പാക്കിസ്ഥാൻ ക്രിക്കറ്റിൻ്റെ അഹങ്കാരം, വിവാദങ്ങളുടെ ക്രീസിൽ…… ❤
Suresh Varieth
1986 ഏപ്രിൽ 18….. തിങ്ങി നിറഞ്ഞ ഷാർജ സ്റ്റേഡിയത്തിൽ ആവേശവും ആശങ്കയുമെല്ലാം പാരമ്യത്തിലാണ്. ചേതൻ ശർമയെറിഞ്ഞ അമ്പതാം ഓവറിലെ നാലാം പന്തിൽ സുൽക്കർ നൈനിനെ ക്ലീൻ ബൗൾ ചെയ്തു മാച്ചിലെ തൻ്റെ മൂന്നാം വിക്കറ്റു നേടിക്കഴിഞ്ഞു. അഞ്ചാം പന്തിൽ സിംഗിളെടുത്ത് ലാസ്റ്റ്മാൻ തൗസീഫ് അഹമ്മദ് അവസാന പന്ത് മിയാൻദാദിനു വച്ചു നീട്ടുമ്പോൾ പാക്കിസ്ഥാന് ഓസ്ട്രലേഷ്യ കപ്പ് നേടാൻ വേണ്ടത് ഒരു ബൗണ്ടറി. ഇന്ത്യക്ക് വേണ്ടത് ചേതൻ്റെ മികച്ചൊരു പന്ത്….. 110 റൺസെടുത്ത് നിൽക്കുന്ന, ഹെൽമറ്റ് ധരിക്കാത്ത മിയാൻ തൗസീഫുമൊത്ത് നീണ്ടൊരു ചർച്ചയ്ക്ക് ശേഷം അവസാന പന്തു നേരിടാൻ തയ്യാറായി.
യോർക്കർ ആവേണ്ട ചേതൻ്റെ പന്ത് വന്നത് ഫുൾ ടോസിൽ ….. ലോംഗ് ഓണിലേക്ക് ആഞ്ഞു വീശീയ മിയാനു പിഴച്ചില്ല. ഫീൽഡർമാരുടെ തലയ്ക്കു മുകളിലൂടെ ഗാലറിയിലേക്ക് ആ ചുവന്ന പന്ത് താണിറങ്ങി.
ഗ്യാലറിക്കും ഇന്ത്യൻ താരങ്ങൾക്കും എന്താണു സംഭവിച്ചതെന്ന് മനസ്സിലാവും മുമ്പേ ആർത്തലച്ചു കൊണ്ട് രണ്ടു ബാറ്റർമാരും പവലിയൻ ലക്ഷ്യമാക്കി ഓടിത്തുടങ്ങിയിരുന്നു. ഷാർജയിൽ ഇന്ത്യക്കെതിരെയുള്ള മാനസികാധിപത്യത്തിനും, ഒരു മികച്ച പേസറെന്ന നിലയിലേക്ക് വളരുന്ന ചേതൻ്റെ തിരിച്ചിറക്കത്തിനും ആ അവസാന പന്തിലെ സിക്സറും ഒരു വിക്കറ്റ് വിജയവും കാരണമായി.
1975 ൽ കരിയർ തുടങ്ങിയ മിയാൻ ഒരു പാട് നേട്ടങ്ങൾക്കിടയിലും ഇടയ്ക്കൊക്കെ ക്രിക്കറ്റ് ഗ്രൗണ്ടിലെ നോട്ടപ്പുള്ളിയുമായിരുന്നു.എന്നാലും ആർക്കും വെറുപ്പ് തോന്നാത്ത, അദ്ദേഹം ക്രീസിലുണ്ടെങ്കിൽ ഏത് വമ്പൻ ബൗളിങ്ങ് നിരക്കെതിരെയും പാക്കിസ്ഥാന് സാധ്യതകൾ തുറന്നു കൊടുക്കുന്ന ഒരു അവിഭാജ്യ സ്വാധീനം…. ക്യാപ്റ്റൻസിയിൽ ഒരു പടി മുന്നിലുള്ള ഇമ്രാൻ്റെ വിശ്വസ്തനായി പാക്കിസ്ഥാനെ തോളിലേറ്റിയയാൾ (മിയാൻ 34 ടെസ്റ്റുകളിൽ പാക്കിസ്ഥാനെ നയിച്ചു, 14 വിജയം നേടി. ഏഴു വ്യത്യസ്ത അവസരങ്ങളിലാണ് അദ്ദേഹം പലപ്പോഴായി ക്യാപ്റ്റനായത്)….. ടെസ്റ്റ് ആവറേജ് ഒരിക്കലും 50 ൽ താഴാത്ത ലോകത്തിലെ രണ്ടേ രണ്ടു പേരിൽ ഒരാൾ .. ( ഹെർബർട്ട് സട്ട്ക്ലിഫ് ആണ് ആദ്യത്തെയാൾ)…. തുടർച്ചയായി ആറു ലോകകപ്പ് കളിച്ച ആദ്യ താരം ( സച്ചിനാണ് രണ്ടാമത് )….. വിശേഷണങ്ങൾ നിരവധി.
