ജെഎൻയുവിൽ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് വൈസ് ചാൻസലർ ചെയ്യുന്നത്

206

നരേന്ദ്ര മോഡി ഭരണത്തിനു കീഴില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഡൽഹിയിലെ ലോകപ്രശസ്‌തമായ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) വിൽ നിലനിൽക്കുന്നത്. 2014 ൽ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ ജെഎൻയുവിൽ കാവിവല്‍ക്കരണം നടപ്പാക്കുകയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയുമാണ്. സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് വൈസ് ചാൻസലർ ചെയ്യുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരേ ക്രൂരമായ പോലീസ് അതിക്രമങ്ങളാണ് ഉണ്ടാവുന്നത്.

ഹോസ്റ്റൽ ഫീസ് പലമടങ്ങ് വർധിപ്പിച്ചതിനും ക്യാമ്പസിൽ പുതിയ വസ്ത്രധാരണച്ചട്ടം കൊണ്ടുവരുന്നതിനുമെതിരെ ഒക്ടോബർ മുതൽ നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്ന സമരം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ഒരാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ്. സമരത്തിൽ പങ്കെടുത്ത പെണ്‍കുട്ടികളും ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും ഡൽഹി പൊലീസും കേന്ദ്രസേനയും ക്രൂരമര്‍ദനത്തിനിരയാക്കുകയാണ്. കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പൊലീസിന്റെ ഭീകരമായ മർദനവും ജലപീരങ്കികളും അവഗണിച്ചായിരുന്നു വിദ്യാർഥികളുടെ മുന്നേറ്റം. പെൺകുട്ടികളെയടക്കം പുരുഷപൊലീസുകാർ വലിച്ചിഴച്ച് മർദ്ദിച്ചു.

നാഷണൽ അസസ്‌മെന്റ്‌ ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് ഗ്രേഡുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ജെഎൻയു. ഇന്ത്യയിലെ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാമത്തേതും. നൊബേൽ പുരസ്‌കാരജേതാക്കൾ, സാമ്പത്തിക ശാസ്ത്രജ്ഞർ, എഴുത്തുകാർ, രാഷ്ടീയനേതാക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖരെ ജെഎൻയു രൂപപ്പെടുത്തിയിട്ടുണ്ട്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ് ജെഎന്‍യു.

വർഗീയതയ്‌ക്കെതിരെ കർശന മതേതര നിലപാട്, ജനാധിപത്യത്തിലും ശാസ്ത്രബോധത്തിലും ഊന്നിയ സംവാദങ്ങൾ എന്നിവയും ജെഎൻയുവിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഇടതുപക്ഷ ആശയങ്ങൾക്ക് ക്യാമ്പസിൽ വലിയ സ്വാധീനമുണ്ട്. ജെഎൻയുവിലെ ഈ ഇടതുസ്വാധീനം തകർക്കാൻ പറ്റുമോ എന്നാണ് സംഘപരിവാർ നോക്കുന്നത്. അതിനായി തേടുന്ന പലവഴികളിൽ ഒന്നാണ് ഫീസ് വർധനവടക്കമുള്ള പരിഷ്‌കാരങ്ങൾ.

സർവകലാശാലയിൽ പഠിക്കുന്ന കുട്ടികളിൽ പകുതിയോളവും ദാരിദ്ര്യരേഖയ്‌ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്. 20 രൂപ മാത്രമുണ്ടായിരുന്ന ഹോസ്റ്റൽ ഫീസ് 600 രൂപയാക്കിയതും വെള്ളം, വൈദ്യുതി നിരക്കുകൾ വിദ്യാർഥികൾ സ്വന്തംനിലയിൽ നൽകണമെന്ന് തീരുമാനിച്ചതും മെസിൽ അടയ്‌ക്കേണ്ട തുക 12,000 രൂപയായി വർധിപ്പിച്ചതും ഇവരെ ദ്രോഹിക്കാനാണ്. ചെലവ് താങ്ങാനാകാതെ വരുമ്പോൾ ദരിദ്രരായ കുട്ടികള്‍ പഠനം നിർത്തി പോകണം എന്നതാണ് ഭരണകൂടത്തിന്റെ ആവശ്യം.

സമൂഹത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് മുഴുവന്‍ കടിഞ്ഞാണിടാനാണ് അധികാരികളുടെ നീക്കം. ജെഎൻയു എന്ന മഹത്തായ സ്ഥാപനത്തെ ഇന്നത്തെ രൂപത്തിൽ നിലനിർത്താൻ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമാണ് വിദ്യാർഥികളുടെ മുന്നിലുള്ള പോംവഴി. അത് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് രാജ്യത്തെ ഉന്നത സർവകലാശാലയിൽ പഠിക്കാൻ അവസരം നിഷേധിച്ചുകൂടാ.

ജെഎൻയുവിലെ ഇത്തരം വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അടിയന്തരാവസ്ഥക്കാലത്താണ് മുമ്പ് നടന്നിട്ടുള്ളത്. അന്ന് ശക്തമായി വിദ്യാര്‍ത്ഥികള്‍ ചെറുത്തു നിന്നിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥികൾ തങ്ങളുടെ അവകാശങ്ങൾക്കായി മാത്രമല്ല ഈ പോരാട്ടം നയിക്കുന്നത്. വിദ്യാഭ്യാസ വരേണ്യവല്‍ക്കരണത്തിനെതിരെ ഇന്ത്യയുടെ വരും തലമുറകൾക്ക് വേണ്ടികൂടിയാണ് ഈ സമരം.

Advertisements