“മഴയിലെ നനയലാമാ..”?
“ആസ താൻ.. ആനാ നനഞ്ചിടുവോമേ..”
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴ നനഞ്ഞു കൊണ്ടുള്ള ‘ഇരൈവി’ എന്ന ടൈറ്റിൽ കാർഡിൽ നിന്നാണ് തുടക്കം. ശേഷം അതേ മഴയുടെ കൂട്ട് പിടിച്ച് പുറത്തെ മഴയെ നോക്കി കൊണ്ട് 3 സംസ്കാരത്തിൽ ജീവിച്ചു വളർന്ന 3 ആഗ്രഹങ്ങൾ ഉള്ള 3 തികച്ചും വ്യത്യസ്തമായ ജീവിതം ശീലിച്ചു പോരുന്ന 3 സ്ത്രീകളുടെ സംസാരത്തിലൂടെ ഒടുവിൽ മഴ നനയാൻ ആഗ്രഹമുണ്ടായിട്ടും അതിന് കഴിയാതെ കൈ എത്തി പിടിച്ച് മഴയുടെ നനവ് ആസ്വദിച്ചു കൊണ്ടുള്ള 5 മിനുട്ട് നീളുന്ന ടൈറ്റിൽസ്..
പിന്നീട് 2 മണിക്കൂർ 40 മിനുട്ടോളം നീളുന്ന തമിഴിലെ എക്കാലത്തെയും മികച്ചവയിൽ ഒന്ന് എന്ന് പറഞ്ഞു പോവുന്ന മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു തരം അനുഭവം.ഒരുപാട് വിശേഷണങ്ങൾ കൊടുത്ത് ഇരൈവി എത്രമാത്രം മികച്ചത് എന്ന് ബോധ്യപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.ഏതൊരു സിനിമ പ്രേമിക്കും അറിയാം ഇരൈവി എന്താണ്. ഇരൈവി പറയുന്ന രാഷ്ട്രീയം എന്തെന്നും.
Which one is Karthik Subbaraj’s best?
Of course.. It’s IRAIVI !
Why..?
ഏതൊരു സിനിമയും മികച്ചത് ആവുന്നത് എപ്പോഴാണ്..?
നല്ല രീതിയിൽ ബിൽഡ് ചെയ്ത ഒരുപറ്റം കഥാപാത്രങ്ങളും അവർക്കെല്ലാം കൃത്യമായി ഇടമുള്ള ഒരു സ്ട്രോങ്ങ് ആയ തിരക്കഥയും,ആ തിരക്കഥ ഒരു പാളിച്ചയും ഇല്ലാതെ മികച്ച ടെക്നിക്കൽ ക്വാളിറ്റിയോടെയും അവതരിപ്പിക്കുന്ന സംവിധാനവും ഓരോ താരങ്ങളുടെയും മാക്സിമം എന്ന് തോന്നിപ്പിക്കും വിധത്തിൽ ഉള്ള അസാധ്യമായ പെർഫോമൻസുകളും.കാർത്തിക്ക് സുബ്ബാരാജ് പടങ്ങളിലെ ടെക്നിക്കൽ മികവ് എന്ന ക്ലിഷേ ടോപികിലേക്ക് പോവാതെ തന്നെ നേരെ ഒരുപാട് ലയേഴ്‌സ് ഉള്ള അത്രെയേറെ മികച്ചതാക്കി ബിൽഡ് ചെയ്ത ഇരൈവിയിലെ കഥാപാത്രങ്ങളിലേക്ക് പോവാം.
അടുത്ത നിമിഷം എന്ത് ചെയ്യും എന്ത് ചെയ്യും എന്ന് ഒരു പിടിയും തരാത്തവിധത്തിൽ നീറ്റ് ആയി ഓരോ അവസരത്തിലും സർപ്രൈസ് ചെയ്യിപ്പിക്കുന്ന ദേവതകളും രാക്ഷസന്മാരും.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കും പോലെ തന്നെ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെ ദേവതകൾ എന്ന് വിളിക്കാം.
ദേവതകൾ——-
മുൻപ് പറഞ്ഞ പോലെ തന്നെ 3 പ്രായത്തിലെ 3തരം അവസ്ഥകളെ നേരിടുന്ന വ്യത്യസ്ഥ ആഗ്രഹങ്ങളും നിലപാടുകളും ഉള്ള 3 പേരെയും ഒരു മഴയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് പടത്തിന്റെ തുടക്കം
പൊന്നി-യാഴിനി-മീനാക്ഷി
മീനാക്ഷി(വടിവുകാരസി)-
തുടക്കത്തിലുള്ള ഒരേയൊരു ഡയലോഗ് മാത്രമുള്ള ഒരു കഥാപാത്രം.പരിസരം മറന്നുള്ള ഭർത്താവിന്റെ ദേഷ്യവും പരിഹാസവും ഒക്കെ സഹിച്ച് എല്ലാം മറന്ന് ചിരിക്കൽ ആയിരുന്നു മീനാക്ഷിയുടെ ആ ജീവിതം.ഒരു മെഷീൻ പോലെ.പിന്നീട് തളർന്ന് അവശയായി കിടക്കയിലേക്ക്.അവിടെ നിന്ന് തന്റെ മക്കളുടെയും ഭർത്താവിന്റെയും ഓരോ പ്രവർത്തികളുടെ ചർച്ചകൾ കേട്ട് കൊണ്ട് മുൻപത്തെ പോലെ തന്നെ പ്രതികരിക്കാനാവാതെയുള്ള കിടത്തം.
