Bineesh K Achuthan
ജോഷി – കലൂർ ഡെന്നീസ് – മോഹൻലാൽ കൂട്ടുകെട്ടിലെ ഏക ചിത്രമായ ” ജനുവരി ഒരു ഓർമ്മ ” എന്ന ഹിറ്റ് ചിത്രം റിലീസ് ചെയ്തിട്ട് നാളെ (23.01.1987) 36 വർഷം പിന്നിടുന്നു. പ്രിയദർശൻ തിരക്കഥ ഒരുക്കിയ ഭൂകമ്പം എന്ന ജോഷി ചിത്രത്തിലൊക്കെ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, നായകനെന്ന നിലയിൽ മോഹൻലാൽ ആദ്യമായി ഒരു ജോഷി ചിത്രത്തിന്റെ ഭാഗമാകുന്നത് ജനുവരി ഒരു ഓർമ്മയിലാണ്. താളവട്ടത്തിലൂടെ തരംഗമായി തീർന്ന ഊട്ടി/ കൊഡൈക്കനാൽ ലൊക്കേഷനും ഒപ്പം മോഹൻലാൽ – കാർത്തിക ജോടിയും ഒത്ത് ചേർന്ന ഒട്ടനേകം ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്. 90 – കളുടെ രണ്ടാം പകുതിയിൽ മഞ്ജു വാര്യരും ഷൊർണ്ണൂരും മലയാള സിനിമയിൽ തരംഗമായതിന് സമാനമായ ഒരു സാഹചര്യമായിരുന്നു അതും.
ജോഷിയുടെ കരിയറിലെ നിർണ്ണായകമായ ഒരു ചിത്രം കൂടിയാണ് ജനവരി ഒരു ഓർമ്മ. 1978 – ൽ റിലീസ് ചെയ്ത ടൈഗർ സലിം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ ജോഷി, 1980 – ലെ മൂർഖന്റെ വൻ വിജയത്തോടെ മുൻ നിര സംവിധായനായി മാറി. 1981 മുതൽ 1983 വരെ പ്രേംനസീർ, മധു, സോമൻ, സുകുമാരൻ തുടങ്ങിയ അക്കാലത്തെ മുൻനിര താരങ്ങളെ ഒരുമിപ്പിച്ച് കൊണ്ട്, അസംഖ്യം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ജോഷി സംവിധാനം ചെയ്യുകയുണ്ടായി. ജയന്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ശൂന്യതയിൽ ജയന് പകരക്കാരായി ഒരു നിര താരങ്ങൾ മലയാള സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ അരങ്ങേറിയ പ്രത്യേക സാഹചര്യവുമായിരുന്നു അന്ന്. ജോഷിയുടെ അക്കാലത്തെ ഈ മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രങ്ങളിൽ ഏറിയ പങ്കും സൂപ്പർ ഹിറ്റുകളുമായിരുന്നു. 1983 മുതൽ ആക്ഷൻ – മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ ട്രെന്റ് മാറി വരികയും പ്രസ്തുത സ്ഥാനത്ത് ഫാമിലി മെലോഡ്രാമകൾക്ക് പ്രാമുഖ്യം വരികയും ചെയ്തു. ഒപ്പം തന്നെ മലയാള സിനിമ തലമുറ മാറ്റത്തിനും സാക്ഷ്യം വഹിച്ചു. ആ രാത്രി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാരംഭിച്ച ജോഷി – കലൂർ ഡെന്നീസ് – മമ്മൂട്ടി ത്രയങ്ങൾ 1984 – ൽ റിലീസായ സന്ദർഭം എന്ന മെഗാ ഹിറ്റ് ചിത്രത്തോടെ മലയാള സിനിമയിലെ അക്കാലത്തെ ഏറ്റവും വാണിജ്യ മൂല്യമുള്ള കൂട്ടുകെട്ടായി മാറി. തുടർന്ന് വിധിയാലും വില്ലനാലും തകർക്കപ്പെട്ട കുടുംബനാഥനായി മമ്മൂട്ടിയും ഒപ്പം മകളായി ബേബി ശാലിനിയും ഉള്ള ഒരേ അച്ചിൽ വാർത്ത കണ്ണീർ കഥകളുടെ ഒരു പെരുമഴ തന്നെ മലയാള സിനിമയിൽ അരങ്ങേറി. മലയാളിയുടെ ഉപഭോക്തൃ സംസ്ക്കാരത്തിന് ഗണ്യമായ സ്വാധീനം ചെലുത്തിയ ഈ ചിത്രങ്ങൾ കലാപരമായി മലയാള സിനിമയുടെ ഗ്രാഫ് ഇടിക്കുന്നതിലും കാലക്രമേണ പങ്ക് വഹിച്ചു.
