Sanjeev S Menon
‘ಜೋಗಿ {JOGI}
” എല്ലോ ജോഗപ്പാ നിന്ന അരമനെ ….” എന്ന വരികൾ കേട്ടപ്പോൾ എവിടെയോ കേട്ട പാട്ടിന്റെ ഈണം പോലെ…. ആ ഈണം വെറുതെ പല തവണ മൂളിയപ്പോൾ മനസിലായി, കുറച്ചു കാലങ്ങൾക്കു മുൻപ് ധർമ്മസ്ഥളെയിൽ പോയപ്പോൾ അവിടെ കാസറ്റ് കടകളിൽ മുഴങ്ങിക്കേട്ട ആ പാട്ടാണെന്ന്. ഒറ്റത്തവണ കേട്ടപ്പോഴേ ഇഷ്ടം തോന്നി വാങ്ങിയ ആ കാസറ്റിലെ പാട്ട്. “നേത്രാവതി സ്റ്റാന നാവു മാഡോനാ ” എന്ന ധർമ്മസ്ഥളെ മഞ്ജുനാഥസ്വാമിയെ സ്തുതിക്കുന്ന പാട്ട്. ആ പാട്ട് മുഴുവനായി എടുക്കാതെ, അതിലെ രണ്ടു വരിയെടുത്ത് പൊലിപ്പിച്ച് വ്യത്യസ്ത ശബ്ദത്തിലും ശൈലിയിലും അവതരിപ്പിച്ചുവെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ വിവരങ്ങൾ തേടിയപ്പോൾ സംഗതി ഫോക് സോംഗ് ആണ്. എസ്.പി.ബി, ചിത്രച്ചേച്ചി ഒക്കെ പാടിയിട്ടുണ്ട്. അതിൽ “എല്ലോ ജോഗപ്പാ നിന്ന അരമനെ ” എന്നു തന്നെയാണ് തുടങ്ങുന്നത്. എന്തായാലും ‘ജോഗി ‘ എന്ന സിനിമയിൽ ഈ പാട്ട് ഒരു ഓളമുണ്ടാക്കി. സുനിതയുടെ വ്യത്യസ്തസ്വരവും ശങ്കർ മഹാദേവനും കൂടിച്ചേർന്നപ്പോൾ പാട്ട് തരംഗമായി.
ഒരു സിനിമയേപ്പറ്റി മോശമായ അഭിപ്രായം കേട്ടാൽ പിന്നെ ആ സിനിമ കാണാൻ തോന്നാത്തവർ നിരവധിയുണ്ട്. എന്നാൽ എത്ര മോശം ചിത്രത്തിലും എന്തെങ്കിലും നമ്മുക്കായി കാത്തു വെച്ചിട്ടുണ്ടാകും.പൊതുവേ കന്നഡ സിനിമകളോട് മുഖം തിരിച്ച വ്യക്തിയാണു ഞാൻ കാരണം, മലയാളം സിനിമകൾ പോലെ റിയലിസ്റ്റിക്കാകണം എന്ന വാശിയാകാം. കുറേ വർഷങ്ങൾക്കു ശേഷം ‘ഓം’ വീണ്ടും കണ്ടപ്പോൾ ശിവരാജ് കുമാറിന്റെ മറ്റൊരു ചിത്രം കാണണമെന്നു തോന്നി.’ജനുമദ ജോഡി’ കണ്ടു, ഇഷ്ടമായി. അപ്പോൾ ഒന്നും കൂടിയാകാമെന്നു കരുതി. ‘ജോഗി ‘ കണ്ടു, അതും ഇഷ്ടമായി., കന്നഡ ചിത്രങ്ങൾ കാണുമ്പോൾ ഒരിക്കലും മലയാളം സിനിമളോട് ഉപമിക്കരുതേ 🙏
റെക്കോർഡുകൾ ഭേദിച്ച ‘ജനുമദജോഡി’യുടെ റെക്കോർഡ് തകർത്ത ചിത്രമാണ് ‘ജോഗി’.പ്രേം സംവിധാനം നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കൃഷ്ണപ്രസാദാണ്. മളെവള്ളി സായ് കൃഷ്ണയുടെ സംഭാഷണം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കൊളെഗാല{Kollegal) താലൂക്കിലെ സിംഗാനല്ലൂർ എന്ന സ്ഥലമാണ് ജോഗി അഥവാ മാദേശയുടെ നാട്. ആ നാട്ടിലെ പ്രത്യേക തരത്തിലുള്ള കന്നഡ ഭാഷാ ശൈലിയാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ബെംഗളൂരുവിലേക്കു വരുമ്പോൾ ആ ശൈലി മാറുന്നു.