ജീനാ ഭായ് ദാറുവാലി – അധോലോക ക്രിമിനലുകളുടെ തലതൊട്ടമ്മ

87

സിദ്ദീഖ് പടപ്പിൽ

ജീനാ ഭായ് ദാറുവാലി – അധോലോക ക്രിമിനലുകളുടെ തലതൊട്ടമ്മ

ബോംബെ അധോലോകമെന്നത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്നില്ല. സപ്‌ന ദീ, ബീല ആന്റി, ശശികല രമേശ്, സന്തോബെൻ ജഡേജ, അർച്ചന ശർമ, ശോഭ അയ്യർ, സമീറ ജുമാനി, റുബീന സിറാജ് തുടങ്ങി നിരവധി സ്ത്രീ ഗാങ്സ്റ്ററുകൾ ബോംബെ അധോലോകം വാണിരുന്നു. എന്നാൽ അതിൽ നിന്ന് എടുത്ത് പറയേണ്ട ഒരു സ്ത്രീനാമമാണ് ജീനാ ദാറുവാലിയുടേത്. കരീം ലാല, ഹാജി മസ്താൻ, മുതലിയാർ തുടങ്ങിയ അധോലോക രാജാക്കന്മാരെക്കാളും പ്രായത്തിലും കുറ്റകൃത്യങ്ങളിലും മുന്തി നിന്നിരുന്ന ജീനാ ഭായ് ആണ് ബോംബെയിലെ ആദ്യ അധോലോക ഡോൺ എന്ന് കരുതുന്നവരുമുണ്ട്.

മേമൻ കുടുംബത്തിൽ ഗുജറാത്തിലെ കത്തിയാവാറിലാണ് 1920 ല് സൈനബ് എന്ന ജീനയുടെ ജനനം. സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തിരുന്ന പിതാവിൽ നിന്ന് കൊച്ചു കുട്ടിയായിരിക്കേ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത ജീനയുടെ വിവാഹം പതിനാലാം വയസ്സിലായിരുന്നു. വിവാഹ ശേഷം ഭർത്താവ് ഹാജി മുഹമ്മദ് സോഫ, ജീനയെ ബോംബേക്ക് കൂട്ടിക്കൊണ്ട് വന്നു. മുഹമ്മദലി റോഡിൽ ഒരു ഫർണിച്ചർ നിർമ്മാണ കമ്പനിയിലായിരുന്നു സോഫയ്ക്ക് ജോലി. മാസം ഇരുപത് രൂപ ശമ്പളത്തിൽ ജോലി ചെയ്യ്തിരുന്ന സോഫയുടെ കുടുംബം മുഹമ്മദലി റോഡിൽ സ്വന്തമാക്കിയ വീട്ടിൽ സന്തോഷകരമായി കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് അനുകൂലിയായ ഭർത്താവും ജീനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴാൻ അധികം സമയമെടുത്തില്ല. ഭർത്താവിനെ ഒളിച്ചു ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തിരുന്ന ജീനയുടെ അയൽ കൂട്ടുക്കെട്ടുകളുടെ പേരിലും വഴക്ക് പതിവായിരുന്നു. ഒരു സമരത്തിൽ കൂടെ പങ്കെടുത്ത അയൽക്കാരി രശ്മിയെ പിന്നീട് പോലീസ് പിടികൂടിയതറിഞ്ഞു രക്ഷിക്കാൻ ചെന്ന ജീന തന്റെ കയ്യിലെ സ്വർണ്ണ വള പൊലീസിന് കൈക്കൂലി നൽകി രശ്മിയെ രക്ഷിച്ചറിഞ്ഞതോടെ ഭർത്താവിന്റെ പക ഇരട്ടിച്ചു.

47 ല് ഇന്ത്യാ പാക് വിഭജനം നടന്നതോടെ ഭർത്താവ് പാക്കിസ്ഥാനിലേക്ക് കുടിയേറാൻ തീരുമാനിച്ചു. ഭാരതത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന ജീന പക്ഷേ പോകാൻ കൂട്ടാക്കിയില്ല. പിറന്ന മണ്ണും വീട്ടുകാരെയും വിട്ട് ജീന പാക്കിസ്ഥാനിലേക്ക് ഇല്ലായെന്ന് ഉറപ്പായതോടെ തന്റെ വീട് സർക്കാറിലേക്ക് സറണ്ടർ ചെയ്ത് സോഫ പാക്കിസ്ഥാനിലേക്ക് പോയി. അതോടെ വീട് നഷ്ടപ്പെട്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ജീനയും മൂന്ന് മക്കളും ദുരിതത്തിലായി. സർക്കാരിൽ കണ്ടു കെട്ടപ്പെട്ട വീട് തിരിച്ചു ജീനയ്ക്ക് ലഭിക്കാനായി ഒരു ഗുജറാത്തി വക്കീൽ സഹായത്തിനെത്തി. സർക്കാരുമായി വർഷങ്ങൾ നീണ്ട വ്യവഹാര തർക്കത്തിന് ശേഷം വീട് ജീനയ്ക്ക് തിരിച്ചു കിട്ടി.

ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന അമ്പതുകളുടെ തുടക്കത്തിൽ ജീനയുടെയും മക്കളുടെയും ജീവിതം ഏറെ പ്രയാസകരമായി തുടർന്നു. റേഷൻ കാർഡ് വഴി കിട്ടിയിരുന്ന അരിയും മറ്റും വാങ്ങാൻ പോലും ബുദ്ധിമുട്ടിയിരുന്ന ജീനയ്ക്ക് ഒരു യു പി സ്വദേശി തന്റെ റേഷൻ കാർഡ് കൂടി ജീനയ്ക്ക് നൽകി. ആ റേഷൻ കാർഡ് ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങൾ പുറത്ത് അധിക വിലയ്ക്ക് മറിച്ചു വിറ്റ് തുടങ്ങിയാണ് ജീന നിലനില്പിനുള്ള പോരാട്ടം ആരംഭിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് അരി ലഭിച്ചിരുന്ന ഔട്ടർ ബോംബെയിലെ വസായ് – വിരാറ് ഭാഗത്ത് പോയി അരി സംഭരിച്ചു വീട്ടിൽ കൊണ്ട് വന്ന് വിറ്റും കാശ് സമ്പാദിക്കാൻ ശ്രമം തുടർന്നു. രാവിലെ മൂന്ന് മണിക്ക് എണീറ്റായിരുന്നു വിരാറിലേക്ക് ട്രെയിനിൽ പോയിരുന്നത്. തിരിച്ചെത്തി രാത്രി പത്ത് മണി വരെ കച്ചവടം തുടർന്നു. സുന്ദരിയായ ജീനയുടെ ശരീരത്തിന് ഇതിനകം പലരും വില നൽകാൻ ശ്രമിച്ചെങ്കിലും അവർ അത്തരം മോശം പ്രവർത്തിയിലേക്ക് പോയില്ല.

ജീനാ ചാവൽ വാലി എന്ന പേരിൽ നിന്ന് ജീനാ ദാറുവാലി എന്ന നിലയിലേക്ക് ജീനയുടെ മാറ്റം അപ്രതീക്ഷതമായിരുന്നു. രണ്ടാം മഹാരാഷ്ട്ര സർക്കാർ മദ്യനിരോധനം കൊണ്ട് വന്നപ്പോൾ അനധികൃത മദ്യം ശേഖരിച്ചു ആവശ്യക്കാർ നൽകി തുടങ്ങിയതോടെ ജീനയുടെ കുറ്റകൃത്യങ്ങളിലേക്കുള്ള ചുവട്‌വെയ്പ്പ് ആരംഭിക്കുകയായി എന്നാണ് ജീന ഭായിയെ കുറിച്ചുള്ള ഒരു കഥ. എന്നാൽ ജീന ഭായ് അനധികൃത ‘ദാറു’ അഥവാ മദ്യവില്പന ചെയ്തിരുന്നില്ല, മറിച്ചു അനധികൃത മദ്യ വിൽപ്പനയെ എതിർത്തത് കൊണ്ടാണ് ആ പേര് വന്നത് എന്നാണ് ബോംബെ പ്രസ്സ് എഡിറ്റർ ഷറാഫാത് ഖാൻ പറയുന്നത്. ആ ചരിത്രമിങ്ങനെ ..