ജോഷി – കലൂർ ഡെന്നീസ് – മമ്മൂട്ടി കൂട്ട്കെട്ട് വെന്നിക്കൊടി പാറിച്ച് കൊണ്ട് നിൽക്കെ തന്നെയാണ് ഡെന്നീസ് ജോസഫിന്റെ കടന്ന് വരവ്. 1985 – ൽ റിലീസായ നിറക്കൂട്ട് നേടിയ അഭൂതപൂർവ്വമായ വിജയം പുതിയൊരു ടീമിന്റെ ഉദയത്തിനിടയാക്കി. 1986 തുടക്കത്തിൽ റിലീസായ ശ്യാമയുടെ അപ്രതീക്ഷിത വിജയത്തെ തുടർന്ന് ഈ പുതിയ കൂട്ട് കെട്ടിൽ നിന്നും തുടർച്ചയായി ധാരാള ചിത്രങ്ങൾ വന്ന് കൊണ്ടിരുന്നു. കലൂർ ഡെന്നീസിന്റെ രചനകളെ അപേക്ഷിച്ച് ഡെന്നീസ് ജോസഫിന്റെ രചനകൾക്ക് മെലോഡ്രാമക്ക് കുറവില്ലെങ്കിലും അന്നത്തെ ഏറ്റവും വലിയ വിജയ ഘടകമായ ബേബി ശാലിനിയെ ഒഴിവാക്കിക്കൊണ്ട് ആക്ഷൻ പശ്ചാത്തലത്തിൽ ഉള്ളതായിരുന്നു അവയിൽ ഏറിയ പങ്കും. എന്നാൽ ഈ ചിത്രങ്ങളെല്ലാം തന്നെ തുടർ പരാജയങ്ങൾ ഏറ്റു വാങ്ങുകയുണ്ടായി. ജോഷിയുടെ കരിയറിൽ മുമ്പും പരാജയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തുടർ പരാജയങ്ങൾ നടാടെയായിരുന്നു. ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി ടീമിന്റെ അര ഡസനിനടുത്ത് ചിത്രങ്ങളാണ് ഒരേ നിരയിൽ പരാജയമടയുന്നത്. ജോഷി ഇനി മമ്മൂട്ടിയെ നായകനാക്കരുതെന്നും, മമ്മൂട്ടി നായക വേഷത്തിൽ നിന്നും സഹനടന്റെ റോളുകളിലേക്ക് ചുവട് മാറണമെന്നും സിനിമാ മാധ്യമങ്ങൾ രോദിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഒരു മാറ്റത്തിന് വേണ്ടി ജോഷി മോഹൻലാലിനെ കാസ്റ്റ് ചെയ്യുകയും ഒരിടവേളക്ക് ശേഷം കലൂർ ഡെന്നീസുമായി ഒരുമിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ജനുവരി ഒരു ഓർമ്മയുടെ പിറവി. ചിത്രത്തിന്റെ മൂലകഥ എ.ആർ.മുകേഷിന്റേതായിരുന്നു. ജോഷിയുടെയും മമ്മൂട്ടിയുടെയും ഗ്രാഫ് താഴോട്ടിറങ്ങുമ്പോൾ മോഹൻലാൽ കൈ നിറയെ വിജയ ചിത്രങ്ങളുമായി തിളങ്ങിയ സമയം കൂടിയിരുന്നു 1986 – ന്റെ രണ്ടാം പകുതി.