മാദേശ പാവമാണ്. അവന് ജീവിതം അത്ര ഗൗരവമേറിയതല്ല. അവനും അവന്റെ അച്ഛനും അവ്വയും (അമ്മ) യും നാട്ടുകാരും പിന്നെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും പകർന്നു കിട്ടിയ കുണി(നൃത്തം) യും തെക്കൻ കന്നഡിഗരുടെ പ്രധാന ആരാധനാമൂർത്തിയായ മലെ മഹദേശ്വരയും ഒക്കെയാണ് അവന്റെ ലോകം. അച്ഛൻ കിടപ്പിലായപ്പോൾ അച്ഛന്റെ തൊഴിൽ മകൻ ഏറ്റെടുത്തു നടത്തുന്നു.എന്നാൽ ഒരു കാര്യത്തിലും ഗൗരവമില്ല. അല്ലറ ചില്ലറ പൂജകളും പാട്ടും നൃത്തവുമാണ് ജീവിതോപാധി. അച്ഛന്റെ പെട്ടെന്നുള്ള മരണം ഭാഗ്യക്കായേയും (അമ്മ) മാദേശയേയും വല്ലാതെ തളർത്തി. സംസ്കാര ചടങ്ങുകൾ നടത്താൻ പണമില്ലാതെ കഷ്ടപ്പെട്ട അമ്മയെ സഹായിക്കാൻ പണയം വെച്ചിരുന്ന സ്വർണ്ണം പിന്നീട് കാശ് കൊണ്ടുവന്നു തരാം എന്നു പറഞ്ഞ് ബലമായി എടുത്തു കൊണ്ടുപോയി അമ്മക്ക് കൊടുക്കുന്നു. എന്നാൽ അമ്മ അതു വാങ്ങാതെ മാദേശയോടു പറയുന്നു ആരെയും ഉപദ്രവിച്ചുകൊണ്ടു വരുന്ന ഒന്നും നമ്മുക്കു വേണ്ട, അത് ശാശ്വതമല്ലെന്ന് .അതോടെ മാദേശക്ക് നേരായ വഴിയിൽ കാശുണ്ടാക്കണമെന്ന വാശിയായി.
നാട്ടിലെ ഒരു കൂട്ടുകാരൻ ബെംഗളൂരുവിൽ മൊബൈൽ ഷോപ്പ് തുടങ്ങി രക്ഷപ്പെട്ട കഥകളൊക്കെ പറഞ്ഞത് മാദേശ ഓർത്തു. പെട്ടെന്നൊരു ദിവസം ആ കൂട്ടുകാരൻ പറഞ്ഞ സ്ഥലം അന്വേഷിച്ച് ബെംഗളൂരുവിലേക്ക് ലോറിയിൽ കയറുന്ന മാദേശ, ആ വലിയ പട്ടണത്തിലെ നെറികേടുകൾക്കു നടുവിലേക്കാണ് വന്നു വീഴുന്നത്. തന്റെ പണക്കുടുക്ക പൊട്ടിച്ചു കിട്ടിയ 100 രൂപയാണ് ആകെയുള്ള കൈമുതൽ. ആ നഗരത്തിൽ വന്നു ചേർന്നപ്പോൾ തന്നെ മാദേശയുടെ സ്വഭാവം മാനസിലാക്കിയ ഒരാൾ, ഉണ്ടായിരുന്ന പണവും അപഹരിക്കുന്നു. ഉദ്ദേശിച്ച ആളെ കണ്ടു കിട്ടുന്നുമില്ല. പിന്നീട് നടന്നതൊക്കെ വലിയ സംഭവങ്ങളായി. ആകസ്മികമായി നടന്ന ഒരു സംഭവത്തെത്തുടർന്ന് മാദേശക്ക് ‘ദാദ’ പരിവേഷമുണ്ടാകുന്നു. ‘ജോഗി’ എന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത്.
