Riyas Pulikkal

ചിരവൈരികളായ മാർവൽ, സിനിമാറ്റിക് യൂണിവേഴ്സുമായി കാതങ്ങൾ മുൻപിൽ ഓടിക്കൊണ്ടിരിക്കുന്ന നേരത്താണ് എങ്ങനെയെങ്കിലും ഒപ്പംപിടിക്കണമെന്ന മോഹവുമായി ഡിസി, എക്സ്റ്റന്റഡ് യൂണിവേഴ്സുമായി ഇറങ്ങിത്തിരിക്കുന്നത്. സാക്ക് സ്നൈഡർ സംവിധാനം നിർവ്വഹിച്ചു പുറത്തിറങ്ങിയ സൂപ്പർമാന്റെ റീബൂട്ട് ചിത്രമായ മാൻ ഓഫ് സ്റ്റീലിലൂടെ അതിമനോഹരമായ തുടക്കമായിരുന്നു DCEUവിന് ലഭിച്ചത്. പക്ഷേ, തുടന്നിറങ്ങിയ ഡോൺ ഓഫ് ജസ്റ്റിസ്, സൂയിസൈഡ് സ്ക്വാഡ് എന്നീ ചിത്രങ്ങൾ നിരാശപ്പെടുത്തിയപ്പോൾ ഡിസി തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തിയ നിലയിലായി. എന്നാൽ DCEUവിലെ നാലാമത്തേതും സൂപ്പർഹീറോ ഒറിജിൻ സിനിമയുമായ വണ്ടർവുമൺ മികച്ച അഭിപ്രായം നേടിയതിലൂടെ ഡിസിക്ക് വീണ്ടും പ്രതീക്ഷ കൈവന്നു. മറ്റു സൂപ്പർഹീറോ ഒറിജിൻ സിനിമകളോടൊപ്പം ഒരു സൂപ്പർവില്ലന്റെ ഒറിജിൻ സിനിമയും പുറത്തിറക്കാൻ ഡിസിയും വാർണർ ബ്രോസും തീരുമാനിച്ചു. സാക്ഷാൽ ജോക്കറിന്റെ ഒറിജിൻ കഥയുടെ റീബൂട്ട്.

ഇത്രയേറെ ഫാൻ ബേസുള്ള മറ്റൊരു വില്ലൻ കഥാപാത്രവും ലോകസിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജോക്കറിന്റെയും ബാറ്റ്മാന്റെയും ബെസ്റ്റ് എന്ന് കരുതപ്പെടുന്ന സിനിമകൾ സാക്ഷാൽ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഡാർക്ക് നൈറ്റ് ട്രിലോജിയാണ്. അങ്ങനൊരു ബെഞ്ച്മാർക്ക് മുന്നിലുള്ളപ്പോൾ സംവിധായകനായി മാർട്ടിൻ സ്കോഴ്സീസെയെയും ആർതർ ആയി ലിയനാർഡോ ഡികാപ്രിയോയേയുമായിരുന്നു കമ്പനി മനസ്സിൽ കണ്ടത്. ദി ഐറിഷ്മാനും വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും അതിന് വിലങ്ങുതടിയായപ്പോൾ സംവിധായക വേഷം ടോഡ് ഫിലിപ്പിലേക്കും ജോക്കർ എന്ന കഥാപാത്രം വാക്കീൻ ഫീനിക്സിലേക്കും വന്നുചേർന്നു. പക്ഷേ, കഥാപാത്രമായി ആടിത്തിമിർത്ത് അവസാനം ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതെ സ്വജീവൻ തന്നെ ത്യജിച്ച ഹീത്ത് ലെഡ്ജർ എന്ന മനുഷ്യന്റെ അസാമാന്യ പ്രകടനം മുന്നിലുള്ളപ്പോൾ വാക്കീന് ജോക്കർ അസാധ്യമായിരിക്കുമെന്ന് ജോക്കർ ആരാധകർ വിധിയെഴുതി.