1983 ൽ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന മിക്കവരും ഓർത്തിരിക്കുന്ന ഇന്ത്യയുടെ ഒരു ടെസ്റ്റ് പരാജയം ഉണ്ടാവും. പാക്കിസ്ഥാനിലെ ഹൈദരാബാദിൽ ഇന്ത്യ ഇന്നിങ്ങ്സിനും 119 റൺസിനും തോൽക്കുമ്പോൾ അതിന് പ്രധാന കാരണക്കാരൻ 280 റൺസെടുത്ത് നോട്ടൗട്ടായി നിന്ന മിയാൻ ആയിരുന്നു … ആവശ്യത്തിന് വിക്കറ്റും സമയവും കയ്യിലുണ്ടായിരിക്കേ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത ഇമ്രാൻ പക്ഷേ, ഒരു ട്രിപ്പിൾ സെഞ്ചുറി നേടുകയെന്ന മിയാൻദാദിൻ്റെ മോഹത്തെ മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഇതൊക്കെയാണെങ്കിലും എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നതായിരുന്നു അദ്ദേഹത്തിൻ്റെ കരിയർ. 1981ൽ പെർത്ത് ടെസ്റ്റിൽ ക്യാപ്റ്റനായി ചേസ് ചെയ്യവേ, പിച്ചിൽ മനപ്പൂർവം തന്നെ തടഞ്ഞ ഡെന്നീസ് ലില്ലിക്കെതിരെ ബാറ്റോങ്ങിയതായിരുന്നു ആദ്യ സംഭവം. യഥാർത്ഥ കാരണക്കാരൻ ലില്ലിയാണെങ്കിൽപ്പോലും ഓസ്ട്രേലിയൻ അപ്രമാദിത്തത്തിനെതിരെ ശബ്ദിക്കാത്ത ക്രിക്കറ്റ് ലോകം കുറ്റപ്പെടുത്തിയത് മിയാനെയായിരുന്നു. മത്സരത്തിൽ ഈ സംഭവത്തോടെ ഏകാഗ്രത നഷ്ടമായ അദ്ദേഹം 79 റൺസെടുത്ത് പുറത്തായപ്പോൾ ഓസീസ് ജയിച്ചത് 286 റൺസിനായിരുന്നു.
1992 ലോകകപ്പ് – ഇന്ത്യാ X പാക്കിസ്ഥാൻ മത്സരം ഓർമയില്ലേ? 217 റൺസ് ചേയ്സ് ചെയ്ത പാക്കിസ്ഥാനെ മിയാൻദാദ് ഒറ്റയ്ക്ക് കരകയറ്റുമെന്ന അവസ്ഥയിലാണ് കുപ്രസിദ്ധമായ ആ “തവളച്ചാട്ടം” സംഭവിച്ചത്. കിരൺ മോറെയുടെ പ്രകോപനത്തിൽ വീണു പോയ മിയാൻദാദിൻ്റെ ഓഫ് സ്റ്റംപ് ജവഗൽ ശ്രീനാഥിൻ്റെ യോർക്കർ ബാൾ ഇളക്കിയപ്പോൾ ഇന്ത്യ നേടിയത് ലോകകപ്പിൽ ആദ്യമായി പരസ്പരം ഏറ്റുമുട്ടലിലെ വിജയം കൂടിയായിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ മകളെ മിയാൻദാദിൻ്റെ മകൻ വിവാഹം കഴിച്ചപ്പോഴും അദ്ദേഹം മാധ്യമങ്ങളുടെ നോട്ടപ്പുള്ളിയായി. എന്നിരുന്നാലും, കോഴ വിവാദങ്ങൾ കൊടികുത്തി വാണിരുന്ന പാക് ക്രിക്കറ്റിൽ ഒരിക്കൽപ്പോലും അദ്ദേഹത്തിൻ്റെ മേൽ സംശയത്തിൻ്റെ നിഴൽ വീണിരുന്നില്ല. ജൂൺ 12 ന് അദ്ദേഹത്തിൻ്റെ ജൻമദിനമായിരുന്നു.