യാഴിനി(കമാലിനി മുഖർജി)-
ഒരുപാട് ആഗ്രഹങ്ങളും സ്വന്തം കരിയർ സ്വന്തം ജീവിതം എന്നൊക്കെ വ്യക്തമായ ബോധം ഉള്ള കഥാപാത്രം.പക്ഷെ അരുൾ എന്ന arrogant ആയ സിനിമ സംവിധായകനുമായുള്ള ബന്ധത്തിൽ ഏതോ ഒരു സ്റ്റേജിൽ ലോക്ക് ആയി പോയ ഒരാൾ.അതിന് പുറത്തിറങ്ങി മഴ നനയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പങ്കാളിയോടുള്ള ഇഷ്ടവും.ഒടുവിൽ അരുളിൽ ഇനി ഒരു മാറ്റവും ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ നിന്ന് കൊണ്ട് പുതിയൊരു കല്യാണജീവിതത്തിലേക്ക്. തനിക്കും തന്റെ മകൾക്കും കൂടുതൽ ഭദ്രത ഉറപ്പ് വരുത്തുന്ന ഒരു പുതിയ ജീവിതത്തിലേക്ക്.അപ്പോഴും മഴ നനയാമോ എന്ന് ചോദിക്കുന്ന മകളോട് വേണ്ട..നനയും എന്ന് ഉത്തരം പറയുന്ന യാഴിനി.
പൊന്നി(അഞ്ജലി)-
ഒരുപാട് മോഹങ്ങൾ ഒന്നും ഇല്ലാത്ത ഒരു നാട്ടിൻപുറത്തുകാരി.വളരെ റൊമാന്റിക് ആയ ഒരു ഭർത്താവ്,മക്കൾ അങ്ങനെ ഒരു സന്തോഷപൂർണ്ണമായ ജീവിതം സ്വപ്നം കണ്ടിട്ട്, കിട്ടിയത് ഒരു താല്പര്യവുമില്ലാതെ കല്യാണത്തിലേക്ക് നിർബന്ധിക്കപെട്ട മൈക്കിൾ.എന്തൊക്കെ വന്നാലും ഭർത്താവ് ഭർത്താവ് ആണ് എന്ന ഉപദേശവും തലയിൽ കേറ്റി ജീവിച്ച് നല്ലൊരു കുടുംബ ജീവിതം ഒരിക്കലും കിട്ടാതിരുന്ന പൊന്നി.ഒരു സ്റ്റേജിൽ തന്നോട് ആദ്യമായി പ്രണയം തുറന്ന് പറഞ്ഞ ജഗനോട് തോന്നിയ ചെറിയ ഇഷ്ടം,മൈക്കിളുമായുള്ള പുതിയൊരു ജീവിതത്തിന് തടസ്സം ആവേണ്ട എന്ന് കരുതി ഒഴിവാക്കുകയും എന്നാൽ അവിടെയും ഒറ്റയ്ക്ക് ആവുന്ന പൊന്നി.
ഇനി മറ്റൊരു ‘Mens World’ ലേക്ക് എന്ന് തീരുമാനിച്ചു കൊണ്ട് മഴ നനയാൻ മകളെയും കൂട്ടി സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന പൊന്നി.
“യാറോ വന്ത് സുതന്തിരം കൊടുക്ക്
നീയോ അടിമൈ ഇല്ലയടി
ഉൻ മനതിൽ ഉൻ സുതന്തിരം ഉണ്ട്
നീയേ ഉണർന്ത് കണ്ടുപുടി
മനിധി വെളിയെ വാ
മനിധി മനിധി..” – മനിധി സോങ്
ദേവതകളെ ദേവതകളാക്കുന്ന രാക്ഷസന്മാരിലേക്ക്.
രാക്ഷസന്മാർ—-
ദാസ്-അരുൾ-മൈക്കിൾ.