ഗ്ലാഡിയേറ്ററിലെ കൊമോഡസ്, ദി മാസ്റ്ററിലെ ഫ്രഡി ക്വെൽ, വോക് ദി ലൈനിലെ ജോണി ക്യാഷ്, ഹെറിലെ തിയഡോർ ത്വാമ്പ്ലി അങ്ങനെ അയാൾ വെള്ളിത്തിരയിൽ പകർന്നാടിയ കഥാപാത്രങ്ങൾ മുഴുവൻ ജോക്കറിന് മുൻപിൽ അവർ വിസ്മരിച്ചു. ആർതർ ഫ്ലക്കിന്റെ മനഃസംഘർഷങ്ങൾ മുഴുവൻ തന്നിലേക്ക് ആവാഹിച്ചപ്പോൾ അയാളുടെ വലതുകണ്ണിലൂടെ അശ്രു ചാലിട്ടൊഴുകി. അതയാളുടെ അഭിനയമല്ലായിരുന്നു, ജോക്കറായി അയാൾ ജീവിക്കാൻ തുടങ്ങുകയായിരുന്നു. നൃത്തച്ചുവടുകളുമായി പുതിയൊരു ജോക്കർ വെള്ളിത്തിരയിലേക്ക് രംഗപ്രവേശനം നടത്തിയപ്പോൾ അയാളെ അതുവരെ എഴുതിത്തള്ളിയ ജോക്കർ ആരാധകർ മുഴുവൻ അവിശ്വസനീയതയോടെ മൂക്കത്ത് വിരൽവെച്ചു.

2020 ഫെബ്രുവരി 19 ഞായറാഴ്ച്ച ഹോളിവുഡിലെ ഡോൾബി തിയറ്ററിലെ ഓസ്‌കാർ വേദിയിലേക്ക് ലോകസിനിമയിലെ കേളികേട്ട പല മഹാരഥന്മാരും വന്നുചേർന്നു. ഒലിവിയ കോൾമാൻ മികച്ച നടനുള്ള നോമിനേഷനുകൾ വായിച്ചു. ദി ഓസ്കാർ ഗോസ് ടു വാക്കീൻ ഫീനിക്സ്, ഒരു നടന് ഓസ്കാർ ലഭിച്ചതിന് ഞാൻ ഇത്രയധികം സന്തോഷിക്കുന്നത് ഇതിനുമുൻപ് ലിയനാർഡോ ഡികാപ്രിയോയ്ക്ക് ഓസ്കാർ കിട്ടിയപ്പോഴാണ്. ലോകസിനിമയിലെ അതികായർക്ക് മുന്നിൽ നിന്ന് ഓസ്കാറിന്റെ ആ സ്വർണ്ണപ്രതിമ അയാൾ വായുവിലേക്ക് ഉയർത്തി. വാക്കീൻ ഫീനിക്സ് എന്ന നടനെ അണ്ടർഎസ്റ്റിമേറ്റ് ചെയ്ത സകലർക്കുമുള്ള മറുപടി അയാളുടെ ആ പുഞ്ചിരിയിലുണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാനായൊരു നടനെയായിരുന്നു വിലകുറച്ചു കണ്ടതെന്ന സത്യം അന്നവർ മനസ്സിലാക്കി, വാക്കീൻ ഫീനിക്സ് എന്ന അതുല്യ പ്രതിഭയെ. Never Understimate The Power Of A Legend!

Leave a Reply
You May Also Like

‘വരാൽ’ ; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി

“വരാൽ”; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി അയ്മനം സാജൻ അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി…

മയോണൈസ് എന്തുകൊണ്ട് അപകടകരമാകുന്നു ?

ഗൾഫ് രാജ്യങ്ങളിൽ ലഭ്യമായിരുന്നതും പിന്നീട് നമ്മുടെ നാട്ടിലും ലദ്യമായതുമായ വെളുത്ത നിറത്തിൽ പായസം പോലെ കാണപ്പെടുന്നത്…

തന്റെ വളർച്ചയിൽ ലലേട്ടന്റെ കൈത്താങ്ങുണ്ടെന്ന് ഹണിറോസ്

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ഹണി റോസ്…

സൂപ്പര്‍ഹിറ്റ് കവര്‍ സോങ്ങുകള്‍ ഒരുക്കി ശ്രദ്ധേയനായ യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം

സൂപ്പര്‍ഹിറ്റ് കവര്‍ സോങ്ങുകള്‍ ഒരുക്കി ശ്രദ്ധേയനായ യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം റിലീസായി. ഹൃദയഹാരിയായ…