മകനെ കാണാതായ അമ്മ, വിലാസം പോലും അറിയാതെ ബെംഗളൂരുവിലെത്തി മകനെ അന്വേഷിക്കുന്നു. ജോഗി എന്ന ദാദയെ മാത്രം അറിയുന്ന നിവേദിത എന്ന പത്രപ്രവർത്തകയായ പെൺകുട്ടി ജോഗിയുടെ ഇന്റർവ്യൂവിനായി പിറകേ കൂടുന്നു. യാദൃശ്ചികമായി ജോഗിയുടെ അമ്മയെ പരിചയപ്പെടുന്ന നിവേദിത അമ്മയെ തന്റെ വീട്ടിൽ താമസിപ്പിച്ച് അമ്മ കൊടുത്ത മുടി നീട്ടിവളർത്തിയ മാദേശയുടെ ഫോട്ടോയുമായി അന്വേഷിക്കുന്നു. ഇതിനിടെ ജയിൽവാസമൊക്കെ കഴിഞ്ഞിറങ്ങിയ ജോഗിയുടെ മുടി മുറിച്ചിരുന്നു. അതിനാൽ നിവേദിതക്ക് ആളെ കണ്ടെത്താനാവുന്നില്ല. ജോഗി പലരുടേയും നോട്ടപ്പുള്ളിയാണ്.ഖാദിർ ചാച്ചയുടെ ചായക്കടയിലാണ് ജോഗി ജോലി ചെയ്യുന്നത്. ജോഗി ആരെയും ഉപദ്രവിക്കാറില്ല, എന്നാൽ തന്റെ നേരെ വന്നാൽ വിട്ടുകൊടുക്കുകയുമില്ല, വാക്കത്തിക്ക് വെട്ടുകയേയുള്ളു.🙄
അമ്മയും മകനും പലപ്പോഴും അടുത്തടുത്ത് വരുന്നുണ്ടെങ്കിലും നേരിൽ കാണാൻ സാധിക്കുന്നില്ല. അവസാനം അച്ഛന്റെ മരണ സമയത്ത് അച്ഛനെ കാണാൻ കഴിയാതിരുന്ന മാദേശക്ക് അമ്മയുടെ മരണ സമയത്തും അതുതന്നെ സംഭവിക്കുന്നു. മരണമടഞ്ഞവരുടെ ആത്മാവിനെ സന്തോഷിപ്പിച്ച് അയക്കണമെന്ന വിശ്വാസം…. തന്റെ അമ്മയുടെ മൃതദ്ദേഹമാണെന്നറിയാതെ ശ്മശാനത്തിലേക്ക് അനാഥ പ്രേതമായി, കുടിച്ചു മറിഞ്ഞവർ തോളത്തേന്തിയ മഞ്ചത്തിൽ യാത്ര ചെയ്യുന്ന ആ അമ്മയുടെ മൃതദ്ദേഹത്തിനു മുന്നിലും നൃത്തം ചെയ്ത് സന്തോഷിപ്പിച്ച് യാത്രയാക്കുന്നു മാദേശ.അല്പസമയത്തിനു ശേഷം തന്റെ അമ്മയെയാണ് താൻ ശ്മശാനത്തിലെ അഗ്നിയിലേക്ക് തള്ളിവിട്ടതെന്നറിയുമ്പോൾ മാദേശ തകർന്നു പോകുന്നു. ഇതിനിടെ മാദേശക്ക് സ്കെച്ച് വീണിരുന്നു.അതു നടത്താനായി വന്നവരിൽ ഒരുവൻ വാളെടുത്തുയർത്തി മാദേശയെ ലക്ഷ്യമാക്കി നടക്കാനൊരുങ്ങുമ്പോൾ കൂടെയുള്ളവരിൽ ഒരുവൻ പറയുന്നു, “മാദേശ അവന്റെ അമ്മക്കു വേണ്ടി ജീവിക്കാനായി ഇതൊക്കെ ചെയ്തു, പക്ഷെ നമ്മൾ എന്തിനു വേണ്ടി ഇതു ചെയ്യുന്നു? “…. ഒരു ശോക പര്യവസാനമാണ് ചിത്രത്തിന്.