ദാസ്(രാധരവി)-
തന്നെയും തന്റെ മക്കളെയും നോക്കാനുള്ളത് ആണ് ഭാര്യ എന്ന ചിന്ത കൊണ്ട് നടക്കുകയും അവസരം കിട്ടുമ്പോഴെല്ലാം തന്റെ ദേഷ്യം ഭാര്യയോട് പ്രകടിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രം. ഒടുവിൽ തളർന്ന് കിടപ്പിലായ ശേഷം ഭാര്യയുടെ വില എന്തെന്ന് മനസിലാക്കി അനങ്ങാനാവാതെ കിടക്കുന്ന ഭാര്യയുടെ മുൻപിൽ നിസ്സഹായനായി ഇരിക്കുന്ന ദാസ്.
അരുൾ(S.J Surya)-
അരുൾ ഒരു സ്ഥിരം മദ്യപാനി അല്ല.
തന്റെ കുഞ്ഞായി കാണുന്ന മൂവിയും ആയി ബന്ധപെട്ട പ്രശ്നങ്ങൾ മൂലം അതിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ കടുത്ത മദ്യപാനം ശീലമാക്കിയ ആൾ.തന്റെ ക്രീയേഷന് ഒരു പരിഹാരം കാണാൻ ശ്രമിക്കുകയും എന്നാൽ ഓരോ തവണയും Male Ego എന്നത് വർക്ക് ആയി കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കേണ്ടി വരുന്ന അരുൾ.
മൈക്കിൾ(വിജയ് സേതുപതി)-
എപ്പോഴും എല്ലാ കുഴപ്പത്തിൽ നിന്നും വിട്ട് വരണം. നല്ലൊരു കുടുംബ ജീവിതം ആണ് സന്തോഷവും സമാധാനവും എന്ന് ആഗ്രഹിക്കുകയും എന്നാൽ ഓരോ കുരുക്ക് അഴിക്കാൻ നോക്കുകയും ഓരോ തവണയും വീണ്ടും കുരുക്ക് മുറുകി അവസാനം അരുളിന്റെ തോക്കിന്റെ മുന്നിൽ ജീവിതം കളഞ്ഞ മൈക്കിൾ.
“നീ വന്നില്ലേൽ ഞാൻ മരിച്ചു പോയേനെ” എന്ന അരുളിന്റെ ഡയലോഗിൽ നിന്നും കത്തികേറുന്ന ദേഷ്യം മൈക്കിളിനും നിയന്ത്രിക്കാൻ ആയില്ല.അരുളിന് വേണ്ടി പ്രൊഡ്യൂസറേ കൊല്ലുന്നതിലേക്ക്.
സ്വന്തം അനിയനെ പോലെ കണ്ട മൈക്കിളിനെ വെറുതെ വിടാൻ അരുളിന് ആയില്ല.പ്രൊഡ്യൂസർക്കായി അരുൾ കരുതി വെച്ച തോക്ക് ഒടുവിൽ മൈക്കിളിന് നേരെ.
മറ്റേത് സ്ത്രീപക്ഷ സിനിമയിലെന്ന പോലെ ഇവിടെ ഒരിക്കലും ചിത്രത്തിലെ പുരുഷ കഥാപാത്രങ്ങളെ പെണ്ണിന്റെ സ്വാതന്ത്ര്യം പിടിച്ചു വെക്കുന്ന രീതിയിൽ ഉള്ള നെഗറ്റീവ് ഷേഡിൽ അല്ല അവതരിപ്പിച്ചിരിക്കുന്നത്.എന്നാൽ അവരുടെ പ്രവൃത്തികൾ,അവരുടെ നിയന്ത്രിക്കാൻ ആവാത്ത ദേഷ്യം,Male Ego അങ്ങനെയുള്ള ഘടകങ്ങൾ ഓരോ സ്ത്രീയെം എങ്ങനെ ബാധിക്കുന്നു എന്ന വിധത്തിൽ ആണ് ഓരോ കഥാപാത്രവും രാക്ഷസൻ ആവുന്നത്.
“നീ താൻ നാൻ ദുഷ്ടാ
ഉൻ പാവത്തിൽ സെതുകിയ
ഉരുവം നാൻ
നീ താൻ നാൻ ദുഷ്ടാ
ഉൻ പാവത്തിൻ സമ്പളം
മരണം ദാൻ” -ദുഷ്ടാ സോങ്
.’സില woMEN ങ്കളിൻ കഥൈ’ എന്ന ടാഗ് ലൈൻ സൂചിപ്പിക്കും പോലെ തന്നെ ചിത്രം Women Oriented ആണെങ്കിലും അതിലെ പുരുഷൻമാർക്ക് ചിത്രത്തിന്റെ കഥ പറച്ചിലിൽ വ്യക്തമായ പങ്കുണ്ട്.ഓരോ സ്ത്രീയെയും അടയാളപെടുത്താൻ ഉള്ള ടൂൾ ആണ് പടത്തിലെ ഓരോ പുരുഷകഥാപാത്രങ്ങളും.
