സഹസംവിധാനം : മനു വാമദേവന്‍. സംവിധാന സഹായി: ബി. എ.സുരേഷ് ബാബു. പ്രൊഡക്ഷന്‍ മാനേജര്‍: ബാഗിയോ രാമചന്ദ്രന്‍. സ്റ്റുഡിയോ: അമല ഡിജിറ്റല്‍. പി ആര്‍ ഒ :റഹിം പനവൂര്‍.
ജൂൺ 19 ഞായറാഴ്ച (നാളെ) തിരുവനന്തപുരം ലെനിൽ സിനിമാസിൽ രാവിലെ ഒമ്പതരയ്ക്ക് ഈ കുഞ്ഞു സിനിമയുടെ കർട്ടൻ റൈസർ പ്രിവ്യൂ ഒരുക്കിയിട്ടുണ്ട്. സംവിധായകൻ രാജസേനനാന് പ്രിവ്യൂ റിലീസ് നിർവഹിക്കുന്നത് മാറിയകാലത്തിന്റെ ഈ സിനിമയെ ഏവരും പ്രോത്സാഹനം നൽകണമെന്നും, അഭിനയ പരിശീലനം നേടിയ മികച്ച അഭിനേതാക്കളാണ് ചിത്രത്തിലുള്ളതെന്നും സംവിധായകൻ സതീഷ് പി കുറുപ്പ് പറഞ്ഞു.
കർട്ടൻ റൈസർ പ്രിവ്യൂ.. ഞായറാഴ്ച രാവിലെ തിരുവനന്തപുരം ലെനിൻ സിനിമാസിൽ രാജസേനൻ ഉദ്ഘാടനം ചെയ്യും .
**