അങ്ങനെ അതാത് കാലത്തെ സൂപ്പർ താരങ്ങളെ മാത്രം നായകരാക്കി ചിത്രങ്ങൾ ഒരുക്കിയിരുന്ന ജോഷിയുടെ ഒരു ചിത്രത്തിൽ നായകനായി നടാടെയായി മോഹൻലാൽ വരുന്നു. അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡായി മോഹൻലാലും ഒഫീഷ്യൽ ഗൈഡായി ജഗതിയും ഉള്ള ഈ ചിത്രം ഒരു ജോഷി ചിത്രത്തിന്റെ പതിവ് പാറ്റേണിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. അക്കാലത്തെ ഒരു ടിപ്പിക്കൽ മോഹൻലാൽ ചിത്രത്തിന് വേണ്ടിയുള്ള എല്ലാ വിഭവങ്ങളും ജനുവരി ഒരു ഓർമ്മയിൽ ഉണ്ടായിരുന്നു. അന്നത്തെ വിജയ ജോടികളായ മോഹൻലാൽ – കാർത്തിക എന്നിവർക്കൊപ്പം എം ജി സോമൻ, സുരേഷ് ഗോപി, ലാലു അലക്സ്, ജയഭാരതി, രോഹിണി, മാസ്റ്റർ രഘു, കരമന ജനാർദ്ദനൻ നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനേതാക്കളായി. ജഗതിയുടെ കോമഡി രംഗങ്ങൾ ഇന്നും റിപ്പീറ്റഡ് വാല്യു ഉള്ളവയാണ്. ഫുൾ ടൈം വെള്ളമടിച്ചു നടക്കുന്ന ജഗതിയുടെ കഥാപാത്രം മോഹൻലാൽ അവതരിപ്പിക്കുന്ന രാജു എന്ന കഥാപാത്രത്തെ നിർബന്ധിച്ച് കുടിപ്പിച്ചിട്ട് അടി വാങ്ങി കൂടുന്ന രംഗങ്ങളെക്കെ വളരെ രസകരമായിരുന്നു. രായു മോനേ ….രായൂ ….. എന്ന ജഗതിയുടെ വിളിയൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചവയാണ്. ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി ടീമിന്റെ പാട്ടുകളെല്ലാം തന്നെ മനോഹരമായിരുന്നു. ജോഷിയുടെ അടുത്ത ബന്ധു കൂടിയായ തരംഗിണി ശശിയായിരുന്നു ജനുവരി ഒരു ഓർമ്മയുടെ നിർമ്മാതാവ്.
മോഹൻലാലിന്റെ അമ്മക്ക് അക്കാലഘട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രമായിരുന്നു ജനുവരി ഒരു ഓർമ്മ എന്ന് തിരക്കഥാകാരനായ കലൂർ ഡെന്നീസ് ഈയിടെ അനുസ്മരിക്കുകയുണ്ടായി. ജോഷി ടച്ചില്ലാത്ത ജോഷി ചിത്രം കൂടിയായിരുന്നു ഇത്. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് ആശ്വാസ വിജയം നേടാൻ ജോഷിയെ സഹായിച്ച ചിത്രമെന്നതാണ് ജനുവരി ഒരു ഓർമ്മയുടെ പ്രാധാന്യം. ഈ ചിത്രം വിജയം വരിച്ചെങ്കിലും മാസ്റ്റർ ക്രാഫ്റ്റ്സ്മാന് അർഹിക്കുന്ന ഒരു തിരിച്ചു വരവിന് ന്യൂ ഡൽഹി റിലീസാകുന്നത് വരെ കാത്തിരികേണ്ടി വന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. നാടുവാഴികളും നരനുമടക്കം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കായി ജോഷിയും മോഹൻലാലും ഒരുമിച്ചെങ്കിലും ജനുവരി ഒരു ഓർമ്മക്ക് ശേഷം കലൂർ ഡെന്നീസിന്റെ മറ്റൊരു രചനയിൽ പോലും ഇരുവരും സഹകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.