അരിക്കച്ചവടം നടത്തി സാമാന്യം സമ്പാദിച്ചു തുടങ്ങിയപ്പോൾ ജീന നാല് സ്വർണ്ണ വളകൾ സ്വന്തമാക്കി. ജീനയുടെ കച്ചവടവും കൈയ്യിലെ സ്വർണ്ണ വളകളും കാണാൻ തുടങ്ങിയതോടെ പ്രദേശത്തെ ചോട്ടാ ഭായിമാർ ‘ഹഫ്ത’ പിരിവ് നൽകാൻ നിർബന്ധിച്ചുവെങ്കിലും ജീന നൽകാൻ കൂട്ടാക്കിയില്ല. മറിച്ചു അവർക്കെതിരെ മജഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷൻ കയറിയിറങ്ങൽ പതിവായി. കൂടെ ഉദ്യോഗസ്ഥന്മാരുമായുള്ള അടുപ്പവും. സ്ഥലത്തെ പ്രധാന ഗുണ്ടകളെ പോലീസിന് ഒറ്റിക്കൊടുക്കുന്നതും ജീന പതിവാക്കിയതോടെ ‘ജീന ഖബ്‌രി’ എന്ന പേരും ജീനയ്ക്ക് വന്നു. ഖബ്ർ അഥവാ വിവരം പോലീസിന് ഒറ്റിക്കൊടുക്കുന്നവരാണ് ഖബ്‌രികൾ. ആയിടക്ക് നാഗ്പാഠയിലും മുഹമ്മദലി റോഡും ഡോംഗ്രിയിലുമൊക്കെ അനധികൃത മദ്യ വില്പന നടത്തിയിരുന്ന ഒരു പ്രമുഖനെ കൂടി ജീന ഒറ്റിക്കൊടുത്തതോട് കൂടി ‘ജീന ഖബ്‌രി’, ജീനാ ദാറുവാലിയായി മാറുകയായിരുന്നുവത്രെ. പോലീസ് ഏറെ കാലം ശ്രമിച്ചിട്ടും പിടി കൂടാനാവാത്ത മദ്യ വില്പന സംഘത്തെ പിടികൂടാൻ സഹായിച്ചതിൽ വലിയൊരു സമ്മാനത്തുക പോലീസ് ജീനയ്ക്ക് നൽകി. എന്നാൽ ആ തുക വാങ്ങി തിരിച്ചു പോലീസ് സേനയുടെ സഹകരണ സൊസൈറ്റിലേക്ക് നൽകി മാതൃക കാട്ടി. പോലീസ് സേനയുടെ ഖബ്‌രി യായി പ്രവർത്തിച്ചതോടൊപ്പം തന്റേതായ സാമ്രാജ്യത്തിൽ ജീനാ ഭായുടെ അപ്രമാദിത്വം തുടർന്നിരുന്നു.

എഴുപതുകളുടെ അവസാനത്തോടെ കൊങ്കിണി ഗാങ്സ്റ്റർ ഗ്രൂപ്പും പട്ടാൻ ഗ്രൂപ്പും തമ്മിൽ പോരടിച്ചു തുടങ്ങിയതോട്‌ കൂടി ജീനാ ഭായുടെ പേര് ഒരിക്കൽ കൂടി ഉയർന്ന് വന്നു. കരീം ലാല പോലും ബഹുമാനിച്ചിരുന്ന ജീനാ ഭായുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചിരുന്ന ആളായിരുന്നുവത്രെ അധോലോക രാജാവ് ഹാജി മസ്താൻ. സ്നേഹത്തോടെ ആപ്പ (മൂത്ത സഹോദരി) എന്നായിരുന്നു മസ്താൻ, ജീനയെ വിളിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിം ഏറെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിത്വമായിരുന്നു ജീനയുടേത്. തുടക്കക്കാലത്ത് ദാവൂദ്, മൗസി എന്ന് വിളിച്ചിരുന്ന ജീനയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. 83 ല് ദാവൂദിന്റെ ജേഷ്ഠനെ പട്ടാൻ ഗ്രൂപ്പ് കൊലപ്പെടുത്തുകയും തിരിച്ചു സമദ് ഖാനെ ദാവൂദ് ഗ്യാംഗ് ഇല്ലാതാക്കുകയും ചെയ്ത് പോരാട്ടം മൂർച്ഛിച്ച അവസരത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ജീനാ ഭായ് ആയിരുന്നു. ബോംബെയിൽ സന്ധി സംഭാക്ഷണങ്ങൾക്ക് പിറകെ സൗദിയിലെ മക്കയിൽ ചെന്നും ജീന ഇടനിലക്കാരിയായി നിന്നിട്ടുണ്ടത്രെ. ഹജ്ജിനായി മക്കയിലെത്തിയ ഇരു സംഘങ്ങളിൽ നിന്നുള്ള പത്ത് പേർക്കൊപ്പം ജീനയും ചേർന്ന് ഇനി പരസ്പരം പോരടിക്കില്ല എന്ന് സത്യം ചെയ്‌തതോട് കൂടിയാണ് തമ്മിൽ തമ്മിലുള്ള കുടിപ്പക അവസാനിച്ചതെന്ന് ഷറഫാത്ത് ഖാൻ സാക്ഷ്യപ്പെടുത്തുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിലെപ്പോഴോ ആയിരുന്നു ജീനയുടെ മരണം.

  • സിദ്ദീഖ് പടപ്പിൽ 🖋

ജീനയുടെ ജീവിതത്തെ ആസ്പദമാക്കി സീ ടി വി യിൽ ഒരു പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു. അമ്മ എന്ന് പേരുള്ള പരമ്പരയിൽ ജീനയുടെ ചെറുപ്പക്കാലം അഭിനയിച്ചത് പ്രശസ്ത നടി ഉർവശി ശർമയും മുതിർന്ന ശേഷമുള്ള വേഷത്തിൽ വന്നത് ശബാന ആസ്മിയുമായിരുന്നു. അമ്മ യുടെ വീഡിയോ യുട്യൂബിൽ ലഭ്യമാണ്.