ഈ ചിത്രം കണ്ടിട്ട് ഞാൻ അദ്ഭുതപ്പെട്ടത് ഭാഗ്യക്കയുടെ അഭിനയവും സ്‌റ്റെപ്പുകളും കണ്ടിട്ടാണ്. എത്ര മനോഹരമായാണ് ആ അമ്മവേഷം ചെയ്തത്.പാടത്തിനു നടുവിലുള്ള മരത്തിന്റെ മുകളിൽ കയറിയിരിക്കുന്ന മകനെ നിലത്തിറക്കാൻ വരുന്ന അമ്മയോട് നൃത്തം ചെയ്താൽ ഇറങ്ങി വരാമെന്നു പറയുന്ന മാദേശ….മടി പിടിച്ചു നിന്ന അമ്മ അവസാനം നൃത്തം ചെയ്യേണ്ടി വരുന്നു മകനെ താഴെയിറക്കാൻ. അമ്മയും മകനും കൂടിയുള്ള ആ നൃത്തച്ചുവടുകൾ വല്ലാതെ സ്വാധീനിക്കും. അവ്വയുടെ ‘കൂസേ’ (കുഞ്ഞേ) എന്ന വിളി കേട്ടാൽ നമ്മളും ആ അവ്വയുടെ ഒരു കുഞ്ഞായി മാറും.അവ്വയുടെ പിന്നാമ്പുറകഥകൾ പരിശോധിച്ചപ്പോഴാണ് കക്ഷി ചില്ലറക്കാരിയല്ലെന്ന് മനസിലായത്. പേര് അരുന്ധതി നാഗ്. യശ്ശ:ശരീരനായ സാക്ഷാൽ ശങ്കർ നാഗിന്റെ പത്നി .40 വർഷത്തെ അഭിനയ അനുഭവം.2010 ൽ ഏറ്റവും നല്ല സഹനടിക്കുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും സ്വന്തമാക്കിയ കലാകാരി .ഇപ്പോൾ ഗിരീഷ് കർണ്ണാടിനൊപ്പം തീയറ്റർ ആക്ടിവിറ്റീസ് ചെയ്യുന്നു. ഹിന്ദി സിനിമകളിലും മറ്റു ഭാഷകളിലും തീയ്യറ്റർ ഷോ അവതരിപ്പിച്ചിട്ടുണ്ട്. തീയ്യറ്റർ ആസ്വാദകർക്കായി ബെംഗളൂരുവിൽ സ്വന്തമായി ഒരു തീയറ്റർ ഒരുക്കിയിട്ടുണ്ട്. ഡാ തടിയാ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെന്നത് എനിക്ക് പുതിയ അറിവ്.ജോഗി തിരുത്തിയ റെക്കോർഡ് പിന്നീട് ‘മുംഗാരു മളെ’ യാണ് ഭേദിച്ചത്. ജോഗിയിലെ പാട്ടുകൾ രചിച്ചതും സംവിധായകൻ പ്രേം തന്നെ. ആ പ്രചോദനത്തിൽ നിന്ന് അദ്ദേഹം മറ്റൊരു ചിത്രം കൂടി അവതരിപ്പിച്ചു,’ ജോഗയ്യ’!!
ജോഗിയിലെ പ്രകടനത്തിന് ശിവരാജ് കുമാറിന് മികച്ച നടനുള്ള കർണ്ണാടക സംസ്ഥാന പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ സ്‌റ്റെപ്പുകൾ കാണാൻ ഒരു രസമാണ്.പ്രായം തളർത്താത്ത മെയ് വഴക്കം. നായികയായി അഭിനയിച്ചത് ജെന്നിഫർ കോട്ട്വാൾ ആണ്.ഖാദിർ ചാച്ചയായി ഹൊസക്കോട്ടെ ഗുരു രാജ് തിളങ്ങി.മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം പ്രേം സ്വന്തമാക്കി.61 തീയറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിച്ചു ജോഗി . “അള ബാരദപ്പാ, യാക്കപ്പാ അളുത്തിയാ? നാനു കുണിത്തിനി. നീനു കുണിത്തിയാ?”…. അമ്മ തന്നെ വിട്ടു പോയിട്ടില്ല എന്ന ഉപബോധമനസിൽ മാദേശയുടെ മുന്നിൽ വന്ന് ഇങ്ങനെ പറഞ്ഞ് നൃത്തം ചെയ്യുന്ന അമ്മ…..