Kiranz Atp
ബൈബിളിൽ മറിയത്തിന്റെ ദിവ്യഗർഭത്തെ ദ്യോതിപ്പിക്കുന്ന തരത്തിൽ നായിക മരിയയുടെ ഗർഭസംബന്ധമായ ടെൻഷനും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുമൊക്കെ പ്രേക്ഷകരിലേക്ക് മനോഹരമായി എത്തിച്ച സിനിമയാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം..
മലയാളത്തിന്റെ പ്രിയങ്കരനായ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ് ഇതിലെ കേന്ദ്രകഥാപാത്രമായ ജിതിനെന്ന് പിന്നീടാണ് മനസിലായത്. പതിനെട്ടാം പടിയിലൂടെ ശങ്കർ രാമകൃഷ്ണൻ തിരഞ്ഞെടുത്ത അഭിനേതാവാണ്. ആ തിരഞ്ഞെടുപ്പ് ഒട്ടും പിഴച്ചില്ല എന്ന് തെളിയിക്കുന്ന തരത്തിലാണ് ഈ സിനിമയിൽ ജിതിന്റെ പ്രകടനം. റിമ കല്ലിങ്കലിനേപ്പോലെ ഒരു സീസൺഡ് ആയ അഭിനേത്രിക്കൊപ്പം തുല്യമോ അതിനൊരുപടി മുകളിൽ പ്രകടനം നടത്തുകയോ എന്നത് ചില്ലറ കാര്യമല്ല
പ്രൊഫൈൽ വിവരങ്ങളിലേക്ക് : ഗിരീഷ് പുത്തഞ്ചേരിയുടേയും ബീനയുടെയും രണ്ട് മക്കളിൽ മൂത്തമകനായി 1989 ആഗസ്റ്റ് 24ന് ജനനം. സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ കാലിക്കറ്റ്, ബംഗളൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ജിതിൻ പരസ്യ ചിത്രസംവിധായകനായ സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന സിനിമയിൽ സംവിധാന സഹായി ആയിട്ടാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് കൂതറ, മണിരത്നം എന്നീ സിനിമയിലും സംവിധാന സഹായിയായി പ്രവർത്തിച്ച ജിതിൻ ഫർഹാൻ അക്തർ-റിതേഷ് സിദ്വാനി ടീമിന്റെ എക്സൽ എന്റർടെന്റിമെന്റ് എന്ന മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ ജോയിൻ ചെയ്യുകയും തുടർന്ന് ഫർഹാന്റെ തന്നെ റോക്ക്-ഓൺ 2 എന്ന സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിക്കുകയും ചെയ്തു.
അഭിനയരംഗത്തെ താല്പര്യാർത്ഥം സുഹൃത്തായ ഡൊമിനിക് അരുണിന്റെ മൃത്യുഞ്ജയമെന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ഡൊമിനിക്കിന്റെ തന്നെ ടോവിനോ നായകനായ തരംഗമെന്ന സിനിമയിൽ ചെറുവേഷത്തിലും പ്രത്യക്ഷപ്പെട്ടു. തരംഗത്തിൽ സഹ എഴുത്തുകാരനായും സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു. തുടർന്ന് ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ക്യാമ്പസ്/സ്കൂൾ ചിത്രത്തിലേക്ക് ഒഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട് അതിലെ ഗിരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. തുടർന്ന് കമലിന്റെ പ്രണയമീനുകളുടെ കടൽ, ടോവിനോയുടെ തന്നെ എടക്കാട് ബറ്റാലിയൻ, മോഹലാൽ-പ്രിയദർശൻ ടീമിന്റെ മരയ്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമകളിലുമൊക്കെ വേഷമിട്ടു. സോഫ്റ്റെയർ എഞ്ചിനീയറായ ദിവ്യാ മോഹനനാണ് ഭാര്യ. സഹോദരൻ ഗാനരചയിതാവും സംവിധായകനുമായ ദിൻനാഥ്.
ജിതിന്റെ പ്രൊഫൈൽ : m3db.com/jitin-puthanchery