ജഗൻ(ബോബി സിംഹ)& മലർ(പൂജ)—
ദാസിന്റെ ഇളയ മകൻ ആയ ജഗൻ.അമ്മയായ മീനാക്ഷിയുടെ ജീവിതം കണ്ട് വളർന്നത് കൊണ്ട് പെണ്ണിന്റെ ഇമോഷൻസിനും ജീവിതത്തിനും ഒരുപാട് വില കല്പ്പിക്കുന്ന ജഗൻ. മക്കളെ പെറ്റ് വളർത്താൻ മാത്രമല്ല സ്ത്രീകൾ എന്നും നിങ്ങളെല്ലാം രാക്ഷസന്മാരാണെന്നും മൈക്കിളിനോടും അരുളിനോടും പറയുന്ന ജഗൻ.പൊന്നിയോട് ജഗൻ ഉണ്ടായിരുന്നത് പ്രണയം ആയിരുന്നു.തന്റെ അമ്മയെ പോലെ പൊന്നിയും ആവരുതെന്ന തോന്നലിൽ ഇഷ്ടം തുറന്ന് പറയുകയും ചെയ്യുന്ന ജഗൻ.
അത്രയേറെ പ്രണയിച്ച ഭർത്താവിന്റെ മരണ ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കാതെ തന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്ന മലർ.ഐറ്റം, മാറ്റർ എന്നൊക്കെയുള്ള വിളികൾക്ക് നടുവിലും തനിക്ക് ആവശ്യമായത് കൊണ്ടാണ് ഇതെന്നും നമ്മളെ തമ്മിൽ കണക്ട് ചെയ്യുന്നത് സെക്സ് എന്ന 3 അക്ഷരം ആണ്.അതിൽ കവിഞ്ഞ് ഒന്നുമില്ല, “Let’s just fuck” എന്ന് സിമ്പിൾ ആയി പറയുന്ന മൈക്കിളിനോട് പറയുന്ന മലർ.
Inspired from ബാലചന്ദർ, ബാലു മഹേന്ദ്ര, സുജാത എന്ന് കാണിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം ആഴത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും മിനിമൽ ആയ ഡയലോഗ്സിലൂടെ നിലപാടുകൾ മുന്നോട്ട് വെക്കലും ഒക്കെ ആയി അവരുടെ ശ്രേണിയിൽ ചേർത്ത് വെക്കാവുന്ന ഒന്നായി മാറുന്നുണ്ട് കാർത്തിക് സുബ്ബാരാജിന്റെ ഇരൈവി.
ആൺ-പെൺ എന്ന് ക്ലൈമാക്സ് രംഗങ്ങളിൽ അരുൾ പറയുമ്പോൾ വരുത്തുന്ന സൗണ്ട് മോഡുലേഷനിലൂടെ രണ്ട് പേർക്കും സമൂഹം നൽകുന്ന സ്ഥാനവും മഴയെ സ്വാതന്ത്ര്യത്തിന്റെ ബിംബമായി കാണിച്ചു കൊണ്ട് പടത്തിലൂടനീളം ഒരു കഥാപാത്രം എന്ന പോലെ മഴയെ ട്രീറ്റ് ചെയ്തതും May 17 എന്ന അരുളിന്റെ സിനിമയുടെ ടൈറ്റിലിലൂടെ ശ്രീലങ്കൻ രാഷ്ട്രീയം പറയുന്നതും ചിത്രത്തിലെ കണ്ണകി-കോവാലൻ റഫറൻസുകളും തുടക്കം തൊട്ട് ഒടുക്കം വരെയുള്ള ഒരുപാട് മെറ്റഫർസിന്റെ ഉപയോഗവും ഒക്കെ പറയാൻ ഈ സ്പേസ് മതിയാവാതെ വരും.
അതുവരെ കണ്ട് ശീലമില്ലാത്ത പിസ്സയും ജിഗർതണ്ടയും പേട്ട പോലെയൊരു Perfect Star tribute എന്ന് വിളിക്കാവുന്ന സിനിമയും ഒക്കെ ഉള്ളപ്പോഴും കാർത്തിക് സുബ്ബരാജ് Filmography യിൽ ഇരൈവി ഒരു Odd one ആണ്.അത്രയേറെ സ്പെഷ്യൽ ആയത്. അത്രെയേറെ മികവുറ്റത്.
സുഹൃത്ത് ബന്ധത്തെയും ഭാര്യ-ഭർതൃ ബന്ധത്തെയും ലിംഗവ്യതാസങ്ങളെയും മനുഷ്യന്റെ ദേഷ്യത്തെയും സർവോപരി പെണ്ണിന്റെ സ്വാതന്ത്ര്യത്തെയും അടയാളപെടുത്തിയ ഇരൈവിയുടെ 5 വർഷങ്ങൾ.